നിനക്കൊന്നും വേറെ പണിയില്ലേന്ന് ചോദിച്ചു വേദനിപ്പിച്ചു, സുഹൃത്തുക്കൾ ഒറ്റപ്പെടുത്തി; ഇന്നിവർ എല്ലാരുടെയും സ്വന്തം‘സൈക്കോ അളിയൻസ്'
Mail This Article
'എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്. ആദ്യമെല്ലാം വിഡിയോ എടുത്താൽ ഉടനെ ഫ്രണ്ട്സിനാണ് അയയ്ക്കുക. വിഡിയോ അയച്ചപാടെ അവരെല്ലാം ഗംഭീരം എന്ന് മെസേജ് ഇടും. പക്ഷേ ഇത്രയധികം പേർ കണ്ടിട്ടും വിഡിയോക്ക് പ്രതീക്ഷിച്ചത്ര റീച്ച് കിട്ടാതായി. എന്താണ് കാരണമെന്ന് ഒരുപാട് ചിന്തിച്ചെങ്കിലും ഒന്നും മനസ്സിലായില്ല. അങ്ങനെയിരിക്കെയാണ് ഒരു ദിവസം സുഹൃത്ത് മെസേജ് അയക്കുന്നത്. നീ അയച്ചു തന്ന ലിങ്കിന് എന്തോ പ്രശ്നമുണ്ട്. വിഡിയോ കാണാൻ പറ്റുന്നില്ലെന്ന്. പക്ഷേ, അപ്പോഴും ഞാൻ വിഡിയോ അയച്ചു കൊടുത്ത പലരും വിഡിയോ അടിപൊളിയാണെന്ന് പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. സത്യത്തിൽ അവരൊന്നും ഞങ്ങളുടെ വിഡിയോ കണ്ടിട്ടില്ല. അതറിഞ്ഞപ്പോൾ ഒരുപാട് സങ്കടമായി. നമ്മൾ വിശ്വസിക്കുന്ന സുഹൃത്തുക്കൾ പോലും നമ്മളെ ചതിക്കുന്നു എന്നറിയുമ്പോൾ വല്ലാത്തൊരു സങ്കടം വരുന്നുണ്ട്. പക്ഷേ, ഇന്ന് അതെല്ലാം ഞാൻ മറക്കുകയാണ് ' - നാട്ടുകാരിൽനിന്നും സുഹൃത്തുക്കളിൽനിന്നുമൊക്കെ അനുഭവിച്ച അവഗണനകളാണ് ഞങ്ങളുടെ ഇൻവെസ്റ്റ്മെന്റ് എന്നു പറയുമ്പോൾ ശ്രീജിത്തിന്റെ വാക്കുകളിലുള്ളത് ആത്മവിശ്വാസമാണ്.
നാട്ടുകാരുടെ മുന്നിൽ നല്ല ചലഞ്ചുകളും ചിരിപ്പിക്കുന്ന വിഡിയോകളുമായെത്തുന്ന ‘സൈക്കോ അളിയൻസ്’ പക്ഷേ ഒന്നുറക്കെ ചിരിക്കാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ നിറയെ ആരാധകരുമായി മുന്നേറുന്ന ഈ എട്ടംഗസംഘത്തിന് പറയാനേറെയുണ്ട്. മനോരമ ഓൺലൈനിൽ മനസ്സു തുറന്ന് ‘സൈക്കോ അളിയൻസ്’.
