'ഷുഗറി’നെ പേടിക്കേണ്ട, ആസ്വദിക്കാം ഈ ക്രിസ്മസ് രുചികൾ
Mail This Article
കേക്കുകളുടെ മധുരവും രുചി വൈവിധ്യങ്ങളും നിറയുന്ന ആഘോഷമാണ് ക്രിസ്മസും
പുതുവർഷവും. എന്നാൽ, ഈ രുചികൾ ആസ്വദിക്കാൻ പ്രമേഹവും കൊളസ്ട്രോളുമൊക്കെ തടസ്സമാകുന്നുണ്ടോ? അങ്ങനെയെങ്കിൽ ആശങ്കയില്ലാതെ ആർക്കും കഴിക്കാവുന്ന ചില രുചികൾ പരീക്ഷിച്ചാലോ. ഏതാനും ‘ഷുഗർ ഫ്രീ’ റെസിപ്പികൾ ഇതാ...
ലോ ഫാറ്റ് – ഷുഗർ ഫ്രീ പ്ലം കേക്ക്
ചേരുവകൾ
1. പഴക്കൂട്ട് തയാറാക്കാൻ:
നുറുക്കിയ ബദാം 2 ടേബിൾ സ്പൂൺ
നുറുക്കിയ പിസ്ത 1 ടേബിൾ സ്പൂൺ
നുറുക്കിയ കശുവണ്ടി 2 ടേബിൾ സ്പൂൺ
കറുത്ത ഉണക്കമുന്തിരി 50 ഗ്രാം
മഞ്ഞ മുന്തിരി 50 ഗ്രാം
നുറുക്കിയ ചെറി 60 ഗ്രാം
ടൂട്ടി ഫ്രൂട്ടി 60 ഗ്രാം
നുറുക്കിയ ഈന്തപ്പഴം 40 ഗ്രാം
ഓറഞ്ച് ജൂസ് 100 മില്ലി ലീറ്റർ
മുന്തിരി ജൂസ് 100 മില്ലി ലീറ്റർ
2. കേക്ക് തയാറാക്കാൻ:
നുറുക്കിയ ഈന്തപ്പഴം 25 എണ്ണം
ചൂടു പാൽ 240 മില്ലി ലീറ്റർ
മൈദ ഒന്നര കപ്പ്
ബേക്കിങ് സോഡ 1 ടീസ്പൂൺ
ഉപ്പ് കാൽ ടീസ്പൂൺ
ബട്ടർ ഉരുക്കിയത് 60 മില്ലി ലീറ്റർ
വനില പൊടി അര ടീസ്പൂൺ
പാൽപൊടി 2 ടീസ്പൂൺ
ജാതിക്ക പൊടി കാൽ ടീസ്പൂൺ
കറുവപ്പട്ട പൊടി കാൽ ടീസ്പൂൺ
കൊക്കോ പൊടി 2 ടീസ്പൂൺ
നാരങ്ങ നീര് 1 ടീസ്പൂൺ
വനില എസൻസ് 1 ടീസ്പൂൺ
ഓറഞ്ച് എസൻസ് 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
1. കട്ടിയുള്ള പാത്രത്തിൽ വെള്ളമൊന്നും ചേർക്കാതെ പിഴിഞ്ഞെടുത്ത ഓറഞ്ച്, മുന്തിരി നീര് എടുത്ത് ചെറുതീയിൽ ചൂടാക്കുക. ചൂടായ ഉടനെ ടൂട്ടിഫ്രൂട്ടി, ഉണക്ക മുന്തിരികൾ, ഈന്തപ്പഴം, ചെറി, ബദാം, കശുവണ്ടി, പിസ്ത മുതലായവ ചേർത്തിളക്കി ഉടൻതന്നെ തീയിൽനിന്നു മാറ്റി തണുപ്പിക്കുക.
