താറുമാറായി കൂറ്റനാട് ടൗണിലെ ഗതാഗതം

Mail This Article
കൂറ്റനാട് ∙ മാഞ്ഞുകിടക്കുന്ന സീബ്രാ വരകൾ, തോന്നിയപോലെ നിർത്തുന്ന ബസുകൾ, ഇരമ്പിപ്പായുന്ന കൂറ്റൻ ടോറസ് ലോറികൾ... ഇവയ്ക്കിടയിൽ റോഡുമുറിച്ച് കടക്കാൻ പാടുപെടുന്ന വിദ്യാർഥികളും കാൽനടയാത്രക്കാരും. ഇതാണിപ്പോൾ കൂറ്റനാട് അങ്ങാടി. ടൗണിലെ ഗതാഗത പ്രശ്‌നപരിഹാരത്തിനായി വർഷങ്ങൾക്ക് മുൻപ് മാർഗരേഖ കൊണ്ടുവരികയും ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ ഒരുക്കുന്നതിനുളള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു. ആധുനിക സംവിധാനങ്ങളോടെ ടൗൺ നവീകരണ പദ്ധതിയെത്തിയതോടെ ഗതാഗത പരിഷ്‌കരണങ്ങൾ അടക്കമുളളവ മാറ്റിവയ്ക്കപ്പെട്ടു. തുടർന്ന് ടൗൺ നവീകരണത്തിന് ഭൂമി ഏറ്റെടുക്കുന്ന പ്രവൃത്തികൾ വരെ എത്തി. എന്നാൽ പദ്ധതി നടപ്പാകുന്നത് വരെ ഗതാഗത പ്രശ്‌നപരിഹാരത്തിന് എന്തുചെയ്യണമെന്ന് അറിയാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ് നാട്ടുകാർ.
തൃത്താലയിലെ തിരക്കേറിയ ടൗൺ
തൃത്താല മണ്ഡലത്തിലെ ഏറ്റവും തിരക്കുളള ടൗണാണ് കൂറ്റനാട്. പട്ടാമ്പി ഗുരുവായൂർ, എടപ്പാൾ പട്ടാമ്പി, തൃത്താല ഗുരുവായൂർ റോഡുകളുടെ സംഗമ സ്ഥലമാണ് കൂറ്റനാട് ടൗൺ. തൃത്താല ബ്ലോക്ക് പഞ്ചായത്ത്, നാഗലശ്ശേരി പഞ്ചായത്ത്, കൃഷിഭവൻ, സ്‌കൂളുകൾ, സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾ എല്ലാമുളളത് കൂറ്റനാട് ടൗണും പരിസരങ്ങളിലുമാണ്. വിവിധ ആവശ്യങ്ങൾക്കായി ദിനംപ്രതി ഒട്ടേറെപ്പേർ വന്നുപോകുന്ന അങ്ങാടിയിൽ ഗുണകരമായ ഗതാഗത സംവിധാനങ്ങളുടെ കുറവ് നാട്ടുകാരുടെ ജീവിതം ദുരിതമയമാക്കുന്നു. സ്ഥിരമായുളള പൊലീസ് നിരീക്ഷണവും നിയന്ത്രണവും കൂറ്റനാട് അങ്ങാടിയിലില്ല. ഗതാഗത നിയന്ത്രണത്തിനായി ടൗണിൽ വിന്യസിച്ചിരുന്ന ഹോംഗാർഡ് സ്ഥലം മാറിപ്പോയതിന് ശേഷം പുതിയ ഉദ്യോഗസ്ഥർ എത്താത്തതും പ്രശ്‌നമായിരിക്കുകയാണ്.
ജലരേഖയായി മാർഗരേഖ
അങ്ങാടിയിൽ ഗതാഗതം വാഹനമോടിക്കുന്നവർക്ക് തോന്നുന്ന പോലെയാണ് ടൗണിലെ വാഹന ഗതാഗതം. ഇത് കുറ്റമറ്റതാക്കുന്നതിനും ഗതാഗത കുരുക്കിന് അറുതി വരുത്തുന്നതിനുമായി മാർഗരേഖ കൊണ്ടുവന്നിരുന്നതാണ്. വർഷങ്ങൾക്ക് മുൻപ് കൊണ്ടുവന്ന പരിഷ്‌ക്കാരങ്ങൾ ഒന്നും തന്നെ പ്രാവർത്തികമായില്ല. ഗതാഗത പരിഷ്‌കാരങ്ങളിൽ പ്രധാനമായി കൊണ്ടുവന്നത് പട്ടാമ്പി ഭാഗത്തേക്ക് പോകുന്ന ബസുകൾ ടൗണിന് നടുവിൽ നിർത്താതെ എസ്ബിടി ബാങ്കിന് സമീപത്തായി നിർത്തണമെന്നതായിരുന്നു. എന്നാൽ ബസുകൾ പഴയസ്ഥലത്ത് തന്നെയാണ് നിർത്തി യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും. ഇത് വാഹനങ്ങൾ പോകുന്നതിന് തടസ്സമായി ഗതാഗത കുരുക്ക് ഉണ്ടാക്കുന്നു. വൈകുന്നേരങ്ങളിൽ ടൗണിൽ തിരക്കുകൂടുന്ന അവസരത്തിൽ ചരക്കുവാഹനങ്ങൾ ടൗണിൽ പ്രവേശിപ്പിക്കാതെ പെരിങ്ങോട് റോഡ് വഴി ഒറ്റപ്പിലാവിലേക്ക് വഴിതിരിച്ച് കുന്നംകുളത്തേക്ക് പോകുന്നതിനായുളള നിർദേശവും ഉരുത്തിരിഞ്ഞിരുന്നതാണ്. ഇതും നടപ്പിലായില്ല. നിലവിൽ ദേശീയപാതയുടെ നിർമാണത്തിനായി വലിയ ടോറസ് ലോറികളിൽ മണ്ണെടുത്ത് കൊണ്ടുപോകുന്നത് ടൗണിലൂടെയാണ്. ഇതുമൂലമുളള ഗതാഗത പ്രശ്‌നങ്ങളുമുണ്ട്. ലോറികളെ മറ്റുളള സമാന്തരപാതകളിലൂടെ കടത്തിവിട്ടാൽ ഇവ വഴിയുളള ഗതാഗതപ്രശ്‌നത്തിന് പരിഹാരമാകുമെന്നാണ് നാട്ടുകാർ പറയുന്നത്.
രൂക്ഷമാകുന്ന ഗതാഗതക്കുരുക്ക്
കൂറ്റനാട് അങ്ങാടിയിൽ പട്ടാമ്പി ഭാഗത്തേക്ക് പോകുന്ന റോഡിലെ സീബ്രാവര റോഡിൽ നിന്നു മാഞ്ഞുപോയ അവസ്ഥയിലാണുളളത്. വരകൾ കാണാത്തതിനാൽ സ്വകാര്യബസുകൾ സീബ്രാ ലൈനിന് മുകളിലും ടൗണിന് നടുവിലായും നിർത്തി ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്ന അവസ്ഥയുണ്ട്. അമിത വേഗത്തിൽ വരുന്ന വാഹനങ്ങൾ ഉണ്ടാക്കുന്ന അപകടങ്ങൾ പതിവാണ്. ഗുരുവായൂർ ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങൾ എതിർദിശയിൽ വരുന്ന വാഹനങ്ങളിൽ ഇടിച്ചും അപകടങ്ങൾ സംഭവിക്കാറുണ്ട്. ടൗണിൽ നാലും കൂടിയ ജംക്‌ഷനിൽ വാഹന പാർക്കിങ്ങും പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ട്.