ADVERTISEMENT

എപ്പോഴും നിശബ്ദം ആണ് മിക്കവാറും വാട്സാപ്പ് ഗ്രൂപ്പുകൾ. ഇടയ്ക്കു അതിലൊക്കെ വരുന്ന ഫോർവേഡുകൾ കാണും, അടച്ചു വെക്കും. ചിലപ്പോൾ ചിലതിനൊക്കെ അഭിപ്രായം പറയും, മിക്കവാറും രാഷ്ട്രീയ ചർച്ചകളിലേക്ക് വഴി തിരിയും. പിന്നെ വഴക്കായി, ഞാനും എന്റെ വിശ്വാസവും ആണ് ഉത്തമം, അങ്ങനെ ഉള്ള ചർച്ചകളിൽ അധികം ഇടപെടാറില്ല. ഒരിക്കലും അത് നന്നായി അവസാനിക്കാറില്ല. ഇന്നലെ സ്കൂൾ ഗ്രൂപ്പിലൂടെ ഓടിച്ചു വായിച്ചപ്പോൾ ഒരു മെസ്സേജിൽ കണ്ണുടക്കി. വിജി അയച്ചതാണ്. “നമ്മുടെ ഒരു കൂട്ടുകാരൻ ആശുപത്രിയിൽ ആണ്. ആരും അറിഞ്ഞ ലക്ഷണം ഇല്ല” ആരും അതിനെ പറ്റി ചോദിച്ചു കണ്ടില്ല. സുപ്രഭാതം, സുനിദ്ര, മെസ്സേജുകൾ അതിനു താഴെ കുറെ ഉണ്ട്. വേറെ ആരും അതിനെ പറ്റി ചോദിച്ചിട്ടും ഇല്ല. ഞാൻ മറുപടി  ആയി ഒരു ചോദ്യം അയച്ചു. “എന്താ സംഭവം? ആരാ ആശുപത്രിയിൽ? ഇപ്പോൾ എങ്ങനെ ഉണ്ട്?” കുറച്ചു നേരം നോക്കി ഇരുന്നു. ആരും മറുപടി പറഞ്ഞില്ല. ഗ്രൂപ്പ് അൺമ്യൂട്ട് ചെയ്തു വെച്ചു. 

റ്റു പാരഡൈസ് എടുത്തു വായിച്ചു തുടങ്ങി. ഇതിനു മുൻപ് ഇറങ്ങിയ ഇതേ എഴുത്തുകാരിയുടെ പുസ്തകം ഇഷ്ടപ്പെട്ടിട്ട് വാങ്ങിയതാണ്. രണ്ടു മൂന്നു താളുകൾ വായിച്ചിട്ടും ശ്രദ്ധിക്കാൻ കഴിയുന്നില്ല, എല്ലാം വെറും വാക്കുകൾ മാത്രം. മനസ്സിനെ എന്തോ കൊളുത്തി വലിക്കുന്നു. പുസ്തകം അടച്ചു വെച്ചിട്ടു ക്ലാസ്സിൽ ഉണ്ടായിരുന്ന ഓരോരുത്തരെയും കുറിച്ച് ആലോചിക്കാൻ തുടങ്ങി. സ്കൂൾ കാലഘട്ടം കഴിഞ്ഞു ഇരുപത്തിയഞ്ച് വർഷം ആയെങ്കിലും പകുതിയോളം ആൾക്കാർ ഇപ്പോഴും പരിചയത്തിൽ ഉണ്ട്. കഴിഞ്ഞ വർഷം നടന്ന സംഗമത്തിൽ നാൽപ്പതിൽ കൂടുതൽ കൂട്ടുകാർ പങ്കെടുത്തിരുന്നു. പലരും മുടി കൊഴിഞ്ഞും തടി വെച്ചും കണ്ടെങ്കിലും, ആർക്കും വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതായി തോന്നിയില്ല. അവരെയൊക്കെ കണ്ടപ്പോൾ എന്റെ സ്ഥിതി ആണ് മോശം എന്നാണ് ശരിക്കും തോന്നിയത്. മൊബൈൽ എടുത്തു വേറെ മെസ്സേജുകൾ ഉണ്ടോ എന്ന് നോക്കി, ഒന്നും വന്നിട്ടില്ല. ദിലീപിനെ വിളിച്ചു നോക്കാമെന്നു തീരുമാനിച്ചു. കുറച്ചു നേരം അടിച്ചിട്ടാണ് ഫോൺ എടുത്തത്.

