ചിട്ടയായ ജീവിതം, മൂന്നുനേരം ഭക്ഷണം: 124–ാം വയസ്സിലും ചെറുപ്പമായി ക്യൂചൈഷി മുത്തശ്ശി

Mail This Article
124 വയസ്സാണ് ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ നാചോങ്ങിൽ നിന്നുള്ള ക്യൂ ചൈഷി മുത്തശ്ശിയുടെ പ്രായം. ജനുവരി ഒന്നിനായിരുന്നു മുത്തശ്ശിയുടെ 124–ാം ജന്മദിനം. ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നുള്ളവർ ക്യൂചൈഷി മുത്തശ്ശിക്ക് ആശംസകൾ നേർന്നു. 1901ല്‍ ജനിച്ച ക്യൂചൈഷി മുത്തശ്ശി ക്വിങ് രാജവംശത്തിന്റെ പതനം മുതൽ ചൈനീസ് റിപ്പബ്ലിക്കൻ കാലഘട്ടത്തിന്റെയും ഒടുവിൽ ഇന്നത്തെ ചൈനയുടെ ഉയർച്ച വരെയുള്ള കാര്യങ്ങൾക്കു ക്യൂ ചൈഷി സാക്ഷ്യംവഹിച്ചിട്ടുണ്ട്. ചൈനയിലെ കണക്കുപ്രകാരമാണ് ചൈഷി മുത്തശ്ശിക്ക് 124 വയസ്സ് എന്ന കണക്ക്. ലോകത്ത് കണക്കാക്കപ്പെടുന്ന രീതിയിലല്ല ചൈനയിൽ വയസ്സിന്റെ കണക്ക്.
തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ ഏറ്റവും പ്രായം കൂടിയവ്യക്തികളിൽ ഒരാളായ അവർ ആറ് തലമുറകളുള്ള ഒരു കുടുംബത്തോടൊപ്പമാണ് താമസിക്കുന്നത്. അവരുടെ കുടുംബത്തിലെ ഏറ്റവും ഇളയ അംഗത്തിന് എട്ടു മാസമാണ് പ്രായം. ചൈനയ്ക്ക് പുറത്ത് മുത്തശ്ശിയുടെ പ്രായം ഔദ്യോഗികമായി പരിശോധിച്ചിട്ടില്ലെങ്കിലും, ഇവരുടെ ജനനത്തീയതി രാജ്യത്തിന്റെ ഹുക്കൗ സിസ്റ്റം അതായത്, ചൈനയിലെ ഗാർഹിക റജിസ്ട്രേഷൻ സംവിധാനത്തിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ചൈഷി മുത്തശ്ശിയുടെ ജീവിതകഥ അത്യന്തം സംഭവബഹുലമാണ്. ക്വിങ് രാജവംശത്തിന്റെ കാലത്ത് മലനിരകളിൽ കാട്ടുപച്ചക്കറികൾ തേടിപ്പോയി നിരവധി ആളുകൾ പട്ടിണി കിടന്ന് മരിച്ചപ്പോൾ ദുഷ്‌കരമായ ആ ദിനങ്ങളെ അതിജീവിച്ച ചുരുക്കം ചിലരിൽ ഒരാളാണ് ഈ മുത്തശ്ശി. വിവാഹത്തിനു മുൻപ് മുത്തശ്ശി, അക്കൗണ്ടിങ്ങിലും ശാരീരികശക്തി പ്രകടിപ്പിക്കുന്ന ഇനങ്ങളിലും എല്ലാം സ്വന്തം പ്രദേശത്ത് അംഗീകരിക്കപ്പെട്ട വ്യക്തിത്വമായിരുന്നു.
40-ാം വയസ്സിൽ, ഭർത്താവ് മരിച്ചതോടെ തനിച്ചായ ചൈഷി മുത്തശ്ശി സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നിട്ടും, കുടുംബത്തെ പോറ്റാൻ വിശ്രമമില്ലാതെ ജോലി ചെയ്തു. 70-ാം വയസ്സിൽ മൂത്തമകൻ രോഗം ബാധിച്ച് മരിക്കുന്നതിനു സാക്ഷിയായി. 4 മക്കളേയും ഒറ്റയ്ക്ക് വളർത്തി. ഇപ്പോൾ, ക്യു ചൈഷി മുത്തശ്ശി പേരക്കുട്ടിയോടൊപ്പം നാൻചോങ്ങിലെ ഒരു വീട്ടിൽ താമസിക്കുകയാണ്.

തന്റെ ദീർഘായുസ്സിന്റെ രഹസ്യം ചിട്ടയായ ജീവിതരീതികൾ ആണെന്നാണു മുത്തശ്ശി പറയുന്നത്. നൂറു വയസ്സ് തികഞ്ഞതിനു ശേഷം മാത്രമാണ് കാഴ്ച ശക്തിക്ക് പോലും ചില പരിമിതികൾ വന്നത് അതുവരെ ആരോഗ്യപരമായി യാതൊരു പ്രശ്നങ്ങളും അലട്ടിയിരുന്നില്ലെന്നും അവർ പറയുന്നു.ജീവിതശൈലിയിലെ മാറ്റങ്ങളും ഭക്ഷണക്രമീകരണത്തിലെ പോരായ്മകളുമാണ് നമ്മുടെ ആരോഗ്യം നശിച്ചു പോകാൻ കാരണമെന്ന് മുത്തശ്ശി ചൂണ്ടിക്കാണിക്കുന്നു. മൂന്നുനേരം കൃത്യമായി ആഹാരം കഴിക്കുകയും ആഹാരത്തിനുശേഷം കുറച്ചു നടക്കാൻ സമയം കണ്ടെത്തുകയും ചെയ്യുന്ന ആളാണ് നമ്മുടെ ഈ മുതുമുത്തശ്ശി.
അതേസമയം, അവർ താമസിക്കുന്ന നഗരമായ നാൻചോങ്ങിൽ 100 വയസ്സിൽ കുടുതൽ പ്രായമുള്ള 960 പേർ താമസിക്കുന്നുണ്ടെന്നാണു കണക്ക്. 2020 ലെ ദേശീയ സെൻസസ് പ്രകാരം ചൈനയിൽ ആണ് 100 വയസ്സിൽ കൂടുതൽ പ്രായമുള്ള നിരവധിപേരുള്ളത്.