ADVERTISEMENT

വിവിധ രാജ്യങ്ങളിലെ ഡ്രൈവര്‍മാര്‍ക്കിടയില്‍, അസെന്‍ഡ്യുര്‍ നടത്തിയ സര്‍വേയിൽ പത്തുവര്‍ഷത്തിനുള്ളില്‍ വൈദ്യുത കാര്‍ വാങ്ങുമെന്ന പ്രതീക്ഷ പങ്കുവച്ച് 50% ഡ്രൈവര്‍മാര്‍. വൈകാതെ തന്നെ പാര്‍ക്കു ചെയ്യുന്ന സ്ഥലങ്ങളില്‍ തന്നെ വൈദ്യുത വാഹനം ചാര്‍ജു ചെയ്യാനുള്ള സൗകര്യം ലഭിക്കുമെന്ന പ്രതീക്ഷയും സര്‍വേയില്‍ പങ്കെടുത്ത 70 ശതമാനം പേരും പങ്കുവച്ചു. 

ലോകം കൂടുതല്‍ വേഗത്തില്‍ വൈദ്യുത വാഹനങ്ങളിലേക്കു പോവുന്നതില്‍ ചൈന പോലുള്ള രാജ്യങ്ങള്‍ ഇവിയിലേക്ക് അതിവേഗത്തില്‍ മാറുന്നതിനെ സര്‍വേ എടുത്തു പറയുന്നുണ്ട്. വരുന്ന ദശാബ്ദത്തിനുള്ളില്‍ ഇവി വാങ്ങുമെന്ന് സര്‍വേയില്‍ സമ്മതിച്ചത് 57 ശതമാനം പേരാണ്. അതേസമയം ജീവിതത്തില്‍ ഇവി വാങ്ങില്ലെന്ന് 11 ശതമാനം പേരും അവകാശപ്പെടുന്നുണ്ട്. 

അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ വൈദ്യുത കാര്‍ വാങ്ങുമെന്ന് സര്‍വേയില്‍ പങ്കെടുത്ത ചൈനക്കാരില്‍ 65 ശതമാനം പേരും പറയുന്നു. ഇതില്‍ 44%പേര്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ തന്നെ വൈദ്യുത കാര്‍ വാങ്ങുമെന്ന് പറയുന്നവരാണ്. അതേസമയം യൂറോപ്യന്‍ രാജ്യങ്ങളില്‍ വൈദ്യുത വാഹനത്തിനോടുള്ള പ്രിയം താരതമ്യേന കുറവാണെന്നതും ശ്രദ്ധേയമാണ്. ജര്‍മനിയിലും ഫ്രാന്‍സിലും യഥാക്രമം 37%, 36% പേര്‍ മാത്രമാണ് പത്തുവര്‍ഷത്തില്‍ വൈദ്യുത കാര്‍ വാങ്ങുമെന്ന് പറയുകയെങ്കിലും ചെയ്തത്. ഈ രാജ്യങ്ങള്‍ തന്നെയാണ് സര്‍വേയില്‍ പങ്കെടുത്തവരില്‍ വൈദ്യുത കാറിലേക്കു മാറാന്‍ വലിയ താല്‍പര്യം കാണിക്കാത്തത്. 

ആദ്യമായി വൈദ്യുത കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ എന്തുകൊണ്ടാണ് ഇവി തിരഞ്ഞെടുക്കുന്നതെന്ന ചോദ്യവും സര്‍വേയുടെ ഭാഗമായി ചോദിച്ചിരുന്നു. ഉയര്‍ന്ന കാര്യക്ഷമതയും പണത്തിനൊത്ത മൂല്യവും സുരക്ഷയുമാണ് പ്രധാന കാരണങ്ങളെന്നാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടത്. സര്‍വേയില്‍ പങ്കെടുത്ത 70 ശതമാനം പേരും ഭാവിയില്‍ വാഹനം പാര്‍ക്കു ചെയ്യുന്ന ഇടങ്ങളില്‍ തന്നെ ചാര്‍ജിങ് സൗകര്യം പ്രതീക്ഷിക്കുന്നുവെന്നത് ഏതു തരത്തിലുള്ള അടിസ്ഥാന സൗകര്യവികസനമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന സൂചന നല്‍കുന്നതാണ്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ വൈദ്യുത വാഹനങ്ങള്‍ വ്യാപകമാവുന്നതിന് വലിയ തടസമാവുന്നത് പരിമിതമായ അടിസ്ഥാന സൗകര്യങ്ങളാണ്. 

ഇവി വാങ്ങുമ്പോള്‍ എന്താണ് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുകയെന്ന  ചോദ്യത്തിന് ബാറ്ററിയുടെ വലിപ്പവും ഡ്രൈവിങ് റേഞ്ചുമെന്നാണ് മറുപടി ലഭിച്ചത്. വിപുലമായ വിവരശേഖരണങ്ങളുടേയും സര്‍വേകളുടേയും അഭിമുഖങ്ങളുടേയും അടിസ്ഥാനത്തിലാണ് അസെന്‍ഡ്യുര്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. അമേരിക്ക, ജര്‍മനി, ഫ്രാന്‍സ്, ചൈന, ഇറ്റലി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ വാഹനം ഓടിക്കുന്നവര്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. 

English Summary:

Will half of all drivers own electric cars in 10 years? A new survey reveals surprising insights into global EV adoption trends, consumer preferences, and the future of electric mobility.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT