പാരാമെഡിക്കൽ സ്പെഷൽ അലോട്മെന്റ് 11ന്
Mail This Article
തിരുവനന്തപുരം ∙ പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലെ പ്രവേശനത്തിനുള്ള ഓൺലൈൻ സ്പെഷൽ അലോട്മെന്റ് 11ന് നടത്തും. www.lbscentre.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ ഇന്നു മുതൽ 10 വരെ ഓൺലൈനായി പുതുതായി കോഴ്സ്, കോളജ് ഓപ്ഷനുകൾ സമർപ്പിക്കണം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കില്ല. മുൻ അലോട്മെന്റുകൾ വഴി സർക്കാർ കോളജുകൾ ഒഴികെ പ്രവേശനം നേടിയവർ എൻഒസി അപ്‌ലോഡ് ചെയ്യണം. അലോട്മെന്റ് ലഭിക്കുന്നവർ ഫീസ് ഒടുക്കി അതത് കോളജുകളിൽ 13 ന്അകം പ്രവേശനം നേടണം. 0471 2560363.
യുജിസി നെറ്റ് പരീക്ഷയിൽ ആയുർവേദ ബയോളജിയും
ന്യൂഡൽഹി ∙ യുജിസി നെറ്റ് പരീക്ഷയിൽ ആയുർവേദ ബയോളജിയും വിഷയമായി ഉൾപ്പെടുത്തി. ഡിസംബറിൽ നടക്കുന്ന നെറ്റ് പരീക്ഷ മുതൽ ഈ വിഷയത്തിനും അപേക്ഷിക്കാം. വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു യുജിസി കമ്മിഷൻ ബോർഡ് യോഗത്തിൽ ഇതിനുള്ള തീരുമാനം സ്വീകരിച്ചത്. കോളജ് അധ്യാപക നിയമനത്തിനും ജെആർഎഫ് ഫെലോഷിപ്പിനുമുള്ള യോഗ്യതാ പരീക്ഷയാണു യുജിസി നെറ്റ്.
ആരോഗ്യ സർവകലാശാല പരീക്ഷകൾ മാറ്റി
തൃശൂർ ∙ ആരോഗ്യ സർവകലാശാല 20ന് നടത്താൻ നിശ്ചയിച്ചിരുന്ന തിയറി പരീക്ഷകൾ മാറ്റി. പുനഃക്രമീകരിച്ച തീയതികൾക്കും വിവരങ്ങൾക്കും www.kuhs.ac.in.
എൽഎൽഎം താൽകാലിക അലോട്മെന്റ്
തിരുവനന്തപുരം∙ എൽഎൽഎം കോഴ്‌സിലേക്കുള്ള ഒന്നാംഘട്ട താൽക്കാലിക അലോട്മെന്റ് പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in . ലിസ്റ്റ് സംബന്ധിച്ച സാധുവായ പരാതികളുണ്ടെങ്കിൽ ceekinfo.cee@kerala.gov.in ഇ-മെയിൽ വഴി 8 ന് 4 നുള്ളിൽ അറിയിക്കണം.
കെ-ടെറ്റ്: 20 വരെ അപേക്ഷിക്കാം
തിരുവനന്തപുരം ∙ അധ്യാപക യോഗ്യതാപരീക്ഷയുടെ (കെ-ടെറ്റ്) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. https://ktet.kerala.gov.in വെബ്പോർട്ടൽ വഴി 11 മുതൽ 20 വരെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. ഓൺലൈൻ റജിസ്ട്രേഷൻ മാർഗനിർദേശങ്ങൾ https:///ktet.kerala.gov.in, https://pareekshabhavan.kerala.gov.in വെബ്സൈറ്റുകളിൽ ലഭിക്കും.
പുനഃപരീക്ഷ
തിരുവനന്തപുരം∙ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ഡിപ്ലോമ അഞ്ചാം സെമസ്റ്റർ വിദ്യാർഥികൾക്കായി 11 ന് നടത്തിയ ഇലക്ട്രിസിറ്റി ജനറേഷൻ, ട്രാൻസ്മിഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ (5032 – റിവിഷൻ 2021) പരീക്ഷ റദ്ദാക്കിയിരുന്നു. പുനഃപരീക്ഷ 14 ന് 9.30 മുതൽ 12.30 വരെ നടത്തും.
