ADVERTISEMENT

നൂറും ഇരുന്നൂറും കിലോമീറ്ററുകൾ സൈക്കിൾ ചവിട്ടുന്ന ആളുകൾ കുറച്ചു കാലം മുമ്പ് വരെ നമുക്ക് അമ്പരപ്പുണ്ടാക്കുന്ന വാർത്തയായിരുന്നു. എന്നാലിന്നു നൂറുകണക്കിനു കിലോമീറ്റർ ഒരു ദിവസം സൈക്കിളിൽ പിന്നിടുന്നത് ഒരു വാർത്തയേയല്ല. തൊണ്ണൂറു മണിക്കൂറിൽ 1200 കിലോമീറ്റർ താണ്ടി രാജ്യാന്തര സൈക്ലിങ് കമ്യൂണിറ്റിയിൽ 'പ്രഫഷന'ലായവർ വരെ ഇന്ന് നമ്മുടെ നാട്ടിലുണ്ട്.

vaan-moto-2

 

Vaan Moto
Vaan Moto

സൈക്കിളുകളുടെ പ്രചാരം വർധിച്ചതോടെ പല തരത്തിലുള്ള സൈക്കിളുകളും വിപണിയിലെത്തി. അക്കൂട്ടത്തിൽ ഒന്നാണ് ഇലക്ട്രിക് അസിസ്റ്റഡ് ബൈസിക്കിൾസ് എന്ന ഇലക്ട്രിക് സൈക്കിളുകൾ. രാജ്യാന്തര ബ്രാൻഡുകൾ പലതുമുള്ള ഈ വിപണിയിലേക്ക് എത്തിയ മെയ്ഡ് ഇൻ കേരള സൈക്കിളാണ് വാൻ. നിലവിൽ രണ്ടുമോഡലുകളാണ് വാൻ വിപണിയിലെത്തിക്കുന്നത്. കൊച്ചി, വരാപ്പുഴയിലെ ശാലയിൽ നിന്ന് പുറത്തിറങ്ങുന്ന ഈ സൈക്കിളുകളെക്കുറിച്ച് കൂടുതൽ അറിയാം.

 

vaan-moto-3

വാനിലേറി കേരളം

 

vaan-moto-8

കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് സൈക്കിൾ, വാൻ മോട്ടോ പുറത്തിറക്കുന്ന സൈക്കിളിനെ ഒറ്റവാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം. നിർമാണം കേരളത്തിലാണെങ്കിലും ബെനെല്ലി ഡിസൈൻ ചെയ്ത സൈക്കിളാണ് ഇത്. ഒറ്റ ചാർജിൽ  60 കിലോമീറ്റർ ദൂരം താണ്ടും ഈ  ഇലക്ട്രിക് സൈക്കിള്‍. അർബൻ സ്പോർട്ട് പ്രൊ, അർബൻ സ്പോർട്ട് എന്നീ വേരിയന്റുകളാണ് വാൻ മോട്ടോ ഇപ്പോൾ വിപണിയിൽ എത്തിച്ചിരിക്കുന്നത്. 

 

ഡിസൈൻഡ് ബൈ ബെനെല്ലി

 

vaan-moto-6

ഇറ്റാലിയൻ ബൈക്ക് കമ്പനി ബെനെല്ലി ഡിസൈൻ ചെയ്ത ഘടകങ്ങളാണ് സൈക്കിളിന്റെ ഏറ്റവും വലിയ സവിശേഷത. ആരുടെയും കണ്ണുടക്കുന്ന രൂപകൽപന. ഭാരം കുറഞ്ഞ 6061 അലുമിനിയം അലോയിൽ നിർമിച്ചിരിക്കുന്ന യൂണിസെക്സ് ഫ്രെയിം അതിമനോഹരം. അലോയ് തന്നെയാണ് ഹാൻഡിൽ ബാറും സ്റ്റെമ്മും സീറ്റ് പോസ്റ്റും. 'ഡിസൈൻഡ് ബൈ ബെനെല്ലി' എന്ന ബാഡ്ജിങ് സൈക്കിളിന്റെ പല ഭാഗങ്ങളിലും കാണാം. 20–ഇഞ്ച് വീലുകളാണ് സൈക്കിളിന് നൽകിയിരിക്കുന്നത്. സ്പിന്നർ യുഎസ്‍എയുടെ 80 എംഎം ട്രാവൽ സസ്പെൻഷൻ ഫോർക്കും വീതി കൂടിയ ടയറുകളും ഏതു ടെറൈനുകളിലും യാത്രാസുഖം നൽകും. 

 

vaan-moto

ഒറ്റ ചാർജിൽ 60 കിലോമീറ്റർ

 

ഫ്രെയിമിൽ സീറ്റ് ടൂബിന്റെ പിന്നിലായിട്ടാണ് 7.5 എഎച്ച് ലിഥിയം അയൺ ബാറ്ററി യൂണിറ്റിന്റെ സ്ഥാനം.  ഒരു പ്രാവശ്യം ചാർജ് ചെയ്താൽ 60 കിലോമീറ്റർ വരെ ഈ സൈക്കിൾ സഞ്ചരിക്കും. വീട്ടിലെ സാധാരണ പ്ലഗിൽ നിന്നും നാലു മണിക്കൂറിൽ ബാറ്ററി ഫുൾ ചാർജ് ആകും. ലിഥിയം അയൺ ബാറ്ററി പായ്ക്ക് സൈക്കിളിൽനിന്നു വേർപെടുത്തി വീട്ടിനകത്തേക്കോ, ഓഫീസിനുള്ളിലേക്കോ കൊണ്ടുപോയി ചാർജ് ചെയ്യാം. 

