ADVERTISEMENT

ആഗോള, ആഭ്യന്തരതലങ്ങളിൽ നിന്ന് വീശിയടിച്ച 'അനുകൂലകാറ്റിന്‍റെ' കരുത്തിൽ മികച്ച നേട്ടത്തിലേക്ക് കുതിച്ച് ഇന്ത്യൻ ഓഹരി സൂചികകൾ. സെൻസെക്സ് ഇന്ന് 1,292.92 പോയിന്‍റ് (1.62%) മുന്നേറി സർവകാല റെക്കോർഡിനടുത്ത് 81,332ലും നിഫ്റ്റി 428.75 പോയിന്‍റ് (1.76%) നേട്ടവുമായി എക്കാലത്തെയും മികച്ച ക്ലോസിങ് നിലവാരമായ 24,834.85ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 

ഒരുവേള നിഫ്റ്റി ഇന്ന് സർവകാല റെക്കോർഡ് ഉയരമായ 24,861.15 വരെ എത്തിയിരുന്നു. കഴിഞ്ഞ 19ന് കുറിച്ച 81,587 ആണ് സെൻസെക്സിന്‍റെ എക്കാലത്തെയും ഉയരം. ഇന്ന് സെൻസെക്സ് 81,427 വരെ ഉയർന്നിരുന്നു. സെൻസെക്സിൽ ഇന്ന് 4,040 ഓഹരികൾ വ്യാപാരം ചെയ്യപ്പെട്ടതിൽ 2,652 എണ്ണവും നേട്ടത്തിലേറി. 1,286 ഓഹരികൾ നഷ്ടത്തിലായിരുന്നു. 102 ഓഹരികളുടെ വില മാറിയില്ല.

319 ഓഹരികൾ 52-ആഴ്ചത്തെ ഉയരവും 16 എണ്ണം താഴ്ചയും കണ്ടു. 13 ഓഹരികൾ ഇന്ന് അപ്പർ-സർക്യൂട്ടിലും 6 എണ്ണം ലോവർ-സർക്യൂട്ടിലുമായിരുന്നു. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ സംയോജിതമൂല്യം ഇന്ന് ഒറ്റയടിക്ക് 7.10 ലക്ഷം കോടി രൂപ വർധിച്ച് 456.92 ലക്ഷം കോടി രൂപയിലുമെത്തി. കഴിഞ്ഞ 3 ദിവസത്തിനിടെ മാത്രം മൂല്യത്തിലെ കുതിപ്പ് 10.51 ലക്ഷം കോടി രൂപയാണ്.

Mumbai, Maharastra/India- January 01 2020: Stock Market at Dalal Street South Mumbai.
Mumbai, Maharastra/India- January 01 2020: Stock Market at Dalal Street South Mumbai.

ഭാരതി എയർടെൽ ആണ് 4.5 ശതമാനം ഉയർന്ന് സെൻസെക്സിൽ നേട്ടത്തിൽ മുന്നിലെത്തിയത്. അദാനി പോർട്സ്, ടാറ്റാ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഇൻഫോസിസ്, സൺ ഫാർമ തുടങ്ങിയവയും തിളങ്ങി.  നെസ്‍ലെ ഇന്ത്യ 0.07 ശതമാനം ഇടിഞ്ഞ് നഷ്ടത്തിലെ ഏകതാരമായി.

നിഫ്റ്റിയുടെ മുന്നേറ്റം
 

നിഫ്റ്റി 50ൽ 47 ഓഹരികളും ഇന്ന് പച്ചപ്പണിഞ്ഞു. മൂന്ന് ഓഹരികളാണ് നഷ്ടം രുചിച്ചത്. ശ്രീറാം ഫിനാൻസ് 9.52 ശതമാനം ഉയർന്ന് നേട്ടത്തിൽ മുന്നിലെത്തി. ജൂൺപാദത്തിൽ ലാഭം 18 ശതമാനം കുതിച്ചത് കമ്പനിയുടെ ഓഹരികൾ ആഘോഷമാക്കി. 

ഫാർമ കമ്പനികളായ സിപ്ല (5.76%), ഡിവീസ് ലാബ് (5.39%) എന്നിവയാണ് നേട്ടത്തിൽ തൊട്ടടുത്ത സ്ഥാനങ്ങളിൽ. ജൂൺപാദ പ്രവർത്തനഫലം പ്രതീക്ഷയ്ക്കൊത്ത് നിന്നത് ഈ കമ്പനികളുടെ ഓഹരികൾക്കും നേട്ടമാവുകയായിരുന്നു. ഭാരതി എയർടെൽ 4.32 ശതമാനവും അപ്പോളോ ഹോസ്പിറ്റൽസ് 4.14 ശതമാനവും ഉയർന്ന് ഇന്ന് നേട്ടത്തിൽ ടോപ് 5ലെ മറ്റ് രണ്ട് കമ്പനികളായി. ഒഎൻജിസി, നെസ്‍ലെ ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയാണ് 0.02 മുതൽ 1.04 ശതമാനം വരെ താഴ്ന്ന് ഇന്ന് നിഫ്റ്റി 50ൽ ചുവപ്പണിഞ്ഞ ഓഹരികൾ.

Business man pressing calculator, calculating the conversion rate of indian rupee money as a return of financial investment or monthly bills & expenses with copy space.
Business man pressing calculator, calculating the conversion rate of indian rupee money as a return of financial investment or monthly bills & expenses with copy space.

