ഓൺലൈൻ ട്രേഡിങ്ങിന് വ്യാജ ആപ്; മുൻ പ്രവാസിയുടെ 6 കോടി തട്ടിയെടുത്തു
Mail This Article
തിരുവനന്തപുരം ∙ വ്യാജ ഷെയർ മാർക്കറ്റ് ആപ്ലിക്കേഷനുകൾ വഴി മുൻ പ്രവാസിയുടെ 6 കോടിയോളം രൂപ തട്ടിയെടുത്തു. സ്ഥിരമായി ഓൺലൈൻ ട്രേഡിങ് ചെയ്തിരുന്ന ആളെ വ്യാജ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിക്കുകയും വിവിധ ഗ്രൂപ്പുകളിൽ ചേർത്ത്, വെബ് സൈറ്റിൽ ലോഗിൻ ചെയ്യിപ്പിച്ചു. പല കമ്പനികളുടെ ട്രേഡിങ്ങിനായി വിവിധ പേരിലുളള അക്കൗണ്ടുകളിലേക്കു ലക്ഷക്കണക്കിനു രൂപ നിക്ഷേപിപ്പിക്കുകയും ചെയ്തു. വൻതുകകൾ ലാഭം കിട്ടിയതായി വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ ലാഭത്തിന്റെ 20 ശതമാനം തുക വീണ്ടും നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. ഒരു മാസക്കാലയളവിൽ 6 കോടിയിലധികം രൂപയാണ് ഇത്തരത്തിൽ തട്ടിയത്. സംശയം തോന്നി സൈബർ ക്രൈം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. തുടർന്നു നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ പരാതി റജിസ്റ്റർ ചെയ്തു. ദീർഘകാലം വിദേശത്ത് ഐടി മേഖലയിൽ ജോലി നോക്കിയ ഇദ്ദേഹം വിരമിച്ചശേഷം നാട്ടിലെത്തി 2 വർഷമായി ഓൺലൈൻ ട്രേഡിങ്ങിൽ സജീവമായിരുന്നു.
പ്രശസ്ത ട്രേഡിങ് കമ്പനികളുടെ വ്യാജപ്പതിപ്പുകൾ വഴി ധാരാളം പേരെ ഇത്തരത്തിൽ തട്ടിപ്പിൽ കുടുക്കുന്നുണ്ടെന്നു പൊലീസ് പറഞ്ഞു. പ്ലേസ്റ്റോറിൽ നിന്നല്ലാതെ വിവിധ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി കിട്ടുന്ന വ്യാജ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യരുത്. ഇത്തരം തട്ടിപ്പുകൾക്ക് ഇരയായാൽ 1930 എന്ന ഫോൺ നമ്പരിലോ www.cybercrime.gov.in ലോ ഉടൻ പരാതി റജിസ്റ്റർ ചെയ്യണമെന്നും പൊലീസ് നിർദേശിച്ചു.