ബോയ്സ് ഹോസ്റ്റൽ വിലാസത്തിൽ പാഴ്സലായി എത്തിച്ചത് 105 ലഹരിമിഠായി; തമിഴ്നാട്ടുകാർ അറസ്റ്റില്‍

Mail This Article
തിരുവനന്തപുരം ∙ നെടുമങ്ങാട്ട് മിഠായി രൂപത്തില്‍ ലഹരിമരുന്നുമായി 3 തമിഴ്നാട് സ്വദേശികള്‍ അറസ്റ്റില്‍. പ്രശാന്ത്, ഗണേഷ്, മാര്‍ഗ്ഗ എന്നിവരെയാണു പിടികൂടിയത്. വട്ടപ്പാറയിലെ സ്വകാര്യ ബോയ്സ് ഹോസ്റ്റലിന്റെ വിലാസത്തില്‍ എത്തിയ പാഴ്സലില്നിന്നാണു കറുപ്പു നിറത്തിലുള്ള 105 ലഹരിമിഠായികള്‍ കണ്ടെത്തിയത്. ഈ പാഴ്സല്‍ വാങ്ങുന്നതിനിടെ ഇന്നലെ രാത്രി എട്ടു മണിയോടെയാണു പ്രതികളെ പിടിച്ചതെന്നു പൊലീസ് പറഞ്ഞു.
ടൈല്‍സ് ജോലി ചെയ്യുന്ന പ്രതികള്‍ ബോയ്സ് ഹോസ്റ്റലിനു സമീപം വാടകവീട്ടിലാണു താമസം. റൂറല്‍ എസ്പിക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സംഘം നടത്തിയ പരിശോധനയിലാണു ലഹരിമിഠായി പിടിച്ചത്. ടെട്രാ ഹൈഡ്രോ കനാമിനോള്‍ എന്ന ലഹരിവസ്തുവാണു മിഠായിയില്‍ അടങ്ങിയിരിക്കുന്നതെന്നു പൊലീസ് പറഞ്ഞു. ചരസ് മിഠായി, ഗഞ്ചാ ടോഫി എന്നെല്ലാമാണ് ഇതിന്റെ വിളിപ്പേര്.
സംസ്ഥാനത്തെ ലഹരിവ്യാപനത്തിന് എതിരെ പൊലീസ് നടത്തുന്ന ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ജില്ലയില്‍ വ്യാപകമായ തിരച്ചിലാണ് നടക്കുന്നത്. സ്കൂളുകള്‍, കോളജുകള്‍, ട്യൂഷന് സെന്ററുകള്‍ എന്നിവ കേന്ദ്രീകരിച്ചു വില്പനയ്ക്കെത്തിച്ചതാണു മിഠായികള്‍ എന്നാണു കരുതുന്നത്. ജില്ലയിലെ പാഴ്സല്‍ സര്‍വീസുകളും നിരീക്ഷണത്തിലാണ്.