2. അരിഞ്ഞുവച്ചിരിക്കുന്ന ഈന്തപ്പഴം, ബട്ടർ, കൊക്കോ പൊടി, 1 ടീസ്പൂൺ വനില എസൻസ്, 1 ടീസ്പൂൺ ഓറഞ്ച് എസൻസ് എന്നിവ മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. ഈ മിശ്രിതത്തിലേക്ക് ചൂടുപാൽ ചേർത്ത് നന്നായി യോജിപ്പിച്ച് തണുക്കാൻ അനുവദിക്കുക.
3. കേക്ക് കൂട്ട് തയാറാക്കുന്നതിനായി കുഴിയുള്ള പാത്രമെടുത്ത് അതിലേക്ക് ആദ്യം തയാറാക്കിവച്ച പഴക്കൂട്ട്, അരച്ചുവച്ചിരിക്കുന്ന ഈന്തപ്പഴക്കൂട്ട് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതത്തിലേക്ക് ഉപ്പ്, നാരങ്ങാനീര്, അരിച്ചെടുത്ത മൈദ, മറ്റ് പൊടിരൂപത്തിലുള്ള ചേരുവകൾ എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
4. തുടർന്ന് ഈ കൂട്ടിനെ കേക്ക് ടിന്നുകളിലാക്കി 165 ഡിഗ്രി സെൽഷ്യസിൽ 50 മിനിറ്റ് മുതൽ 60 മിനിറ്റ് വരെ ഓവനിൽ ബേക്ക് ചെയ്തെടുക്കുക. നന്നായി തണുത്തശേഷം ടിന്നിൽനിന്നു മാറ്റി മുറിച്ചുവിളമ്പാം.
ഷുഗർ ഫ്രീ പനാകോട്ട
(ഇറ്റാലിയൻ മിൽക് പുഡ്ഡിങ്)
ചേരുവകൾ
പാൽ 230 മില്ലി ലീറ്റർ
ഹെവി ക്രീം 270 മില്ലി ലീറ്റർ
കരിക്കും വെള്ളവും
ചേർത്തരച്ചത് 100 മില്ലി ലീറ്റർ
ജലാറ്റിൻ 3 ടീസ്പൂൺ
വനില എസൻസ് 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
1. ചുവടുകട്ടിയുള്ള പാത്രത്തിൽ പാൽ തിളപ്പിച്ചെടുക്കുക. തിളച്ച ഉടൻ തീ കുറച്ചുവച്ചശേഷം ഹെവി ക്രീം ചേർത്തിളക്കി തിളപ്പിച്ചെടുക്കുക. തീയിൽ നിന്നു മാറ്റി ചൂടാറാൻ അനുവദിക്കുക.
2. ഒരു പാത്രത്തിൽ ജലാറ്റിൻ എടുത്ത് അൽപം വെള്ളം ചേർത്ത് ഡബിൾ ബോയിൽ (ചൂടാക്കി വച്ചിരിക്കുന്ന വെള്ളത്തിൽ ഇറക്കിവച്ച് ചൂടാക്കുക) ചെയ്ത് ഉരുക്കിയെടുക്കുക. ഇത് ആദ്യം തയാറാക്കിയ പാലിലേക്ക് ചേർക്കുക.
3. ഈ കൂട്ടിലേക്ക് ഇളം കരിക്കിന്റെ കാമ്പും വെള്ളവും ചേർത്തരച്ചത് ചേർത്ത് യോജിപ്പിച്ചശേഷം പാത്രത്തെ ഐസ് ക്യൂബുകൾ നിറച്ച മറ്റൊരു പാത്രത്തിൽ ഇറക്കിവച്ച് തണുപ്പിക്കുക.
4. തണുത്തുതുടങ്ങിയ പുഡ്ഡിങ് മിശ്രിതത്തെ ഡിഷുകളിൽ നിറച്ച് ഫ്രീസറിൽ 2 മണിക്കൂർ തണുപ്പിക്കുക.
വിവരങ്ങൾക്ക് കടപ്പാട്:
ബി.ജെന്നിസൺ
ഷെഫ്, ഡെമോൺസ്ട്രേറ്റർ
ജെഎൻ സ്വീറ്റ് ട്രീറ്റ്സ്