ഫീസ്: തീയതി നീട്ടി
തിരുവനന്തപുരം∙ഹയർ സെക്കൻഡറി (വൊക്കേഷനൽ) വിഭാഗം 2025 മാർച്ചിൽ നടത്തുന്ന പൊതുപരീക്ഷകളുടെ ഫീസ് അടയ്ക്കുന്നതിനുള്ള തീയതികൾ നീട്ടി. പിഴയില്ലാതെ ഫീസടയ്ക്കേണ്ട അവസാന തീയതി നവംബർ 18. പിഴ 20 രൂപ ഉൾപ്പെടെ 23 വരെയും, 600 രൂപ സൂപ്പർഫൈനോടുകൂടി 28 വരെയും അടയ്ക്കാം.
തിരുവനന്തപുരം ∙ 2025 മാർച്ചിൽ നടക്കുന്ന ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫീസ് പിഴ കൂടാതെ ഒടുക്കേണ്ട അവസാന തീയതി 18 വരെയും 20 രൂപ ഫൈനോടു കൂടി 20 വരെയും 20 രൂപ ഫൈനോടൊപ്പം ദിനംപ്രതി 5 രൂപ ഫൈനോടു കൂടി ഫീസ് ഒടുക്കേണ്ട അവസാന തീയതി 23 വരെയും 600 രൂപ സൂപ്പർ ഫൈനോടു കൂടി ഫീസ് ഒടുക്കേണ്ട അവസാന തീയതി 28 വരെയും നീട്ടി.
മെറിറ്റ് സ്കോളർഷിപ്
തിരുവനന്തപുരം ∙ സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് മാന്വലായി അപേക്ഷിച്ച വിദ്യാർഥികൾ http://collegiateedu.kerala.gov.in ൽ സ്കോളർഷിപ് മെനുവിൽ ലഭ്യമാക്കിയിട്ടുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ച് 25 വൈകിട്ട് 5ന് അകം സമർപ്പിക്കണം. 9446780308.
എൽഎൽബി: സീറ്റൊഴിവിൽ അപേക്ഷിക്കാം
∙ ഗവ.ലോ കോളജുകളിലെയും സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും ത്രിവത്സര എൽഎൽബി കോഴ്‌സ് പ്രവേശനത്തിനു നടത്തിയ രണ്ടാംഘട്ട കേന്ദ്രീകൃത അലോട്മെന്റിനു ശേഷമുള്ള ഒഴിവുകളിലേക്ക് പ്രവേശനത്തിന് പരിഗണിക്കാൻ അലോട്മെന്റ് നടപടി വെബ്സൈറ്റിൽ ആരംഭിച്ചു. പുതിയ ഓൺലൈൻ ഓപ്ഷനുകൾ 11 ന് വൈകിട്ട് 3 വരെ റജിസ്റ്റർ ചെയ്യാം.
∙ സംയോജിത പഞ്ചവത്സര എൽഎൽബി കോഴ്‌സ് പ്രവേശനത്തിന് രണ്ടാംഘട്ട കേന്ദ്രീകൃത അലോട്മെന്റിനു ശേഷമുള്ള ഒഴിവുകളിലേക്ക് വേക്കന്റ് സീറ്റ് അലോട്‌മെന്റ് നടപടികൾ തുടങ്ങി. ഓൺലൈൻ ഓപ്ഷനുകൾ 11 ന് 3 വരെ റജിസ്റ്റർ ചെയ്യാം. www.cee.kerala.gov.in/ ഹെൽപ് ലൈൻ നമ്പർ : 0471 2525300.
ആയുർവേദം: താൽക്കാലിക അലോട്മെന്റ്
∙ ആയുർവേദ/ ഹോമിയോ/ സിദ്ധ/ യുനാനി/ അഗ്രിക്കൾച്ചർ/ ഫോറസ്ട്രി/ ഫിഷറീസ്/ വെറ്റിനറി/ കോഓപ്പറേഷൻ ആൻഡ് ബാങ്കിങ്/ ക്ലൈമറ്റ് എൻവയൺമെന്റൽ സയൻസ്/ബിടെക് ബയോടെക്നോളജി (കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ളത്) കോഴ്സുകളിലേക്ക് സ്ട്രേ വേക്കൻസി താൽകാലിക അലോട്മെന്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരാതികൾ ceekinfo.cee@kerala.gov.in എന്ന ഇമെയിൽ മുഖേന ഇന്ന് ഉച്ചയ്ക്ക് 12 ന് മുൻപ് അറിയിക്കണം.