ADVERTISEMENT

ഭൂമി വാങ്ങാൻ ഉദ്ദേശിക്കുന്നവരുടെ കണ്ണിൽ ഏറ്റവും ഡിമാന്റുള്ളത് പാതയോരങ്ങളിലെ ഭൂമിക്കാണ്.  അവിടെയൊരു പെട്ടിക്കട വച്ചാലും വരുമാനമായല്ലോ എന്ന ചിന്തയാണിതിന് പിന്നിൽ. അതിൽത്തന്നെ രണ്ട് റോഡുകൾ സംഗമിക്കുന്ന മൂല ചേർന്ന പ്ലോട്ടുകൾക്ക് വീണ്ടും ഡിമാൻഡ് കൂടും. കാരണം ലളിതമാണ് രണ്ടു ഭാഗത്തുനിന്നും ലഭ്യമാകുന്ന കാഴ്ചയും റോഡ് വശത്തെ വിപണന സാധ്യതയും.

ഇടനിലക്കാരുടെ വാക്കുകേട്ട് ഇത്തരം ഭൂമികൾ മോഹവിലയ്ക്ക് സ്വന്തമാക്കുന്നതിന് മുമ്പ് ചില കാര്യങ്ങൾ ഉറപ്പുവരുത്തുന്നത് നന്നായിരിക്കും. അതിൽ പ്രധാനപ്പെട്ടതാണ് ആ സ്ഥലത്ത് ഏതെങ്കിലും നഗരാസൂത്രണ പദ്ധതിയോ മാസ്റ്റർ പ്ലാനോ ഉണ്ടോ എന്നത്.

കേരളത്തിലെ മിക്കവാറും നഗരസഭകളിൽ മാസ്റ്റർ പ്ലാനുകൾ നിലവിൽ വന്നു കഴിഞ്ഞു. നഗരസഭ പരിധിയിൽ മാത്രമല്ല നഗരസ്വഭാവത്തോടെ നിലവിലുള്ള തൊട്ടടുത്ത പഞ്ചായത്ത് പ്രദേശങ്ങളും ചിലപ്പോൾ മാസ്റ്റർ പ്ലാനിൽ ഉൾപ്പെട്ടിട്ടുണ്ടാകും. അങ്ങനെ ഉള്ള ഇടത്ത് ഉപയോഗക്രമമനുസരിച്ച് സോണുകൾ വിഭാവനം ചെയ്തിരിക്കും. പ്രത്യേക ഉപയോഗത്തിനുള്ള സോണിലെ ഭൂമിയിൽ മറ്റ് ഉപയോഗത്തിനുള്ള കെട്ടിടങ്ങൾക്ക് നിർമാണാനുമതി ലഭിക്കില്ല 

ഉദാഹരണത്തിന് നിരവധി വില്ലകളും ഫ്ലാറ്റുമൊക്കെയുള്ള ഒരിടത്ത് കുറച്ച് ഭൂമി ഒഴിവായിക്കിടക്കുന്നു എന്നുകണ്ട്  നല്ലൊരു വാണിജ്യ കെട്ടിടം നിർമിച്ചാൽ സൂപ്പർ മാർക്കറ്റും ബാങ്കും ബ്യൂട്ടിപാർലറുമൊക്കെയായി ഉടനേ ആവശ്യക്കാരെത്തുമല്ലോ എന്ന് കരുതി കണ്ണുമടച്ച് അഡ്വാൻസ് നൽകാൻ പോകരുത്, ഒരുപക്ഷേ അവിടെ 100 അല്ലെങ്കിൽ 200 ചതുരശ്ര മീറ്റർ മാത്രമേ വാണിജ്യ കെട്ടിടം നിർമിക്കാൻ കഴിയൂ. അതുകൊണ്ട് നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന ഭൂമി സംബന്ധിച്ച കൃത്യമായ വിവരങ്ങൾ അറിഞ്ഞു മാത്രം ഇടപാടുകൾ നടത്തുക.