∙ തുടക്കം സൈക്കോ സുമേഷിൽ നിന്ന്
എല്ലാവരെയും പോലെ സോഷ്യൽ മീഡിയയിൽ നിന്ന് എന്തെങ്കിലുമൊക്കെ കിട്ടും എന്ന പ്രതീക്ഷ സൈക്കോ അളിയൻസിനുമുണ്ടായിരുന്നു. റീലുകൾ ചെയ്തായിരുന്നു തുടക്കം. ലോക്ഡൗൺ കാലത്ത് ‘വാറ്റ്’ എന്നൊരു ഷോർട് ഫിലിം ചെയ്തിരുന്നു. അത്യാവശ്യം കാഴ്ചക്കാരുമുണ്ടായിരുന്നു. വിഡിയോ തുടങ്ങാൻ തീരുമാനിച്ചതും അതുകൊണ്ടു തന്നെയാണ്. സൈക്കോ സുമേഷെന്ന കഥാപാത്രവും ആ റീലുമെല്ലാം നാട്ടുകാർക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ശ്രീജിത്ത് മറ്റുള്ള അളിയൻമാരെയും കൂട്ടി ‘സൈക്കോ അളിയൻസ്’ ആയി മാറിയത്. കൂട്ടത്തിൽ ആവേശക്കാരനും എല്ലാവരെയും ഒരുമിപ്പിക്കുന്ന ബിന്ദുവും ശ്രീജിത്താണ്. 8 പേരാണ് സൈക്കോ അളിയൻസ്. ആലപ്പുഴ ജില്ലയിലെ മാന്നാറിലെ ചെറിയനാട് എന്ന കൊച്ചു ഗ്രാമമാണ് ഇവരുടെ നാട്. നന്ദു കൃഷ്ണ, രാജേഷ് കുമാർ, നിതിൻ കൃഷ്ണൻ, രാഹുൽ ആർ. (കെഡി), പ്രവീൺ ബി., അനുരാജ്, ഷൈലാജ് ഷാജഹാൻ എന്നിവരാണ് ടീം. സുഹൃത്തുക്കളായ എല്ലാവരും സ്വന്തം ഇഷ്ടത്തിന് ഷോർട് ഫിലിംസ് ചെയ്തു. പിന്നാലെ കുറെ കോമഡിയുമായെത്തി. പക്ഷേ, റീച്ച് കിട്ടാതെ വന്നതോടെയാണ് മറ്റെന്തെങ്കിലും വഴി നോക്കാമെന്ന് ഇവർ ചിന്തിക്കുന്നത്. അങ്ങനെയിരിക്കെയാണ് ശ്രീജിത്തിന്റെ ഒരു സുഹൃത്ത് റീൽസ് വിഡിയോകൾ ചെയ്താൽ നന്നായിരിക്കുമെന്ന് പറഞ്ഞത്. അങ്ങനെ ഷോർട് വിഡിയോ ചെയ്യാൻ തുടങ്ങി. ആദ്യമൊന്നും വലിയ റീച്ച് കിട്ടിയില്ല. പക്ഷേ, ഒരൊറ്റ ദിവസം കൊണ്ട് വിഡിയോ കേറി ക്ലിക്കായി. അത് ടീമിന് വലിയ ആത്മവിശ്വാസമായി. ചലഞ്ച് വിഡിയോ ആളുകൾ ഇഷ്ടപ്പെട്ട് തുടങ്ങിയതോടെ എല്ലാവരും ഒന്നിച്ച് വിഡിയോ ചെയ്തു തുടങ്ങി.
∙ പേരിൽ സൈക്കോ വേണമെന്ന് നിർബന്ധമായിരുന്നു
ശ്രീജിത്ത്: 2017ലാണ് ഞങ്ങൾ സൈക്കോ സുമേഷ് എന്നൊരു വിഡിയോ ചെയ്യുന്നത്. കുറച്ച് സൈക്കോ ആയൊരു കഥാപാത്രമാണ് അതിൽ ഞാൻ ചെയ്ത സുമേഷ്. ഷോർട് ഫിലിംസ് ക്ലിക്കാകാതെ വന്നതോടെ റീൽസിലേക്ക് തിരിഞ്ഞതുകൊണ്ട് ഒരു പേരിടുമ്പോൾ അതിൽ സൈക്കോ വേണമെന്ന് നിർബന്ധമുണ്ടായിരുന്നു. അങ്ങനെ സൈക്കോ വച്ച് പേരുകൾ ആലോചിക്കാൻ തുടങ്ങി. സൈക്കോ മാങ്ങ, ടീം എന്നൊക്കെ പലതും ചിന്തിച്ചെങ്കിലും പിന്നീട് സൈക്കോ അളിയൻസ് എന്ന് ഫിക്സ് ചെയ്യുകയായിരുന്നു. ഞങ്ങൾക്ക് പറ്റിയ പേര് അതു തന്നെയാണെന്ന് പിന്നീട് മനസ്സിലായി. വൻ സൈക്കോത്തരങ്ങളുള്ള വിഡിയോ ഒക്കെ ഞങ്ങളുടെ കയ്യിലുണ്ടായിരുന്നു. പെട്ടെന്നു തന്നെ നല്ല റീച്ച് കിട്ടിയെങ്കിലും ലേശം ‘കൗതുകം കൂടിപ്പോയതു’കൊണ്ട് യൂട്യൂബ് അത് റിമൂവ് ചെയ്തു.
