ആദ്യമായി നേരിൽ കണ്ട മരണം അമ്മയുടേത്; കുഞ്ഞിനൊപ്പം ആകെയുണ്ടായിരുന്നത് അയൽക്കാർ മാത്രം
Mail This Article
കുഞ്ഞുമേരി വളരെ ആകാംക്ഷയോടെ മെരീനയുടെ കണ്ണുകളിലേക്ക്നോക്കി. മെരീന തുടർന്നു... ക്രിസ്മസ് പാപ്പ എല്ലാരും ഉറങ്ങിക്കഴിഞ്ഞശേഷം അർദ്ധരാത്രിയോടടുത്താണ് വരുന്നത്. നിറയെ മഞ്ഞു വീഴുന്ന സ്ഥലത്തൂന്നാ പാപ്പ വരുന്നതത്രേ. നല്ല കുട്ടികൾക്ക് പാപ്പ മിഠായിപ്പൊതികളും കൈ നിറയെ കളിപ്പാട്ടങ്ങളും തരും. വികൃതി കുട്ടികൾക്ക് പാപ്പ ഇതൊന്നും കൊടുക്കില്ല. പാപ്പക്ക് ഒത്തിരിയൊത്തിരി മാന്ത്രിക വിദ്യകൾ അറിയാം. "ചേച്ചി ന്തേലും കണ്ടിട്ടൊണ്ടാ?. കൊറേ കഥകള് അറിയാവോ?.. ആരാ ഇതൊക്കെ പറഞ്ഞു തരണെ..?" കുഞ്ഞുമേരിയുടെ ചോദ്യവും നക്ഷത്രങ്ങൾ തിളങ്ങുമ്പോലുള്ള ആ കണ്ണുകളും അവൾക്കിഷ്ടമായി. ഡോക്ടറമ്മയും വക്കീലമ്മയും മത്സരമാണ് എനിക്ക് കഥകൾ പറഞ്ഞുതരാൻ. മെരീന കുഞ്ഞുമേരിയുടെ കുഞ്ഞു കവിളിൽ കുസൃതിയോടെ നുള്ളിക്കൊണ്ടു പറഞ്ഞു.. കുഞ്ഞു മേരിയുടെ മുഖം പെട്ടെന്ന് വിഷാദം കൊണ്ടു മൂടി. അവൾ മെരീനയുടെ മുഖത്ത് നോക്കി സങ്കടത്തോടെ പറഞ്ഞു... "മോൾക്ക് ഇതൊന്നും പറഞ്ഞു തരാൻ അമ്മയ്ക്ക് പറ്റൂല്ല. അമ്മ എപ്പോഴും കിടപ്പിലാ. അമ്മയുടെ കാര്യങ്ങളെല്ലാം അപ്പനാ നോക്കുന്നത്. ചിലപ്പോ രണ്ടാളും ന്നെ കെട്ടിപ്പിടിച്ച് കരയും." "അതിനെന്തിനാ നീ വിഷമിക്കുന്നെ? അസുഖമൊക്കെ ഇപ്പൊ അങ്ങ് മാറില്ലേ? എണീറ്റ് വാ.. നമുക്ക് ക്രിസ്മസ് പാപ്പ വരുമ്പോൾ സമ്മാനമായി അമ്മയുടെ അസുഖം മാറ്റിത്തരാൻ പറയാം." അത് കേട്ട് പ്രതീക്ഷയോടെ കുഞ്ഞുമേരി എണീറ്റു. ആ കണ്ണുകൾ വിടർന്നു. മെരീനയുടെ ഉള്ളിൽ ഒരു ചിരി പൊട്ടി വിടർന്നു..
