ADVERTISEMENT

ഏതൊരു മനുഷ്യനും തന്റെ ഹൃദയത്തിന്റെ ആരോഗ്യം മറ്റൊന്നിനും പകരമാകില്ല.ആധുനികവൈദ്യശാസ്ത്രത്തിലെ ഏറ്റവും സങ്കീർണമായ ചികിത്സാവിഭാഗങ്ങളിലൊന്ന് തന്നെയാണ് കാർഡിയോളജി. ആൻ‌ജിയോപ്ലാസ്റ്റി ഉൾപ്പെടെയുള്ള ചികിത്സാരീതികൾ വർഷങ്ങളായി ഈ മേഖലയിൽ  ഉപയോഗിച്ചുവരുന്നുണ്ടെങ്കിലും കാലക്രമേണ പലവിധത്തിലുള്ള മാറ്റങ്ങളും പുരോഗതിയും കൈവരിക്കാൻ ഹൃദയചികിത്സാരംഗത്തിന് കഴിഞ്ഞിട്ടുണ്ട്. അതിലേറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഒരു ചികിത്സാരീതിയാണ് ആൻ‌ജിയോപ്ലാസ്റ്റി. പരമ്പരാഗത ആഞ്ചിയോപ്ലാസ്റ്റി രീതികൾ ഫലപ്രദമാണെങ്കിലും വീണ്ടും ബ്ലോക്കുകൾ ഉണ്ടാകുന്നു എന്ന പരാതികൾ കൂടുതലാണ്. അവിടെയാണ് കൂടുതൽ കൃത്യതയോടെയും ഫലപ്രാപ്തിയോടെയും ചെയ്യാനാകുന്ന പ്രിസിഷൻ ആൻ‌ജിയോപ്ലാസ്റ്റി പ്രസക്തമാകുന്നത്.

എന്താണ് ആൻ‌ജിയോപ്ലാസ്റ്റി?
രക്തധമനികളിൽ ബ്ലോക്കുണ്ടായി ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുമ്പോൾ ഉപയോഗിച്ചുവരുന്ന ഒരു ചികിത്സാരീതിയാണ് ആൻ‌ജിയോപ്ലാസ്റ്റി. തടസപ്പെടുകയോ ചുരുങ്ങിപ്പോവുകയോ ചെയ്ത രക്തക്കുഴലുകളെ തുറന്നുപിടിക്കാൻ അത് സഹായിക്കുന്നു. ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം സാധാരണനിലയിലാക്കി, ഹൃദയാഘാതം തടയുക എന്നതാണ് ഇതിന്റെ ലക്ഷ്യം. രോഗത്തിന്റെ തീവ്രതയും സ്വഭാവവും അനുസരിച്ച് ഉപയോഗിക്കാനാകുന്ന വ്യത്യസ്തതരം ആൻ‌ജിയോപ്ലാസ്റ്റി ഉണ്ട്.

തടസമുള്ള ധമനിയിലേക്ക് ഒരു കുഞ്ഞുബലൂൺ കടത്തിവിട്ട ശേഷം, ആ ബലൂൺ പെരുപ്പിച്ച് ബ്ലോക്കിനെ നീക്കുന്ന രീതിയാണ് സാധാരണ ഏറ്റവുമധികം അവലംബിക്കുന്ന ആൻ‌ജിയോപ്ലാസ്റ്റി. ബ്ലോക്ക് നീങ്ങി, രക്തയോട്ടം പുനഃസ്ഥാപിച്ചു കഴിഞ്ഞാൽ ബലൂൺ തിരിച്ചെടുക്കും. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ മൂന്നിലൊന്ന് രോഗികൾക്കും വീണ്ടും അതേ ഭാഗത്ത് തന്നെ ബ്ലോക്ക് ഉണ്ടാകുന്നതായി മനസ്സിലാക്കി. അതുകൊണ്ട് ഭാവിയിൽ ആ ഭാഗം വീണ്ടും അടഞ്ഞുപോകാതിരിക്കാൻ അവിടെ ചെറിയൊരു മെഷ് പോലെയുള്ള സ്റ്റെന്റ് സ്ഥാപിക്കാറുണ്ട്. സ്റ്റെന്റ് ഇട്ടുകഴിഞ്ഞാൽ ആ ഭാഗത്ത് വീണ്ടും മറ്റൊരു ബ്ലോക്ക് ഉണ്ടാകാനുള്ള സാധ്യത കുറയും. എന്നാലും ഏകദേശം 20% രോഗികൾ വീണ്ടും ബ്ലോക്കുണ്ടായി തിരികെയെത്താറുണ്ട്. പിന്നീട് മരുന്നുകൾ ചേർത്ത സ്റ്റെന്റുകൾ വിപണിയിലെത്തിയതോടെ അത് 5% വരെയായി കുറഞ്ഞു. എന്നാൽ വീണ്ടും ബ്ലോക്കുണ്ടാകാനുള്ള സാധ്യത അതിലും കുറ്ക്കണമെങ്കിൽ പ്രിസിഷൻ ആൻ‌ജിയോപ്ലാസ്റ്റിയാണ് മാർഗം.

