‘സിപിഎം ഭാര്യാവിലാസം പാർട്ടിയായി മാറി; പിണറായിയുടെ ധാര്‍ഷ്ട്യം ഇനി നടക്കില്ല’
Mail This Article
തിരുവനന്തപുരം ∙ സ്വര്‍ണക്കടത്ത്, ഡോളര്‍കടത്ത് കേസുകളുടെ അന്വേഷണം ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹം മാത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പിണറായിയുടെ ധാര്‍ഷ്ട്യം ഇനി നടക്കില്ല. കേരളം പഴയ കേരളമല്ല. ഈ ധാര്‍ഷ്ട്യത്തെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ കഴിയുന്ന വലിയൊരു സമൂഹം കേരളത്തിലുണ്ട്. തിരുവനന്തപുരത്ത് കെയുഡബ്ല്യുജെ സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
‘സിപിഎം ഭാര്യാവിലാസം പാർട്ടിയായി മാറി. ഭാര്യമാർക്കു ജോലി കൊടുത്തു തീർന്നു. ഇനി ഭാര്യമാർക്ക് സീറ്റ് നൽകുന്നു. പാര്‍ട്ടിക്കാരെ തെരുവിലിറക്കി കേന്ദ്ര ഏജന്‍സികളിലെ അന്വേഷണ ഉദ്യോഗസ്ഥരെ ഭയപ്പെടുത്താനാണ് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും ശ്രമിക്കുന്നത്. മുഖ്യമന്ത്രി നേരിട്ടിടപെട്ട് മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ദുരുപയോഗപ്പെടുത്തി കേന്ദ്ര അന്വേഷണ ഏജന്‍സികളുമായി ഏറ്റുമുട്ടുകയാണ്.
ഭരണഘടന മുന്‍നിര്‍ത്തി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുഖ്യമന്ത്രി നിയമം നടപ്പാക്കുന്നതില്‍ മറ്റാരെക്കാളും ഉത്തരവാദിത്തം പ്രകടിപ്പിക്കേണ്ടതാണ്. കേന്ദ്ര ഏജന്‍സികള്‍ നിയമവിരുദ്ധമായല്ല നീങ്ങുന്നത്. അവരെ എതിര്‍ക്കാനാണെങ്കില്‍ ഭരണഘടനാപരമായ മാര്‍ഗങ്ങളാണ് സ്വീകരിക്കേണ്ടത്. അല്ലാതെ അവരുടെ ഓഫിസുകളിലേക്ക് മാര്‍ച്ച് നടത്തി ഭയപ്പെടുത്തി വരുതിയിലാക്കാന്‍ ശ്രമിക്കുകയല്ല വേണ്ടത്.
അന്വേഷണം മുഖ്യമന്ത്രിയിലേക്കും മറ്റ് മന്ത്രിമാരിലേക്കും തിരിഞ്ഞപ്പോഴാണ് ഭീഷണിയുടെ സ്വരം ഉയര്‍ത്തുന്നത്. 164-ാം വകുപ്പു പ്രകാരം സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് രഹസ്യമൊഴി നല്‍കിയത് ആരും ഭീഷണിപ്പെടുത്തി പറയിപ്പിച്ചതല്ല. അന്വേഷണ ഏജന്‍സികള്‍ വ്യക്തമായ തെളിവുകള്‍ ശേഖരിച്ചിട്ടാണ് തുടര്‍നടപടിയുമായി മുന്നോട്ടു പോകുന്നത്. സ്വപ്‌നയുടെ ജീവനു ഭീഷണിയുണ്ടെന്ന് ജയില്‍ ഡിജിപി പറഞ്ഞതിനെ തുടര്‍ന്നാണ് കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട് കരാര്‍ ഏറ്റെടുത്ത സന്തോഷ് ഈപ്പനില്‍നിന്ന് വിലകൂടിയ ഐ ഫോണ്‍ പാര്‍ട്ടി സെക്രട്ടറി ആയിരുന്നയാളുടെ ഭാര്യയുടെ കൈയിലെത്തിയതു സംബന്ധിച്ച മുല്യച്യുതിയെക്കുറിച്ചാണ് സിപിഎം വിശദീകരിക്കേണ്ടത്. വിമാനത്താവളങ്ങളില്‍ സ്വപ്‌ന അടക്കമുള്ളവര്‍ക്ക് വിഐപി പരിഗണന ലഭിക്കാന്‍ മന്ത്രിമാരും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫിസ് മുഴുവനായും അതിനായി ഉപയോഗിച്ചു.
ഡോളര്‍ കടത്തിലെ പങ്കാളിത്തം സംബന്ധിച്ച് പുറത്തുവന്ന വാര്‍ത്തകളോട് മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. അന്വേഷണ ഏജന്‍സികള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവസരം നല്‍കുന്നതിനു പകരം മുഖ്യമന്ത്രിയും കൂട്ടരും കുറ്റവാളികളെ രക്ഷിക്കാനും സ്വയം രക്ഷപ്പെടാനുമാണ് ശ്രമിക്കുന്നത്. തൊട്ടപ്പുറത്ത് സിപിഎമ്മുമായി ഒരുമിച്ചു റാലി നടത്തുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പഴയ ഓര്‍മകള്‍ അയവിറക്കുകയാണ്’– സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
English Summary : K Surendran against CPM and Pinarayi Vijayan in dollar smuggling case