“ഹലോ, കുറെ നാളായല്ലോ നിന്റെ ശബ്ദം കേട്ടിട്ട്” “അതെ, ഇപ്പോഴും വിളിക്കണം എന്ന് വിചാരിക്കും. നടക്കാറില്ല. എടാ, ആരാ ആശുപത്രിയിൽ? വിജിയുടെ മെസ്സേജ് കണ്ടായിരുന്നോ? ആരെ പറ്റിയാ അത്? നീ അറിഞ്ഞാരുന്നോ?” “ശരത് ആണ്. ഞാൻ തൗഫീഖിനെ വിളിച്ചിരുന്നു ഇന്നലെ. ഇപ്പോഴും ആശുപത്രിയിൽ ഉണ്ട്” “എന്തു പറ്റിയതാ, അവൻ അതിനു നാട്ടിൽ ഉണ്ടോ?” “തിരിച്ചു വന്നു, കുറച്ച് ബിസിനസ് ഒക്കെ തുടങ്ങിയിട്ടുണ്ട്. ഹൃദയാഘാതം ആണ്. മെഡിക്കൽ മിഷനിൽ ഉണ്ടിപ്പോൾ” “പൂർവ്വ വിദ്യാർഥി സംഗമത്തിൽ അവൻ വന്നില്ലാരുന്നു അല്ലേ. പ്രശ്നങ്ങൾ ഉള്ളതായി ആരും പറഞ്ഞില്ലല്ലോ” “ഈയിടക്ക് കുറച്ചു ടെൻഷൻ ആയിരുന്നു എന്നാ തൗഫീഖ് പറഞ്ഞത്, ബിസിനസ് പരമായ പ്രശ്നങ്ങൾ” “എന്താ ബിസിനസ്?” “ഭക്ഷണസാധനങ്ങൾ കയറ്റുമതി ആണ്. യൂറോപ്പ്, ഗൾഫ്, ആഫ്രിക്ക, അവിടേക്കൊക്കെ ആണ്” “ഇതൊന്നും ഞാൻ അറിഞ്ഞില്ലാരുന്നു. പിന്നെ അവൻ ഗ്രൂപ്പിൽ അത്ര ആക്റ്റീവ് അല്ലല്ലോ” “അതെ, കുറച്ച് ഭേദം ആയിട്ട് ഞാൻ ഒന്ന് കാണാൻ പോകുന്നുണ്ട്. നീ വരുന്നോ?” “നീ പോകുമ്പോ പറ, ഒത്താൽ വരാം” “എന്നാൽ ശരി, ഞാൻ വിളിക്കാം” ഫോൺ താഴെ വെച്ച് ഞാൻ പുറത്തു അസമയത്തു വന്നു തകർത്തു പെയ്യുന്ന മഴയിലേക്ക് നോക്കി ഇരുന്നു.

പന്തളത്തു ബസിറങ്ങി അര മണിക്കൂറോളം നടന്നാലേ കോളജിന്റെ കവാടത്തിൽ എത്തൂ. പിന്നെയും ഉണ്ട് കുറെ ദൂരം. രണ്ടു വലിയ ഗ്രൗണ്ടും താണ്ടി പടികളും കയറി കോളജിൽ എത്തുമ്പോഴേക്കും ക്ഷീണിക്കും. പിന്നെ കൂടെ ഉള്ളവരോട് കഥയും രാഷ്ട്രീയവും പറഞ്ഞു നടക്കുമ്പോൾ സമയം പോകുന്നത് അറിയില്ല. പ്രീഡിഗ്രി സയൻസ് ഗ്രൂപ്പ് ആയതു കൊണ്ട് എന്റെ ക്ലാസ് ക്യാംപസ്സിന്റെ ഏറ്റവും പുറകിൽ ആണ്. കെമിസ്ട്രി ഡിപ്പാർട്മെന്റ് കഴിഞ്ഞുള്ള അവസാനത്തെ മുറി ആണ് ക്ലാസ്സ്. മിക്കവാറും കെമിസ്ട്രി ലാബിൽ നിന്നുള്ള പരീക്ഷണങ്ങളുടെ മണം കാരണം അവിടെ ഇരിക്കാൻ കഴിയാറില്ല. കോളജ് ക്യാന്റീനിലേക്കു പോകാൻ ദൂരം കുറവാണു എന്നത് മാത്രം ആണ് ഒരാശ്വാസം. ക്ലാസ്സിൽ പുസ്തകങ്ങൾ വെച്ചിട്ട് നേരെ അങ്ങോട്ട് വെച്ച് പിടിക്കും. രാവിലെ തന്നെ തിരക്ക് തുടങ്ങിയിട്ടുണ്ടാകും. പ്രീഡിഗ്രിക്കാർക്കു അവിടെ സ്ഥലം കിട്ടാൻ പ്രയാസം ആണ്. ഡിഗ്രിക്കാരും അവരിലും മൂത്ത പി ജി ക്കാരും അവിടെ കാണും. അവരുടെ മുന്നിൽ കൂടെ നടക്കാൻ പേടി ആയിരുന്നു ആദ്യ വർഷം. ഇപ്പോൾ രണ്ടാം വർഷം ആയപ്പോൾ അത്ര ഭയം ഇല്ല. ചിലരൊക്കെ കണ്ടാൽ ചിരിക്കാറും ഉണ്ട്.

ബാലേട്ടന്റെ അടുത്ത് ചെന്ന് സ്ഥിരം പാലും വെള്ളവും ബോണ്ടയും പറഞ്ഞു നിന്നപ്പോഴാണ് പുറത്തു ഒരടി കിട്ടിയത്. തിരിഞ്ഞു നോക്കിയപ്പോൾ ശരത്. “അളിയാ, എനിക്കൂടെ ഒരു ബോണ്ട” “നീ എവിടുന്നു വന്നു? ക്ലാസ്സിൽ കാണാറില്ലല്ലോ?” “നീ ഈ ലോകത്തൊന്നും അല്ലെ, സമരം ഒന്നും നീ അറിയുന്നില്ലേ?” “സമരം കഴിഞ്ഞില്ലേ, ഇനി എന്നാ അടുത്തത്?” “ഇന്നും ഉണ്ട്, നീ വരുന്നോ? ജയൻ ചേട്ടന്റെ കൂടെ നമുക്ക് പോകാം” “അയ്യോ ഇന്ന് ലാബ് ഉണ്ടല്ലോ?” “അതൊന്നും നടക്കില്ല, നീ പോര്” “വേണ്ട വേണ്ട, ഞാൻ ഇല്ല” ശരത് ബോണ്ടയും എടുത്ത് അവന്റെ പാർട്ടിക്കാർ ഇരുന്ന മേശയുടെ അടുത്തേക്ക് പോയി. ഞാൻ എന്റെ പാലും വെള്ളവും ബോണ്ടയും ആയി പാർട്ടിക്കാരല്ലാത്ത വിദ്യാർഥികൾ ഇരിക്കുന്ന സ്ഥലത്തേക്ക് നീങ്ങി. എന്റെ ക്ലാസ്സിൽ തന്നെ ഉള്ള ആനന്ദ് അവിടെ ഉണ്ടായിരുന്നു.

