ഇത് പറക്കും കാർ: മണിക്കൂറിൽ 25 മൈൽ വേഗം; പരീക്ഷണം നടുറോഡിൽ, വിഡിയോ വൈറൽ

Mail This Article
കലിഫോർണിയ ∙ ഏതാണ്ട് 2.6 കോടി രൂപ വിലമതിക്കുന്ന പറക്കും കാർ. പരീക്ഷണം നടത്തിയത് നടുറോഡിൽ മറ്റൊരു വാഹനത്തിന് മുകളിലൂടെ പറന്ന്. പറക്കും കാറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ആദ്യ കാഴ്ചയിൽ സിനിമയിലെ സീൻ ആണെന്നേ തോന്നൂ. എന്നാൽ കലിഫോർണിയയിലെ വാഹനനിർമാതാക്കളായ അലെഫ് എയ്റോനോട്ടിക്സ് ആണ് ഇലക്ട്രിക് പറക്കും കാർ നടുറോഡിൽ പരീക്ഷിച്ചതിന്റെ വിഡിയോ പുറത്തുവിട്ടത്. നഗരത്തിന് നടുവിലെ പരീക്ഷണം വിജയകരമായതോടെയാണ് കമ്പനി വിഡിയോ പങ്കുവച്ചത്.
നഗരത്തിലെ ഗതാഗത തിരക്കിനിടെ കാർ ഡ്രൈവിന്റെയും ലംബമായുള്ള ടേക്ക് ഓഫിന്റെയും ആദ്യ പരീക്ഷണമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇലക്ട്രിക് കാർ അന്തരീക്ഷത്തിലേക്ക് പതുക്കെ പറന്നുയരുന്നതും സ്ട്രീറ്റിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളുടെ മുകളിലൂടെ ഒഴുകി പോകുന്നതുമാണ് വിഡിയോയിലുള്ളത്.
'യഥാർഥ ലോകത്തിന്റെ നഗരാന്തരീക്ഷത്തിൽ ടെക്നോളജിയുടെ സുപ്രധാനമായ തെളിവാണിത്. റൈറ്റ് സഹോദരന്മാരുടെ കിറ്റി ഹൗക് വിഡിയോയ്ക്ക് സമാനമാണിതെന്നാണ് പ്രതീക്ഷിക്കുന്നത്. പുത്തൻ ഗതാഗത ശൈലി സാധ്യമാണെന്ന് മനുഷ്യരാശിക്ക് തെളിയിച്ചു കൊടുക്കുന്നതാണ് വിഡിയോ'-കമ്പനി സിഇഒ ജിം ഡുഖോവ്നി പറയുന്നു. ഇത്തരമൊരു പറക്കും കാർ വികസിപ്പിച്ചതിലൂടെ ഗതാഗത കുരുക്കിന് പരിഹാരമാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
അതേസമയം വിഡിയോയെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുള്ളത്. വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് ചിലർ പറയുന്നത്. കാറിന്റെ ഡിസൈനിലുള്ള വലിയ ഡ്രോൺ എന്നാണ് മറ്റു ചിലർ വിശേഷിപ്പിച്ചത്. പറക്കും കാർ എങ്ങനെയാണ് ഗതാഗത കുരുക്ക് പരിഹരിക്കുന്നതെന്നാണ് ചിലരുടെ ആശങ്ക.
നിലവിൽ മണിക്കൂറിൽ 25 മൈൽ ആണ് കാറിന്റെ വേഗം. മുൻപിലും പിറകിലും നാല് വീതം റോട്ടറുകൾ ഉപയോഗിച്ചാണ് കാർ പറക്കുന്നത്. വിഡിയോ വൈറൽ ആയതോടെ ഇതിനകം 3,000 പ്രീ–ഓർഡറുകൾ കമ്പനിക്ക് ലഭിച്ചു കഴിഞ്ഞു. ഒരു കാറിന് 3,00,000 ഡോളർ ആണ് വില വരുന്നത്. വിഡിയോ കാണാം :