ഇനി മറ്റൊന്നാണ് ബിൽഡിങ് ലൈൻ എന്നത്. ഓരോ റോഡുകൾക്കും അവയുടെ തരമനുസരിച്ച് റോഡിൽ നിന്ന് കെട്ടിടം വരെ മിനിമം പാലിക്കേണ്ട അകലം നിശ്ചയിച്ചിട്ടുണ്ട്. അത്തരത്തിലുള്ള അകലത്തിൽ റോഡ് അതിരിൽ നിന്നും സമാന്തരമായി ഉള്ള സാങ്കൽപിക രേഖയാണ് ബിൽഡിങ് ലൈൻ അഥവാ സെറ്റ് ബാക്ക് ലൈൻ.

സാധാരണഗതിയിൽ ദേശീയപാത സംസ്ഥാന പാത ജില്ലാ റോഡുകൾ, മറ്റുതരത്തിൽ വിജ്ഞാപനം ചെയ്യപ്പെട്ട റോഡുകൾ 6 മീറ്ററിലധികം വീതിയുള്ള റോഡുകൾ എന്നിവയ്ക്ക് സമാന്തരമായി 3 മീറ്ററും  മറ്റെല്ലാ റോഡുകൾക്കും 2 മീറ്ററും ബിൽഡിങ് ലൈൻ പാലിക്കണം. എന്നാൽ ഇവിടെയും മറ്റൊരപകടസാധ്യതയുണ്ട്.

plot-real-estate
Image Generated through AI Assist

ഒരുപക്ഷേ നഗരാസൂത്രണ മാസ്റ്റർ പ്ലാനിൽ റോഡുകൾക്ക് വീതി കൂട്ടാൻ നിർദ്ദേശമുണ്ടാകും. നിലവിൽ അഞ്ചു മീറ്റർ വീതിയുള്ള റോഡിന് 12 മീറ്ററായി വൈഡനിംഗ് പ്രൊപ്പോസൽ ഉണ്ടെങ്കിൽ 12 ൽ നിന്നും 5 കഴിഞ്ഞ് ബാക്കിയുള്ള 7 മീ വീതി തുല്യമായി ഇരുഭാഗത്തും വൈഡനിങ് ലൈൻ ആയി വരും. അതുകഴിഞ്ഞുള്ള ഭാഗമേ ഉടമയ്ക്ക് നിർമാണാവകാശമുള്ള ഭൂമിയായി കണക്കാക്കൂ.

ഫലമോ, നിലവിലെ റോഡിൽ നിന്നും വൈഡനിങ് പ്രൊപ്പോസൽ ആയ 3.5 മീറ്ററും നിർബന്ധിത ബിൽഡിങ്  ലൈൻ ആയ മൂന്ന് മീറ്ററും കഴിഞ്ഞു മാത്രമേ നിർമാണം നടത്താൻ അനുമതി ലഭിക്കൂ. രണ്ടു ഭാഗത്തും വീതി വർധനയുള്ള റോഡാണെങ്കിൽ ഇരുഭാഗത്തും ഈ വീതി കഴിഞ്ഞ് പിന്നെ എത്ര സ്ഥലം കാണും കെട്ടിടം നിർമിക്കാൻ? ...... 

അതുകൊണ്ട് ശ്രദ്ധിക്കുക, കണ്ണും പൂട്ടി ഒന്നിലും ചെന്ന് ചാടണ്ട. ഇത് പലപ്പോഴും സംഭവിക്കുന്നത് നാട്ടിൽ നിക്ഷേപിക്കാൻ ഓടിനടക്കുന്ന പ്രവാസികൾക്കാണ്. അതിനാൽ ഭൂമി വാങ്ങും മുമ്പ് ഇത്തരം വിഷയത്തിൽ വിദഗ്ദനായ ഒരാളുടെ സേവനം തേടുന്നതിൽ മടി വിചാരിക്കേണ്ടതില്ല. അതിനി പ്രതിഫലം നൽകിയാണെങ്കിൽ പോലും.....

***

ലേഖകൻ തദ്ദേശ സ്വയംഭരണ വകുപ്പിൽ ഓവർസിയറാണ്

English Summary:

Hidden Complications in Plot Buying in Kerala-Expert Talk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT