വെറും മഞ്ഞല്ല ഗ്ലേസിയർ

Mail This Article
എന്താണു ഗ്ലേസിയർ?
ഗ്ലേസിയർ എന്നതിന്റെ ശരിയായ നിർവചനം കരഭൂമിയിൽ രൂപമെടുക്കുന്ന കട്ടിയേറിയ മഞ്ഞുപാളി എന്നതാണ്. സമുദ്രത്തിൽ രൂപമെടുക്കുന്ന മഞ്ഞുകട്ടയും മഞ്ഞുപാളിയും ഗ്ലേസിയറുകൾ എന്ന നിർവചനത്തിന്റെ പരിധിയിൽ വരുന്നില്ല. ഗ്ലേസിയറുകളിലെ മഞ്ഞുപാളികൾ താഴേക്ക് ഉരുകിയിറങ്ങാറുണ്ട്. ഇങ്ങനെ ഒഴുകുന്നതിനിടെ അവയുടെ താഴെയുള്ള മണ്ണും പാറകളും കൂടി ഒപ്പം ഒഴുക്കാറുണ്ട്. ഹിമാനി എന്നാണ് ഇതറിയപ്പെടുന്നത്. ഇവ സാധാരണയായി നദികളിൽ അവസാനിക്കാമെങ്കിലും അവ മിക്കപ്പോഴും മഞ്ഞുതടാകങ്ങൾ (Glacier Lakes) സൃഷ്ടിക്കാറുണ്ട്.
ഗ്ലേസിയറുകൾ എവിടെ?
ധ്രുവപ്രദേശങ്ങളിലും സമുദ്രനിരപ്പിൽ നിന്ന് ഉയർന്ന മേഖലകളിലുമാണു ഗ്ലേസിയറുകൾ കാണപ്പെടുന്നത്. ഹിമാലയം പോലെയുള്ള ഉയർന്ന പർവതമേഖലകളിൽ ഇവയെക്കാണാം. ഇവിടങ്ങളിൽ മഞ്ഞ് ഉറഞ്ഞുകട്ടയാവുന്നതിന്റെ തോത് വളരക്കൂടുതലാണ്. ഇതു വളരെ പതുക്കെ മാത്രമേ താഴേക്ക് ഉരുകിയെത്താറുള്ളൂ. എന്നാൽ ഇന്ന് ആഗോളതാപനം ഇതിനെയെല്ലാം മാറ്റിമറിച്ചിരിക്കുന്നു. ഇതുകാരണം, ഹിമാലയത്തിലും ഭൂമിയിലെവിടേയും മഞ്ഞുരുക്കം മുൻകാലങ്ങളിലേതിനെക്കാൾ വളരെ കൂടുതലാണ്.
ഗ്ലേസിയർ വർഷാചരണം
ഗ്ലേസിയറുകളിലെ മഞ്ഞുപാളികൾ വേഗത്തിൽ ഉരുകുന്നത് ഹിമപാതം, നദികളിലെ വെള്ളപ്പൊക്കം തുടങ്ങിയവയ്ക്കു കാരണമാവുന്നു. പ്രക്യതിക്ഷോഭങ്ങളിലൂടെ ജനങ്ങളുടെ ജീവിതനിലവാരം തകരാൻ ഇത് വഴിയൊരുക്കും. ഐക്യരാഷ്ട്ര സംഘടന വിഭാവനം ചെയ്യുന്ന സുസ്ഥിര വികസനലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിലും ഇതു തടസ്സമാകുന്നു. ഇതു മുന്നിൽക്കണ്ടാണ് ഐക്യരാഷ്ട്ര സംഘടന 2025 രാജ്യാന്തര ഗ്ലേസിയർ സംരക്ഷണ വർഷമായി പ്രഖ്യാപിച്ചിരിക്കുന്നത്. 2021 മാർച്ച് 3ന്, തജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെയിൽ നടന്ന സമ്മേളനത്തിലാണ് ഈ നിർദേശം ആദ്യമായി മുന്നോട്ടുവച്ചത്. 2025ൽ, ഗ്ലേസിയർ സംരക്ഷണ ഉച്ചകോടിക്കും തജിക്കിസ്ഥാൻ വേദിയാവും. ഈ വർഷം മുതൽ മാർച്ച് 21 ലോക ഗ്ലേസിയർ ദിനമായി ആചരിക്കാൻ ഐക്യരാഷ്ട്ര സംഘടന തീരുമാനിച്ചിട്ടുണ്ട്.