വിശാല വിപണിയിലെ താരങ്ങളും നേട്ടത്തിന്‍റെ കാരണങ്ങളും
 

വിശാല വിപണിയിൽ ഇന്ന് എല്ലാ ഓഹരി വിഭാഗങ്ങളും പച്ച തൊട്ടു. നിഫ്റ്റി ഓട്ടോ 2.43 ശതമാനം, ഐടി 2.30 ശതമാനം, മെറ്റൽ 3.01 ശതമാനം, ഫാർമ 2.36 ശതമാനം, പി.എസ്.യു ബാങ്ക് 1.66 ശതമാനം, റിയൽറ്റി 1.15 ശതമാനം, ഫിനാൻഷ്യൽ സർവീസസ് 1.16 ശതമാനം, മീഡിയ 1.68 ശതമാനം എന്നിങ്ങനെ നേട്ടത്തിലേറി. നിഫ്റ്റി ബാങ്ക് 0.80 ശതമാനവും ഉയർന്നു.

ലോക്സഭ തിരഞ്ഞെടുപ്പ്, ബജറ്റ് എന്നിവ സംബന്ധിച്ച ആകാംക്ഷകളും ആശങ്കകളും പിന്നിട്ടത് ഇന്ന് ഓഹരികളുടെ കുതിച്ചുകയറ്റത്തിന് വഴിവച്ചുവെന്നാണ് വിലയിരുത്തലുകൾ. മാത്രമല്ല, കോർപ്പറേറ്റ് കമ്പനികളുടെ ഭേദപ്പെട്ട ജൂൺപാദ പ്രവർത്തനഫലങ്ങളും നിക്ഷേപകരിൽ വാങ്ങൽ താൽപര്യം സൃഷ്ടിച്ചു.

indian currency and gdp word spelled out
indian currency and gdp word spelled out

മറ്റൊന്ന്, വരുമാനത്തിന്‍റെ മുഖ്യപങ്കും ലഭിക്കുന്ന വിപണിയായ യുഎസിന്‍റെ ജൂൺപാദ ജിഡിപി വളർച്ച പ്രതീക്ഷിച്ചതിലും ഉയർന്ന പശ്ചാത്തലത്തിൽ ഐടി, ഫാർമ ഓഹരികൾ കാഴ്ചവച്ച മുന്നേറ്റമാണ്. ഫാർമ കമ്പനികൾക്ക് മികച്ച ജൂൺപാദ പ്രവർത്തനഫലങ്ങളും നേട്ടമായി. 

ഐടി കമ്പനികളിൽ എംഫസിസ്, വിപ്രോ, എൽടിഐ മൈൻഡ്ട്രീ, ഇൻഫോസിസ് എന്നിവ 2-7 ശതമാനം മുന്നേറി. 

ആഗോള വ്യവസായ ഭൂപടത്തിലെ മുഖ്യശക്തിയായ ചൈനയുടെ കേന്ദ്രബാങ്കായ പീപ്പിൾസ് ബാങ്ക് ഒരുവർഷ മീഡിയം ടേൺ പോളിസി വായ്പാനിരക്ക് 0.20 ശതമാനം താഴ്ത്തി 2.3 ശതമാനമാക്കിയത് മെറ്റൽ ഓഹരികളിലും ഇന്ന് കുതിപ്പുണ്ടാക്കി.

അദാനി ഓഹരികൾക്കും തിളക്കം
 

അദാനി ഗ്രൂപ്പ് ഓഹരികളുടെ സംയോജിത വിപണിമൂല്യം ഇന്നൊരുവേള 74,000 കോടി രൂപയിലധികം ഉയർന്ന് 17.31 ലക്ഷം കോടി രൂപയിലെത്തി. പിന്നീട് 17 ലക്ഷം കോടി രൂപ നിലവാരത്തിലേക്ക് താഴ്ന്നു. അദാനി എന്‍റർപ്രൈസസ് 3.34 ശതമാനവും അദാനി പോർട്സ് 3.60 ശതമാനവും ഉയർന്ന് നേട്ടത്തിൽ മുന്നിലെത്തി. ഭേദപ്പെട്ട ജൂൺപാദ പ്രവർത്തനഫലം, ഓഹരി വിൽപന നീക്കങ്ങൾ, പുതിയ പദ്ധതികൾ എന്നിവയുടെ കരുത്തിലാണ് നേട്ടം.

gautam-adani-reuters-1

കേരള കമ്പനികളിൽ ധനലക്ഷ്മി ബാങ്കും മണപ്പുറവും
 

കേരള കമ്പനികളിൽ ഇന്ന് കൂടുതൽ നേട്ടമുണ്ടാക്കിയത് യൂണിറോയൽ മറീനാണ് (4.98%). ധനലക്ഷ്മി ബാങ്ക് 4.82 ശതനമാനവും മണപ്പുറം ഫിനാൻസ് 4.07 ശതമാനവും ഉയർന്നു. 

ഇന്നലെ മികച്ച നേട്ടവുമായി വിപണിമൂല്യത്തിൽ 50,000 കോടി രൂപയെന്ന നാഴികക്കല്ല് പിന്നിട്ട്, കേരളത്തിൽ നിന്ന് ഈ നേട്ടം കുറിച്ച അഞ്ചാമത്തെ കമ്പനിയായി മാറിയ ഫെഡറൽ ബാങ്ക് ഓഹരികൾ ഇന്ന് താഴേക്കുപോയി. വിപണിമൂല്യം 50,000 കോടി രൂപയ്ക്ക് താഴെയുമെത്തി. ജൂൺപാദ പ്രവർത്തനഫലം നിരാശപ്പെടുത്തിയതിനെ തുടർന്ന് പ്രൈമ അഗ്രോ, പ്രൈമ ഇൻഡസ്ട്രീസ് എന്നിവയുടെ ഓഹരികളാണ് 7-8 ശതമാനം താഴ്ന്ന് നഷ്ടത്തിൽ മുന്നിൽ.

English Summary:

Sensex and Nifty Hit Record Highs: Investors Gain Rs 7.10 Lakh Crore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com