ജപ്പാനിൽ സൈനിക ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് അപകടം; ഒരു മരണം, 7 പേർക്കായി തിരച്ചിൽ

Mail This Article
ടോക്കിയോ∙ ജപ്പാനിൽ രണ്ട്സൈനിക ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഏഴു പേരെ കാണാതായതായി ജപ്പാനിലെ സെൽഫ് ഡിഫൻസ് ഫോഴ്‌സിന്റെ (എസ്‌ഡിഎഫ്) വക്താവ് മാധ്യമങ്ങളോടു പറഞ്ഞു. ഹെലികോപ്റ്ററുകളുടെ ചില ഭാഗങ്ങൾ കടലിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. രണ്ട് ഹെലികോപ്റ്ററുകളും തകർന്നതായാണ് നിഗമനമെന്ന് പ്രതിരോധ മന്ത്രി മിനോരു കിഹാര പറഞ്ഞു.
‘‘അപകട കാരണം ഇപ്പോഴും വ്യക്തമല്ല. ഹെലികോപ്റ്ററുകളിൽ ഉണ്ടായിരുന്നവരെ കണ്ടെത്തി അവരുടെ ജീവൻ രക്ഷിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട്. ഹെലികോപ്റ്ററുകൾ രാത്രിയിൽ അന്തർവാഹിനികളെ നേരിടാനുള്ള പരിശീലനം നടത്തുന്നുണ്ട്. ഇതിനിടെയാണ് അപകടം. ഫ്ലൈറ്റ് റെക്കോർഡറുകൾ വീണ്ടെടുത്തു. ഹെലികോപ്റ്ററുകൾ കൂട്ടിയിടിക്കാനുള്ള സാധ്യത ഉൾപ്പെടെ പരിശോധിക്കുകയാണ്.’’– പ്രതിരോധ മന്ത്രി പറഞ്ഞു.
ടോറിഷിമ ദ്വീപിൽ നിന്ന് രാത്രി 10.38നാണ് ഒരു ഹെലികോപ്റ്ററുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടത്. ഒരു മിനിറ്റിനു ശേഷം ഈ ഹെലികോപ്റ്ററിൽ നിന്ന് അടിയന്തര സിഗ്നൽ ലഭിച്ചു. ഏകദേശം 25 മിനിറ്റിനുശേഷം, രാത്രി 11.04ഓടെ, രണ്ടാമത്തെ ഹെലികോപ്റ്ററുമായുള്ള ആശയവിനിമയവും അതേ പ്രദേശത്ത് നഷ്ടപ്പെട്ടു.
സമീപ മേഖലകളിൽ വിമാനങ്ങളോ കപ്പലുകളോ ഇല്ലാത്തതിനാൽ സംഭവത്തിൽ മറ്റൊരു രാജ്യത്തിന്റെ പങ്കാളിത്തത്തിനു സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.