വീണ്ടും എംഎച്ച് 370 വിമാനത്തിനു വേണ്ടി തിരച്ചിൽ; നിലവിലെ സാങ്കേതിക വിദ്യകൾക്ക് പിടിതരാതെ ആ 239 പേർ എവിടെ മറഞ്ഞു?

Mail This Article
പതിനൊന്ന് വർഷം മുൻപ് കാണാതായ എംഎച്ച് 370 മലേഷ്യൻ വിമാനത്തിനു വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിക്കുകയാണ്.ഇതിനായി മലേഷ്യൻ സർക്കാർ അനുമതി നൽകിക്കഴിഞ്ഞു. 239 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് പതിനൊന്ന് വർഷത്തിന് ശേഷം, കഴിഞ്ഞ വർഷം മലേഷ്യ വീണ്ടും തിരച്ചിൽ നടത്തുമെന്ന് പ്രഖ്യാപിച്ചു.
ഹൈടെക് ഉപകരണങ്ങളുടെ പുതിയ ഒരു കൂട്ടവുമായി തിരച്ചിലിനായി യുഎസ് ടെക്നോളജി കമ്പനിയായ ഓഷൻ ഇൻഫിനിറ്റി തന്നെയാണ് തിരികെ എത്തുന്നത്. 2018ൽ തിരച്ചിൽ നടത്തിയെങ്കിലും ഈ സ്ഥാപനത്തിന് വിജയിക്കാൻ ആയിരുന്നില്ല. ലോക വൈമാനികരംഗത്തെ ഞെട്ടിച്ച ഈ സംഭവം ഒരു ദശാബ്ദം പിന്നിട്ടിരിക്കുകയാണ്.

227 യാത്രക്കാരും 12 ജീവനക്കാരുമായി 2014 മാർച്ച് 8ന് ദക്ഷിണ മലേഷ്യയിലെ ക്വാലലംപുർ വിമാനത്താവളത്തിൽ നിന്ന് ചൈനയിലെ ബെയ്ജിങ്ങിലേക്കുള്ള യാത്രാമധ്യേയാണ് എംഎച്ച്370 വിമാനം അപ്രത്യക്ഷമായത്. വിപുലമായി തിരച്ചിൽ നടത്തിയിട്ടും അവശിഷ്ടങ്ങൾ കണ്ടെത്താൻ സാധിച്ചില്ല.
ആ സംഭവം ഇങ്ങനെ
2014 മാർച്ച് 8... രാത്രിയിലാണ് മലേഷ്യൻ എയർലൈൻസിന്റെ ബോയിങ് വിമാനം എംഎച്ച് 370 മലേഷ്യൻ തലസ്ഥാനം ക്വാലലംപുരിലെ എയർപോർട്ടിൽനിന്നു പറന്നുയർന്ന് ചൈനയിലെ ബെയ്‌ജിങ് ലക്ഷ്യമാക്കി യാത്ര തുടങ്ങിയത്. സാഹറി അഹമ്മദ് ഷാ എന്ന അനുഭവ സമ്പന്നനായ പൈലറ്റായിരുന്നു വിമാനം നിയന്ത്രിച്ചിരുന്നത്.

ഒരു ഉപ പൈലറ്റും 10 ഫ്ലൈറ്റ് അറ്റൻഡന്റുമാരും 227 യാത്രക്കാരുമുണ്ടായിരുന്നു. ആകെ 239 പേർ. ഇതിൽ 5 ഇന്ത്യക്കാരുമുണ്ടായിരുന്നുഅർധരാത്രി ഒന്നോടെ 35,000 അടി വരെ പൊങ്ങിയ വിമാനം 1.07നു ക്വാലലംപുർ എയർ ട്രാഫിക് കൺട്രോൾ സ്റ്റേഷനിലേക്കു സന്ദേശമയച്ചു. എന്നാൽ വിമാനം വിയറ്റ്നാമീസ് വ്യോമമേഖലയുടെ സമീപമെത്തിയെങ്കിലും അവിടെ റിപ്പോർട്ടു നൽകിയില്ല
വിമാനത്തിന്റെ പൈലറ്റുമായി ബന്ധപ്പെടാനുള്ള വിയറ്റ്നാമീസ് എയർ ട്രാഫിക് കൺട്രോൾ ജീവനക്കാരുടെ ശ്രമങ്ങളും നടന്നില്ല. തെക്കൻ ചൈനാക്കടലിൽ വച്ചുതന്നെ വിമാനം ദിശ മാറിയിരുന്നു. മലേഷ്യയ്ക്കു കുറുകെ പറന്ന വിമാനം പിന്നീട് മലാക്ക കടലിടുക്കിനു നേർക്കും അവിടെനിന്നു വടക്കുപടിഞ്ഞാറൻ ദിശയിൽ ആൻഡമാൻ കടലിനു നേരെയുമാണു പറന്നതെന്ന് മലേഷ്യൻ സൈനിക റഡാറുകൾ കണ്ടെത്തി.

2.22നു സൈനിക റഡാറിന്റെ പരിധിയിൽനിന്നു വിമാനം കാണാതായി. രണ്ടരയോടെ ഉന്നത വ്യോമ അധികൃതർ വിഷയത്തിൽ ഇടപെട്ടു.പിന്നീട് നാലു മണിക്കൂർ കഴിഞ്ഞ് വിമാനത്തിനായി ഊർജിതമായ തിരച്ചിൽ തുടങ്ങി. ലോകചരിത്രത്തിലെ ഏറ്റവും വലിയ തിരച്ചിലുകളിലൊന്നിന്റെ തുടക്കം. എത്ര തിരഞ്ഞിട്ടും വിമാനം കണ്ടെത്താനായില്ല.
ആദ്യഘട്ടത്തിൽ മലേഷ്യയ്ക്കും വിയറ്റ്നാമിനും ഇടയ്ക്കുള്ള കടൽമേഖലയായിരുന്നു പ്രധാനമായി തിരഞ്ഞത്. 34 കപ്പലുകളും 28 വിമാനങ്ങളും ഇതിനായി നിയോഗിക്കപ്പെട്ടു. ഏഴു രാജ്യങ്ങളും തിരച്ചിലിൽ പങ്കു ചേർന്നു. പിന്നീടുള്ള തിരച്ചിലുകളിൽ സർക്കാർ, സർക്കാരിതര ഏജൻസികൾ ധാരാളമായി പങ്കെടുത്തു.2018ൽ ഈ ദുരൂഹ വിമാനത്തിനായുള്ള എല്ലാ ഔദ്യോഗിക തിരച്ചിലുകളും അവസാനിപ്പിച്ചു.

വിവിധ സിദ്ധാന്തങ്ങൾ
∙എംഎച്ച് 370 വിമാനത്തിനുള്ളിൽ ഓക്സിജൻ ഇല്ലാത്ത അവസ്ഥ (ഹൈപ്പോക്സിയ) ഉടലെടുത്തെന്നും ഇതേത്തുടർന്ന് യാത്രക്കാരും പൈലറ്റുമാരും മറ്റു വിമാന ജീവനക്കാരുമുൾപ്പെടെ അബോധാവസ്ഥയിലായെന്നും ഒരു സിദ്ധാന്തം പറയുന്നു.
∙എംഎച്ച് 370ന്റെ സൈബർ സംവിധാനങ്ങൾ ഹാക്ക് ചെയ്യപ്പെട്ടതു മൂലം ഓട്ടോ പൈലറ്റിൽ സംഭവിച്ച പിഴവാണ് അപകടകാരണം എന്നായിരുന്നു ചരിത്രകാരനായ നോർമൻ ഡേവിസിന്റെ സിദ്ധാന്തം. 2018ലാണു കംബോഡിയ തിയറി എന്ന പേരിൽ ഇതു സംബന്ധിച്ച പുതിയൊരു പ്രശസ്ത വാദം ഉയർന്നത്.
∙ബ്രിട്ടിഷ് വിഡിയോ നിർമാതാവായ ഇയാൻ വിൽസൻ, ഗൂഗിൾ മാപ്പ് ഇമേജുകൾ ഉപയോഗിച്ച് കംബോഡിയയിലെ ഒരു വനത്തിൽ വിമാനം കിടക്കുന്നതു കണ്ടെത്തിയെന്നു പറഞ്ഞത് ലോകമെങ്ങും ആവേശം സൃഷ്ടിച്ചു. ചിത്രങ്ങളുമുണ്ടായിരുന്നു. എന്നാൽ കംബോഡിയ വാദം നിരസിച്ചു.
∙ഒരു തമോഗർത്തം വിമാനത്തെ പിടിച്ചെടുത്തെന്നും, വിമാനം നേരെ ചന്ദ്രനിലേക്കു പോയെന്നും, അന്യഗ്രഹജീവികൾ തട്ടിയെടുത്താതാകാം എന്നൊക്കെയുള്ള വിചിത്ര സിദ്ധാന്തങ്ങളും പുറത്തിറങ്ങി.
∙ഉത്തര കൊറിയ വിമാനം പിടിച്ചെടുത്തെന്നും സാൻ ഡിയഗോയിലേക്കു പോയ വിമാനത്തെ അവിടെയുള്ള അമേരിക്കൻ വ്യോമസേന വെടിവച്ചിട്ടെന്നുമൊക്കെ വേറെയും വാദങ്ങളുയർന്നു.