നീലക്കുറിഞ്ഞി പൂത്തു; കള്ളിപ്പാറയിലെ മനോഹരക്കാഴ്ച
Mail This Article
ഇടുക്കി ജില്ലയിലെ പശ്ചിമഘട്ടമലനിരകളെ നീലപ്പട്ട് അണിയിച്ചു വീണ്ടുമൊരു നീലക്കുറിഞ്ഞി വസന്തം. ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ കള്ളിപ്പാറ മലനിരകളിലാണ് നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത്. മിഴിവേകുന്ന ഇൗ കാഴ്ച ആസ്വദിക്കുവാനും ചിത്രങ്ങൾ പകർത്തുവാനുമായി നിരവധി പേരാണ് കള്ളിപ്പാറയിലേക്ക് എത്തിയിരിക്കുന്നത്. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന മലനിരകളിലാണ് കുറിഞ്ഞി പൂത്തിരിക്കുന്നത്.
മൂന്നാറും വാഗമണ്ണും സംഗമിച്ചാൽ എങ്ങനെയിരിക്കും. അതാണു ശാന്തൻപാറ. മഞ്ഞുപൊതിയുന്ന മലനിരകളും ഏലക്കാടുകളും കണ്ട് മനസ്സു ശാന്തമാക്കാനൊരിടം. ശാന്തൻപാറയിലേക്കും സഞ്ചാരികൾ എത്തിച്ചേരാറുണ്ട്. നീലപ്പട്ട് അണിഞ്ഞു ശീതകാലത്തെ വരവേൽക്കുകയാണ് ശാന്തൻപാറയിലെ കള്ളിപ്പാറ മലനിരകൾ.
ശാന്തൻപാറയിൽ നിന്ന് മൂന്നാർ - തേക്കടി സംസ്ഥാനപാതയിലൂടെ ആറ് കിലോമീറ്റർ സഞ്ചരിച്ചാൽ കള്ളിപ്പാറയിലെത്താം. ഇവിടെ നിന്ന് ഒന്നര കിലോമീറ്റർ മലകയറിയാൽ നീലവസന്തത്തിന്റെ മായാജാലം. ഒപ്പം ദൂരക്കാഴ്ചയിൽ അതിർത്തി മലനിരകളും ചതുരംഗപ്പാറയും കാറ്റാടിപ്പാറയും കള്ളിപ്പാറയിൽ നിന്ന് ഓഫ് റോഡ് ജീപ്പ് സഫാരിയുമുണ്ട്.
English Summary: Neelakurinji Blooms in Idukki