കുട്ടികളുടെ ലഞ്ച് ബോക്സ് ഇങ്ങനെ തയാറാക്കൂ, ഒരു തരി പോലും മിച്ചം വയ്ക്കില്ല!
Mail This Article
ലഞ്ച്ബോക്സിലും സ്നാക് ബോക്സിലും കൊടുത്തുവിടുന്നതു കുഞ്ഞ് കഴിക്കുമോ....എന്ന് ടെൻഷൻ അടിക്കാത്ത അമ്മമാരില്ല. പല സ്കൂളുകളിലും, ചോറുതന്നെ കൊണ്ടുപോകണം എന്ന നിർബന്ധമുണ്ട്. കുഞ്ഞിന് ഇഷ്ടമെങ്കിൽ പ്രാതൽ വിഭവങ്ങൾ തന്നെ ഉച്ചയ്ക്കും കൊടുത്തുവിടാം. കൊച്ചു കുട്ടികൾക്കാണെങ്കിൽ ഒന്നോ രണ്ടോ ഇഡ്ഡലിയോ ദോശയോ ഒപ്പം കറിയോ കൊടുത്തുവിടാം. ചോറു നിർബന്ധമാകുമ്പോഴുള്ള പ്രശ്നം അച്ചാറും കൊണ്ടാട്ടവും പോലുള്ളവ സ്ഥിരം മെനുവാകും. മിക്കതും വീട്ടിലുണ്ടാക്കുന്നതാവില്ല. അതിലെ പ്രിസർവേറ്റീവ്സ് വില്ലനാകും.
ഇനി കുട്ടികൾക്ക് ഇഷ്ടമുള്ളതു കൊടുത്തുവിടാനാണെങ്കിലോ? അവർക്കിഷ്ടം ബർഗറും കട‌്‌ലെറ്റും പോലുള്ളവയാണ്. കുറച്ചു മുതിർന്ന കുട്ടികളെങ്കിൽ പറയും, കന്റീനിൽ നിന്നു കഴിക്കാം, പൈസ തന്നാൽ മതിയെന്ന്. ഇങ്ങനെ കഴിക്കുന്നതു മിക്കപ്പോഴും പഫ്സ്, ബർഗർ, ഷവർമ ഒക്കെ പോലുള്ളവയായിരിക്കും. ഒപ്പം ഒരു കോളയും. അല്ലെങ്കിൽ പേസ്ട്രി. ഇവയെല്ലാം സ്ഥിരമായി കഴിക്കുന്നത് ആരോഗ്യത്തെ പടികടത്തും. ഒപ്പം പ്രമേഹത്തെയും അമിതവണ്ണത്തെയുമൊക്കെ വിളിച്ചുവരുത്തുകയും ചെയ്യും. ബേക്കറി വിഭവങ്ങൾ മിക്കതും എംറ്റി കാലറി വിഭവങ്ങളാണ്. പേസ്ട്രികളിലും സോഫ്റ്റ് ഡ്രിങ്കുകളിലും ഉപയോഗിക്കുന്ന ഫ്രക്ടോസ് കോൺ സിറപ്പാകട്ടെ, അഡ്രിനാലിൻ നില കൂട്ടി ആലസ്യവും ഉറക്കവും വരുത്തും. ശ്രദ്ധകുറയ്ക്കും.
ലേയ്സ് പോലുള്ള ഫ്രൈഡ് ചിപ്സിലെ കൂടിയ സോഡിയം അളവും രക്തസമ്മർദം കൂട്ടും.
കുട്ടികളുടെ ലഞ്ച് ബോക്സുകൾ ആരോഗ്യകരവും രുചിമയവുമാക്കാൻ ഒരുപാടു കുഞ്ഞുകുഞ്ഞു വഴികളുണ്ട്. അവയെ തേടിപ്പോകണമെന്നേയുള്ളൂ.
സ്ഥിരം ദോശയെ ഒന്നു മാറ്റിപ്പിടിച്ച് ഇത്തിരി മുളപ്പിച്ച ചെറുപയർ കൂടി ചേർക്കാം. എന്നും ചേർക്കുന്ന ഉഴുന്നിന് അൽപം വിശ്രമം കൊടുക്കാം. ദോശയുടെ നിറവും മാറും, രുചിയുംകൂടും. ഇതിനു മുകളിൽ പച്ചക്കറികൾ ചെറുതായി ഗ്രേറ്റ് ചെയ്തു ടോപ്പിങ്ങും കൊടുക്കാം. ചപ്പാത്തിക്കൊപ്പവും മുളപ്പിച്ച പയർ ചേർക്കാം. ചപ്പാത്തിമാവിൽ പച്ചക്കറികൾ നുറുക്കി ചേർക്കാം. രണ്ടു ചപ്പാത്തികൾക്കിടയിൽ ഇവ വച്ചു ഫില്ലിങ് ഉണ്ടാക്കുകയുമാകാം. നോൺവെജ് പ്രിയമുള്ളവർക്കായി വേവിച്ച മൽസ്യമോ മാംസമോ ഇതിനൊപ്പം മിൻസ് ചെയ്തു ചേർക്കാം.
