ADVERTISEMENT

കണ്ണൂ‍ർ∙ നീളം കൂടിയിട്ടേയുള്ളു, രാമചന്ദ്രൻ കടന്നപ്പള്ളിയുടെ കുപ്പായത്തിനും ആദർശത്തിനും. കടുപ്പം കൂടിയിട്ടേയുള്ളു, കുടിക്കുന്ന ചായയ്ക്കും എടുക്കുന്ന നിലപാടുകൾക്കും. നേട്ടങ്ങളിൽ സന്തോഷം. നേടാതെ പോയതിൽ കൂടുതൽ സന്തോഷം. എവിടെയെത്തുമായിരുന്നു എന്നതിലല്ല, എവിടെയെത്തി എന്നതിലാണീ കടന്നപ്പള്ളിക്കാരന്റെ സന്തോഷം. 

ഒരുപാടു വർത്തമാനം, ഒരു പാട്ട്. അതാണു നിയുക്ത മന്ത്രിയുടെ സ്റ്റൈൽ. സ്മാർട്ട് ഫോൺ ഉപയോഗിക്കാതെ തന്നെ സ്മാർട്ട്. പാർട്ടി കോൺഗ്രസ് എസ് ആണെങ്കിലും എല്ലാവരോടും ‘യെസ്’ പറയാറില്ല, രാമചന്ദ്രൻ കടന്നപ്പള്ളി. മന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതിനു മുൻപു മനോരമയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ നിന്ന്:

∙ഇഷ്ടപ്പെട്ട വകുപ്പേതാണ്? 
ഏതു വകുപ്പു ലഭിക്കുന്നുവെന്നതല്ല, അതിനോട് എത്ര പ്രതിബദ്ധത കാണിക്കുന്നുവെന്നതിലാണു കാര്യം. 

∙ജില്ലയുടെ വികസനത്തിനു വേണ്ടി നിയുക്ത മന്ത്രിയുടെ അജൻഡകൾ?
വികസന പ്രബുദ്ധതയാണു ജില്ലയ്ക്കു വേണ്ടത്. കേരളത്തിൽ പദ്ധതി എത്ര ചെറുതാണെങ്കിലും ആരെയെങ്കിലും ബാധിക്കുമെന്നുറപ്പാണ്. അതു സഹിക്കാനുള്ള സന്നദ്ധതയുണ്ടാകണം. നഗര റോഡ്, ഫ്ലൈ ഓവർ, മേൽപാല പദ്ധതികൾക്കെതിരെ 22 കേസുകളാണു ഹൈക്കോടതിയിൽ. റോഡ്, പാലം നിർമാണത്തിനാണു മുൻഗണന. അഴീക്കൽ തുറമുഖം, ജില്ലാ ആശുപത്രി, നഗര റോഡ് വികസന പദ്ധതി, മേലെ ചൊവ്വ മേൽപാലം, കാൽടെക്സ് ഫ്ലൈ ഓവർ എന്നിവയെല്ലാം നടപ്പാക്കാൻ ശ്രമിക്കും. റോഡ് വികസിക്കാതെ, അഴീക്കൽ തുറമുഖം കൊണ്ടെന്തു കാര്യം? കണ്ണൂർ–ലക്ഷദ്വീപ് ചരക്കു കപ്പൽ സർവീസ്, വിനോദസഞ്ചാര വികസനം എന്നിവയും സജീവ പരിഗണനയിലുണ്ട്. കൊച്ചി – കോഴിക്കോട് യാത്രാക്കപ്പൽ പദ്ധതി ഉപേക്ഷിച്ചിട്ടില്ല.

സർവീസ്, കണ്ണൂരിലേക്കു നീട്ടാനുള്ള നിർദേശവും പരിഗണനയിലാണ്. കാഞ്ഞിരോട് വീവേഴ്സിനെ അടിസ്ഥാനമാക്കി കൈത്തറിയുടെ സമഗ്ര വികസനം, കയറ്റുമതി എന്നിവ നടപ്പാക്കും. മികച്ച കൈത്തറി ഉൽപന്നങ്ങളുടെ വിദേശ വിപണി തിരിച്ചുപിടിക്കുകയാണു ലക്ഷ്യം. പണം ഒരു പ്രശ്നമല്ലെന്നു പറയാൻ പറ്റില്ല. പരമാവധി നടപ്പാക്കാൻ ശ്രമിക്കും. 