മുഖ്യപങ്കാളികൾ
യുനെസ്കോയും ലോക കാലാവസ്ഥാസംഘടനയുമാണ് ഗ്ലേസിയർ സംരക്ഷണ വർഷാചരണത്തിൽ മുഖ്യപങ്കു വഹിക്കുന്നത്. ഭൂമിയിൽ ഇന്നു നിലനിൽക്കുന്ന ഗ്ലേസിയറുകളുടെ സ്ഥിതി നിരീക്ഷിക്കുന്നതിനും വെളിപ്പെടുത്തുന്നതിനുമായി വേൾഡ് ഗ്ലേസിയർ മോണിറ്ററിങ് സർവീസ് എന്ന പേരിൽ ഒരു വിവരവിനിമയ സംവിധാനം ശക്തിപ്പെടുത്തും. ഒരു പ്രത്യേക ഫണ്ട് രൂപീകരിക്കുന്നതിലൂടെ ഇതിനായുള്ള സാമ്പത്തികസഹായം ഉറപ്പാക്കും. ഇതുകൂടാതെ, വിവിധ ലോകരാജ്യങ്ങളിലെ സംഘടനകൾക്കും ഗ്ലേസിയർ സംരക്ഷണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ ധനസഹായം ലഭിക്കും.
ഗ്ലേസിയറുകളുടെ അപകടാവസ്ഥ
ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് 2019ൽ തയാറാക്കിയ റിപ്പോർട്ട് അനുസരിച്ച് ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഭൂമിയിലെ ഗ്ലേസിയറുകളുടെ മൂന്നിലൊന്നും അപ്രത്യക്ഷമാകും. ഇതോടൊപ്പം ഹിമാലയത്തിലെ ഗ്ലേസിയറുകളുടെ മൂന്നിൽ രണ്ടു ഭാഗത്തിലേറെയും നഷ്ടമാവും. ഹിമാലയത്തെക്കൂടാതെ, ആൻഡസ്, ആൽപ്സ് എന്നീ പർവതമേഖലകളിലെ ഗ്ലേസിയറുകളെയും ഇത് ബാധിക്കും. ആഗോളതാപനമാണ് ഗ്ലേസിയറുകളുടെ നാശത്തിന് കാരണമാകുന്നത്. ആഗോളതാപനം നിയന്ത്രിക്കുക മാത്രമാണ് ഇത് തടയാനുള്ള പോംവഴി. ലോകരാജ്യങ്ങൾക്കെല്ലാം ഒരൊറ്റ ആകാശവും അന്തരീക്ഷവുമാണുള്ളത്. ഇക്കാരണത്താൽ വിവിധ രാജ്യങ്ങളുടെ സംയോജിതമായ പ്രവർത്തനത്തിലൂടെ മാത്രമേ ഗ്ലേസിയറുകളുടെ സംരക്ഷണം സാധ്യമാവുകയുള്ളൂ.
ഗ്ലേസിയറുകളുടെ വിശാലത
ഭൂമിയിലെ ഏറ്റവും വിശാലമായ ഗ്ലേസിയറുകൾ കാണപ്പെടുന്നത് ധ്രുവപ്രദേശങ്ങളിലാണ്. ഭൗമോപരിതലത്തിന്റെ 10% മാത്രമാണ് ഇന്നു ഗ്ലേസിയറുകൾക്കുള്ളത്. ഭൂഖണ്ഡങ്ങളുടെ ഭാഗമാവുന്ന ഗ്ലേസിയറുകളുടെ ആകെ വിസ്തൃതി 13 ദശലക്ഷം ചതുരശ്ര കിലോമീറ്ററിലേറെയാണ്. ഇവിടങ്ങളിൽ നിലനിൽക്കുന്ന ഗ്ലേസിയർ മഞ്ഞുപാളികളുടെ ഘനം ഏകദേശം 2,100 മീറ്റർ ആണ്. അതായത് അത്രയും ശുദ്ധജലം. ആകെ വ്യാപ്തം 1,70,000 ഘനകിലോമീറ്ററും. ഭൂമിയിലെ ശുദ്ധജലത്തിന്റെ 69% ഗ്ലേസിയറുകളിലായാണുറയുന്നത്.