പാലക് ചീര, ബീറ്റ്‌റൂട്ട്, ക്യാരറ്റ് തുടങ്ങിയവ ചേർത്താൽ വൈറ്റമിനുകളും ധാരാളം കിട്ടും. . പാലക് ചീര തലച്ചോറിന്റെ വികാസത്തിന് ഏറെ ഗുണം ചെയ്യും. ബീറ്റ്റൂട്ടിലും ക്യാരറ്റിലും ആന്റി ഓക്സിഡന്റുകളും ധാരാളമുണ്ട്.
ഇഡ്ഡലിയുണ്ടാക്കുമ്പോൾ മുകളിൽ ഒരുകഷണം തക്കാളിവയ്ക്കാം. ഇവയിലും പച്ചക്കറികൾ അരിഞ്ഞു ചേർക്കാം. ഉപ്പുമാവിലും ഇതുപോലെ ധാരാളം വെറെെറ്റികൾ പരീക്ഷിക്കാം. ചപ്പാത്തിയും ദോശയുമൊക്കെ കൊടുത്തുവിടുമ്പോൾ വൃത്തിയുള്ള നേർത്ത കോട്ടൺ തുണിയിൽ പൊതിഞ്ഞു ലഞ്ച് ബോക്സിൽ വയ്ക്കുക. മൃദുത്വവും പുതുമയും നഷ്ടപ്പെടില്ല. ചപ്പാത്തിയിലും പച്ചക്കറികൾ വഴറ്റുന്നതിലുമൊക്കെ നെയ് ചേർക്കുന്നതും നല്ലതാണ്. രുചിയും ആരോഗ്യവും കൂടും.
ബ്രഡിനും മറ്റുമൊപ്പം സ്ഥിരം വിഭവമാണു സോസുകൾ. ടൊമാറ്റോ സോസിനാണു കൂടുതൽ ഡിമാൻഡ്. ഇതിൽ തക്കാളിയെക്കാൾ പ്രിസർവേറ്റീവുകളും രുചിവർധക വസ്തുക്കളുമായിരിക്കും. ഇതും നമുക്കു വീട്ടിലുണ്ടാക്കാം.
ഒന്നോ രണ്ടോ തക്കാളിയെടുത്തു ചൂടുവെള്ളത്തിലിടുക. പെട്ടെന്നുതന്നെ പുറത്തെടുത്തു തൊലി നീക്കി ഉള്ളിയും വെളുത്തുള്ളിയും നുറുക്കിയതും കറുവപ്പട്ടയും ഗ്രാമ്പൂവും ആവശ്യത്തിന് ഉപ്പും ചേർത്തു മിക്സിയിൽ നന്നായി അരച്ചെടുക്കുക.വേണമെങ്കിൽ ശർക്കരയോ പഞ്ചസാരയോ ചേർത്തു രുചി ബാലൻസും ചെയ്യാം. കുറുക്കിയെടുത്താൽ ഹെൽത്തി സോസ് റെഡി. ഒരാഴ്ചത്തേക്ക് ഒരുമിച്ചുണ്ടാക്കി റഫ്രിജറേറ്ററിൽ വയ്ക്കാം. പക്ഷേ, വായു കടക്കാത്ത പാത്രത്തിൽ വേണം.
