ഇങ്ങനെയുണ്ടോ ആരാധന! ഇഷ്ടതാരത്തിന്റെ വീട് അതേപോലെ നിർമിച്ച് ആരാധകൻ; ചെലവ് മൂന്നരക്കോടി!

Mail This Article
അനിമേഷൻ സീരീസുകളുടെ ആരാധകർക്ക് സുപരിചിതമായ പേരാണ് ഷിൻ-ചാൻ. അഞ്ചു വയസ്സുകാരനായ ഷിന്നോസുക്കെ നൊഹാറയുടെ കഥ പറയുന്ന സീരീസിന് ലോകമെമ്പാടും ആരാധകരുമുണ്ട്. ജപ്പാനാണ് കഥാപശ്ചാത്തലം. അനിമേഷൻ സീരീസ് പോലെതന്നെ പ്രശസ്തമാണ് കഥാപാത്രത്തിന്റെ വീടും. ഇപ്പോൾ ചൈനയിൽ എത്തിയാൽ അനിമേഷൻ സീരീസിൽ നിന്നും ആ വീട് നേരിട്ട് ഇറങ്ങിവന്ന കാഴ്ച കാണാം. ഷിൻ ചാൻ ഫാനായ ഷെൻ എന്ന 21 കാരനാണ് കോടികൾ മുടക്കി ഷിന്നോസുക്കെയുടെ വീടിന് ജീവൻ നൽകിയത്.
അനിമേഷനിൽ കാണുന്ന അതേരൂപത്തിൽ ചുവപ്പും വെളുപ്പും നിറത്തിലുള്ള വീട് നിർമിക്കുന്നതിന് മൂന്നരക്കോടി രൂപയാണ് ഷെൻ ചെലവാക്കിയത്. ഒരുവർഷത്തിനു മുകളിൽ അതിനുവേണ്ടി ഷെൻ കഠിനാധ്വാനം ചെയ്തു. കുടുംബത്തിന്റെ ചെമ്മരിയാട് ഫാം ഏറ്റെടുത്ത് നടത്തിയാണ് തന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള തുക അദ്ദേഹം ഒരുക്കിയത്. എന്നാൽ അനിമേഷനിലെ വീട് നിർമിക്കുന്നതിന് നിർമാതാക്കളുടെ അനുമതിയും ലൈസൻസുമൊക്കെ ആവശ്യമായിരുന്നു.
അങ്ങനെ ഷിൻ ഷാനിന്റെ ചൈനയിലെ ഔദ്യോഗിക ലൈസൻസിംഗ് ഏജന്റിനെ ഷെൻ കണ്ടെത്തി. പലതവണ ഷാങ്ഹായിലേക്ക് യാത്രകളും നടത്തി. ഒടുവിൽ 2024 ജൂലൈയിലാണ് നിർമാണം ആരംഭിച്ചത്. സാധാരണ വീടുകളുടെ നിർമാണത്തിൽ നിന്നും വ്യത്യസ്തമായി പ്രത്യേകമായുള്ള മെറ്റീരിയലുകൾ തേടിപ്പിടിച്ചു കൊണ്ടുവന്നായിരുന്നു നിർമാണം. കാഴ്ചയിൽ സാധാരണ വീടാണെങ്കിലും നിർമാണ ചെലവ് വർധിച്ചതിന് പിന്നിലെ കാരണവും ഇതാണ്. കയ്യിലുള്ള തുക കൊണ്ട് നിർമാണം പുരോഗമിക്കാതെ വന്ന ഘട്ടത്തിൽ മകന്റെ സ്വപ്ന പദ്ധതിക്ക് പണം നൽകാൻ ഷെന്നിന്റെ അമ്മയും തയാറായി.
നിലവിൽ വീടിന്റെ നിർമാണം ഏതാണ്ട് പൂർത്തിയായ ഘട്ടത്തിലാണ്. നൂറു ചതുരശ്ര മീറ്ററാണ് വീടിന്റെ ആകെ വിസ്തീർണ്ണം. ഷെന്നിന്റെ നാട്ടിലും സമീപപ്രദേശങ്ങളിലും എല്ലാം ഇതിനോടകം വീട് പ്രശസ്തമായി കഴിഞ്ഞു. നിർമാണം പൂർണ്ണമാകുന്നതോടെ ഇവിടം ഒരു ടൂറിസ്റ്റ് സ്പോട്ട് ആകുമെന്നാണ് പ്രതീക്ഷ. ലോകത്തിന്റെ എല്ലാഭാഗത്തിലുമുള്ള ഷിൻ ചാൻ ആരാധകർ ഇവിടേക്ക് എത്തുമെന്നും ഷെൻ പ്രതീക്ഷിക്കുന്നു.
എന്നാൽ ഈ വീട്ടിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല ഷെന്നിന്റെ സ്വപ്നങ്ങൾ. അനിമേഷനിലെ ഷിന്നോസുക്കെയുടെ സ്കൂളായ ഫുതാബ കിൻഡർഗാർട്ടൻ യഥാർഥത്തിൽ നിർമിച്ചെടുക്കാനും ഷെന്നിന് പദ്ധതിയുണ്ട്. ഇതൊരു വിദ്യാഭ്യാസ സ്ഥാപനമായി തന്നെ പ്രവർത്തിപ്പിക്കാനാണ് അദ്ദേഹത്തിന്റെ ആഗ്രഹം. തീർന്നില്ല, ഷിൻ ചാനിന്റെ കഥ പുരോഗമിക്കുന്ന കസുകബെ എന്ന നഗരം അങ്ങനെ തന്നെ ഘട്ടം ഘട്ടമായി നിർമിച്ചെടുക്കാനാണ് പദ്ധതി. അനിമേഷനിൽ കണ്ട് ആഗ്രഹിച്ച സ്ഥലങ്ങൾ യഥാർഥ ജീവിതത്തിൽ നേരിട്ട് അനുഭവിച്ചറിയാനുള്ള അവസരം ഷിൻ ചാനിന്റെ ആരാധകർക്ക് നൽകുക എന്നതാണ് ഷെന്നിന്റെ സ്വപ്നം.