സൂര്യനിൽ അതിഭീമമായ സൂര്യകളങ്കങ്ങൾ, ഭൂമിയുടെ അനേകമടങ്ങ് വലിപ്പം; പഠനത്തിന് ഇന്ത്യയ്ക്കും സാധ്യത
Mail This Article
ഇന്ത്യയുടെ ബഹിരാകാശ വാഹനമായ ആദിത്യ എൽ 1 സൂര്യനിൽ നിന്നുള്ള ഊർജ പുറന്തള്ളൽ രേഖപ്പെടുത്തിയതോടെ സൗരകളങ്കങ്ങളെപ്പറ്റിയുള്ള ഇന്ത്യൻ പഠനങ്ങൾക്കും സാധ്യതയേറി. യുഎസ് ബഹിരാകാശ ഏജൻസിയായ നാസയുടെ സോഹോ ഉപഗ്രഹം കൊറോണൽ മാസ് ഇജക്‌ഷൻ (സിഎംഇ) എന്ന് അറിയപ്പെടുന്ന സൂര്യനിലെ കാന്തിക സ്ഫോടനങ്ങളെപ്പറ്റി വർഷങ്ങളായി വിവരങ്ങൾ നൽകുന്നുണ്ട്.
ഇനി മുതൽ ഐഎസ്ആർഒയ്ക്കും ഇതു സംബന്ധിച്ച നിരീക്ഷണ–ഗവേഷണം തുടങ്ങിവയ്ക്കാം. ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് ഇതുമായി ബന്ധപ്പെട്ട കൂടുതൽ പഠനം നടത്താനും ഇത് അവസരം ഒരുക്കുമെന്നു ശാസ്ത്രനിരീക്ഷകർ പറയുന്നു. സൗരകളങ്കങ്ങൾ ഭൗമ കാലാവസ്ഥയിലെ പല ഘടകങ്ങളെയും നിയന്ത്രിക്കുന്നതിൽ കാര്യമായ പങ്കുവഹിക്കുന്നുണ്ടെങ്കിലും ഇപ്പോൾ നമുക്കനുഭവപ്പെടുന്ന ചൂടും സൗരകളങ്കങ്ങളുമായി ബന്ധമുള്ളതായി അറിവില്ല. എന്നാൽ ആകാശപാളികൾ കടന്നെത്തുന്ന അധിക കണങ്ങളും അൾട്രാ വയലറ്റ് കിരണങ്ങളും അന്തരീക്ഷത്തിലെ ഹരിത വാതകങ്ങളിൽ സൃഷ്ടിക്കുന്ന പ്രഭാവത്തെപ്പറ്റി പഠനവിധേയമാക്കാമെന്ന് ശാസ്ത്രജ്ഞനായ ഡോ. നൈനാൻ സജിത് ഫിലിപ് പറഞ്ഞു.
Read Also: കണ്ടാൽ മണ്ണിരപോലെ! 90 വർഷങ്ങൾ ഒളിച്ചിരുന്ന ശേഷം തിരികയെത്തിയ വിചിത്രപല്ലി
അടുത്ത കാലത്തായി സൂര്യനിൽ അതിഭീമമായ സൂര്യകളങ്കങ്ങൾ (സൺ സ്പോട്ട്) പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് അമച്വർ വാനനിരീക്ഷകനായ സുരേന്ദ്രൻ പുന്നശേരി പറഞ്ഞു. ഇപ്പോൾ കാണപ്പെടുന്ന എആർ 3590 (എആർ എന്നാൽ ആക്ടീവ് റീജിയൻ) എന്ന വലിയ കളങ്കത്തിന് ഭൂമിയുടെ അനേകമടങ്ങ് വലിപ്പമുണ്ട്. ഭൂമിയിൽ നിന്ന് വെറും കണ്ണുകൊണ്ട് തന്നെ ഇത് കാണാമെങ്കിലും അംഗീകൃത സൗര ഫിൽറ്ററുകൾ ഇല്ലാതെ സൂര്യനെ നോക്കരുത്– സുരേന്ദ്രൻ പറഞ്ഞു.
സൗരകളങ്കങ്ങൾ വർധിച്ചാൽ സൂര്യന്റെ ഒരു ഭാഗം തന്നെ എരിഞ്ഞടർന്നു മാറുമോ എന്നതു കാത്തിരുന്നു നിരീക്ഷിക്കണ്ട കാര്യമാണെന്ന് ശാസ്ത്രജ്ഞനായ ഡോ. ജോർജ് വർഗീസ് പറഞ്ഞു. അങ്ങനെ സംഭവിച്ചാൽ സൗരയൂഥത്തിലെ ഗ്രഹങ്ങളെയെല്ലാം അത് ബാധിക്കും.
ശരാശരി ഓരോ 11 വർഷം കൂടുമ്പോഴും സൗരക്കളങ്കങ്ങൾ വർധിച്ചതായി കാണാം. എആർ 3590 സൗരചക്രത്തിലെ സൈക്കിൾ 25 ന്റെ ഭാഗമാണ്. സൂര്യനിലെ കാന്തമണ്ഡലവുമായി ബന്ധപ്പെട്ടു കിടക്കുന്നവയാണു സൗരകളങ്കങ്ങൾ. പിരിഞ്ഞു കിടക്കുന്ന കാന്തമണ്ഡലത്തിലെ പ്രവർത്തനവും പെട്ടെന്ന് പുറത്തേക്കു വമിക്കുമ്പോൾ പൊട്ടിത്തെറിയുടെ രൂപത്തിൽ സൗരജ്വാലകൾ പുറത്തേക്ക് തെറിക്കും. ഇവയിലെ ചാർജുള്ള കണങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിൽ ശക്തമായ സ്വാധീനം ചെലുത്താൻ കഴിയുന്നവയാണ്. ധ്രുവ ദീപ്തി, വാർത്താ വിനിമയ ഉപഗ്രഹങ്ങൾ, വൈദ്യുത വിതരണം എന്നിങ്ങനെ പലമേഖലകളെയും ഇത് സ്വാധീനിക്കും. കളങ്കങ്ങൾ പ്രത്യക്ഷപ്പെട്ട് ഏതാനും മണിക്കൂറുകളോ ദിവസങ്ങളോ കഴിഞ്ഞ് അപ്രത്യക്ഷമാകുകയാണ് പതിവ്.