വക്കീലമ്മ ഫോൺ വിളിക്കുമ്പോൾ പറഞ്ഞിരുന്നു.. ഇത്തവണ മോൾക്ക് ഒപ്പം കൂട്ടാൻ ഒരു പാവം കുട്ടിയെയാണ് കിട്ടിയിരിക്കുന്നത്. പഴയ കൂട്ടുകാരികളൊക്കെ തറവാടുകളിൽ ക്രിസ്മസ് ആഘോഷിക്കാൻ പോയി. ഇത് നമ്മുടെ ഔട്ട് ഹൗസിൽ വാടകയ്ക്ക് താമസിക്കാൻ വന്ന ഇപ്പോഴത്തെ താമസക്കാരാണ്. ഒരു പാവം കുടുംബത്തിലെ മിടുക്കി കുട്ടിയാണ്. കുട്ടിയുടെ അമ്മ എന്തോ സുഖമില്ലാതെ കിടപ്പിലാണ്. ഇവിടെ ചികിത്സയ്ക്ക് വന്നതാണ്. മോള് വന്നിട്ട് വേണം അവൾക്ക് ക്രിസ്മസിന്റെ കഥകളൊക്കെ പറഞ്ഞു കൊടുക്കാൻ. കഥകൾ കേൾക്കാൻ ഒത്തിരി ഇഷ്ടമുള്ള കുട്ടിയാണ്. മിക്കവാറും സമയം ഇവിടെ ആയിരിക്കും. എന്റെ പുറകെ... എന്തെങ്കിലും പഴയ കൊച്ചുകൊച്ച് കഥകളൊക്കെ ഞാൻ പറഞ്ഞു കൊടുക്കും. കുഞ്ഞുമേരി.. അതാണവളുടെ പേര്. ഇപ്പോൾ അവളും എന്റെ ഒരു ഫ്രണ്ട് ആണ്. ഇവിടുത്തെ ഒരംഗം. വക്കീലമ്മ അവളോട് നിന്നെക്കുറിച്ച് ഒക്കെ പറഞ്ഞിട്ടുണ്ട്. ഒരു ബെസ്റ്റ് ഫ്രണ്ടിനെപ്പോലെയാണ് മെരീനക്ക് അവളുടെ വക്കീലമ്മ. എന്ത് കാര്യവും ഒരു കൂട്ടുകാരിയോട് എന്ന പോലെ കൊച്ചു മോളോട് വിസ്തരിക്കും. ഒറ്റ മോളുടെ ഏകസന്താനം അല്ലേ? തറവാട്ടിലെ ആദ്യത്തെ കുട്ടി. ആകെയുള്ള പെൺതരി.
മമ്മയുടെ മമ്മിയുടെ ഒരു സിസ്റ്റർക്കും രണ്ടു ബ്രദേഴ്സിനും രണ്ട് വീതം ആൺകുട്ടികളാണ്. മമ്മയുടെ പപ്പയുടെ വീട്ടിൽ ആകെ രണ്ട് സഹോദരങ്ങളേ ഉള്ളൂ. മമ്മയുടെ പപ്പയും കൊച്ചപ്പയും. അതിൽ കൊച്ചപ്പ കല്യാണം കഴിച്ചിട്ടില്ല. മമ്മയുടെ പപ്പാ ഒരുജന്മിയാണ്. ഒത്തിരി ഭൂസ്വത്തുക്കളുടെ ഉടമയാണ്. നല്ലൊരു കൃഷിക്കാരൻ ആണ്. നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ട കൂട്ടുകാരൻ! ആ നാട്ടിലെ എല്ലാ പൊതു കാര്യങ്ങളിലും പപ്പയുടെ സാന്നിധ്യം ഉറപ്പാക്കിയ അടയാളങ്ങൾ ഉണ്ട് എന്ന് വക്കീലമ്മ പറയാറുണ്ട്. പപ്പയെ വക്കീലമ്മ പൊതുവപ്പ ദാ.. വരുന്നു... എന്ന് പറഞ്ഞ് കളിയാക്കുന്നത് കേട്ട് കേട്ട് അവൾ കുഞ്ഞിലേ തന്നെ മമ്മയുടെ പപ്പയെ പൊതുവപ്പാ എന്നാണ് വിളിച്ചു പഠിച്ചത്. പൊതുവെ നല്ല കർക്കശക്കാരനും ചിട്ടക്കാരനും ആണ്. അതുകൊണ്ടുതന്നെ അവളോട് ആ ഒരു രീതിയിലാണ് പെരുമാറ്റം. ചിട്ടകൾ ഒക്കെ അവിടെ നിന്നാണ് അവൾ പഠിച്ചത്. പെരുമാറ്റ ചട്ടങ്ങൾ ശരിക്കും അവളെ പഠിപ്പിച്ചത് പൊതുവപ്പായാണ്. മമ്മയുടെ അമ്മയെ വക്കീലമ്മയെന്നും അവളുടെ അപ്പ ഡോക്ടർ എബിന്റെ അമ്മയെ ഡോക്ടറമ്മ എന്നുമാണ് അവൾ കുഞ്ഞിലേ വിളിച്ചു പഠിച്ചത്. പപ്പയുടേത് ഒരു വലിയ കുടുംബമാണ്.
