ADVERTISEMENT

സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം പഠനാവശ്യത്തിനായി മെഡിക്കൽ കോളജിനു വിട്ടുനൽകാനുള്ള തീരുമാനം മരണശേഷം തർക്കമായി. മൃതദേഹം പഠനാവശ്യത്തിനായി മെഡിക്കൽ കോളജിന് വിട്ടുനൽകുന്നതു സംബന്ധിച്ച നടപടികളെന്തൊക്കെ? ഈ മൃതദേഹങ്ങൾക്ക് പിന്നീട് എന്ത് സംഭവിക്കുന്നു?

എങ്ങനെ നൽകാം?
∙ ഒരാൾക്ക് മരണ ശേഷം തന്റെ ശരീരം പഠന ആവശ്യത്തിനായി മെഡിക്കൽ കോളജിനു നൽകണമെങ്കിൽ ആദ്യം മെഡിക്കൽ കോളജ് അനാട്ടമി വിഭാഗത്തിൽ എത്തി ഫോം പൂരിപ്പിച്ച് നൽകണം. ഇതിൽ അടുത്ത ബന്ധുക്കളുടെ സമ്മതപത്രം വേണം. മൃതദേഹം വിട്ടുകൊടുക്കാമെന്ന വിവരങ്ങളുള്ള ഒരു വിൽപത്രം തയാറാക്കണം. നോട്ടറി വേണം ഇതു തയാറാക്കാൻ. ഇതിന്റെ ഒരു കോപ്പി മൃതദേഹം നൽകാൻ ഉദ്ദേശിക്കുന്ന അനാട്ടമി വിഭാഗം അധികൃതർക്ക് കൈമാറണം. ഒരു കോപ്പി വീട്ടിൽ എല്ലാവരുടെയും അറിവോടെ സൂക്ഷിക്കാം.

∙ഇത്തരം നടപടികൾ ചെയ്തിട്ടില്ലെങ്കിലും അടുത്ത രക്തബന്ധമുള്ളവർ എല്ലാവരുംകൂടി ഒരുമിച്ച് തീരുമാനിച്ചാൽ മൃതദേഹം പഠനത്തിനായി മെഡിക്കൽ കോളജിനു വിട്ടുകൊടുക്കാം. അത്തരത്തിൽ മൃതദേഹം വിട്ടുകൊടുക്കാൻ കൊണ്ടുവരുന്നതിനു മുൻപ് മെഡിക്കൽ കോളജിലെ അനാട്ടമി വിഭാഗവുമായി ബന്ധപ്പെട്ട് അനുമതി തേടണം.

∙ മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുന്ന അനാഥ മൃതദേഹങ്ങളും മെഡിക്കൽ കോളജിന് പഠനാവശ്യത്തിനു കൈമാറുന്നുണ്ട്. ഇതു സംബന്ധിച്ചു നിയമപരമായി അറിയിപ്പ് നൽകുകയും പരമാവധി സമയം കാത്തുവയ്ക്കുകയും ചെയ്തിട്ടും ആരും എത്താതിരുന്നാൽ പൊലീസിന്റെ അനുമതിയോടെയാണു പഠന ആവശ്യത്തിനു കൈമാറുന്നത്.

ഏതു പ്രായം?
ഏതു പ്രായത്തിലുള്ളവരുടെ മൃതദേഹങ്ങളും പഠനത്തിനായി മെഡിക്കൽ കോളജിൽ ഏറ്റെടുക്കും. സ്ത്രീകൾ, കുട്ടികൾ എന്നിവരുടെ മൃതദേഹങ്ങൾ വളരെ കുറവാണ് ലഭിക്കുന്നതെന്ന് ഈ രംഗത്തു പ്രവർത്തിക്കുന്നവർ പറയുന്നു. കൂടുതൽ അഴുകിത്തുടങ്ങിയ മൃതദേഹങ്ങൾ പഠനാവശ്യത്തിന് ഏറ്റെടുക്ക ില്ല.

ഏറ്റെടുത്താലോ?
നിയമപരമായി ഏറ്റെടുത്ത മൃതദേഹങ്ങളിൽ പിന്നീട് ബന്ധുക്കൾക്ക് അവകാശം ഉണ്ടാവില്ല. ഈ മൃതദേഹം സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും പ്രത്യേകം റജിസ്റ്ററിൽ രേഖപ്പെടുത്തി വയ്ക്കും. പ്രായം, മരണ കാരണം, രോഗങ്ങൾ ഉണ്ടായിരുന്നോ, ശരീരത്തിലെ പാടുകൾ തുടങ്ങി എല്ലാ വിവരങ്ങളും റജിസ്റ്ററിൽ ഉണ്ടാകും. മുടി, രോമങ്ങൾ എന്നിവ നീക്കം ചെയ്ത ശേഷം ശരീരം എംബാം ചെയ്യും. ശരീരത്തിലെ ഞരമ്പുകളിലൂടെ മനുഷ്യശരീരം കേട് കൂടാതിരിക്കാനുള്ള ലായനികൾ കയറ്റും. എന്നിട്ട് അനാട്ടമി വിഭാഗത്തിലെ പ്രത്യേക ലായനികൾ നിറച്ച ടാങ്കിൽ സൂക്ഷിക്കും. നിശ്ചിത ദിവസം ലായനി ടാങ്കിൽ മുക്കി വച്ച ശേഷമാണ് ഇവ പഠനാവശ്യത്തിനായി പുറത്തെടുക്കുന്നത്.