പെട്ടെന്ന് തന്നെ ശരത്തിന്റെ പാർട്ടിക്കാർ എതിർ പാർട്ടിക്കാരും ആയി വഴക്കു തുടങ്ങി. കാന്റീൻ ഒരു യുദ്ധക്കളം ആകുമെന്ന് ഭയന്ന ബാലേട്ടൻ അതിൽ ഇടപെട്ട് ഉടൻ തന്നെ എല്ലാവരെയും പുറത്തിറക്കി. പുറത്തു നിന്നും രണ്ടു കൂട്ടമായി അവരുടെ വാഗ്വാദം തുടർന്നു. ഒരു കൂട്ടം ആൾക്കാർ ക്യാംപസ്സിനകത്തേക്കും ശരത്തിന്റെ കൂട്ടുകാർ കോമേഴ്‌സ് ഡിപ്പാർട്മെന്റ് ചുറ്റി പുറത്തേക്കും പോയി. ശരത്തിന്റെ നേതാവ് ജയൻ മുണ്ടിനിടയിൽ ഒളിപ്പിച്ച ഉറുമി പുറത്തെടുക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഞാൻ ആനന്ദിന്റെ കൂടെ ക്ലാസ്സിലേക്കും നടന്നു. “അപ്പോ ഇന്നും ക്ലാസ് കാണില്ല, അല്ലേ” “ലാബ് കാണും. സമരത്തിനെപ്പറ്റി ആരും പറഞ്ഞു കേട്ടില്ലല്ലോ, എന്താ വിഷയം?” “ആർക്കെങ്കിലും എവിടെങ്കിലും അടി കിട്ടി കാണും” “നമുക്ക് സമരം ആണേൽ കളിക്കാൻ പോയാലോ? ബാറ്റും സ്റ്റമ്പും എടുക്കുമോ?” “എടുത്തു കൊണ്ട് വരാം, പക്ഷെ ബോൾ വേണ്ടേ?” “ബോൾ സുദീപിന്റെ ബാഗിൽ കാണും, ഇന്നലെ അവനാ വെച്ചത്”

കെമിസ്ട്രി ലാബിൽ നിന്ന് രാവിലെ തന്നെ എന്തോ ചീഞ്ഞ മണം വരുന്നുണ്ടായിരുന്നു. ഞാൻ കഴിച്ചത് എല്ലാം പുറത്തു വരും എന്ന ഭയത്തിൽ ഓടി ക്ലാസ്സിൽ കയറി. സമരം ഇപ്പോൾ വരും എന്നു പ്രതീക്ഷിച്ച് ഇരുന്നതല്ലാതെ ഒന്നും സംഭവിച്ചില്ല. ആദ്യ പീരീഡ് കഴിഞ്ഞു ഫിസിക്സ് ലാബിൽ ചെന്നപ്പോൾ മനസ്സിലായി എന്തോ പ്രശ്നം നടക്കുന്നുണ്ട് എന്ന്. നടുത്തളത്തിൽ പല സ്ഥലങ്ങളിലായി വിദ്യാർഥികൾ നിൽക്കുന്നുണ്ട്. ലൈബ്രറിയുടെ അടുത്ത് നിൽക്കുന്നവർ സമരം തുടങ്ങാൻ ഉള്ള തയാറെടുപ്പാണ്. പ്ലക്കാർഡും ബാനറും ഒക്കെ ഒരുക്കുന്നുണ്ട്. സർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ ആണ് സമരം എന്ന് പ്ലക്കാർഡിൽ എഴുതിയിട്ടുണ്ട്. ക്യാന്റീനിലേക്കുള്ള വഴിയിൽ വെള്ള ഷർട്ടും മുണ്ടും ധരിച്ച കുറച്ചു പേരും നിൽപ്പുണ്ട്. അവരെ കണ്ടിട്ട് സമരം തടയൽ ആണ് ലക്ഷ്യം എന്ന് എനിക്ക് തോന്നി. ഞാൻ കൂട്ടുകാരുടെ കൂടെ ലാബിനുള്ളിൽ കയറി ജനലിന്റെ അടുത്ത് സ്ഥാനം പിടിച്ചു. അപ്പോഴേക്കും മുദ്രാവാക്യങ്ങൾ വിളിച്ചു സമരക്കാർ വരാന്തയിലൂടെ നടന്നു തുടങ്ങി. ഏകദേശം മുപ്പതു പേരോളം ജാഥയിൽ ഉണ്ട്. ശരത്തും ജാഥയുടെ പുറകിൽ കണ്ടു, തൊണ്ട പൊട്ടുന്ന ശബ്ദത്തിൽ അവനും മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു. സർക്കാരിനെതിരെ മുദ്രാവാക്യം തുടങ്ങിയപ്പോൾ ഇപ്പുറത്തു നിന്ന കാഴ്ചക്കാർ ജാഥയുടെ അടുത്തേക്ക് ഓടിയെത്തി.