എന്താണ് പ്രിസിഷൻ ആൻ‌ജിയോപ്ലാസ്റ്റി?
സ്റ്റെന്റുകൾ ഉദ്ദേശിച്ചത് പോലെ വികസിക്കാതിരിക്കുകയോ ആൻ‌ജിയോപ്ലാസ്റ്റി ചെയ്യുന്നതിനിടെ ഉണ്ടാകുന്ന നേരിയ സാങ്കേതികപ്പിഴവുകൾ കാരണമോ ആണ് ചിലപ്പോൾ വീണ്ടും ബ്ലോക്കുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടാക്കുന്നത്. ആൻ‌ജിയോപ്ലാസ്റ്റിയുടെ ഏറ്റവും ആധുനിക രൂപമാണ് പ്രിസിഷൻ ആൻ‌ജിയോപ്ലാസ്റ്റി എന്നുപറയാം. ഓരോ രോഗിയുടെയും സാഹചര്യത്തിനനുസരിച്ച് ഡോക്ടർക്ക് ആൻ‌ജിയോപ്ലാസ്റ്റിയുടെ രീതി നിശ്ചയിക്കാം. അതിനൂതന സാങ്കേതികവിദ്യയാണ് ഇതിന്റെ പിൻബലം. കൂടുതൽ കൃത്യതയോടെ ആൻ‌ജിയോപ്ലാസ്റ്റി ചെയ്യാനാകുന്നു എന്നതാണ് ഈ രീതിയുടെ ഏറ്റവും വലിയ പ്രത്യേകത. ബ്ലോക്ക് എത്രത്തോളം സമ്മർദ്ദമാണ് രക്തക്കുഴലിൽ ഉണ്ടാക്കുന്നതെന്ന് ആദ്യം വിലയിരുത്തും. ആൻ‌ജിയോപ്ലാസ്റ്റി വേണമോ വേണ്ടയോ എന്നും, വേണമെങ്കിൽ ഏത് തരം ആൻ‌ജിയോപ്ലാസ്റ്റിയാണ് ഉചിതമെന്നും തീരുമാനമെടുക്കും.

∙ ഇൻട്രാവാസ്കുലാർ അൾട്രാസൗണ്ട് (ഐ.വി.യു.എസ്), ഒപ്റ്റിക്കൽ കൊഹറൻസ് ടോമോഗ്രഫി (ഒ.സി.ടി) തുടങ്ങിയ ഇമേജിങ് പരിശോധനാ സംവിധാനങ്ങൾ ഇതിനായി ഉപയോഗിക്കുന്നു. ഈ സംവിധാനങ്ങൾ വഴി ഡോക്ടർമാർക്ക് രക്തക്കുഴലുകൾക്കുള്ളിലെ അവസ്ഥ കൂടുതൽ വ്യക്തമായി തത്സമയം കാണാനാകും. ഉള്ളിലുള്ള ബ്ലോക്കിന്റെ കൃത്യമായ സ്ഥാനം, വലിപ്പം, സ്വഭാവം എന്നിവ പിഴവുകളില്ലാതെ മനസ്സിലാക്കാൻ ഇവ സഹായിക്കും.

∙ ധമനികളിൽ കാൽസിയം അടിഞ്ഞുണ്ടാകുന്ന ബ്ലോക്കുകൾ കൂടുതൽ കടുത്ത സ്വഭാവമുള്ളവയായിരിക്കും. ഇവ നീക്കാൻ ബലൂണും സ്റ്റെന്റും ഉപയോഗിച്ചുള്ള ചികിത്സ പോര. അതിന് പ്രത്യേക ഡ്രില്ലുകളോ കറങ്ങുന്ന ബ്ലേഡുകളോ ഉപയോഗിക്കേണ്ടിവരുന്നു. ലേസർ ഉപയോഗിച്ച് രക്തക്കട്ടയെ ആവിയാക്കി കളയുന്നതാണ് മറ്റൊരു രീതി. ഓരോ രോഗിക്കും ഇതിലേത് രീതിയാണ് വേണ്ടതെന്ന് കൃത്യമായി തീരുമാനിക്കാനും പ്രിസിഷൻ ആൻ‌ജിയോപ്ലാസ്റ്റിക്ക് സാധിക്കും.

