മെസ്സി അസിസ്റ്റിൽ മാർട്ടിനസിന്റെ വിജയ ഗോള്‍, കുതിച്ച് അർജന്റീന; ബ്രസീലിനു സമനില മാത്രം
Mail This Article
ബ്യൂനസ് ഐറിസ്∙ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പെറുവിനെ തോൽപിച്ച് അര്‍ജന്റീന ഫുട്ബോൾ ടീം. ഏകപക്ഷീയമായ ഒരു ഗോളിനാണ് സൂപ്പർ താരം ലയണൽ മെസ്സി നയിച്ച അർജന്റീനയുടെ വിജയം. 55–ാം മിനിറ്റിൽ ലൊതാരോ മാർട്ടിനസാണ് അർജന്റീനയുടെ വിജയ ഗോൾ നേടിയത്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അർജന്റീനയുടെ എട്ടാം വിജയമാണിത്.
12 മത്സരങ്ങൾ പൂർത്തിയാക്കിയ അർജന്റീന 25 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. രണ്ടാം പകുതിയിൽ ലയണൽ മെസ്സിയുടെ ക്രോസിൽനിന്നാണ് മാർട്ടിനസ് ഗോൾ കണ്ടെത്തിയത്. ജയത്തോടെ അർജന്റീന ലോകകപ്പ് യോഗ്യതയ്ക്ക് അരികിലെത്തി. അതേസമയം യുറഗ്വായോടു സമനില വഴങ്ങിയ ബ്രസീല്‍ കൂടുതൽ സമ്മർദത്തിലായി. 55–ാം മിനിറ്റിൽ ഫെഡറികോ വാൽവർദെയിലൂടെ യുറഗ്വായ് മുന്നിലെത്തിയെങ്കിലും 62–ാം മിനിറ്റിലെ ഗെർസന്റെ ഗോളിലൂടെ ബ്രസീൽ സമനില പിടിക്കുകയായിരുന്നു.
യുറഗ്വായ് പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് ഒരു തകർപ്പൻ വോളി പായിച്ചാണ് ബ്രസീൽ താരം കരിയറിലെ ആദ്യ രാജ്യാന്തര ഗോൾ കണ്ടെത്തിയത്. 18 പോയിന്റുള്ള ബ്രസീൽ പോയിന്റു പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. അർജന്റീനയ്ക്കു പുറമേ യുറഗ്വായ്, ഇക്വഡോർ, കൊളംബിയ ടീമുകൾ ബ്രസീലിനു മുന്നിലുണ്ട്.