ADVERTISEMENT

ഭൂമിയിൽ മനുഷ്യർ കഴിഞ്ഞാൽ പിന്നീട് ഏറ്റവും ബുദ്ധിയുള്ള ജീവികളായി കണക്കാക്കപ്പെടുന്നത് ആൾക്കുരങ്ങുകളെയാണ്. കുരങ്ങുകളിൽ നിന്നു വ്യത്യസ്തരാണ് ആൾക്കുരങ്ങുകൾ. പരിണാമ പ്രക്രിയയിൽ വേർപെട്ട, മനുഷ്യന്റെ ഏറ്റവും അടുത്ത ബന്ധുക്കളാണ് ആൾക്കുരങ്ങുകൾ. ചിംപാൻസി, ഗൊറില്ല, ബൊനോബോസ്, ഒറാങ്ഉട്ടാൻ എന്നിവയാണ് ആൾക്കുരങ്ങുകളിലെ പ്രധാനികൾ. ഗ്രേറ്റ് ഏപ്‌സ് എന്ന് ഇവർ അറിയപ്പെടുന്നു. ഇവയ്ക്കു കുരങ്ങുകളെക്കാൾ മനുഷ്യരുമായിട്ടാണു സാമ്യം. ആഫ്രിക്കയും ഇന്തൊനീഷ്യയും മാത്രമാണ് ഇന്നത്തെ കാലത്ത് ആൾക്കുരങ്ങുകളുടെ സ്വാഭാവിക ആവാസ വ്യവസ്ഥകൾ.

എന്നാൽ പഴയകാലത്ത് ഇതായിരുന്നില്ല സ്ഥിതി. യൂറോപ്പിൽ ധാരാളം ആൾക്കുരങ്ങുവംശങ്ങൾ ഉണ്ടായിരുന്നത്രേ. എന്നാൽ ഇവയൊക്കെ ലക്ഷക്കണക്കിന് വർഷം മുൻപ് വംശനാശം വന്നുപോയി. ഇക്കൂട്ടത്തിൽ ഒരു പുതിയ ആൾക്കുരങ്ങിന്റെ ഫോസിൽ ജർമനിയിൽ നിന്നു കണ്ടെത്തിയിരിക്കുകയാണ് ഇപ്പോൾ. വെറും 10 കിലോഗ്രാമുള്ള, പൂച്ചയുടെ വലുപ്പമുള്ള ആൾക്കുരങ്ങാണ് ഇത്. 11.6 ദശലക്ഷം വർഷം മുൻപ് ജീവിച്ചിരുന്ന ഈ ആൾക്കുരങ്ങിന്റെ പേര് ബുറോനിയസ് മാൻഫ്രെഡ്ഷ്മി എന്നാണ്. ഇതിന്റെ ഫോസിൽ കണ്ടെത്തിയ മേഖലയിൽ നിന്ന് നേരത്തെ ഡാനൂവിയസ് ഗുഗൻമോസി എന്നൊരു ആൾക്കുരങ്ങിന്റെ ഫോസിലും കണ്ടെത്തിയിരുന്നു. ഈ ആൾക്കുരങ്ങ് വലുതായിരുന്നു.‌

വലിയ തോതിലുള്ള ചൂഷണങ്ങൾ ആൾക്കുരങ്ങുകൾ നേരിടുന്നുണ്ട്. ആൾക്കുരങ്ങുകളുടെ ബുദ്ധിശക്തിയും മനുഷ്യരുമായുള്ള ബന്ധുത്വവും പരിഗണിച്ച് ഇവയ്ക്ക് മനുഷ്യർക്കു തുല്യമായ പദവി നൽകണമെന്നും മനുഷ്യാവകാശങ്ങൾ ഉറപ്പുവരുത്തണമെന്നും വാദിക്കുന്നവരുണ്ട്. ഗ്രേറ്റ് ഏപ് പേഴ്‌സൻഹുഡ് എന്നാണ് ഈ ക്യാംപെയ്ൻ അറിയപ്പെടുന്നത്. റിച്ചഡ് ഡോക്കിൻസ് ഉൾപ്പെടെയുള്ളവർ ഇതിന്റെ പ്രയോക്താക്കളാണ്. ആൾക്കുരങ്ങുകളുടെ കൂട്ടത്തിൽ ഏഷ്യ ജന്മനാടായ ഒരേയൊരു വിഭാഗമാണ് ഒറാങ്ഉട്ടാൻ. ഇന്തൊനീഷ്യയിലാണ് ഇവ കൂടുതൽ.