മൃതദേഹ പഠനം
മെഡിക്കൽ കോളജിലെ ബിരുദ– ബിരുദാനന്തര വിദ്യാർഥികളാണ് കൂടുതലായും മൃതദേഹ പഠനത്തിന് എത്തുന്നത്. പഠനത്തിനുശേഷം അനാട്ടമി വിഭാഗത്തിലെ സുരക്ഷിതമായ കിണറ്റിലേക്ക് ഇവ മാറ്റും. മൃതദേഹ ഭാഗങ്ങൾ പുറത്തുവരാത്തതും പരിസര മലിനീകരണം ഉണ്ടാകാത്തതുമായ ആഴമേറിയ ഈ കിണറിന്റെ മുകൾഭാഗം അടച്ചുപൂട്ടിയാണ് വയ്ക്കുക.

സൂക്ഷിച്ചു വയ്ക്കും
മൃതദേഹങ്ങളുടെ ആന്തരികാവയവങ്ങൾ പ്രത്യേക ലായനി നിറച്ച ചില്ലു കുപ്പിയിൽ കേടുവരാതെ സൂക്ഷിച്ച് വയ്ക്കാറുണ്ട്. പിന്നീട് വരുന്ന മെഡിക്കൽ വിദ്യാർഥികൾക്ക് പഠിക്കുന്നതിനും പൊതുജനങ്ങൾക്കായി നടത്തുന്ന ആരോഗ്യ ബോധവൽക്കരണ പ്രദർശനങ്ങൾക്കും വേണ്ടിയാണിത്. ഓരോ രോഗവും ഒരാളിന്റെ ആന്തരിക അവയവങ്ങളെ എങ്ങനെ ബാധിക്കുമെന്ന് ഇത്തരം ആന്തരിക അവയവങ്ങളുടെ പ്രദർശനങ്ങൾ നമ്മളെ കാണിച്ചു തരുന്നു.

തിരിച്ചു കൊടുത്തു; ഒരിക്കൽ മാത്രം
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പഠനത്തിനായി ഏറ്റെടുത്ത് നടപടികൾ പൂർത്തിയാക്കിയ ഒരു മൃതദേഹം അനാട്ടമി വിഭാഗത്തിലെ ടാങ്കിൽ നിന്ന് പുറത്തെടുത്ത് ബന്ധുക്കൾക്കു കൈമാറിയത് 15 വർഷം മുൻപാണ്. പത്തനംതിട്ട സ്വദേശിയുടേതായിരുന്നു ആ ശരീരം. ജയിൽ ശിക്ഷ അനുഭവിച്ചിരുന്ന ആളെ പിന്നീട് കാണാതാകുകയും പരുക്കേറ്റ നിലയിൽ ഇദ്ദേഹത്തെ ആരോ മെഡിക്കൽ കോളജിൽ എത്തിക്കുകയും ആയിരുന്നു. ചികിത്സയിലിക്കെ മരിച്ചു. മൃതദേഹം ആശുപത്രി അധികൃതർ പഠനാവശ്യത്തിനായി വിട്ടു നൽകി.  ഇദ്ദേഹം പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നതായി വാർത്ത വന്ന പത്രം മാസങ്ങൾക്കു ശേഷം അദ്ദേഹത്തിന്റെ ഭാര്യയുടെ ശ്രദ്ധയിൽപെട്ടു. തടുർന്ന് അവർ ഭർത്താവിനെ അന്വേഷിച്ച് മെഡിക്കൽ കോളജിൽ എത്തുകയായിരുന്നു. അന്ത്യകർമങ്ങൾ ചെയ്യുന്നതിനു ഭർത്താവിന്റെ മൃതദേഹം വിട്ടു നൽകണം എന്നുളള ഭാര്യയുടെ ആവശ്യം പരിഗണിച്ച് ഇൗ മൃതദേഹം അനാട്ടമി വിഭാഗത്തിലെ ലായനി ടാങ്കിൽ നിന്ന് എടുത്ത് ബന്ധുക്കൾക്ക് കൈമാറി.

English Summary:

A comprehensive guide to the body donation process for medical studies in India. It covers the legal requirements, procedures for relatives, and how medical colleges utilize donated bodies for education and research.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com