ഭൂമിയിൽ ഗ്ലേസിയറുകളുടെ പങ്ക് എന്താണ്?
ശൈത്യകാലത്ത് ഗ്ലേസിയറുകളിൽ മഞ്ഞുപാളികളായി സംഭരിക്കപ്പെടുന്ന ജലം വേനലിന്റെ സമയത്ത് ദ്രാവകരൂപത്തിൽ ലഭ്യമാവുന്നു. ഇതാണ് ഇവിടെയുള്ള സസ്യങ്ങളുടെയും ജന്തുജീവികളുടേയും നിലനിൽപ്പിന് അടിസ്ഥാനമാവുന്നത്. എന്നാൽ ധ്രുവമേഖലയിലേയും ഉയർന്ന പർവ്വതമേഖലകളിലേയും ഗ്ലേസിയർ മഞ്ഞുപാളികൾ സാധാരണഗതിയിൽ ഉരുകാതെ സ്ഥിരമായി നിലനിൽക്കുന്നവയാണ്. എന്നാൽ ആഗോളതാപനം മൂലം ഗ്ലേസിയറുകളുടെ ഭാഗമായ മഞ്ഞുപാളികൾ ഉരുകുന്നത് ലോകകാലാവസ്ഥയിൽത്തന്നെ മാറ്റങ്ങൾ സ്യഷ്ടിക്കുന്നു. ഇത് സമുദ്രജലപ്രവാഹങ്ങൾ പോലെയുള്ള കാലാവസ്ഥാപ്രതിഭാസങ്ങളെപ്പോലും സ്വാധീനിക്കുന്നു.
ഗ്ലേസിയറിന്റെ നിറം
ഗ്ലേസിയർ മഞ്ഞുപാളികൾ നീലനിറത്തിലാണ് കാണപ്പെടുക. ധവളപ്രകാശത്തിലെ നീല ഒഴികെയുള്ള നിറങ്ങൾ മഞ്ഞുപാളികൾ വലിച്ചെടുക്കുകയും നീലനിത്തെ മാത്രം പ്രതിഫലിപ്പിക്കുകയും ചെയ്യുന്നതു കൊണ്ടാണിത്. ഗ്ലേസിയർ മഞ്ഞുപാളികളിൽ വായുകുമിളകളില്ല എന്നതും പ്രത്യേകതയാണ്. ഗ്ലേസിയറുകളുടെ രൂപീകരണം, രൂപാന്തരണം, എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ പൊതുവായി ഗ്ലേസിയേഷൻ എന്നാണറിയപ്പെടുന്നത്. ഗ്ലേസിയറുകൾക്ക് സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണു ഗ്ലേസിയോളജി.
ഇന്ത്യയിലെ ഗ്ലേസിയറുകൾ
ധ്രുവമേഖലയ്ക്കു പുറത്ത് ഏറ്റവുമധികം ഗ്ലേസിയറുകളെ ഉൾക്കൊള്ളുന്ന രാജ്യം പാക്കിസ്ഥാനാണ്. ഏഴായിരത്തിലധികം ഗ്ലേസിയറുകൾ ഇവിടെയുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ഗ്ലേസിയറുകൾ കാണപ്പെടുന്നത് ഹിമാലയത്തിലാണ്. ഇന്ത്യയിലെ ഏറ്റവും വലിയഗ്ലേസിയറും ഇവിടെയാണ് സിയാച്ചിൻ. ഹിമാചൽപ്രദേശ്, സിക്കിം, ഉത്തരാഖണ്ഡ് എന്നിവയാണ് ഗ്ലേസിയറുകളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങൾ.