ADVERTISEMENT

സൊമാറ്റോയിൽ ഭക്ഷണം ഓർഡർ ചെയ്യുന്ന അത്രയും വേഗത്തിൽ അല്ലെങ്കിൽ ഊബർ ടാക്സി ബുക്ക് ചെയ്യുന്ന അത്രയും എളുപ്പം ഒരു ബാങ്ക് അക്കൗണ്ട് തുറന്നാലോ. പുത്തൻ ബാങ്ക് സങ്കൽപങ്ങളുമായി കടന്നു വന്ന നിയോ (neo) ബാങ്കുകൾ ആധുനിക ബാങ്കിങ് രംഗത്ത് ഒരു ഡിജിറ്റൽ വിപ്ലവം തന്നെ സൃഷ്ടിച്ചു കൊണ്ടിരിക്കയാണിപ്പോൾ.

പരമ്പരാഗത ബാങ്കിങ് സേവനങ്ങളെ കടത്തി വെട്ടി അതിവേഗ സേവനങ്ങളുമായി കടന്നുവന്ന നിയോ ബാങ്കുകളുടെ സേവനം ഒരു മൊബൈൽ ഫോണുണ്ടെങ്കിൽ ആർക്കും പ്രയോജനപ്പെടുത്താം. അതിന് ഒരു മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്താൽ മാത്രം മതിയാകും.

സേവനങ്ങളെല്ലാം ഒരു ആപ്ലിക്കേഷനിൽ

ബാങ്കിൽ പോകാതെ തന്നെ എല്ലാ ബാങ്കിടപാടുകളും സേവനങ്ങളും ഈ ആപ്ലിക്കേഷൻ വഴി ഓൺലൈനായി ചെയ്യാം. അക്കൗണ്ട് തുറക്കുക, പണമിടപാടുകൾ, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് ലഭ്യമാക്കുക, ഡെപ്പോസിറ്റ്, വായ്പകൾ തുടങ്ങിയ സേവനങ്ങൾ ഡിജിറ്റലായി എവിടെയിരുന്നു കൊണ്ടും ലഭ്യമാക്കാം. 

ഇന്ത്യയിൽ 27 നിയോ ബാങ്കുകൾ ഇപ്പോഴുണ്ട്. പുതുതായി 75 നിയോ ബാങ്കുകൾക്കു കൂടി അനുമതി കൊടുക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഈയിടെ പ്രഖ്യാപിച്ചിരുന്നു. ലോകത്താകമാനം 250 നിയോ ബാങ്കുകൾ ഉണ്ട്. 

കാനറാ ബാങ്കും കോട്ടക് ബാങ്കുമെല്ലാം നിയോ ബാങ്കുമായി വരികയാണ്. 262 പുത്തൻ ഫീച്ചറുകളോടെ 1000 കോടി രൂപ മുടക്കി നിയോ ബാങ്കിങ് സംവിധാനം സ്ഥാപിക്കാൻ ആണ് കാനറാ ബാങ്ക് പ്ലാൻ ചെയ്യുന്നത്.

നടത്തിപ്പു ചെലവു കുറവ്

സാധാരണ ബാങ്കുകളെ പോലെ ശാഖകളുടെ ആവശ്യം വരുന്നില്ല നിയോ ബാങ്കുകൾക്ക്. നടത്തിപ്പു ചെലവും വളരെ കുറവ് ആണ്. അതുകൊണ്ട് സാധാരണ ബാങ്കുകളേക്കാളും സർവീസ് ചാർജ് കുറവാണ്.

ലളിതമായ നടപടിക്രമങ്ങളിലൂടെ വളരെ വേഗത്തിൽ സേവനങ്ങൾ നൽകാൻ കഴിയുന്നതാണ് നിയോ ബാങ്കുകളുടെ സ്വീകാര്യത വർധിക്കാൻ കാരണം.

neobank1

ആധാർ കാർഡ് മാത്രം വച്ച് അക്കൗണ്ട് തുടങ്ങാൻ പറ്റും. അക്കൗണ്ട് തുടങ്ങി ഒരു വർഷം തികയും മുമ്പ് കെ വൈ സി നടപടികൾ പൂർത്തിയാക്കിയാൽ മതി. അതുവരെ ഒരു ലക്ഷം രൂപ വരെയുള്ള ഇടപാടുകളേ നടത്താൻ പറ്റൂ. മൂന്നു മിനിറ്റ് നീളുന്ന വിഡിയോ കോളിലൂടെ കെവൈസി പൂർത്തിയാക്കിയാൽ സാധാരണ പോലെ ഇടപാടുകൾ നടത്താം.

