തൊഴിലാളികൾക്ക് തിരിച്ചടി: ബ്രിട്ടനിലെ പ്രമുഖ ബാങ്ക് അവരുടെ 95 ബ്രാഞ്ചുകൾ അടച്ചുപൂട്ടുന്നു

Mail This Article
ലണ്ടൻ ∙ ബ്രിട്ടനിലെ പ്രമുഖ ബാങ്കായ സാന്റാൻഡർ രാജ്യത്തെ 95 ബ്രാഞ്ചുകൾ അടച്ചുപൂട്ടുന്നു. ബാങ്ക് ശാഖകൾ ഇല്ലാതാകുന്നതോടെ ഇവിടെ ജോലി ചെയ്യുന്ന 750 പേർക്ക് തൊഴിലും നഷ്ടപ്പെടും. ബാങ്ക് ഉപയോക്താക്കൾ കൂട്ടത്തോടെ ഓൺലൈൻ ബാങ്കിങ്ങിലേക്ക് മാറിയ സാഹചര്യത്തിലാണ് ഹൈസ്ട്രീറ്റ് ബ്രാഞ്ചുകളുടെ എണ്ണം കുറയ്ക്കാൻ ബാങ്ക് തീരുമാനിച്ചത്. ജൂൺ മാസത്തിൽ തീരുമാനം പ്രാബല്യത്തിലാകും.
ഇതിനു പുറമെ 36 ബ്രാഞ്ചുകളുടെ പ്രവർത്തന സമയം വെട്ടിക്കുറയ്ക്കും. മറ്റു 18 ബ്രാഞ്ചുകളിൽ ഫ്രണ്ട് ഓഫിസിന്റെ പ്രവർത്തനം അവസാനിപ്പിക്കും. 95 ബ്രാഞ്ചുകൾ പൂട്ടുന്നതോടെ നിലവിലുള്ള 444 ബ്രാഞ്ചുകൾ 349 ആയി കുറയും. ബ്രാഞ്ചുകൾ പൂട്ടുന്ന സ്ഥലങ്ങളിൽ കമ്യൂണിറ്റി ബാങ്കർമാരുടെ പ്രവർത്തനം ലഭ്യമാക്കുമെന്ന് ബാങ്ക് വ്യക്തമാക്കി. ലൈബ്രറികൾ ഉൾപ്പെടെയുള്ള ലോക്കൽ കമ്മ്യൂണിറ്റി സെന്ററുകളിൽ ആഴ്ചതോറും ബാങ്ക് ഉദ്യോഗസ്ഥരെത്തി ആളുകളുടെ ബാങ്കിങ് ആവശ്യങ്ങൾക്ക് സഹായം ഒരുക്കുന്ന പദ്ധതിയാണിത്.
ഇതിനു പുറമെ തിരഞ്ഞെടുക്കപ്പെട്ട ലൊക്കേഷനുകളിൽ വർക്ക് കഫേകളും ആരംഭിക്കും. പണം പിൻവലിക്കൽ ഉൾപ്പെടെയുള്ള ബാങ്കിങ് ആവശ്യങ്ങൾ ലഭ്യമാക്കിയായിരിക്കും കഫേകളുടെ പ്രവർത്തനം. ഡിജിറ്റൽ ബാങ്കിങ്ങിലേക്ക് ആളുകൾ അതിവേഗം മാറുന്നതിനാലാണ് ലോക്കൽ ബ്രാഞ്ചുകളുടെ പ്രവർത്തനം നിർത്തലാക്കാൻ നിർബന്ധിതരാകുന്നതെന്ന് ബാങ്ക് വ്യക്തമാക്കി. എങ്കിലും ഉപയോക്താക്കൾക്ക് അധികം ബുദ്ധിമുട്ട് അനുഭവപ്പെടാത്ത വിധമാകും ബ്രാഞ്ചുകൾ നിർത്തലാക്കുകയെന്നും അധികൃതർ പറഞ്ഞു.
പല സ്ഥലങ്ങളിലും എംപിമാരും മറ്റു ജനപ്രതിനിധികളും ഇതിനെതിരേ ശക്തമായി പ്രതികരിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. ജനുവരിയിൽ ലോയിഡ്സ് ബാങ്കും 136 ശാഖകൾ അടച്ചുപൂട്ടിയിരുന്നു. എച്ച്.എസ്.ബി.സി, ബാർക്ലേസ്, ഹാലിഫാക്സ് തുടങ്ങിയ വൻകിട ബാങ്കിങ് കമ്പനികളെല്ലാം നേരത്തെതന്നെ രാജ്യത്ത് നൂറുകണക്കിന് ശാഖകളുടെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. ഇതിനു പുറമെയാണ് ഇപ്പോൾ സന്റാൻഡറും ലോയിഡ്സ് ബാങ്കും ശാഖകൾ പൂട്ടുന്നത്.