ജൂബിലി വർഷത്തെ പാടിപ്പുകഴ്ത്താൻ 75 ഗായകർ ഒരുമിച്ച്

Mail This Article
കോട്ടയം ∙ ഒന്നായ്, ഒരേ ലയത്തിൽ, ഒരേ മനസ്സോടെ അവർ 75 ഗായകർ. സിഎസ്ഐ സഭ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളെ സംഗീത സാന്ദ്രമാക്കാനാണ് ഈ സംഘം. 75-ാം വാർഷികം പ്രമാണിച്ച് മഹായിടവകയുടെ 12 ഡിസ്ട്രിക്ടുകളിൽ നിന്നുമാണ് 75 ഗായകരെ തിരഞ്ഞെടുത്തത്. റവ. വെസ്‌ലി പി.കുരുവിളയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ 14 മുതൽ 65 വയസ്സു വരെയുള്ളവരുണ്ട്. 60 അൽമായർ, 10 വൈദികർ, 5 സഭാശുശ്രൂഷകർ എന്നിവരാണു സംഘത്തിൽ.
ജൂബിലിക്കായുള്ള പ്രധാന ഗാനം സിനഡ് പ്രത്യേകമായി തയാറാക്കിയിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ തയാറാക്കിയതിൽ മലയാളത്തിലുള്ള ഗാനമാണ് സംഘം ആലപിക്കുക. സ്രഷ്ടാവാം ദൈവമേ...സർവദയാലുവേ...സാദരം സ്നേഹിപ്പാൻ.. സന്മനസേകണേ എന്നതാണ് പ്രധാന ഗാനം. ഇതിനു പുറമേ സംഘം ആലപിക്കുന്ന ഏഴു ഗാനങ്ങളും ബേക്കർ സ്കൂളിലെ വേദിയിൽ മുഴങ്ങും.
ദീപശിഖകൾ ഇന്നെത്തും; പ്ലാറ്റിനം ജൂബിലിത്തിളക്കത്തിൽ സിഎസ്ഐ സഭ
സിഎസ്ഐ സഭാ പ്ലാറ്റിനം ജൂബിലി ആഘോഷം മധ്യകേരള മഹാ ഇടവകയുടെ നേതൃത്വത്തിൽ നാളെ നടക്കും. ബേക്കർ സ്കൂൾ വളപ്പിൽ തയാറാക്കിയ പന്തലിൽ ഉച്ചയ്ക്ക് ഒന്നിനു മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം നിർവഹിക്കും. ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ അധ്യക്ഷത വഹിക്കും. സിനഡ് ജനറൽ സെക്രട്ടറി ഫെർണാണ്ടസ് രത്തിനരാജ മുഖ്യപ്രഭാഷണവും തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത അനുഗ്രഹ പ്രഭാഷണവും നടത്തും.
നാളെ രാവിലെ 8നു സിഎസ്ഐ ഹോളി ട്രിനിറ്റി കത്തീഡ്രലിൽ ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാന്റെ മുഖ്യകാർമികത്വത്തിൽ സംസർഗ ശുശ്രൂഷ. സഭയുടെ 12 ഡിസ്ട്രിക്ടുകളെ നാലു മേഖലകളായി തിരിച്ചു നടത്തുന്ന ദീപശിഖാ പ്രയാണങ്ങൾ ഇന്നു വൈകിട്ട് 6ന് ശാസ്ത്രി റോഡിലുള്ള ആകാശപ്പാതയ്ക്കു കീഴെ സംഗമിക്കും. ബിഷപ് ഏറ്റുവാങ്ങും. നാളെ ഉദ്ഘാടന വേദിയിൽ 24 മഹായിടവകകളെ പ്രതിനിധീകരിച്ചുള്ളവർ നൽകുന്ന ദീപങ്ങളിൽ നിന്നാവും പ്രധാനദീപം തെളിക്കുക.
വിപുലമായ ക്രമീകരണങ്ങളാണു നടത്തിയിരിക്കുന്നതെന്നു ജനറൽ കൺവീനറും വൈദിക ട്രസ്റ്റിയുമായ റവ. നെൽസൺ ചാക്കോ, റവ. ലിനോ എസ്.ജോൺ, ജേക്കബ് ഫിലിപ്പ് കല്ലുമല, ഫിലിപ്പ് എം.വർഗീസ്, കുര്യൻ ഡാനിയേൽ കീഴ് വായ്പൂര് എന്നിവർ പറഞ്ഞു. വലിയ വാഹനങ്ങൾ സിഎസ്ഐ കത്തീഡ്രൽ ദേവാലയ പരിസരത്തും സിഎംഎസ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലും പാർക്ക് ചെയ്യണം. കാറുകൾക്ക് മഹായിടവക ഓഫിസ് വളപ്പിലും സിഎംഎസ് കോളജ് ഗ്രൗണ്ടിലും പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്.