‘വാഷ് അടിച്ച് പൂസായ’ കാട്ടാന കറങ്ങി നടക്കുന്നു, നാട്ടുകാർ സൂക്ഷിക്കുക!

Mail This Article
ഇരിട്ടി ∙ ആറളം ഫാം പുനരധിവാസ മേഖലയിൽ വ്യാജമദ്യം നിർമാണത്തിനായി സൂക്ഷിച്ച വാഷ് കാട്ടാന കുടിച്ച ശേഷം ബാരൽ നശിപ്പിച്ച നിലയിൽ കണ്ടെത്തി. ബ്ലോക്ക് 7 ൽ താമസക്കാരെത്താത്ത കാടുപിടിച്ച സ്ഥലത്താണ് 200 ലീറ്റർ ശേഷിയുള്ള ബാരൽ തകർത്ത നിലയിൽ കണ്ടെത്തിയത്. ബാരലിൽ കുടിച്ചതിന്റെ ബാക്കിയെന്ന നിലയിൽ വാഷും കണ്ടെത്തി.
ഓടൻതോട് - ബ്ലോക്ക് 7 - താളിപ്പാറ റോഡിൽ 500 മീറ്ററോളം മാറി വനം വകുപ്പിന്റെ നൈറ്റ് പെട്രോളിങ് സംഘത്തിന്റെ ശ്രദ്ധയിലാണ് സംഭവം പെട്ടത്. ആന വെള്ളം കുടിക്കുന്നതു പോലുള്ള ഒച്ച കേട്ടാണു ശ്രദ്ധിച്ചത്. അൽപ സമയം കഴിഞ്ഞു എന്തോ ചവിട്ടിപ്പൊളിക്കുന്ന ഒച്ചയും കേട്ടു. താമസക്കാർ ഇല്ലാത്തതും കാട് പിടിച്ചതുമായ പ്രദേശം ആയതിനാൽ വനപാലകർ ആ സമയം അങ്ങോട്ടു പോയില്ല. നേരം വെളുത്ത ശേഷം പോയി നോക്കിയപ്പോഴാണ് ബാരലിൽ സൂക്ഷിച്ച വാഷ് കുടിച്ച ശേഷം പാത്രം തകർത്തതായി കണ്ടെത്തിയത്.
വ്യാവസായിക അടിസ്‌ഥാനത്തിൽ വ്യാജമദ്യ നിർമാണം ലക്ഷ്യമിട്ടുള്ള സംഘമാണു സംഭവത്തിനു പിന്നിലെന്ന നിലയിൽ അന്വേഷണം തുടങ്ങി. എക്സൈസ് സംഘവും സ്‌ഥലത്ത് എത്തി.