4 പതിറ്റാണ്ടത്തെ ഭൂമിതർക്കം; യുപിയിൽ 17കാരന്റെ തല വാളുപയോഗിച്ചു വെട്ടിമാറ്റി
Mail This Article
ലക്നൗ ∙ ഭൂമിതർക്കത്തെ തുടർന്ന് 17 വയസ്സുകാരന്റെ തല വാളുപയോഗിച്ചു വെട്ടിമാറ്റി. ഉത്തർപ്രദേശിലെ ജൗൻപുരിലാണു ക്രൂരമായ കൊലപാതകം. കുട്ടിയുടെ തല മടിയിൽ വച്ച് അമ്മ മണിക്കൂറുകളോളം വിലപിച്ചതായി നാട്ടുകാർ പറഞ്ഞു. 2 കക്ഷികൾ തമ്മിലുള്ള 4 പതിറ്റാണ്ടത്തെ ഭൂമി തർക്കമാണു കൊലപാതകത്തിലേക്കു നയിച്ചത്.
പ്രദേശവാസിയായ റാംജീത് യാദവിന്റെ മകൻ അനുരാഗ് (17) ആണ് കൊല്ലപ്പെട്ടത്. ഗൗരബാദ്ഷാപുർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കബീറുദ്ദീൻ ഗ്രാമത്തിലാണു സംഭവം. പതിറ്റാണ്ടുകളായി ഇവിടെ ഭൂമിതർക്കം നിലനിന്നിരുന്നതായും ബുധനാഴ്ച അതു സംഘർഷത്തിലേക്കു നീങ്ങിയതായും പൊലീസ് പറഞ്ഞു. കൈവശം വാളുണ്ടായിരുന്ന ആൾക്കൂട്ടമാണ് അനുരാഗിനെ ആക്രമിച്ചത്. വളരെ ശക്തിയോടെ വാൾ വീശിയപ്പോൾ അനുരാഗിന്റെ തല ശരീരത്തിൽനിന്നു വേർപെടുകയായിരുന്നു.
2 പേരെ കസ്റ്റഡിയിലെടുത്തെങ്കിലും വെട്ടിയയാൾ ഒളിവിലാണ്. സംഭവത്തിനുശേഷം പ്രദേശത്തു വൻ പൊലീസ് സംഘത്തെ നിയോഗിച്ചു. ‘‘40-45 വർഷമായുള്ളതാണ് ഈ ഭൂമി തർക്കം. രമേഷ്, ലാൽത എന്നിവരുൾപ്പെട്ട സംഘം എതിർകക്ഷിയെ ആക്രമിക്കുകയായിരുന്നു. ജില്ലാ മജിസ്‌ട്രേറ്റ് ഉൾപ്പെടെയുള്ളവർ സ്ഥലത്തുണ്ട്. ചില പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്’’– എസ്പി അജയ് പാൽ ശർമ പറഞ്ഞു.