ഇ.ഡി ‘സൂപ്പർ’ അല്ല: ഹൈക്കോടതി; അന്വേഷണ ഏജൻസിയെന്ന നിലയിൽ ഇ.ഡിക്കു പരിമിതികളുണ്ടെന്നും കോടതി
Mail This Article
കൊച്ചി ∙ ഇ.ഡി സൂപ്പർ അന്വേഷണ ഏജൻസിയല്ലെന്നും പരിമിതികളുണ്ടെന്നും ഹൈക്കോടതി. കൊടകര ഹവാല പണക്കേസിൽ അന്തിമ റിപ്പോർട്ട് നൽകി മൂന്നുവർഷം കഴിഞ്ഞിട്ടും ഇ.ഡി നിയമപ്രകാരമുള്ള നടപടികൾ വൈകിപ്പിക്കുന്നതു ചോദ്യം ചെയ്തു നൽകിയ ഹർജിയിലാണു ഡിവിഷൻ ബെഞ്ച് ഇക്കാര്യം പറഞ്ഞത്.
ഫെമ, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) എന്നിവ പ്രകാരമാണ് ഇ.ഡി അന്വേഷണം നടത്തുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി. പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തതിനു ശേഷമാണു ബന്ധപ്പെട്ട കുറ്റകൃത്യത്തിൽ ഇ.ഡി അന്വേഷണം നടത്തുന്നത്. കുറ്റകരമായ മാർഗത്തിലൂടെ ഉണ്ടാക്കിയ പണം സർക്കാരിലേക്കു കണ്ടുകെട്ടുക എന്നതാണു പിഎംഎൽഎയിലൂടെ ഇ.ഡി ചെയ്യുന്നതെതെന്നു കോടതി പറഞ്ഞു. ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വിൽസൻ നൽകിയ ഹർജി ജസ്റ്റിസ് പി.ഗോപിനാഥ്, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിധി പറയാൻ മാറ്റി.
ഹർജി രാഷ്ട്രീയപ്രേരിതമാണെന്നും ഗൂഢമായ ലക്ഷ്യമാണു പിന്നിലെന്നും ഇ.ഡി വിശദീകരണ പത്രികയിൽ അറിയിച്ചു. കൊള്ളയടിക്കൽ കുറ്റത്തിനു കൊടകര പൊലീസ് റജിസ്റ്റർ എഫ്ഐആറിനെ തുടർന്നാണു കഴിഞ്ഞ വർഷം ഇ.ഡി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുത്തത്. അന്വേഷണം നടക്കുകയാണ്. കേസിൽ ഒട്ടേറെപ്പേർക്കെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഒട്ടേറെപ്പേർക്കെതിരെ ആരോപണമുള്ള കേസിൽ അന്വേഷണ ഏജൻസിക്ക് എല്ലാ വശങ്ങളും അന്വേഷിക്കണമെന്നും ഇ.ഡി അറിയിച്ചു.
2021 ഏപ്രിലിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ബിജെപിക്കു വിനിയോഗിക്കാൻ കൊണ്ടുവരുന്നതിനിടെ കൊടകരയിൽ കാർ തട്ടിയെടുത്തു മൂന്നരക്കോടി രൂപ തട്ടിയെടുത്തെന്നാണു കേസ്. എന്നാൽ ഹർജിയിൽ പൊതുതാൽപര്യമില്ലെന്നും നിലനിൽക്കില്ലെന്നുമാണ് ഇ.ഡിയുടെ വാദം.