കട്‌ലറ്റ് ഇഷ്ടമുള്ളവർക്കായി വീട്ടിലുണ്ടാക്കാം. കടകളിൽ കിട്ടുന്നവയുടെ നിലവാരമോ പഴക്കമോ ഒന്നും നമുക്കു കണ്ടുപിടിക്കാനാവില്ല. ഉരുളക്കിഴങ്ങ് നന്നായി വേവിച്ചു പൊടിച്ചെടുക്കുക. ആവശ്യമുള്ള പച്ചക്കറികളും മാംസവും നുറുക്കി വേവിച്ചു മിൻസ് ചെയ്തെടുത്ത് ഇതിനൊപ്പം ചേർത്ത് ഇഷ്ടമുള്ള ആകൃതിയിൽ പരത്തിയെടുക്കുക. മുട്ടവെള്ളയിലോ അൽപം കോൺഫ്ളോൽ കലക്കിയതിലോ മുക്കി റൊട്ടിപ്പൊടിയിൽ ഉരുട്ടിയെടുത്തു വറുത്തെടുക്കാം. (കാൻസറിനുകാരണമാകുന്ന വസ്തുക്കളുണ്ടെന്ന സാഹചര്യത്തിൽ ബ്രഡുകളുടെ കാര്യത്തിൽ അൽപം ശ്രദ്ധിക്കാം.)
സോയ ചങ്ക്സ് ചേർത്തും കട്‌ലറ്റും സമൂസയുമൊക്കെ ഉണ്ടാക്കാം. ഇത്തിരി സമയം അതിനായി മാറ്റിവച്ചാൽ മതി.
ഇനി ചോറുതന്നെ കൊടുത്തുവിടണം എന്നു നിർബന്ധമെങ്കിൽ ഇടയ്ക്കു ബസുമതി അരി പരീക്ഷിക്കാം. പച്ചക്കറികളും സോയയുമൊക്കെ ചേർത്തു പലതരം പുലാവുകൾ ഉണ്ടാക്കാം. വെജിറ്റബിൾ ബിരിയാണിയും കുട്ടികൾ ഇഷ്ടപ്പെടും.
തക്കാളിചേർത്തും നാരങ്ങാനീരു ചേർത്തുമൊക്കെ വൈറൈറ്റി റൈസ് ഉണ്ടാക്കാം. ഇതിനൊപ്പം വെജിറ്റബിൾ കറിയും ഒരു മുട്ടയും കൊടുക്കാം. സസ്യാഹാരികൾക്കു പയർ വർഗങ്ങൾ പുഴുങ്ങിയതും കൊടുക്കാം. കഴുകി വാർത്ത ബസുമതി അരി ഒന്നു വറുത്തെടുത്തു മഞ്ഞൾപ്പൊടിയും നാരങ്ങാനീരും വറുത്ത കപ്പലണ്ടിയും ചേർത്താൽ ലെമൺ റൈസായി. ഇതിനുപകരം തക്കാളി ചേർത്താൽ ടൊമാറ്റോ റൈസും. രുചി കൂട്ടാൻ കറുവപ്പട്ട, ഗ്രാമ്പൂ തുടങ്ങിയവ ചേർക്കാം.
തോരനിലും പരീക്ഷണങ്ങൾ നടത്താം. ചീര ഇഷ്ടപ്പെടാത്തവർക്കു തോരനുണ്ടാക്കുമ്പോൾ ഒരു മുട്ടകൂടി ചേർക്കാം. ക്യാബേജിനൊപ്പവും ഇതു ചേർക്കാം. പച്ചക്കറികളിലെ ഇരുമ്പ് ശരീരം ആഗിരണം ചെയ്യുന്നത് ഇതുവഴി വർധിക്കും. ക്യാബേജിന്റെ രൂക്ഷഗന്ധവും ഇല്ലാതെയാകും. മുരിങ്ങയിലയും ഇതുപോലെ ചെയ്യാം. മുട്ടയ്ക്കു പകരം ഇവയ്ക്കെല്ലാം ഒപ്പം പയറുകളും വേവിച്ചു ചേർക്കാം.
പാൻകേക്ക് ഉണ്ടാക്കുമ്പോൾ മൈദയ്ക്കു പകരം റവയും ഉപയോഗിക്കാം. അവിൽ, റാഗി തുടങ്ങിയവയും ആഹാരത്തിന്റെ ഭാഗമാക്കാം. എള്ളും കുട്ടികളുടെ വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും ഏറെ നല്ലതാണ്. എള്ളുണ്ടയും കൊഴുക്കട്ടയുമൊക്കെ ഉണ്ടാക്കുമ്പോൾ എള്ളു ചേർക്കാം. ശർക്കരയും തേങ്ങയ്ക്കും പകരം കുട്ടികൾക്കിഷ്ടമുള്ള ഫില്ലിങ് വച്ചു കൊഴുക്കട്ടയുണ്ടാക്കാം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ജീന വർഗീസ്
ഡയറ്റീഷ്യൻ, ജനറൽ ആശുപത്രിആലപ്പുഴ
English Summary: Kids Lunch Box Tips