തൊലിയും നീരും ഇങ്ങനെ ഉപയോഗിക്കാം; സൗന്ദര്യ സംരക്ഷണത്തിൽ ഓറഞ്ച് വേറെ ലെവലാണ്

Mail This Article
വേനൽക്കാലത്ത് ഏറ്റവും സുലഭമായി കിട്ടുന്ന ഒന്നാണ് ഓറഞ്ച്. ചൂടിൽ നിന്ന് ആശ്വാസം പകരാൻ മാത്രമല്ല നിങ്ങളുടെ സൗന്ദര്യ സംരക്ഷണത്തിലും ഓറഞ്ചിന് വലിയ പങ്കുവഹിക്കാൻ സാധിക്കും. ഇതിന്റെ തൊലി മുതൽ നീര് വരെ ചർമത്തിൽ വലിയ മാറ്റങ്ങൾ കൊണ്ട് വരാൻ സാധിക്കുന്നതാണ്. വൈറ്റമിൻ സി, ആന്റി ഓക്‌സിഡന്റുകൾ തുടങ്ങിയവയാൽ സമ്പുഷ്ടമായ ഓറഞ്ച് വിവിധ ചർമ പ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു. ഓറഞ്ചിൽ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് കറുത്തപാടുകൾ നീക്കം ചെയ്യാനും ചർമത്തിലെ സുഷിരങ്ങൾ അടയാതിരിക്കാനും സഹായിക്കുന്ന ഫലപ്രദമായ എക്‌സ്‌ഫോളിയേറ്റിങ് ഘടകമായി പ്രവർത്തിക്കുന്നു. സിട്രിക് ആസിഡ് മുഖക്കുരുവിനെ ഇല്ലാതാക്കാനും അമിത എണ്ണമയം കുറയ്ക്കാനും സഹായിക്കും. അതുപോലെ വൈറ്റമിൻ സിയുടെ ഗുണങ്ങൾ ചർമത്തിൽ പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ ഇല്ലാതാക്കും. കൂടാതെ ചർമത്തിനെ എക്സ്ഫോളിയേറ്റ് ചെയ്യാനും ഓറഞ്ച് നല്ലതാണ്.
ഓറഞ്ച് തൊലി
ഓറഞ്ചിന്റെ തൊലിയാണ് പ്രധാനമായും ചർമ സംരക്ഷണത്തിനായി ഉപയോഗിക്കുന്നത്. മാത്രമല്ല ചർമത്തിലെ മോയ്ചറൈസ് ചെയ്ത് നിർത്താനും കൂടുതൽ തുടിപ്പ് നൽകാനും ഇത് ഏറെ മികച്ചതാണ്. ഓറഞ്ച് തൊലി ഫലപ്രദമായി ഉപയോഗിച്ചാൽ ചർമത്തിന് നല്ല തിളക്കം നൽകും. പാടുകൾ, പിഗ്മെന്റേഷൻ പ്രശ്നങ്ങൾ തുടങ്ങിയ പ്രശ്നങ്ങളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കും. ഓറഞ്ചിന്റെ തൊലി വെയിലത്ത് ഉണക്കിപ്പൊടിച്ചു സൂക്ഷിക്കാം. ശേഷം വെള്ളത്തിലോ പാലിലോ ചേർത്തു ഇത് മുഖത്തിട്ടാൽ മികച്ച ഫെയ്സ് പാക്കായി. ചർമത്തിലെ ഇരുണ്ടപാടുകൾ അകറ്റാനും നല്ല നിറം നൽകാനുമൊക്കെ ഇത് മികച്ച പോംവഴിയാണ്.
അല്ലെങ്കിൽ ഓറഞ്ച് പൊടിച്ചത് ഒരു സ്പൂൺ, ഒരു നുള്ള് മഞ്ഞൾപ്പൊടി, ഒരു സ്പൂൺ തേൻ എന്നിവ കുഴമ്പ് രൂപത്തിലാക്കുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കാം. 10 മിനിറ്റിന്ശേഷം റോസ് വാട്ടർ ഉപയോഗിച്ചു കഴുകി കളയാം. വെയിലേറ്റ് മങ്ങിയ മുഖത്തിനു ഉത്തമമാണ് ഈ ഫേസ് പാക്ക്.
ഓറഞ്ച് നീര്
ചർമം പെട്ടെന്ന് തിളങ്ങാൻ ഏറ്റവും മികച്ച ഉപാധിയാണ് ഓറഞ്ച് നീര്. വെറും നീര് ആയി മുഖത്ത് തേക്കുകയോ, അല്ലെങ്കിൽ മാസ്കായി ഉപയോഗിക്കുകയോ ചെയ്യാം. ഇതിനായി ഓറഞ്ച് നീരിൽ രണ്ടു ടേബിൾസ്‌പൂൺ കടലമാവും നാരങ്ങാനീരും ഒരു ടേബിൾ സ്‌പൂൺ വീതവും ചേർത്തു മുഖത്തിടാം. അഴുക്കുകൾ പോയി ചർമം തിളങ്ങാൻ വേറൊന്നും വേണ്ട.
മറ്റൊരു പോംവഴിയാണ് രണ്ടു ടീസ്പൂൺ ഓറഞ്ച് നീരും ഒരു ടീ സ്‌പൂൺ മുൾട്ടാണിമിട്ടിയും ഒരു ടീസ്‌പൂൺ പാലും ചേർത്തു മുഖത്തിട്ട് 20 മിനിറ്റിനുശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. എണ്ണമയമുള്ള ചർമക്കാർക്ക് മികച്ച ഫലം നൽകുന്ന ഒരു കിടിലൻ ഫെയ്സ് പാക്കാണിത്.