മുപ്പത്തിമുക്കോടി ദേവൻമാരും 83000 ഋഷിമാരും വാണിരുന്ന പുണ്യസ്ഥലം
Mail This Article
മഴ തുണച്ചു, 5 മാസമായി വരണ്ടുകിടന്ന ചുരുളി വീണ്ടും വെള്ളനിറച്ചാർത്തണിഞ്ഞു. കേരളത്തിന്റെ അതിർത്തിയിലെ വനമേഖലയിൽ നിന്ന് തമിഴ്നാട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളം ചുരുളിയിൽ എത്തുമ്പോൾ നയനമനോഹരമായ ഒരു വെള്ളച്ചാട്ടമായി മാറും. കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും ഒട്ടേറെ വിനോദസഞ്ചാരികൾ എത്താറുള്ള ഈ സ്ഥലം കോവിഡ് നിയന്ത്രണങ്ങൾ മൂലം ഇപ്പോൾ വിജനമാണ്.
കഴിഞ്ഞ ദിവസം വനമേഖലയിൽ ശക്തമായ മഴ ലഭിച്ചതോടെയാണ് ഇതുവഴിയുള്ള വെള്ളമൊഴുക്ക് വീണ്ടും ശക്തമായത്. ഇവിടെ നിന്നുള്ള വെള്ളം മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് വൈഗയിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാലിലാണ് ചേരുന്നത്. മുപ്പത്തിമുക്കോടി ദേവൻമാരും 83000 ഋഷിമാരും വാണിരുന്ന പുണ്യസ്ഥലമാണ് ചുരുളി എന്നാണ് വിശ്വാസം. അതിനാൽ ഹൈന്ദവ വിശ്വാസികളുടെ പ്രധാന തീർഥാടന കേന്ദ്രം കൂടിയാണ് ചുരുളി. ഈ പുണ്യനദിയിൽ കുളിച്ച് പാപമുക്തി നേടാൻ ആയിരക്കണക്കിനാളുകൾ വർഷംതോറും ഇവിടെ എത്താറുണ്ട്.
പശ്ചിമഘട്ട മലനിരകളിൽ പെരിയാർ കടുവ സങ്കേതവുമായി അതിർത്തി പങ്കിടുന്ന മേഘമല വന്യജീവി സങ്കേതത്തിൽ നിന്നാണ് ഈ നദിയുടെ ഉദ്ഭവം. കമ്പത്ത് നിന്ന് 8 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം.
English Summary :Churuly Waterfall Idukki