പപ്പയുടെ അപ്പ.. അവളുടെ അപ്പപ്പ ഒത്തിരി തിരക്കുള്ള ആളാണ്. ഡോക്ടറമ്മയുടെ വീട്ടിൽ ചെന്നാൽ അപ്പപ്പയെ അങ്ങനെയൊന്നും കാണാൻ കിട്ടില്ല. എപ്പോഴും തിരക്കിലാവും. വീടിനോട് ചേർന്ന് തന്നെ ഒരു വലിയ ആയൂർവേദ ഹോസ്പിറ്റൽ ഉണ്ട്. മുഴുവൻ സമയവും രോഗികളുമായി അവിടെത്തന്നെ ഉണ്ടാകും. അവൾ അവിടെയാകുമ്പോൾ അവളെ കൊഞ്ചിക്കുന്നതിൽ അപ്പപ്പയും പിശുക്ക് കാണിക്കാറില്ല. ഇടയിൽ കിട്ടുന്ന ഇത്തിരി സമയം അവളോട് ചങ്ങാത്തം കൂടും. ഒരിക്കൽ ഒത്തിരി സ്വാതന്ത്ര്യം കൂടിയ ഒരു സമയത്ത് അവൾ ചോദിച്ചു.. മമ്മയും ഡോക്ടറച്ഛനും എന്താ പിണക്കം എന്ന്?. അപ്പപ്പാ അന്നവൾക്ക് ഒരു കുഞ്ഞടിയും കൊടുത്ത് പറഞ്ഞു.. നിന്റെ പപ്പക്കും മമ്മയ്ക്കും വിദ്യാഭ്യാസം കൂടിയതിന്റെ കുഴപ്പമാണെന്ന്. തലയ്ക്ക് വട്ടാണെന്ന്. എന്നിട്ട് എന്തോ ആലോചിച്ച് ചിരിച്ചു. വക്കീലമ്മയുടെയും ഡോക്ടറച്ഛന്റെയും കുടുംബവീടുകളിലെ രണ്ടു തരം അന്തരീക്ഷവും അവൾക്ക് ഏറെ പ്രിയങ്കരമാണ്. ഒപ്പം മമ്മയും ഡോക്ടറച്ഛനും എല്ലാ കാര്യത്തിലും ഒരുമിച്ച് ഉണ്ടാകുന്നതും അവരുടെ പിണക്കത്തേക്കാൾ ഏറെ ആ ഒരു കുറവ് അവളിൽ നികത്തിയിരുന്നു.