ഒരു വർഷത്തിനകം കെ.വൈ.സി നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കും.

ആർ.ബി.ഐ നിയന്ത്രണമുണ്ടോ?

നിയോ ബാങ്കുകളെ ആർ.ബി.ഐ നേരിട്ട് നിയന്ത്രിക്കുന്നില്ല. എന്നിരുന്നാലും നിയോ ബാങ്കുകൾ റിസർവ് ബാങ്കിന്റെ നിരീക്ഷണത്തിലാണ്. സ്വന്തമായി ലൈസൻസ് കിട്ടാത്തതിനാൽ നിലവിലുള്ള ബാങ്കുകളുമായി പങ്കാളിത്തമുണ്ടാക്കിക്കൊണ്ടാണ് ഇന്ത്യയിൽ നിയോ ബാങ്കുകൾ പ്രവർത്തിക്കുന്നത്. അതുകൊണ്ട് ഇടപാടുകളും നിക്ഷേപവും സുരക്ഷിതമായിരിക്കും.

പുതുമയുള്ള സേവനങ്ങൾ

ഉപഭോക്താക്കളുടെ വ്യത്യസ്തമായ ആവശ്യങ്ങൾ പരിഗണിച്ചു കൊണ്ട് ആകർഷകമായ സേവനങ്ങളും ഒപ്പം സമ്മാനങ്ങളുമായാണ് നിയോ ബാങ്കുകൾ വിപണി കീഴടക്കുന്നത്.  മുൻ നിര നിയോ ബാങ്കായ നിയോ (NIYO ) ഇന്ത്യയിൽ ആദ്യമായി ടു ഇൻ വൺ ഡിജിറ്റൽ സേവിങ്സ് + വെൽത്ത് അക്കൗണ്ട് അവതരിപ്പിച്ചിട്ടുണ്ട്. സേവിങ്സ് അക്കൗണ്ടിന് 7% ആണ് പലിശ നിരക്ക്. മ്യൂച്വൽ ഫണ്ട്, മറ്റ് നിക്ഷേപ ഉപാധികളിൽ നിക്ഷേപിക്കുമ്പോൾ സർവീസ് ചാർജ് ഈടാക്കുന്നില്ല. 

Fi എന്ന നിയോ ബാങ്ക് നിർമിത ബുദ്ധിയുടെ സഹായത്തോടെ ആസ്ക് (Ask ) എന്ന ട്രാക്കിങ് ടൂൾ ഇറക്കിയിട്ടുണ്ട്. ടൈപ്പ് ചെയ്യുന്നതിനു പകരം ചോദിച്ചാൽ മതി. ഉത്തരം കിട്ടും. എല്ലാ ബാങ്ക് അക്കൗണ്ടുകളും ഇതിൽ റജിസ്റ്റർ ചെയ്തു തൽസമയ വിവരങ്ങൾ ലഭ്യമാക്കാം.ജാർസ് എന്ന സേവനം വഴി പല ലക്ഷ്യങ്ങൾക്കു വേണ്ടി ഡെപ്പോസിറ്റ് തുടങ്ങാം. ഒരു ടൂർ പ്ലാൻ ഉണ്ടെങ്കിൽ അതിനായി സ്വരൂപിക്കാം. മൊബൈൽ ഫോൺ വാങ്ങണോ അതിനും കൂട്ടി വയ്ക്കാം. അങ്ങനെ പല ആവശ്യങ്ങൾക്കും ഉപകരിക്കും. പലിശ 5 % കിട്ടും.

സമ്പാദ്യശീലം പ്രോൽസാഹിപ്പിക്കാനുള്ള തന്ത്രങ്ങളും ചിലർക്കുണ്ട്. ഉദാഹരണത്തിന് ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ ചെലവു ചുരുക്കി 100 രൂപ ഗോവ ട്രിപ്പിനു വേണ്ടി ഇതിൽ തന്നെ മാറ്റിവയ്ക്കാൻ സാധിക്കും. ഇടപാടുകൾക്ക് മികച്ച ഓഫറുകളുമുണ്ട്. കാഷ് ബാക്കിനു പകരം ഡിജിറ്റൽ ഗോൾഡ് രൂപത്തിൽ റിവാർഡ് കൊടുക്കുന്നവരുമുണ്ട്. യു.പി.ഐ ആധാരമാക്കിയുള്ള വായ്പാ സേവനങ്ങളും ലഭ്യമാണ്.

English Summary : Feel the New Experiance of Neo Banking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com