പിന്നെ അവിടെ കണ്ടത് ചെറിയ ഒരു യുദ്ധം ആയിരുന്നു. ജാഥയുടെ നേതാക്കന്മാർ കൈയിലും അരയിലും കരുതിയിരുന്ന സൈക്കിൾ ചെയ്‌നുകളും ഹോക്കി സ്റ്റിക്കും പുറത്തെടുത്തു. എല്ലാവരും നാല് പാടും ഓടി. ശരത് കാന്റീനിന്റെ പുറത്തു കിടന്ന വിറക് കൂനയിൽ നിന്ന് വലിയ ഒരു തടിക്കഷ്ണം എടുത്തു കൊണ്ട് മുകളിലെ നിലയിലേക്ക് ഓടിയവരുടെ പുറകെ ഓടി. അക്രമം ക്ലാസ്സുകളിലേക്കും വരാന്തയിലേക്കും പടർന്നപ്പോൾ ലാബിന്റെ കതക് അകത്തു നിന്ന് അടച്ചു കുറ്റിയിട്ടു. ഞങ്ങൾ ജനലിലൂടെ ഇതൊക്കെ കണ്ടു നിന്നു. സൈക്കിൾ ചെയിൻ കൊണ്ടുള്ള അടിയേറ്റ് ജയന്റെ തല പൊട്ടിയപ്പോഴാണ് അവസാനം അക്രമം അവസാനിച്ചത്. പൊലീസ് വന്നു സമരക്കാരെയും ശത്രുക്കളെയും പിരിച്ചു വിട്ടു. പരിക്കേറ്റവരെ ഒക്കെ ആശുപത്രിയിലേക്ക് കൊണ്ട് പോയി. ഞാൻ ശരത്തിനെ അന്വേഷിച്ചെങ്കിലും പിന്നെ കണ്ടില്ല. പൊലീസ് കേസും തിരിച്ചടിയും ഭയന്ന് പലരും ഒളിവിൽ പോയി. ഒരു മാസത്തിൽ കൂടുതൽ കോളജ് അടച്ചിട്ടു. സർവകലാശാല പരീക്ഷക്ക് പോലും ശരത് കോളജിൽ വന്നില്ല.

ഫോൺ വിറക്കുന്നത് കേട്ടാണ് ഞാൻ കണ്ണ് തുറന്നത്. പുറത്തു മഴ ശക്തിയോടെ പെയ്യുന്നുണ്ടായിരുന്നു. ദിലീപ് ആണ് വിളിച്ചത്, ഫോൺ എടുത്തു. “എടാ, നീ എവിടെ? കുറെ നേരം ആയി വിളിക്കുന്നു?” “ഫോൺ നിശബ്ദം ആയിരുന്നു, കേട്ടില്ല. എന്തു പറ്റി?” “ശരത് പോയി. കുറച്ചു ശരിയാകുന്നുണ്ട് എന്നായിരുന്നു ഡോക്ടർ പറഞ്ഞത്. പക്ഷെ ഇന്ന് മോശം ആയി. രാവിലെ നീ വിളിച്ചില്ലേ, അതിന് ശേഷം ആണ് സംഭവിച്ചത്” ഞാൻ ഒന്നും പറഞ്ഞില്ല. “എടാ ഞങ്ങൾ നാളെ വീട്ടിൽ കൊണ്ട് വരുമ്പോൾ പോകുന്നുണ്ട്. നീ വരുന്നോ?” “ഇല്ല, എനിക്ക് അവനെ അങ്ങനെ കാണാൻ കഴിയുമെന്ന് തോന്നുന്നില്ല” “ഉം, ശരി! വരുന്നുണ്ടേൽ വിളിച്ചാൽ മതി” ഞാൻ ഒന്നും പറയാതെ ഫോൺ വെച്ചു. എന്റെ മനസ്സിൽ ഇപ്പോഴും തടിക്കഷ്ണവുമായി പടികൾ ഓടിക്കയറുന്ന ശരത് ആയിരുന്നു.

English Summary:

Malayalam Short Story ' Samarakalangal ' Written by Ramesh Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com