‘ഇരിപ്പു’ തീരുമാനിക്കും ഭാവി; നല്ല ‘പിന്തുണ’ ഇല്ലെങ്കിൽ ഡിസ്ക് തെറ്റും, കസേരയിലും വേണം കരുതൽ
Mail This Article
കുട്ടിയോട് ഇരുന്നു പഠിക്കൂ എന്നു നിർബന്ധിക്കുന്ന മാതാപിതാക്കൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്– കുട്ടിയുടെ ഇരിപ്പും ഇരുന്നു പഠിക്കുന്ന കസേരയും, പഠിക്കാനിരിക്കുമ്പോൾ കുട്ടിയുടെ നട്ടെല്ല് ഒട്ടും വളയാൻ പാടില്ല. നട്ടെല്ലു വളഞ്ഞാൽ ഉറക്കം വരുമെന്ന് ഉറപ്പാണ്. പണ്ടു നായർ തറവാടുകളിൽ അമ്മാവന്മാർ തങ്ങളുടെ സ്വൈര വിഹാരത്തിനു തടസ്സമായി മാറിയപ്പോൾ അനന്തരവന്മാർ ചെയ്ത ഒരു വേലയുണ്ട്. അമ്മാവന്മാരെ ഒതുക്കാനായി അവർ ഒരു തുണി ചാരുകസേര ഉണ്ടാക്കി. എന്നിട്ട് ഒരു നിയമവും ഉണ്ടാക്കി. ഇത് അമ്മാവനുള്ള ചാരുകസേര. അമ്മാവനല്ലാതെ മറ്റാരും ഇത് ഉപയോഗിക്കാൻ പാടുള്ളതല്ല ! അമ്മാവൻ നേരേ വന്ന് ചാരുകസേരയിൽ കിടക്കും. നട്ടെല്ലു നല്ല പോലെ വളഞ്ഞുള്ള കിടപ്പ്. വേഗത്തിൽ നല്ല സുഖം പിടിച്ച ഉറക്കത്തിലേക്കു വീഴും. പിന്നെ മൂന്നാലു മണിക്കൂർ നേരത്തേക്ക് അനന്തരവന്മാർക്ക് അമ്മാവന്റെ ചീത്ത കേൾക്കേണ്ടി വരില്ല. അവർ ഹാപ്പി.
ചാരുകസേരയുടെ ഡിസൈൻ ഉറക്കം വരുത്തുന്നതാണ്. അതിൽ അലസമായി കിടക്കാം. പഠിക്കാനാണെന്നും പറഞ്ഞ് അതിൽ പുസ്തകവുമായി കയറിക്കിടന്നാൽ ഉറക്കം ഉറപ്പാണ്. അതുകൊണ്ട് കുട്ടികളെ ഒരിക്കലും ചാരുകസേരയിൽ കിടന്നു പഠിക്കാൻ അനുവദിക്കരുത്. പഠിക്കുമ്പോൾ നട്ടെല്ലു നേരേ നിവർന്നിരിക്കത്തക്ക വിധത്തിലുള്ള കസേരകൾ തന്നെയാണ് അനുയോജ്യം. അങ്ങനെയായാൽ ദീർഘനേരം ഇരുന്നു പഠിക്കുവാൻ സാധിക്കും. പറ്റുമെങ്കിൽ രണ്ടു തലയണകൾ കൂടി കൊടുക്കണം. ഒന്നു കുട്ടിയുടെ ശരീരഭാരം താങ്ങാൻ വച്ചു കൊടുക്കാം. രണ്ടാമത്തേതു ചാരിയിരിക്കുന്ന ഭാഗത്തു നട്ടെല്ലിനു സപ്പോർട്ടായി വയ്ക്കാം.