∙മുഖ്യമന്ത്രിയാണല്ലോ ശ്രദ്ധാകേന്ദ്രം?  
ഇച്ഛാശക്തിയും ലക്ഷ്യബോധവുമുളള നേതാവ്. ഒരു ദൗർബല്യവും ബാധിക്കില്ല. അജയ്യനായ വ്യക്തി. തീരുമാനത്തിൽ ആശങ്കയില്ല. എടുത്ത തീരുമാനത്തിലുറച്ചു നിൽക്കും. അതു നടപ്പാക്കുന്നതിലെ ലാഭനഷ്ടം നോക്കാറില്ല. പ്രതിസന്ധികളെ അതിജീവിക്കുന്ന കർമചൈതന്യം. അനായാസമായി കാര്യങ്ങൾ കൈകാര്യം ചെയ്യും. 

∙കോൺഗ്രസിലേക്കു മടങ്ങാൻ എന്നെങ്കിലും ആഗ്രഹിച്ചിരുന്നോ?  
ഇല്ല. കോൺഗ്രസ് വിട്ടത് ഉറച്ച തീരുമാനമായിരുന്നു. തിരിച്ചു പോകുന്ന കാര്യം ആലോചിക്കാൻ തിരുവനന്തപുരം വേളിയിലെ യൂത്ത് ഹോസ്റ്റലിലാണ് എ വിഭാഗം നേതാക്കൾ യോഗം ചേർന്നത്. എൽഡിഎഫിന്റെ വോട്ടു വാങ്ങി ഇരിക്കൂർ എംഎൽഎ ആയ ശേഷം, തോൽപിക്കാൻ ശ്രമിച്ചവർക്കൊപ്പം ചേരുന്നത് അധാർമികതയാണ് എന്നും ഞാനില്ലെന്നും തുറന്നു പറഞ്ഞു. അന്നത്തെ രാഷ്ട്രീയ തീരുമാനത്തിന്റെ കരുത്ത് ഇന്നുമുണ്ട്. കോൺഗ്രസ് ഐയിലേക്കു തിരിച്ചു പോയില്ലെങ്കിലും നേതാക്കളുമായി സൗഹൃദം തുടർന്നു.  

∙ തിരക്കുകൾക്കിടയിലും ബന്ധുക്കളും നാട്ടുകാരുമായി ഇപ്പോഴും അടുത്ത ബന്ധം തുടരാൻ കഴിയുന്നു?
അടുത്ത ബന്ധങ്ങളിലൂടെ സഞ്ചരിക്കുമ്പോഴുള്ള ആത്മനിർവൃതി വില കൊടുത്താൽ കിട്ടില്ല. വർത്തമാന കാല രൗദ്രഭാവങ്ങളുടെ പ്രധാന കാരണവും ഇത്തരം ബന്ധങ്ങളില്ലാത്തതാണ്.  തെളിനീരു വറ്റാത്ത വണ്ണാത്തിപ്പുഴയുടെ തീരത്തു നിന്നു തുടങ്ങിയ, വണ്ണാത്തി മാറ്റിന്റെ പരിശുദ്ധിയുള്ള രാഷ്ട്രീയ ജീവിതമാണു രാമചന്ദ്രൻ കടന്നപ്പള്ളിയുടേത്. നീളൻ കുപ്പായത്തിനു 2 കീശകളുണ്ടെങ്കിലും രാമചന്ദ്രൻ കടന്നപ്പളളിക്കു പഴ്സില്ല. കടലാസുകൾ നാലായി മടക്കി പോക്കറ്റിലിടും.

തോട്ടട ജവാഹർ നഗറിലെ വീടു നിർമിക്കാനെടുത്ത വായ്പ കുടിശികയാണ്. എംപി ആയിരുന്ന കാലത്ത്, തന്നടയിൽ അമ്മയുടെ വീട്ടിലേക്കു റോഡ് ഉണ്ടായിരുന്നില്ല. എംപി താമസിച്ച ആ വീട് പുല്ലും ഓലയും മേഞ്ഞതായിരുന്നു. വണ്ണാത്തിപ്പുഴയിൽ നിന്നു വെള്ളം കോരിക്കുടിച്ച്, നീന്തൽ പഠിച്ചു വളർന്ന നേതാവിന് ഇന്നും അധികാര ഇടനാഴികളിലെ മുങ്ങാംകുഴികൾ വശമില്ല. കാലവും കർമമണ്ഡലങ്ങളും പിന്നിട്ട് ആ യാത്ര തുടരുകയാണു മൂന്നാമത്തെ മന്ത്രിപദത്തിലേക്ക്. പഴകും തോറും വെൺമ വർധിക്കുന്ന നീളൻ ഖദർ കുപ്പായവുമിട്ട്... പേരിനൊപ്പം നാടിനെയും വഹിച്ചങ്ങനെ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com