ഇത് ദോശയുടെ ബയോഡേറ്റ
Mail This Article
കഠിനമായ ഭൂതകാലമുള്ള ഒരു പലഹാരമാണ് ദോശ. ചൂടൻകല്ലിൽ കട്ടിയിൽ വെന്ത ഒരുതരം അപ്പം മാത്രമായിരുന്നു പണ്ടത്തെ ദോശ. അരി അരച്ചതുമാത്രം ചേരുവ. പിന്നീട് ഉഴുന്നുമായി കൂട്ടുചേർന്ന് മാവായി പുളിച്ചുപൊന്തി, ചൂടുകല്ലിൽ മാവ് ഒഴിക്കുമ്പോഴും പരത്തുമ്പോഴും ശ്ശ്.. ശബ്ദത്തോടെ മൃദുവായ ദോശയായി പരിണമിച്ചു. ദക്ഷിണേന്ത്യയിലാണ് രണ്ടായിരം വർഷം മുൻപ് ദോശയുടെ ജനനം കർണാടകയിലെ ഉഡുപ്പിയിൽ ആയിരുന്നുവെന്നും അല്ല തമിഴ്നാട്ടിലാണെന്നും തർക്കമുണ്ട്. സംഘകാല കൃതിയായ ‘മധുരൈക്കാഞ്ചി’യിൽ മെല്ലടൈ എന്ന ഒരു പലഹാരത്തെക്കുറിച്ച് പറയുന്നുണ്ട്.
ദോശയുടെ ആദ്യരൂപം ഇതായിരിക്കാമെന്ന് ഭക്ഷണചരിത്ര ഗവേഷകർ കരുതുന്നു. അട, അപ്പം, ദോശ– എല്ലാം ഒരു കുടുംബക്കാർ. തമിഴ്നാട്ടിലെ ദോശ അമ്പിളിവട്ടത്തിലും അൽപം കനത്തിലുമിരിക്കും. ദോശയുടെ സ്വന്തം ദേശം എന്ന് പുകൾപ്പെറ്റ ഉഡുപ്പിയിലെ പാചകവിദഗ്ധർ അതിനെ ആകാവുന്നത്ര വിസ്തൃതിയിൽ കനംകുറച്ച് പരത്തി, സ്വർണനിറത്തിൽ മൊരിച്ചെടുത്തു.
അതുപോരാഞ്ഞ് കൂട്ട് നിറച്ച് മടക്കി മസാലദോശയുണ്ടാക്കി. സാദാ ദോശയെക്കാൾ പേരും പ്രശസ്തിയും മസാലദോശയ്ക്കായി. ലോകമാകെ ദോശ പരന്നു. മരിക്കുന്നതിനുമുൻപേ കഴിച്ചിരിക്കേണ്ട 10 വിഭവങ്ങളുടെ ആഗോള പട്ടികയിൽവരെ മസാലദോശ കയറിപ്പറ്റി. കേരളത്തിനുമുണ്ട് ഒരു സ്വന്തം വേർഷൻ ദോശ– കോഫി ഹൗസിലെ ബീറ്റ്‌റൂട്ട് ചേർത്ത ചുവപ്പൻ മസാലദോശ!