എൻഡിഎ സ്ഥാനാർഥിയാകാൻ സി.കെ.ജാനുവിന് 50 ലക്ഷം നൽകിയെന്ന കേസ്: കെ.സുരേന്ദ്രന് ജാമ്യം

Mail This Article
ബത്തേരി∙ നിയമസഭാ തിരഞ്ഞെടുപ്പ് കോഴ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് ജാമ്യം. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബത്തേരി നിയോജക മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കാൻ സി.കെ.ജാനുവിന് പണം നൽകിയെന്നാണ് കേസ്. ഒന്നാം പ്രതിയാണ് സുരേന്ദ്രൻ.
സിപിഎം മുസ്‌ലിം ലീഗുമായി ചേർന്ന് ഗൂഢാലോചന നടത്തി എടുത്ത വ്യാജ കേസാണ് ജാനുവിന് പണം നൽകിയെന്നതെന്നും രണ്ടു തവണ കോടതി കുറ്റപത്രം മടക്കിയതാണെന്നും ജാമ്യം ലഭിച്ചശേഷം സുരേന്ദ്രൻ പ്രതികരിച്ചു. മൂന്നാം പ്രതിയായ ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയലിനും കോടതി ജാമ്യം നൽകി. കേസിലെ രണ്ടാം പ്രതിയായ സി.കെ.ജാനുവിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കാൻ സി.കെ. ജാനുവിന് 50 ലക്ഷം രൂപ നൽകിയെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസാണ് പരാതി നൽകിയത്.
രാജ്യം കണ്ട ഏറ്റവും വലിയ അർബൻ നക്സലാണ് രാഹുൽ ഗാന്ധിയെന്ന് സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. ‘‘രാഹുൽ വിദേശ രാജ്യങ്ങളിൽ പോയി ഇന്ത്യയ്ക്കെതിരെ പ്രസംഗിക്കുന്നു. കോൺഗ്രസ് ഇന്ത്യാവിരുദ്ധ ശക്തികളുടെ പിടിയിലായി. രാജ്യവിരുദ്ധ ശക്തികൾ നടത്തുന്ന പ്രചാരണം രാഹുൽ ഗാന്ധി ഏറ്റെടുക്കുകയാണ്. അതിനുള്ള മറുപടിയാണ് ശശി തരൂർ പറഞ്ഞത്. അതുകൊണ്ടാണ് ഞങ്ങൾ അതിനെ സ്വാഗതം ചെയ്തത്.
ആശാവർക്കർമാരുടെ ശമ്പളം നൽകാനുള്ള ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണ്. കേന്ദ്രസർക്കാർ നൽകുന്ന വിഹിതത്തിൽ വർധനവുണ്ടാകുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.
കോടിക്കണക്കിന് രൂപ കയ്യിലുണ്ടായിട്ടും ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് വേണ്ടി ഒരു പൈസ പോലും ചെലവഴിക്കാൻ സംസ്ഥാനം തയാറാകുന്നില്ല. ഇത്രയും പണമുണ്ടായിട്ടും എന്തുകൊണ്ടാണ് പുനരധിവസിപ്പിക്കാൻ മടിക്കുന്നതെന്ന് കോടതി പോലും ചോദിച്ചില്ലേയെന്നും സുരേന്ദ്രൻ പറഞ്ഞു.