മലയാള ചലച്ചിത്രരംഗത്ത് അഞ്ച് പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുന്ന നടനാണ് പി.ഐ. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി (ജനനം - സെപ്റ്റംബർ 7, 1951). അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും രണ്ടു വർഷം മഞ്ചേരിയിൽ അഭിഭാഷക ജോലിയിൽ ഏർപ്പെട്ട ശേഷം അഭിനയരംഗത്ത് വേരുറപ്പിച്ചു. എൺപതുകളുടെ തുടക്കത്തിലാണ് മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനായത്.
മൂന്നു പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള ഇദ്ദേഹം മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും, 12 തവണ ഫിലിംഫെയർ (ദക്ഷിണേന്ത്യൻ) പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1998-ൽ ഭാരതസർക്കാർ പത്മശ്രീ നൽകി ആദരിച്ചു. 2010 ജനുവരിയിൽ കേരള സർവകലാശാലയിൽ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച ഇദ്ദേഹത്തെ ആ വർഷം ഡിസംബറിൽ തന്നെ ഡോകടറേറ്റ് നൽകി കാലിക്കറ്റ് സർവകലാ കലാശാലയും ആദരിച്ചു.