1920 മുതൽ 1963 വരെ ബ്രട്ടീഷ് കോളനിയായിരുന്ന രാജ്യത്തിന് മാനവരാശിയുടെ ചരിതത്തിൽ സുപ്രധാനമായ സ്ഥാനമുണ്ട്. കെനിയയിലെ തുർക്കാന തടത്തിൽ നിന്നാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും പുരാതനമായ മനുഷ്യ അസ്ഥികൾ ലഭിച്ചത്. വടക്കൻ കെനിയയും ടാൻസാനിയയും മനുഷ്യരുടെ ജന്മസ്ഥലമെന്ന് കരുതപ്പെടുന്നു. ഇന്ത്യൻ മഹാസമുദ്രത്തിനും വിക്ടോറിയ തടാകത്തിനും ഇടയിലുള്ള രാജ്യം നിരവധി വംശീയ വിഭാഗങ്ങളും ഭാഷകളുമുള്ള വൈവിധ്യമാർന്ന സംസ്കാരങ്ങളാൽ സമ്പന്നമാണ്.