 

കരുത്തുറ്റ ഹബ് മോട്ടർ

 

പുറകിലെ വീലിലാണ് 250 വാട്ട് ഹബ് മോട്ടർ ഘടിപ്പിച്ചിരിക്കുന്നത്. പരമാവധി 45 എൻഎം ടോർക്ക് ഇത് നൽകും. ഹാൻഡിൽ ബാറിൽ ഇടതുവശത്ത് നൽകിയിരിക്കുന്ന എൽസിഡി കൺട്രോൾ യൂണിറ്റു വഴി സൈക്കിളിന്റെ ഇലക്ട്രിക് പവർ നിയന്ത്രിക്കാം. കൂടാതെ മോഡ് മാറ്റുകയും ചെയ്യാം. അതിലെ ഡിസ്പ്ലെയിൽ ബാറ്ററി ചാർജ് എത്രയുണ്ടെന്നും അറിയാൻ സാധിക്കും. ഹാൻഡിൽ ബാറിന്റെ ഇടതുവശത്താണ് ത്രോട്ടിൽ നോബ്. മറ്റു സൈക്കിളുകളെപ്പോലെ ഹാൻഡിൽ ഗ്രിപ്പിൽ തന്നെ നൽകാത്തത് സുരക്ഷിതത്വം വർധിപ്പിക്കുന്നു. പരമാവധി വേഗം മണിക്കൂറിൽ 25 കി.മീ ആണ്. 

 

മൂന്നു മോഡുകൾ

 

മൂന്നു തരത്തിൽ ഈ സൈക്കിൾ ഓടിക്കാൻ സാധിക്കും. ബാറ്ററി ഓഫ് ചെയ്ത് പൂർണായി പെഡലിങ് നടത്താം. അല്ലെങ്കില്‍ പെഡല്‍ ചെയ്യാതെ ബാറ്ററി കരുത്തിൽ ഓടാം. പെഡൽ അസിസ്റ്റ് മോഡാണെങ്കിൽ പെഡലിങ്ങിൽ ഇലക്ട്രിക് മോട്ടറിന്റെ സഹായം കിട്ടും. ഇലക്ട്രിക് റൈഡിങ്ങിൽ അഞ്ചു ലെവലുകളുണ്ട്, അതു തിരഞ്ഞെടുക്കുന്നതിന് അനുസരിച്ച് സൈക്കിളിന്റെ പെഡൽ അസിസ്റ്റിന്റെ സ്വഭാവം മാറും. ഡിസ്പ്ലേ യൂണിറ്റിലെ പ്ലസ്, മൈനസ് ബട്ടൺ അമർത്തിയാൽ ഇലക്ട്രിക് അസിസ്റ്റിങ് പെഡലിങ്ങിന്റെ അഞ്ചു ലെവലുകൾ തിരഞ്ഞെടുക്കാം. ബാറ്ററി ചാർജില്ലെങ്കിൽ പോലും ആയാസരഹിമായ പെഡലിങ്ങിന് ഷിമാനോ ടേണിയുടെ സെവൻ സ്പീഡ് ഗീയർ സിസ്റ്റവുമുണ്ട്. രണ്ടുവീലിലും നൽകിയിരിക്കുന്ന മെക്കാനിക്കൽ ഡിസ്ക് ബ്രേക്കുകൾ ഏതുവേഗത്തിലും സൈക്കിളിനെ പിടിച്ചു നിർത്തും. വീതികൂടിയ ടയറുകൾ നല്ല സ്റ്റെബിലിറ്റി നൽകുന്നു. 

 

വില, വാറന്റി

 

ഫ്രെയിമിനു 5 വർഷം വാറന്റിയും ബാറ്ററിക്കും മോട്ടറിനും കണ്‍ട്രോളറിനും 2 വർഷവും ബാക്കി ഘടകങ്ങൾക്ക് 1 വർഷവും വാറിന്റി വാൻ നൽകുന്നുണ്ട്. അർബൻ സ്പോർട്ടിന് 59999 രൂപയും അർബൻ സ്പോർട്പ്രോയ്ക്ക് 69999 രൂപയുമാണ് വില. 

 

നഗരപരിധിയിലെ യാത്രകൾക്ക് ഏറ്റവും അനുയോജ്യമാണ് വാൻ മോട്ടോയുടെ ഈ ഇലക്ട്രിക് സൈക്കിളുകൾ. ആയാസരഹിതമായ സൈക്കിളിങ് ആണ് വാൻ മോട്ടോ സൈക്കിൾ പ്രേമികൾക്ക് നൽകുന്ന ഓഫർ. അതായത്, ചവിട്ടാൻ തോന്നുമ്പോൾ അങ്ങനെ ആകാം... മടുത്താലോ, ഇലക്ട്രിക് മോഡിലിട്ട് പോകാം. രണ്ടായാലും ഈ ഇലക്ട്രിക് സൈക്കിൾ ഡബിൾ ഓകെ.

 

English Summary: Know More About Vaan Moto Electric Cycle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com