"ചേച്ചി ഇനി എത്ര ദിവസം വിടെ കാണും?" കുഞ്ഞുമേരിയുടെ ചോദ്യം അവളെ ചിന്തകളിൽ നിന്നുണർത്തി. "ഞാൻ ക്രിസ്മസ്സിന്റെ അന്ന് രാത്രി തിരികെ പോകും. ഡോക്ടർ എന്നെ കൂട്ടാൻ വരും." "ആരാ ഡോക്ടർ" കുഞ്ഞുമേരി ചോദിച്ചു. "അതെന്റെ പപ്പയാ".. ഞാൻ അങ്ങനെയാ വിളിക്കുന്നത്. അവൾ വീണ്ടും ഓർത്തു.. അറിവായ കാലം മുതൽ രണ്ടു പേരുകേട്ട തറവാടുകളിൽ എല്ലാവരുടെയും സ്നേഹം, പരിഗണന, കരുതൽ ഒക്കെ ആവോളം നുകർന്ന് ആസ്വദിച്ച് ജീവിക്കുന്ന കുട്ടി. എന്താണ് തനിക്കൊരു കുറവ് പുറമേ നിന്നു നോക്കുമ്പോൾ? അങ്ങ് ആകാശത്തോളം സ്വപ്നം കണ്ട് പറക്കാൻ പ്രാപ്തിയുള്ള ചിറകുകൾ! എല്ലാ സൗഭാഗ്യങ്ങളുടേയും നടുവിൽ നിന്നു തിളങ്ങുന്ന കുട്ടി. എന്നാലും ചില പ്രത്യേക സന്ദർഭങ്ങളിൽ അവൾക്കനുഭവപ്പെടുന്ന ഒരു ശൂന്യത.. നിമിഷ നേരങ്ങളുടെ ആ വിടവിൽ അവളുടെ പേരന്റ്സിന്റെ കാരണങ്ങളറിയാത്ത പിണക്കം തന്നെയാണ്. സ്വന്തം പപ്പയും മമ്മയും ഒരുമിച്ച് ലാളിക്കാറുണ്ട് സ്നേഹിക്കാറുണ്ട്. അത്യാവശ്യമുള്ള എല്ലായിടത്തും വരാറുണ്ട്. ഒപ്പം കൂട്ടിക്കൊണ്ടു പോകാറുണ്ട്. പക്ഷേ.. അവർക്കിടയിലുള്ള ആ പിണക്കം എന്താണെന്ന് ആർക്കും അറിയില്ല. അവൾക്കതു പറഞ്ഞു കൊടുക്കാനോ ആർക്കും കണ്ടുപിടിക്കാനോ.. തിരക്കി അറിയാനോ കഴിഞ്ഞിട്ടില്ല.
അമ്മ പേരുകേട്ട ഗവൺമെന്റ് വക്കീൽ. അച്ഛൻ മെറിറ്റിൽ പഠിച്ചു പാസ്സായ എന്നും ഒന്നാമനായിരുന്ന പ്രസിദ്ധനായ കാർഡിയോളജിസ്റ്റ്. അവൾ പലപ്പോഴും ആലോചിച്ചിട്ടുണ്ട്.. ഈ വക്കീലും ഡോക്ടറും എങ്ങനെ ഒന്നായി എന്ന്. ഇടയ്ക്ക് ആരിൽ നിന്നൊക്കെയോ എപ്പോഴൊക്കെയോ അവളും മനസ്സിലാക്കിയിരുന്നു.. അവർ സ്നേഹിച്ചു വിവാഹം കഴിച്ചവരായിരുന്നു എന്ന്. നന്നേ ചെറുപ്പത്തിലേ തന്നെ. രണ്ടു തറവാട്ടുകാരും പേരുദോഷം കേൾപ്പിക്കാതിരിക്കാൻ നിശ്ചയിച്ചു നടത്തിക്കൊടുത്ത വിവാഹം... അതും വളരെ ആർഭാടകരമായിട്ട്. രണ്ടാളുടേയും പഠനവും ഡോക്ടറച്ഛന്റെ ഉപരിപഠനവുമൊക്കെ അതിനുശേഷമാണ് പൂർത്തിയായത്. പിന്നീട് ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയതിനു ശേഷമാണ് രണ്ടുപേരും സ്വയം തിരിച്ചറിഞ്ഞത്. ഒരുപാട് പൊരുത്തക്കേടുകൾക്കിടയിൽ സ്വയം