കഞ്ചാവ് വേട്ടകളിലും റെയ്ഡുകളിലും ഭാഗമായി, പരാതി അന്വേഷിച്ച് മടങ്ങുന്നതിനിടെ അപകടം; നോവായി ഷാനിദ
Mail This Article
തിരുവനന്തപുരം ∙ വാഹനാപകടത്തിൽ പരുക്കറ്റ ചികിത്സയിലിരിക്കെ മരിച്ച എക്സൈസ് ഉദ്യോഗസ്ഥയുടെ വിയോഗത്തിൽ മനംനൊന്ത് സഹപ്രവർത്തകർ. തിരുമല വേട്ടമുക്ക് ലക്ഷ്മി നഗർ റസിഡൻസ് ടിസി 08/1765ൽ നസീറിന്റെ ഭാര്യ, എക്സൈസ് തിരുവനന്തപുരം റേഞ്ച് ഓഫിസിലെ (മണ്ണന്തല) വനിതാ സിവിൽ എക്സൈസ് ഓഫിസർ എസ്.എൻ.ഷാനിദയാണ്(37) മരിച്ചത്. ഷാനിദ സഞ്ചരിച്ച സ്കൂട്ടർ ഡിവൈഡറിൽ തട്ടി മറിഞ്ഞതിനു പിന്നാലെ കാർ വന്നിടിക്കുകയായിരുന്നു.
ഞായർ രാത്രി 10.30ന് പാറ്റൂരിലെ പള്ളി സെമിത്തേരിക്കു സമീപത്തായിരുന്നു അപകടം. പേട്ട സ്വദേശിനി നൽകിയ പരാതി അന്വേഷിച്ച ശേഷം വീട്ടിലേക്കു പോകുകയായിരുന്നു ഷാനിദ. പാറ്റൂരിലെ സിഗ്‌നൽ കഴിഞ്ഞ് ജനറൽ ആശുപത്രി ഭാഗത്തേക്കു പോകുന്നതിനിടെ പാറ്റൂർ പള്ളിക്കു സമീപം സ്കൂട്ടർ ഡിവൈറിൽ ഇടിച്ചുകയറി എതിർ ദിശയിലുള്ള ട്രാക്കിലേക്കു മറിഞ്ഞു. ഈ സമയം ജനറൽ ആശുപത്രി ഭാഗത്തുനിന്നു വന്ന കാർ ഇടിച്ചു.
തെറിച്ചുവീണു പരുക്കേറ്റ ഷാനിദയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ഇന്നലെ വൈകിട്ട് റേഞ്ച് ഓഫിസിലും വീട്ടിലും പൊതുദർശനത്തിനു വച്ചശേഷം തിരുമല മുസ്‌ലിം ജമാഅത്ത് പള്ളിയിൽ കബറടക്കി. ഭർത്താവ് നസീർ സൗദി അറേബ്യയിലാണ്. എക്സൈസ് എൻഫോഴ്സ്മെന്റ് സ്പെഷൽ സ്ക്വാഡിലും നഗരത്തിൽ എക്സൈസ് നടത്തിയ കഞ്ചാവ് വേട്ടകളിലും സംസ്ഥാനാന്തര റെയ്ഡുകളിലും ഷാനിദ ഭാഗമായിരുന്നു. സ്ത്രീകളിൽനിന്നു ലഭിക്കുന്ന പരാതികൾ ക്രോഡീകരിച്ചു ഞായറാഴ്ചകളിലാണു പരിശോധനയ്ക്കു പോകാറുള്ളത്.