∙ എല്ലാവർക്കും കാണും അങ്ങനൊരു കാലം
വിജയിച്ചവർക്കെല്ലാം കാണും ഒരു സങ്കടകരമായ സ്റ്റോറി. പിന്നോട്ട് വലിച്ചവരുടെയും ഒട്ടും സപ്പോർട്ട് തരാത്ത ചിലരുടെയും കഥകളുമുണ്ടാകും. ഇവർക്കും അത്തരത്തിൽ ഒരുപാട് വിഷമങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. 'വിഡിയോ കാണാനായി പലർക്കും അയച്ചു കൊടുത്താലും കണ്ടെന്ന് പറയുകയല്ലാതെ, പല സുഹൃത്തുക്കളും അത് കാണാറില്ല. ആദ്യ കാലങ്ങളിൽ നമുക്ക് വിശ്വസിക്കാനുള്ളത് സുഹൃത്തുക്കളെ മാത്രമാണ്. അവർ പോലും നമ്മളെ പറ്റിച്ചാൽ പിന്നെ എങ്ങനെയാണ് മറ്റുള്ളവർ കാണുക, മാത്രമല്ല, പണ്ടൊക്കെ ഈ യൂട്യൂബിന്റെ പിന്നാലെ നടക്കുന്നു എന്നു പറഞ്ഞ് എന്നെ പലരും കളിയാക്കുമായിരുന്നു. അവന് വേറെ പണിയില്ലേ എന്നൊക്കെ ചോദിച്ചവരുണ്ട്. ഞാനൊരിക്കൽ ഒരു കല്യാണത്തിന് പോയപ്പോൾ അതുവരെ സന്തോഷത്തോടെ സംസാരിച്ച് നിന്നവരൊക്കെ എന്നെ കണ്ടപ്പോൾ തിരിഞ്ഞ് നിന്നിട്ടുണ്ട്. അവനൊരു പണിയുമില്ലാത്തവനാണ്, അവനോടൊന്നും സംസാരിക്കണ്ട എന്നൊരു ആറ്റിറ്റ്യൂഡായിരുന്നു. അന്നൊക്കെ ശരിക്കും പൊട്ടിക്കരയാൻ തോന്നിയിട്ടുണ്ട്. പക്ഷേ, എന്തെങ്കിലുമൊക്കെ ആയിട്ടേ അവരുടെയൊക്കെ മുന്നിലെത്തൂ എന്ന് അന്നേ ഉറപ്പിച്ചതാണ്. എനിക്ക് മാത്രമല്ല, എല്ലാവരും അങ്ങനെയൊക്കെ അനുഭവിച്ചതാണ്.'– ശ്രീജിത്ത് പറഞ്ഞു.
'നാട്ടുകാർക്കൊക്കെ ഞങ്ങളോട് പണ്ട് ഭയങ്കര പുച്ഛമായിരുന്നു. കണ്ടില്ലേ അവന്മാര് ചുമ്മാ നടക്കുന്നത്. ഒരു ജോലിയും കൂലിയുമില്ലല്ലോ എന്നൊക്കെ പറഞ്ഞ് കളിയാക്കും. നിനക്കൊന്നും വേറെ പണിയില്ലേ എന്ന് മുഖത്തു നോക്കി ചോദിച്ചിട്ടുണ്ട് പലരും. ഞങ്ങൾ നാട്ടിലൂടെയൊക്കെ നടന്ന് പോകുമ്പോൾ ദേ ഒരു പണിയുമില്ലാത്തവർ പോകുന്നു എന്നു പറഞ്ഞ് സംസാരിച്ചിട്ടുണ്ട്. അന്ന് ഞങ്ങളുടെ വിഡിയോയ്ക്ക് വല്യ റീച്ചൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ഞങ്ങളാരോടും ഒന്നും പറയാനും പോയിട്ടില്ല. പക്ഷേ, അന്ന് ആ കളിയാക്കി ചിരിച്ചവരൊക്കെ ഇന്ന് ഞങ്ങളുടെ വിഡിയോ കണ്ട് ചിരിക്കുന്നുണ്ട്. ഇവനെന്റെ സ്വന്തമാണെന്ന് പറഞ്ഞ് നടക്കുന്നുമുണ്ട്. അതാണ് ഞങ്ങളുടെ വിജയം' – രാജേഷ് പറഞ്ഞു.