തലയണ നല്ല പോലെ നട്ടെല്ലിനെ താങ്ങി സുഖം നൽകും. ഈ രീതിയിൽ ഏറെ നേരമിരുന്നു പഠിച്ചാൽ ഉറക്കം വരില്ലെന്നു കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിലെ മറ്റു ഭാഗങ്ങൾ പോലെയല്ല, സങ്കീർണമാണു നട്ടെല്ലിന്റെ ഘടന. ഒരു അസ്ഥി, അതിനിടയിൽ ഡിസ്ക്, ജോയിന്റുകൾ അതിന്റെ ബന്ധിപ്പിക്കുന്ന ലിഗമെന്റ്സ് എന്നിവ ചേർന്നതാണു നട്ടെല്ല്. ഓരോ ജോടി എല്ലുകളും ചേരുന്ന ഭാഗത്തു കട്ടിയുള്ള ആവരണത്തോടുകൂടിയ ജെല്ലി പോലുള്ള ഡിസ്ക് കാണാം. ഒരു വാഹനത്തിന്റെ ഷോക് അബ്സോർബർ പോലെ എല്ലുകൾക്കിടയിൽ ഇത് ഒരു കുഷൻ എന്ന പോലെ പ്രവർത്തിക്കുന്നു. നട്ടെലു വളഞ്ഞുള്ള ഇരിപ്പ് മസിലുകൾക്കും ചുമലുകൾക്കും നട്ടെല്ലിനു തന്നെയും അമിതമായ സമ്മർദമാണ് നൽകുക. ഇത് ക്ഷീണത്തിന് ഇടയാക്കും. ദീർഘനാളുകൾ ഈ രീതിയിൽ ഇരുന്നാൽ അതു പിന്നീടു കൂനായി പരിണമിക്കാനും ഇടയുണ്ട്. നട്ടെല്ലിനു വളവുണ്ടായാൽ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുകയും തുടർന്നു ശ്വാസകോശ രോഗങ്ങൾക്ക് ഇടയാക്കുകയും ചെയ്യും. ഇന്നത്തെ ചെറുപ്പക്കാർ ഇലക്ടോണിക് ഉപകരണങ്ങളും ഗാഡ്ജറ്റുകളുമൊക്കെ ദീർഘസമയം കൈകാര്യം ചെയ്യുന്നവരാണ്. ചാഞ്ഞിരുന്നുകൊണ്ടു വളരെ നേരം ഇവ ഉപയോഗിക്കുന്നതു ഹാനികരമാണ്. ഇതു നട്ടെല്ലു വളയുന്നതിനു കാരണമാകുമെന്നു പറയേണ്ടതില്ലല്ലോ. ഓഫിസിൽ പകൽ മുഴുവൻ കംപ്യൂട്ടറിനു മുന്നിലിരുന്നിട്ട് വൈകിട്ട് വീട്ടിലെത്തി നടുവിനു കൈകുത്തി കട്ടിലിലേക്കു വീഴുന്നവരും കുറവല്ല.
ആരോഗ്യമുള്ള ശരീരത്തിനും മനസ്സിനുമായി നട്ടെല്ലു വളയാതെയുള്ള നല്ല ഇരിപ്പിനു പ്രാധാന്യമുണ്ടെന്നു മനസ്സിലായല്ലോ. സ്കൂളിൽ വെറും ബെഞ്ചിലിരുന്നാണു കുട്ടി പഠിക്കുന്നതെങ്കിൽ പഠിപ്പിക്കുന്നതിൽ കാര്യമായ ശ്രദ്ധ കുട്ടിക്കു കിട്ടണമെന്നില്ല. ചെറിയ പ്രായത്തിൽ ഞാനും ബെഞ്ചിലിരുന്നാണു പഠിച്ചത്. നട്ടെല്ലിനു വേണ്ട വിധം സപ്പോർട്ട് കിട്ടാത്തതു കൊണ്ടാണ് അധ്യാപകർ പറയുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരുന്നത്. നട്ടെല്ലു പല പൊസിഷനുകളിലേക്കു മാറുന്നതോടെ മനസ്സും ശരീരവും അസ്വസ്ഥമാകും. അതേ സമയം നട്ടെല്ലിനു സപ്പോർട്ട് കിട്ടുംവിധം ഒരു ചാരുപടിയോ അല്ലെങ്കിൽ പുറകുവശത്തെ ഡസ്കിന്റെ സപ്പോർട്ടോ ഉണ്ടെങ്കിൽ നട്ടെല്ലുനിവർത്തി സുഖകരമായി ഇരിക്കാനാകും.
കസേരയുടെ ഉയരം, ബാക്ക് സപ്പോർട്ടിന്റെ സ്ഥാനം എന്നിവ ഇടയ്ക്കിടെ മാറ്റുന്നതിലൂടെ ഒരേ ഇരിപ്പ് ഇരിക്കുന്നതിന്റെ പ്രശ്നങ്ങളും പരിഹരിക്കാനാകും. തല അൽപം കുനിച്ചു പിടിച്ചുള്ള ഇരിപ്പാണു പഠിക്കാൻ ഏറ്റവും നല്ലതെന്നു ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടു കുട്ടി ഇരുന്നു പഠിക്കുന്ന കസേര അച്ഛനമ്മമാർ പ്രത്യേകം ശ്രദ്ധിക്കുകയും ഡിസൈൻ ചെയ്യുകയും വേണം. സ്കൂളിൽ കുട്ടി ഇരിക്കുന്ന കസേരയ്ക്ക് മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ അക്കാര്യം സ്കൂൾ അധികൃതരോടു സംസാരിച്ചു മാറ്റം വരുത്തേണ്ടതും അത്യാവശ്യമാണ്.
ഇരുന്ന് ജോലി ചെയ്യുന്നവർ നിർബന്ധമായും ചെയ്യേണ്ട യോഗാസനം - വിഡിയോ