ചിംപാൻസികൾ കലപിലയുണ്ടാക്കി കൂട്ടുകൂടി നടക്കുന്ന ടൈപ്പാണെങ്കിൽ ഒറാങ്ഉട്ടാൻ തിരിച്ചാണ്. ഒറ്റയ്ക്ക് നടക്കാനാണ് ഇഷ്ടം. ജീവിതത്തിന്റെ 80% സമയവും മരത്തിൽത്തന്നെ. അത്യാവശ്യത്തിനു മാത്രമേ താഴെയിറങ്ങൂ. ആക്രമണ സ്വഭാവം വളരെ കുറവ്. പ്രാണികൾ, പഴങ്ങൾ, മരങ്ങളുടെ തൊലി, ഇലകൾ, പൂക്കൾ എന്നിവയൊക്കെയാണു ഭക്ഷണം. മരങ്ങളുടെ ഇലകളിൽ തളംകെട്ടുന്ന മഴവെള്ളം കുടിക്കാൻ ഇഷ്ടമാണ്. പെരുമഴയത്ത് ഇലകൾ കൂട്ടിക്കെട്ടി കുട ചൂടാനുമറിയാം. 35 - 40 വർഷം ജീവിക്കും. പരിണാമദശയിൽ മനുഷ്യനോട് ഏറെ അടുത്തു നിൽക്കുന്ന, അതിബുദ്ധിമാൻമാരായ ജീവികളായ ചിമ്പൻസികളിൽ ക്രൂരതയും ആക്രമണ മനോഭാവവും ഗൊറില്ല പോലുള്ള മറ്റ് ആൾക്കുരങ്ങു വർഗങ്ങളെ അപേക്ഷിച്ച് കൂടുതലാണ്.ഒരു തലവൻ ചിമ്പൻസിക്ക് കീഴിൽ അണിനിരത്തപ്പെട്ട സമൂഹങ്ങളായാണ് ചിംപാൻസികൾ കഴിയുന്നത്.

കോംഗോ നദിയുടെ തെക്കൻതീരങ്ങളിൽ മാത്രം കണ്ടുവരുന്ന ആൾക്കുരങ്ങു വിഭാഗമാണ് ബൊനോബോകൾ. പിഗ്മി ചിംപാൻസികൾ എന്നും അറിയപ്പെടുന്ന ഇവയെ ആദ്യകാലത്ത് ചിംപാൻസികളുടെ തന്നെ ഒരു വേറിട്ട വർഗമായാണ് ഗവേഷകർ കണക്കാക്കിയത്. എന്നാൽ 1933ൽ ഇവയെ ഗ്രേറ്റ് ഏപ്സിൽ തന്നെ ഒരു പ്രത്യേക വിഭാഗമായി കണക്കിലെടുത്തു. 31 മുതൽ 39 കിലോ വരെ ഭാരം വയ്ക്കുന്ന ബൊനോബോകൾക്ക് നാലടിയോളം ഉയരമുണ്ടാകും. മരങ്ങളിൽ താമസിക്കാൻ ഇഷ്ടപ്പെടുന്ന ഇവയുടെ പ്രധാന ആഹാരം പഴങ്ങളും, കിഴങ്ങുകളും വേരുകളുമൊക്കെയാണ്. 

30 മുതൽ 100 വരെ അംഗങ്ങളടങ്ങിയ ബൊനോബോ ഗോത്രങ്ങളിൽ പെൺബൊനോബോകൾക്കാണ് പ്രധാന സ്ഥാനം. ഗോത്രങ്ങളെ നിയന്ത്രിക്കുന്നതും പെണ്ണുങ്ങൾ തന്നെ. മനുഷ്യരുടെ ജനിതകഘടനയുമായി 98 ശതമാനം സാമ്യം ഗൊറില്ലകൾക്കുണ്ട്. ആൾക്കുരങ്ങുകളിൽ ഒറാങ്ഊട്ടാൻ, ബൊണോബോ, ചിമ്പാൻസി എന്നിവർക്കൊപ്പം ബിഗ് ഫോർ ഗ്രൂപ്പിൽ ഉൾപ്പെടുന്ന ഗൊറില്ലകൾ മനുഷ്യരുമായി പരിണാമദശയിൽ അടുത്തു നിൽക്കുന്ന ജീവികളാണ്. ബിഗ് ഫോറിലെ ഏറ്റവും വലുപ്പമുള്ള ജീവികളും ഇവയാണ്. മനുഷ്യരെപ്പോലെ തന്നെ സന്തോഷം, സങ്കടം തുടങ്ങിയ വികാരങ്ങൾ പ്രകടിപ്പിക്കാനും ഇവയ്ക്കു കഴിവുണ്ട്.

English Summary:

Revolutionary Ape Discovery: Meet Buronius, Germany’s Tiny Prehistoric Primate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com