പിണറായിയെ ക്ഷണിക്കാത്ത കോൺഗ്രസ് സമീപനം അപക്വമെന്ന് ഇ.പി; ക്ഷണം പാർട്ടി നേതാക്കൾക്കെന്ന് കോണ്‍ഗ്രസ്
Mail This Article
തിരുവനന്തപുരം∙ കർണാടകയിലെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്തതില്‍ വിവാദം. പിണറായി വിജയനെ ക്ഷണിക്കാത്തതിനെതിരെ ഇ.പി.ജയരാജനും പ്രകാശ് കാരാട്ടും രംഗത്തെത്തി. ദേശീയരാഷ്‌ട്രീയത്തെ ശരിയായി നിരീക്ഷിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. ഈ നിലപാടെങ്കിൽ കർണാടകയിൽ അധികനാൾ ഭരിക്കില്ലെന്ന് ഇ.പി.ജയരാജൻ കുറ്റപ്പെടുത്തി. ബിജെപിയുടെ ഫാഷിസ്റ്റ് ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ ഇന്ത്യൻ ജനതയെ യോജിപ്പിക്കുക എന്ന ദൗത്യമാണ് സിപിഎമ്മിനു മുന്നിലുള്ളതെന്നും ഇ.പി.ജയരാജൻ മാധ്യമങ്ങളോടു പറഞ്ഞു.
കർണാടക സത്യപ്രതിജ്ഞയ്ക്കു കേരള– തെലങ്കാന മുഖ്യമന്ത്രിമാരെ ക്ഷണിക്കാത്തതിലൂടെ കോൺഗ്രസ് സങ്കുചിത രാഷ്ട്രീയമാണു കളിക്കുന്നതെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഈ നിലപാട് കോൺഗ്രസ് അവസാനിപ്പിക്കണം. പ്രതിപക്ഷ വിശാല താൽപര്യം കണക്കിലെടുത്ത് കർണാടക മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പങ്കെടുക്കുമെന്നും കാരാട്ട് പറഞ്ഞു
എന്നാൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്തതില്‍ വിശദീകരണവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാല്‍ രംഗത്തെത്തി. പാർട്ടി നേതാക്കളെയാണ് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചത്. സിപിഎം ജനറൽ സെക്രട്ടറിയെ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിയുക്ത കർണാടക സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷ സംഗമ വേദിയാക്കാനൊരുങ്ങുകയാണ് കോൺഗ്രസ് നേതൃത്വം. ബിജെപിയെ എതിർക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളിൽ നിന്നുള്ള പ്രധാന നേതാക്കളെ പങ്കെടുപ്പിക്കാനാണ് നീക്കം.ശനിയാഴ്ച ബെംഗളുരുവിൽ വച്ചാണ് മുഖ്യമന്ത്രിയും 19 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുക.
English Summary: Controversy Over Pinarayi Vijayan Invitation