‘മുസ്കാനെ സൗരഭ് അന്ധമായി സ്നേഹിച്ചു; അവൾക്കായി വീട്ടുകാരെയും കോടിക്കണക്കിന് സ്വത്തും ഉപേക്ഷിച്ചു, എന്നിട്ടും കൊന്നു: തൂക്കിലേറ്റണം’

Mail This Article
മീററ്റ്∙ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവിനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ മുസ്കാൻ റസ്തോഗിയെ തൂക്കിലേറ്റണമെന്നു യുവതിയുടെ മാതാപിതാക്കൾ. യുഎസിൽനിന്നു നാട്ടിലെത്തിയ സൗരഭ് രജ്പുത്തിനെയാണു (29) ഭാര്യ മുസ്കാൻ റസ്തഗിയും (27) കാമുകനായ സാഹിൽ ശുക്ലയും (25) ചേർന്നു കൊലപ്പെടുത്തിയത്. കൊലപാതകത്തിനു പിന്നാലെ ഇയാളുടെ മൃതദേഹം 15 കഷ്ണങ്ങളാക്കിയ ശേഷം വീപ്പയിലിട്ട് സിമന്റ് നിറച്ച് ഉപേക്ഷിക്കുകയും ചെയ്തു.
സൗരഭിന്റെ കുടുംബത്തിനു നീതി ലഭിക്കണമെന്നും മകൾ ചെയ്ത കുറ്റത്തിന് വധശിക്ഷ തന്നെ നൽകണമെന്നുമാണു മുസ്കാന്റെ മാതാപിതാക്കളായ പ്രമോദ് കുമാർ റസ്തഗിയും കവിത റസ്തഗിയും മാധ്യമങ്ങളോട് പറഞ്ഞത്. ‘‘സൗരഭ് അവളെ അന്ധമായി സ്നേഹിച്ചു. ഞങ്ങളുടെ മകളായിരുന്നു പ്രശ്നം. അവൾ സൗരഭിനെ അവന്റെ കുടുംബത്തിൽനിന്ന് അകറ്റി. ഇപ്പോൾ അവനെ ഇല്ലാതാക്കുകയും ചെയ്തിരിക്കുന്നു. ആ കുടുംബത്തിന് നീതി ലഭിക്കണം. സൗരഭ് വീട്ടുകാരെയും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളും എല്ലാം അവൾക്കു വേണ്ടിയാണ് ഉപേക്ഷിച്ചത്. ഇപ്പോൾ അവൾ തന്നെ സൗരഭിനെ കൊന്നിരിക്കുന്നു. ഞങ്ങളുടെയും മകനായിരുന്നു സൗരഭ്’’– മുസ്കാന്റെ മാതാപിതാക്കൾ പറഞ്ഞു.
മകൾക്ക് എന്തു ശിക്ഷ ലഭിക്കുമെന്നാണ് കരുതുന്നതെന്ന് ചോദിച്ചപ്പോൾ അവളെ തൂക്കിലേറ്റണമെന്നും ജീവിക്കാനുള്ള അവകാശം അവൾക്ക് നഷ്ടമായെന്നും അവർ പറഞ്ഞു. മുസ്കാനും സാഹിലും ലഹരിക്ക് അടിമകളായിരുന്നെന്നും അവർ തമ്മിൽ കാണുന്നതു സൗരഭ് വിലക്കുമെന്ന് കരുതിയാണ് അവനെ കൊലപ്പെടുത്തിയതെന്നും മുസ്കാന്റെ മാതാപിതാക്കൾ പറഞ്ഞു.
സാഹിലിനെ കാണാനും ലഹരി ഉപയോഗിക്കാനും കഴിയില്ല എന്ന പേടിയാണ് സൗരഭിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നു മുസ്കാന്റെ അമ്മയായ കവിതാ രസ്തഗി പറഞ്ഞു. ‘‘കൊലപാതകത്തിനു ശേഷം മുസ്കാൻ ഞങ്ങളെ വന്നു കണ്ടു. സൗരഭിനെ കൊന്നെന്നു മുസ്കാൻ തുറന്നു പറഞ്ഞു. സാഹിലുമായി ചേർന്ന് ലഹരി ഉപയോഗിക്കുന്നത് അവൻ തടയുമെന്ന് കരുതിയാണ് കൊന്നത്. അതുകൊണ്ടു തന്നെയാണ് അവളെ ഞങ്ങൾ അറസ്റ്റ് ചെയ്യിച്ചത്’’– കവിത പറഞ്ഞു.
