ADVERTISEMENT

അമ്മേ, നിങ്ങളെ കണ്ടാൽ ഒരു കോലാടിനെയാണ് ഓർമ വരിക.

Oh mother, you look

So much like a goat !

ഒരേ പ്രമേയം രണ്ടു ഭാഷകളിൽ, രണ്ട് സാഹിത്യ രൂപങ്ങളിൽ എഴുതിയിട്ടുണ്ട് കമലാ ദാസ് എന്ന മാധവിക്കുട്ടി.

മലയാളത്തിൽ കഥയിൽ വിവരണാത്മകമായി എഴുതിയത് ഇംഗ്ലിഷ് കവിതയിൽ കുറുക്കിയെഴുതി. സ്വന്തം കഥ ഇംഗ്ലിഷിലേക്ക് കവിതയായി വിവർത്തനം ചെയ്യുകയായിരുന്നില്ല. രണ്ടും രണ്ട് സ്വതന്ത്ര കൃതികളായി അസ്തിത്വം തേടി. മലയാളത്തിൽ കഥയുടെ പേര് കോലാട്. ഇംഗ്ലിഷ് കവിതയിൽ Death of the goat എന്ന് വിളിച്ചുപറയുന്ന തലക്കെട്ടിട്ടു കവി. രണ്ടിന്‍റെയും രചയിതാവ് ഒരാൾ തന്നെയായതിനാൽ വിവാദം ഉണ്ടായില്ല. രണ്ടും രണ്ടു പേരായിരുന്നെങ്കിൽ വിവർത്തകയ്ക്ക് ജോലി തന്നെ അവസാനിപ്പിക്കേണ്ടി വരുമായിരുന്നു. കോലാട് അല്ല ഗോട്ട്. ആയിരുന്നെങ്കിൽ ആട് എന്നു തന്നെ തലക്കെട്ട് ഇടാമായിരുന്നു. ആട് എന്നു കേൾക്കുമ്പോഴുള്ള അർഥമല്ല മലയാളികൾക്ക് കോലാട് എന്നു വായിക്കുമ്പോൾ ലഭിക്കുന്നത്. മെലിഞ്ഞ് എല്ലും തോലുമായി ചാകാറായ രൂപമാണ് കോലാട് ഓർമിപ്പിക്കുന്നത്. കുടുംബത്തിനു വേണ്ടി ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ട് മൃതപ്രായയായ സ്ത്രീയെയാണ് മലയാളത്തിൽ മാധവിക്കുട്ടി കോലാട് എന്നു വിളിച്ചത്. അവരുടെ കഷ്ടപ്പാടിനെ വീട്ടിലെ ഒരേയൊരു സ്ത്രീ എന്നാണ് ഇംഗ്ലിഷിൽ അഭിസംബോധന ചെയ്തത്. ‌അവർക്ക് അസുഖം വന്നു. മുറികളിലൂടെ ഒരു ഭ്രാന്തിയെപ്പോലെ ഓടിനടന്ന് ജോലി ചെയ്ത് ഒട്ടിയ കവിളും മാംസമില്ലാത്ത കാലുകളും കണ്ട് കുട്ടികൾ പറഞ്ഞു: അമ്മേ നിങ്ങളെ കണ്ടാൽ ഒരു ആടിനെപ്പോലിരിക്കുന്നു എന്ന്.

Madhavikutty-books

അമ്മേ, നിങ്ങളെ കണ്ടാൽ ഒരു കോലാടിനെയാണ് ഓർമ വരിക എന്നാണ് മാതൃഭാഷയിൽ മാധവിക്കുട്ടി എഴുതിയത്.

ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ കണ്ണുകൾ മിഴിച്ചുകൊണ്ട് അവൾ പറഞ്ഞു:

അയ്യോ ! പരിപ്പ് കരിയ്ണ്ട് തോന്ന്ണൂ.

വിവർത്തകയെ അവസാനമില്ലാത്ത ദുരിതത്തിലാക്കാൻ പോന്ന വരിയാണ് മാധവിക്കുട്ടി എഴുതിയത്. തനി മലയാളം. നാട്ടിൻപുറത്തെ ഗ്രാമീണ മലയാളം. നാലേ നാലു വാക്കുകൾ. എന്നാൽ അവ മലയാളിയോട് മാത്രമേ സംവദിക്കൂ എന്ന് ഉറപ്പുള്ള മാധവിക്കുട്ടി ലളിത സുന്ദരമായി ഇംഗ്ലിഷ് എഴുതി:

Please let me go

I smell the Tur Dal burning

കോലാടിന് തത്തുല്യമായ ഇംഗ്ലിഷിനു വേണ്ടി കമലാ ദാസ് തിരഞ്ഞില്ല. പ്രമേയത്തെ പുതിയ രീതിയിൽ അവതരിപ്പിച്ചപ്പോൾ പുതിയ തലക്കെട്ട് നൽകി. ഇംഗ്ലിഷ് വായനക്കാർക്ക് താദാത്മ്യം പ്രാപിക്കാൻ കഴിയുന്ന രീതിയിൽ. ഇത് വിവർത്തകയുടെ സ്വാതന്ത്ര്യമോ എഴുത്തുകാരിയുടെ സ്വാതന്ത്ര്യമോ എന്നതാണ് ചോദ്യം.

എഴുത്തുകാരിക്ക് സ്വാതന്ത്യമുണ്ട്; അന്തമില്ലാതെ, അതിരുകളില്ലാതെ. വിവർത്തകയ്ക്ക് പരിമിതികളും.

കൊറിയൻ എഴുത്തുകാരി ഹാൻ കാങ്ങിന്റെ ദ് വെജിറ്റേറിയൻ വിവർത്തനം ചെയ്ത ദെബോറ സ്മിത്തിന് ലഭിച്ചത് പൂച്ചെണ്ടുകളേക്കാൾ കല്ലേറുകളാണ്. രണ്ടു ഭാഷയും അറിയാവുന്നവർ പറയുന്നത് രണ്ടും രണ്ടു കൃതികളാണെന്നാണ്. സ്മിത്തും അതു സമ്മതിക്കുന്നു. പുതിയ കൃതികളുടെ വിവർത്തനത്തിന് മറ്റൊരാളെയാണ് ഹാൻ കാങ് നിയോഗിച്ചിരിക്കുന്നത്. സ്വാതന്ത്ര്യത്തിനു കൊടുക്കേണ്ടിവന്ന വില.

Madhavikkutty-article-image
മാധവിക്കുട്ടി

ജനിച്ചുവീണ നാടിന്റെ ഭാഷയാണ് മാതൃഭാഷ. ജീവൻ പകർന്ന അമ്മ വാത്സല്യം പകരുന്ന ഭാഷ. ജീവന്റെ അമൃതം പകരുന്ന ഭാഷ. ആദ്യമായി നുകരുന്ന, രുചിക്കുന്ന, ആദ്യ വാക്കുകളുടെ ഭാഷ. ഒരൊറ്റ ഭാഷ മാത്രം അറിയുന്ന ലോകത്തു നിന്ന് ലോകം വളരെദൂരം മുന്നോട്ട് പോയി. പുതിയ തലമുറയ്ക്ക് ഒന്നിലേറെ ഭാഷകൾ അനായാസം ഉപയോഗിക്കാൻ അറിയാം. വീട്ടിലും ജോലി സ്ഥലത്തും രണ്ടു ഭാഷകൾ ഉപയോഗിക്കുന്നവർ. നാട്ടിലും വിദേശത്തും ഒന്നിലധികം ഭാഷകൾ കൈകാര്യം ചെയ്യുന്നവർ. സ്വപ്നം കാണുന്ന ഭാഷയുടെ നിർവചനം ആർക്കും പിടി കൊടുക്കാതെ വിപുലമായി. സ്നേഹിക്കാൻ ഒരു ഭാഷ.  പ്രണയിക്കാൻ മറ്റൊന്ന്. സങ്കടപ്പെടാൻ ഇനിയും മറ്റൊന്ന്.

മാതൃഭാഷകളുടെ എണ്ണം ഒന്നിൽ നിന്ന് ഒന്നിലേറെയായി വികസിക്കുന്നു. പരിണമിക്കുന്നു. പുരോഗമിക്കുന്നു. കൂടുതൽ ജനാലകൾ കൂടുതൽ വെളിച്ചം കൊണ്ടുവരുന്നു. വാതിലുകൾ സ്വാതന്ത്ര്യത്തിന്റെ ലോകം വിശാലമാക്കുന്നു. മാതൃഭാഷകൾ പുതിയ ബോധ്യങ്ങളിലേക്കു നയിക്കുന്നു. അത്ര വിശ്വാസമില്ലാത്തവർക്കു വേണ്ടി നയിക്കട്ടെ എന്ന ആഗ്രഹത്തിൽ നിർത്താം. എല്ലാവരും എല്ലാ ജനാലകളും തുറക്കാറില്ലല്ലോ; വാതിലുകളും....

English Summary:

Mother Tongue and Beyond: Kamala Das's Masterful Bilingualism

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com