‘‘എന്റെ വീട്ടിലിരുന്നാണ് വിഡിയോ എഡിറ്റിങ്ങൊക്കെ നടക്കുന്നത്. നട്ടപ്പാതിര വരെയിരുന്നാണ് എഡിറ്റ് ചെയ്ത് തീർക്കുന്നത്. ഞങ്ങൾ 8 പേരും ഒരുമിച്ച് വീട്ടിലിരുന്നാണ് കണ്ടന്റിനെ പറ്റിയെല്ലാം ചർച്ച ചെയ്യുന്നത്. ലോക്ഡൗൺ കാലത്ത് വീട്ടിലിരുന്ന് വിഡിയോ ചെയ്യുന്നതിനെ വരെ പലരും എതിർത്തു. ഞങ്ങൾ കൂട്ടം കൂടിയിരിക്കുന്നു എന്നു പറഞ്ഞു വരെ പലരും പരാതി നൽകി. പത്തും ഇരുപതും പേർ ഞങ്ങളുടെ തൊട്ടപ്പുറത്തിരുന്ന് സൊറ പറയുന്നതു പോലും കാര്യമാക്കാതെയാണ് ഞങ്ങൾ കൊറോണ പടർത്തും എന്നു പറഞ്ഞ് അപവാദം പ്രചരിപ്പിച്ചത്. അതൊക്കെ ഞങ്ങളെ വല്ലാതെ തളർത്തി. പക്ഷേ, എല്ലാവരും അന്ന് ഒരുമിച്ച് തീരുമാനിച്ചതാണ് ഇവരെ കൊണ്ടൊക്കെ നല്ലത് പറഞ്ഞിട്ടേ ഞങ്ങൾ എല്ലാം അവസാനിപ്പിക്കൂ എന്ന്.’’ – ഷൈലാജ് പറഞ്ഞു.
∙ സുഹൃത്തുക്കൾ പോലും ഒറ്റപ്പെടുത്തി
കൂട്ടത്തിൽ, നേരത്തേ സ്വന്തമായൊരു യൂട്യൂബ് ചാനലൊക്കെ തുടങ്ങിയതാണ് രാഹുൽ ആർ എന്ന കെഡി. കെഡി കമ്പനി എന്ന പേരിൽ രാഹുലും സഹോദരനും കൂടി ടിക് ടോക് ചെയ്തിരുന്നു. അത് ബാൻ ചെയ്തതിന് പിന്നാലെയാണ് യൂട്യൂബിലേക്ക് ചേക്കേറുന്നത്. ‘‘ആദ്യമൊക്കെ ചാനൽ നല്ല ഫ്ലോപ്പായിരുന്നെങ്കിലും പിന്നെപ്പിന്നെ ആളുകൾ കണ്ടു തുടങ്ങി. 30 സബ്സ്ക്രൈബേഴ്സ് ഒക്കെയായി അങ്ങനെ കഷ്ടിച്ച് നിന്ന ചാനലിന് ഒരൊറ്റ ദിവസം കൊണ്ട് 1 ലക്ഷം സബ്സ്ക്രൈബേഴ്സായി. പിന്നെ ചറപറ വിഡിയോ ചെയ്യാൻ തുടങ്ങി. അല്ലുപ്പനില്ലേ, നമ്മുടെ അല്ലുപ്പൻ, അവന്റെ ആ പാട്ടൊക്കെ എന്റെ ചാനലിലൂടെയാണ് നിങ്ങളൊക്കെ കണ്ടത്. ഒരു ഭാഗത്ത് എനിക്ക് യൂട്യൂബ് സബ്സ്ക്രൈബേഴ്സ് കൂടി വന്നു, പക്ഷേ, മറുഭാഗത്തു കൂടി എന്റൊപ്പം നിന്നവരൊക്കെ ഓരോരുത്തരായി മാറിത്തുടങ്ങി. പണ്ട് എന്റെ കൂടെ നിറയെ സുഹൃത്തുക്കളുണ്ടായിരുന്നു. വിഡിയോ തുടങ്ങിയതോടെ എനിക്ക് ജാഡയായി എന്നൊക്കെ പറഞ്ഞ് പലരും പല വഴിക്ക് പോകാൻ തുടങ്ങി. അന്ന് എന്റെ കൂടെ നിന്നത് ശ്രീജിത്ത് അളിയനാണ്. അങ്ങനെയാണ് ഞാൻ സൈക്കോ അളിയൻസിന്റെ കൂടെ കൂടുന്നത്.
പണ്ടൊക്കെ എനിക്കു പുറത്തിറങ്ങി നടക്കാൻ പോലും പറ്റില്ലായിരുന്നില്ല. ഞാൻ നല്ലൊരു വസ്ത്രമൊക്കെയിട്ട് പുറത്തിറങ്ങിയാൽ ഓരോരുത്തർ ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കും. ഞാൻ കുറച്ച് ഡാർക്കായതിനും തടിച്ചതിനുമൊക്കെ പലരും പലതും പറഞ്ഞു. അന്ന് ഞാനൊരു തീരുമാനമെടുത്തു, പറയുന്നവർ അവിടെക്കിടന്ന് പറഞ്ഞോട്ടെ എന്റെ ഇഷ്ടത്തിനു മാത്രമേ ഞാൻ ജീവിക്കൂ. പിന്നെ മുതൽ ഞാൻ എവിടെ പോകുമ്പോഴും കൂളിങ് ഗ്ലാസ് വയ്ക്കും. റേഷൻ കടയിൽ പോയാലും കൂളിങ് ഗ്ലാസ് വച്ചിട്ടേ പോകൂ.’’
∙ ഇപ്പൊ ഈ ചലഞ്ചുകൾ തന്നെയാണ് പണി
‘സൈക്കോ അളിയൻസിലെ’ എട്ടുപേർക്കും മറ്റു പല ജോലികളുമുണ്ട്. മർച്ചൻ നേവിയിൽനിന്ന് ആറുമാസത്തെ ലീവിനെത്തിയതാണ് പ്രവീൺ. പിന്നെ കുറെ മാസങ്ങളായി ഇവിടെത്തന്നെയുണ്ട്. തിരിച്ചു പോകണമെന്ന് കരുതുന്നുണ്ട്. പക്ഷേ, അവിടെ പോയി പണിയെടുക്കുന്നതിനേക്കാൾ പുള്ളിക്കിഷ്ടം ചലഞ്ചുകൾ ചെയ്യാനാണ്. അല്ലറ ചില്ലറ പെയിന്റ് പണിയെല്ലാം രാജേഷ് അളിയനും ചെയ്യുന്നുണ്ട്. ബാക്കിയുള്ളവരും ജോലിയൊക്കെ ഉണ്ടെങ്കിലും അതൊക്കെ മാറ്റിവെച്ച് ഫുൾ ടൈം വിഡിയോയുടെ പണിപ്പുരയിൽ തന്നെയാണ്.
വെറൈറ്റി ചലഞ്ചുകളിലൂടെ ആളുകളുടെ മനസ്സിൽ കയറിപ്പറ്റണം എന്നുമാത്രമാണ് എല്ലാവർക്കും ചിന്ത. തെറിവിളിച്ച നാട്ടുകാർ തന്നെ കൊള്ളാമെന്നു പറഞ്ഞ് മുന്നിലെത്തിയതോടെ എന്തായാലും ഇവർ സൂപ്പർ ഹാപ്പിയാണ്. അപ്പൊപ്പിന്നെ മറക്കണ്ട, ഷെയർ, സബ്സ്ക്രൈബ്...