ഇറങ്ങാൻ മടിച്ച് വെള്ളം; പേടിയോടെ നാട്– ചിത്രങ്ങൾ
Mail This Article
പന്തളം ∙ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് നഗരസഭയിലെ പടിഞ്ഞാറൻ മേഖലയിൽ ദുരിതാശ്വാസ ക്യാംപ് തുറന്നു. മുടിയൂർക്കോണം എംടി എൽപി സ്കൂളിലെ ക്യാംപിലേക്ക് 4 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. മുടിയൂർക്കോണം നാഥനടി ഭവനിൽ രാധാമണി, രഞ്ജിത്ത് ഭവനിൽ തങ്കമ്മ രാജൻ, ബിജി വില്ലയിൽ മോളി, ഹരിനന്ദനത്തിൽ രാജേശ്വരിയമ്മാൾ എന്നിവരുടെ കുടുംബങ്ങളെയാണ് ക്യാംപിലേക്ക് മാറ്റിയത്. ശാസ്താംവട്ടം ജംക്‌ഷന് സമീപം പന്തളം-മാവേലിക്കര റോഡരികിലെ വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. വാളാച്ചാൽ വീട്ടിൽ വത്സലയുടെ വീട്ടിൽ വെള്ളം കയറി.
മുടിയൂർക്കോണം ശാസ്താംവട്ടം-പട്ടത്താനത്ത് പടി റോഡിൽ വെള്ളം കയറി യാത്രാതടസ്സമുണ്ട്. പന്തളം കടയ്ക്കാട് കോശിവീട്ടിൽ മുഹമ്മദ് റാഫി, റസിയ മൻസിലിൽ ഷഹാലുദ്ദീൻ, പുത്തൻവീട്ടിൽ സലീം എന്നിവരുടെ വീടുകളിലും വെള്ളം കയറി. ഇവർ ബന്ധുവീടുകളിലേക്ക് മാറി.ഐരാണിക്കുടിയിലെ ഷട്ടർ അടച്ചതാണ് മുടിയൂർക്കോണത്ത് വെള്ളപ്പൊക്കത്തിന് കാരണം. മുൻ വർഷങ്ങളിലും മഴ ശക്തമാകുന്ന സന്ദർഭങ്ങളിൽ ഷട്ടർ അടച്ചിടുന്നത് പതിവായിരുന്നു.
ഇത് കാരണം ഐരാണിക്കുടി തോട്ടിലെ വെള്ളം വലിയ തോതിൽ ഒഴുകിയെത്തുന്നതാണ് ഇവിടെ വെള്ളം നിറയാൻ കാരണം. ഈ പരാതിക്ക് ഇതുവരെയും പരിഹാരം കാണാൻ അധികൃതർ തയാറായിട്ടില്ല.
മാന്തുകയിലും ആശങ്ക
കുളനട പഞ്ചായത്തിലെ മാന്തുക ഭാഗങ്ങളിലും ആശങ്ക നിലനിൽക്കുകയാണ്. കുപ്പണ്ണൂർ പാടശേഖരം വെള്ളം നിറഞ്ഞതാണ് കാരണം. ചില ഭാഗങ്ങളിൽ പാടത്തോട് ചേർന്ന റോഡുകളിലും വെള്ളം കയറി. ആലവട്ടക്കുറ്റി കോളനിയിൽ ശ്രീധരൻ, ചെല്ലപ്പൻ, അറുകാലിക്കൽ തെക്കേതിൽ സുനിതാ ഭവനിൽ സുനിത എന്നിവരുടെ കുടുംബങ്ങൾ വെള്ളപ്പൊക്ക ഭീഷണി കണക്കിലെടുത്ത് ബന്ധുവീടുകളിലേക്ക് മാറി. വേണ്ട സഹായങ്ങൾ ചെയ്തെന്ന് സിപിഎം മാന്തുക ബ്രാഞ്ച് സെക്രട്ടറി പ്രസാദ് പറഞ്ഞു.