∙  ഓരോ രോഗിയുടെയും രക്തക്കുഴലുകൾക്ക് അനുയോജ്യമായ പ്രത്യേക രൂപത്തിലും വലിപ്പത്തിലുമുള്ള സ്റ്റെന്റുകളാണ് പ്രിസിഷൻ ആൻ‌ജിയോപ്ലാസ്റ്റിൽ ഉപയോഗിക്കുന്നത്. സ്റ്റെന്റിന് എത്ര നീളം വേണം, എവിടെ മുതൽ എവിടെ വരെ സ്റ്റെന്റ് ഇടണം, എത്ര വലിപ്പമുള്ള സ്റ്റെന്റ് ആണ് രോഗിക്ക് വേണ്ടത്, കൃത്യമായ സ്ഥലത്ത് തന്നെയാണോ സ്റ്റെന്റ് ഇട്ടിട്ടുള്ളത് എന്നൊക്കെ കൃത്യമായി വിലയിരുത്താൻ പ്രിസിഷൻ ആൻ‌ജിയോപ്ലാസ്റ്റിക്ക് കഴിയും. ക്രിയാറ്റിനിൻ കൂടുതലുള്ള രോഗികൾക്ക് വൃക്കകൾക്ക് ഉണ്ടായേക്കാവുന്ന വെല്ലുവിളികൾ പരമാവധി കുറച്ചുകൊണ്ട് ആൻ‌ജിയോപ്ലാസ്റ്റി നടത്താനും കഴിയും. അങ്ങനെ ആൻ‌ജിയോപ്ലാസ്റ്റി ചെയ്യുന്നതിനിടെ ഉണ്ടാകാനിടയുള്ള വെല്ലുവിളികൾ ഒഴിവാക്കാനും രോഗിക്ക് ദീർഘകാലം ആശ്വാസം നൽകാനും പ്രിസിഷൻ ആൻ‌ജിയോപ്ലാസ്റ്റിക്ക് കഴിയും.

dr-r-anil-kumar-cardiologist
ഡോ. ആർ. അനിൽ കുമാർ

പ്രിസിഷൻ ആൻ‌ജിയോപ്ലാസ്റ്റിയുടെ ഗുണങ്ങൾ
പരമ്പരാഗത ആൻ‌ജിയോപ്ലാസ്റ്റി രീതികളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ മികച്ച ഫലപ്രാപ്തിയാണ് പ്രിസിഷൻ ആൻ‌ജിയോപ്ലാസ്റ്റി നൽകുന്നത്. കൂടുതൽ കൃത്യമായ തീരുമാനങ്ങളെടുക്കാനും വ്യക്തമായ ഇമേജുകൾ കാണാനും ഡോക്ടറെ അത് സഹായിക്കുന്നു. അങ്ങനെ പിഴവുകൾ ഒഴിവാക്കാൻ ഏറെ സഹായിക്കുന്നു. ആൻ‌ജിയോപ്ലാസ്റ്റിയുമായി ബന്ധപ്പെട്ട് രക്തക്കുഴലുകളിൽ ഉണ്ടാകുന്ന മറ്റ് തകരാറുകൾ പരമാവധി ഒഴിവാക്കി, ശസ്ത്രക്രിയയുടെ വിജയനിരക്കും കൂട്ടുന്നു.

പ്രിസിഷൻ ആൻ‌ജിയോപ്ലാസ്റ്റി ചെയ്യുന്നവർക്ക് ഭാവിയിൽ വീണ്ടും ആൻ‌ജിയോപ്ലാസ്റ്റി ചെയ്യേണ്ടിവരുന്ന സാഹചര്യങ്ങൾ വളരെ കുറവാണ്. ദീർഘകാലം രക്തക്കുഴലുകളെ തുറന്നുതന്നെ നിർത്താനും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാനും അത് സഹായിക്കും. ഈ മുറിവ് വേഗം സുഖപ്പെടുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഹൃദയചികിത്സയിൽ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കുന്ന പ്രിസിഷൻ ആൻ‌ജിയോപ്ലാസ്റ്റി, നിരവധി രോഗികൾക്ക് ആശ്വാസമാകുമെന്ന് ഉറപ്പാണ്.  
(ലേഖകൻ കൊച്ചി ആസ്റ്റർ മെഡ്സിറ്റി ഇന്റർവെൻഷനൽ കാർഡിയോളജി സീനിയർ കൺസൾന്റാണ്. അഭിപ്രായം വ്യക്തിപരം)

English Summary:

Precision Angioplasty: The Future of Heart Care for Blocked Arteries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com