വിവാഹിതനായി നാട്ടിൽ നിന്നെത്തി രണ്ടാം ദിനം വാഹനാപകടം; സൗദിയിൽ ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു

Mail This Article
യാംബു∙ സൗദിയിൽ വാഹനമിടിച്ച് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്നാട് സ്വദേശി മരിച്ചു. തമിഴ്നാട്ടിലെ കടയനല്ലൂർ പുളിയങ്ങാടി സ്വദേശിയായ സയ്യിദ് അലി (38) ആണ് മരിച്ചത്. യാംബു ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു.
മൊയ്‌തീൻ അബ്ദുൽ ഖാദറിന്റെയും റൈവു അമ്മാളിന്റേയും മകനാണ്. ഭാര്യ: നസ്‌കത്ത്. ഫെബ്രുവരി എട്ടിന് യാംബുവിലെ ടൊയോട്ട സിഗ്നലിനടുത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് വാഹനം ഇടിച്ച് ഗുരുതരമായി പരുക്കേറ്റത്. യാംബുവിൽ അൽ ബെയ്ക്ക് കമ്പനി ജീവനക്കാരനായിരുന്നു.
20 ദിവസത്തെ അവധിയിൽ നാട്ടിൽ പോയി വിവാഹിതനായി തിരിച്ചെത്തി രണ്ടാം ദിവസമാണ് അപകടം നടന്നത്. തലയിലേറ്റ ക്ഷതം മൂലം യാംബു ജനറൽ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയ കഴിഞ്ഞ് 17 ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തിൽ കഴിയവെയാണ് മരണം.