സൗരഭ് എപ്പോഴും മുസ്കാനെ പിന്തുണച്ചിരുന്നെന്നും അവളെ വളരെയധികം സ്നേഹിച്ചിരുന്നെന്നും കവിത കൂട്ടിച്ചേർത്തു. ‘‘സൗരഭ് ലണ്ടനിലേക്ക് പോയപ്പോൾ ഞങ്ങളോടൊപ്പം വന്നു താമസിക്കാൻ അവളോട് പറഞ്ഞതാണ്. ഞങ്ങൾ അവൾക്ക് നിയന്ത്രണങ്ങൾ വയ്ക്കുമെന്നു പറഞ്ഞ് ഒപ്പം വന്നില്ല. സൗരഭ് അവളെ പിന്തുണയ്ക്കുകയും ചെയ്തു. എന്നാൽ സൗരഭ് ലണ്ടനിലായിരുന്ന സമയത്ത് മകൾക്ക് 10 കിലോയോളം കുറഞ്ഞു. സൗരഭ് കൂടെയില്ലാത്തതിലുള്ള വിഷമം കാരണമാണ് അവൾ ക്ഷീണിച്ചതെന്ന് ഞങ്ങൾ കരുതി. സാഹിൽ അവളെ ലഹരിക്ക് അടിമയാക്കിക്കൊണ്ടിരിക്കുകയാണെന്ന് അറിഞ്ഞിരുന്നില്ല’’– കവിത പറഞ്ഞു. സൗരഭിന്റെയും മുസ്കാന്റെയും ആറു വയസ്സുകാരി മകൾ ഇപ്പോൾ മുസ്കാന്റെ മാതാപിതാക്കൾക്കൊപ്പമാണ്.
കഴിഞ്ഞ മാസം 28ന് ആണ് ആറു വയസ്സുള്ള മകളുടെ ജന്മദിനാഘോഷത്തിനു സൗരഭ് രജ്പുത്ത് നാട്ടിലെത്തിയത്. ഇയാളെ കൃത്യമായ ആസൂത്രണത്തിലൂടെ ഭാര്യയും കാമുകനും ചേർന്നു കൊലപ്പെടുത്തുകയായിരുന്നു. ആദ്യം ഭക്ഷണത്തിൽ ഉറക്കഗുളിക ചേർത്ത് നൽകി ഇയാളെ അബോധാവസ്ഥയിലാക്കി. പിന്നീട് കത്തികൊണ്ട് കുത്തി കൊലപ്പെടുത്തി 15 കഷ്ണങ്ങളാക്കിയ ശേഷം വീപ്പയിലിട്ട് കോൺക്രീറ്റ് നിറച്ചു.
സൗരഭിനെ കാണാതായതോടെ ആളുകൾ അന്വേഷിച്ചു തുടങ്ങിയപ്പോൾ സൗരഭ് മണാലിയിൽ പോയിരിക്കുകയാണെന്നാണ് ഇവരോട് മുസ്കാൻ പറഞ്ഞത്. ആർക്കും സംശയം തോന്നാതിരിക്കാൻ സാഹിലിനൊപ്പം മണാലിയിൽ പോയി ചിത്രങ്ങളെടുത്ത് സൗരഭിന്റെ സമൂഹമാധ്യമ പേജുകളിൽ പോസ്റ്റ് ചെയ്തു. എന്നാൽ സൗരഭിനെ ഫോണിലൂടെ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ കുടുംബം പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് മുസ്കാനെയും സാഹിലിനെയും കസ്റ്റഡിയിലെടുത്തു നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തുവരുന്നത്. മൃതദേഹത്തെ കുറിച്ചു പ്രതികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ തിരച്ചിലിൽ വീപ്പ കണ്ടെത്തുകയും ശരീരഭാഗങ്ങൾ കണ്ടെടുക്കുകയും ചെയ്തു.
2016ൽ ആണ് സൗരഭും മുസ്കാനും വിവാഹിതരാകുന്നത്. പ്രണയ വിവാഹമായിരുന്നു. മുസ്കാനോടൊപ്പം സമയം ചെലവിടുന്നതിനു വേണ്ടി സൗരഭ് മർച്ചന്റ് നേവിയിലെ ജോലി ഉപേക്ഷിച്ചു. ഇത് സൗരഭിന്റെ വീട്ടിൽ പ്രശ്നമാകുകയും ഇരുവരും വാടകവീട്ടിലേക്ക് മാറുകയും ചെയ്തു.
2019ൽ ഇവർക്ക് ഒരു മകൾ പിറന്നു. അധികം വൈകാതെ സാഹിലുമായി മുസ്കാനു ബന്ധമുള്ളതായി സൗരഭ് മനസ്സിലാക്കിയതോടെ പ്രശ്നങ്ങൾ ആരംഭിക്കുകയും ഇരുവരും വേർപിരിയാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ മകളുടെ ഭാവി ആലോചിച്ച് വേർപിരിയേണ്ട എന്ന തീരുമാനത്തിലെത്തി. 2023ൽ സൗരഭ് വീണ്ടും മർച്ചന്റ് നേവിയിൽ തിരികെ ജോലിയിൽ പ്രവേശിച്ചു. പിന്നീട് തിരിച്ചുവന്നപ്പോഴാണ് മുസ്കാനും സാഹിലും സൗരഭിനെ കൊലപ്പെടുത്തുന്നത്.