കുരുതി കൊടുക്കാൻ രണ്ടുപേരും തയാറായിരുന്നില്ല. വിദ്യാഭ്യാസം കൊണ്ടും വിവരം കൊണ്ടും, കരിയർ കൊണ്ടും എന്നും മുന്നിൽ നിൽക്കുന്നവർ! അവർ ഒരുമിച്ച് ഒരു തീരുമാനം എടുത്തു... ഒരു വീട്ടിൽ അന്യരെപ്പോലെ കഴിയുന്നതിനേക്കാൾ നല്ലത് രണ്ടു വീടുകളിൽ സമാധാനമായി കഴിയുക. പരസ്പരം എപ്പോഴെങ്കിലും നഷ്ടബോധമോ, സ്നേഹമോ വിരഹത്തിന്റെ തീവ്രതയോ ഒക്കെ അനുഭവിക്കുന്നുണ്ട് എങ്കിൽ, പരസ്പരം എല്ലാ പൊരുത്തക്കേടുകളെയും മറവിയിലാഴ്ത്തി, വീണ്ടും തങ്ങളിൽ ഒഴിച്ചുകൂടാൻ ആകാത്തവിധം ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഒന്നാകാം എന്ന്. പുതിയ തലമുറയുടെ പുതിയ ചിന്തകൾ ആകാം ഇതൊക്കെ.
അർഥമില്ലാതെ ജീവിച്ച് ആരേയും ബോധ്യപ്പെടുത്തിയിട്ട് കാര്യമില്ല എന്നത് അവരുടെ അംഗീകൃത സത്യം. പക്ഷേ.. അവർ ഒരുമിച്ച് പിരിഞ്ഞു ജീവിക്കുന്നതിനു മുന്നേ ഒരു തീരുമാനം എടുത്തിരുന്നു.. സ്വന്തം മോൾക്ക് ഒരു കാര്യത്തിലും ഒരു സ്ഥലത്തും ഒരു കുറവും വരുത്തരുത് എന്ന്. അതുകൊണ്ടുതന്നെ അവൾക്ക് ഈ വേർപെട്ട് കഴിയൽ ഒരു വിഷയമായി ജീവിതത്തിൽ പലപ്പോഴും തോന്നിയിട്ടില്ല. ഇടയ്ക്ക് ഇഷ്ടമുള്ളപ്പോഴൊക്കെ മമ്മയുടെ കൂടെയോ ഡോക്ടറച്ഛന്റെ കൂടെയോ ഒക്കെ പോകണമെന്ന് തോന്നിയാൽ ഒരു ഫോൺകോൾ മതി ആരും തടയില്ല. ജോലിത്തിരക്കുകൾ കഴിയുമ്പോൾ മമ്മയോ ഡോക്ടറച്ഛനോ തന്നെ വന്ന് കൂട്ടിക്കൊണ്ടുപോകും. ഫോണിൽ പോകാനുള്ള സ്ഥലം അല്ലെങ്കിൽ.. മമ്മയോടൊപ്പം നിൽക്കുന്നുവെങ്കിൽ അങ്ങനെ... ഡോക്ടറച്ഛനോടൊപ്പം നിൽക്കുന്നു എങ്കിൽ അങ്ങനെ.. എല്ലാം നേരത്തേ പറഞ്ഞു വച്ചിരിക്കും. അതല്ല രണ്ടുപേരോടുമൊപ്പം എവിടെയെങ്കിലും സമയം ചിലവഴിക്കാൻ ഇഷ്ടപ്പെടുന്നു എങ്കിൽ അങ്ങനെ.. എന്തും അവളുടെ ഇഷ്ടം. പക്ഷേ.. അവർക്കിടയിലുള്ള ആ പിണക്കത്തിനെ മാറ്റാൻ അവരെ ബുദ്ധിമുട്ടിക്കാതിരിക്കാൻ അവൾ എപ്പോഴും ശ്രമിച്ചിരുന്നു. അവളോട് ഒരുമിച്ചിരുന്ന് അവർ എന്തും പറയും.. തമാശ പറയും, കാര്യങ്ങൾ തിരക്കും എല്ലാം പറയും.. പക്ഷേ.. പരസ്പരം ഒന്നും സംസാരിക്കില്ല. ഒരുമിച്ചു തറവാടുകളിൽ മാറിയും തിരിഞ്ഞും കൊണ്ടാക്കും. വീടുകളിൽ കയറില്ല. രണ്ടു തറവാടുകളിലും!...
എന്നാൽ രണ്ടു തറവാട്ടുകാരും തങ്ങളിൽ ഒരു പിണക്കവുമില്ല! അവർ പരസ്പരം അത്യാവശ്യത്തിന് സഹകരിക്കാറുമുണ്ട്. കേൾക്കുമ്പോൾ എല്ലാവർക്കും അതിശയം തോന്നും... പക്ഷേ അവളുടെ അന്തരീക്ഷം ഇതൊക്കെയാണ്. എപ്പോഴെങ്കിലും രണ്ടുപേർക്കും ഇഷ്ടം തോന്നി ഒരുമിക്കട്ടെ! അതാണ് കാലത്തിന്റെ മുറ്റത്ത് നിന്നുകൊണ്ട് ആ കൊച്ചു മനസ്സും ചിന്തിച്ചത്. ഒന്ന് അവൾക്കറിയാം... മമ്മയുടെ മനസ്സിൽ ഡോക്ടറച്ഛൻ മാത്രമേയുള്ളൂ.. ഡോക്ടറച്ഛനെ മമ്മയ്ക്ക് ഒത്തിരി ഇഷ്ടവുമാണ്. തിരിച്ചും അതുപോലെ തന്നെ. അത് അവൾക്ക് ശരിക്കും ബോധ്യവുമാണ്. അതുകൊണ്ടുതന്നെ ഇന്നല്ലെങ്കിൽ നാളെ അവരുടെ ഒത്തുചേരൽ അത് അവളുടെ നിലയ്ക്കാത്ത, അസ്തമിക്കാത്ത പ്രതീക്ഷയാണ്. മമ്മയെക്കുറിച്ച് ഒരു മോശം വാക്കും ഇതുവരെ അവളോട് ആരും പറഞ്ഞിട്ടില്ല. ഡോക്ടറച്ഛനെക്കുറിച്ചും... അതുകൊണ്ടുതന്നെ അവൾക്ക് രണ്ടുപേരും ജീവനാണ്.
"ചേച്ചി വാ... ആ വിളക്ക് മരം കത്തിക്കാം.." കുഞ്ഞുമേരി അവളുടെ കൈക്കു പിടിച്ചു വലിച്ചു.. "ഏത് വിളക്ക് മരം?..." അവൾ നെറ്റി ചുളിച്ച് കുഞ്ഞുമേരിയെ നോക്കി. "ഇവിടുത്തമ്മ പറഞ്ഞൂല്ലോ ചേച്ചി വന്നിട്ട്..." "ഓ ക്രിസ്മസ് ട്രീ അല്ലേ?" അവൾ ചിരിച്ചു.. അതേ.. അപ്പോഴേക്കും വക്കീലമ്മ വിളിച്ചു.. "മെരീനാ.. മേരിക്കുഞ്ഞേ വാ.. ഇതൊക്കെ ആരാ വന്നിരിക്കുന്നേന്നു നോക്കിയേ..?" വക്കീലമ്മയുടെ കൂട്ടുകാരി അന്നമ്മയും കൊച്ചുമക്കളുമാ... "ങാ.. നിങ്ങളൊക്കെ കൂടി പോയി ആ ക്രിസ്മസ് ട്രീയും പുൽക്കൂടുമൊക്കെ ഒരുക്കുമ്പോഴേക്കും ഞങ്ങളൊന്നു സംസാരിക്കട്ടെ. വക്കീലമ്മയും കൂട്ടുകാരിയും വാതോരാതെ സംസാരിക്കുന്നതിനിടെ അവർ കുട്ടികൾ അവിടമാകെ കറങ്ങി നടന്നു. അങ്ങനെ രണ്ടുമൂന്നു ദിവസം ഒരുക്കങ്ങളുടെ മേളങ്ങളിൽ പുതിയ പുതിയ വിരുന്നർ കൂട്ടുകാരുമൊക്കെയായി കരോളും ക്രിസ്തുമസ് പാപ്പയും സമ്മാനങ്ങളും പലഹാരങ്ങളും കേക്കുമുറിപ്പും.. ഏഴാം ക്ലാസിൽ പഠിക്കുന്ന മെരീനയുടെ ഓരോ വർഷത്തെയും ഓർമ്മകളുടെ ശേഷിപ്പുകളിൽ പുതുമകൾ നിറച്ചു കൊണ്ട് ഓരോ ആഘോഷങ്ങളും കടന്നു പോകും.. ഈ ക്രിസ്മസും അങ്ങനെ കടന്നുപോകാൻ പോകുന്നു... ഇനി പുതുവർഷത്തിന്റെ ആഘോഷങ്ങളും ചർച്ചകളും തിരക്കുകളുമാണ്. പടക്കം പൊട്ടിക്കലും പുത്തൻ തീരുമാനങ്ങളും പ്രതിജ്ഞകളും പ്രതീക്ഷകളും തലേന്ന് രാത്രിയിലുള്ള കൂടിച്ചേരലും ആഘോഷങ്ങളും കലാപരിപാടികളും ഡിന്നറും ഒക്കെയായി ഈ വർഷാവസാനവും കടന്നു പോകും.. പുതുവർഷപ്പിറവി വരും. അവളുടെ ആകാശം എപ്പോഴാണ് നക്ഷത്ര ശോഭയാൽ തിളങ്ങുക? നാളെ ഡോക്ടറച്ഛൻ വരും. ബാക്കി ആഘോഷങ്ങൾ ഡോക്ടറമ്മയോടൊപ്പം ആ കുടുംബത്ത്. എപ്പോഴും ഡോക്ടറച്ഛനും മമ്മയും വളരെ അത്യാവശ്യങ്ങൾക്ക് മാത്രമേ തറവാടുകളിൽ വന്നിരുന്നുള്ളൂ.. അവർ രണ്ടും ജോലിസ്ഥലങ്ങളിൽ തന്നെയാണ് താമസം.
രണ്ടു തറവാടുകളുടെ അന്തരീക്ഷത്തിൽ നിന്നും എത്രയെത്ര വിഭിന്നങ്ങളായ കാഴ്ചകൾ അനുഭവങ്ങൾ.. ഈ ജീവിതത്തിൽ ഈ ചെറിയ പ്രായത്തിൽ, അവൾക്ക് കിട്ടി !. പാറ്റയും പല്ലിയും, കിളികളും ശലഭങ്ങളും, പരുന്തും കാക്കയും പൂച്ചയും പട്ടിയും, കോഴികളും താറാവും, വയലേലകളും കുന്നിൻ ചരിവുകളും, മലകളും പുഴകളും, കായലും കടലും ഒക്കെ കടന്നു പട്ടണത്തിന്റെ നിറുകയിൽ ആരും ആരെയും തിരിച്ചറിയാത്ത ലോകത്ത് മാളുകളും, പാർക്കുകളും, ക്ലബ്ബുകളും വിസ്മയങ്ങളും നിറഞ്ഞ തിളക്കങ്ങളിൽ അങ്ങനെയങ്ങനെ അലിഞ്ഞുചേർന്ന്.. എല്ലാ സ്നേഹങ്ങളും ഏറ്റുവാങ്ങി എല്ലാ കരുതലുകളും ഹൃദയത്തിൽ നിറച്ച്.. എവിടെയോ മുഴച്ചു നിന്ന ഒരു തെറ്റിനെ മറന്നു മതിവരുമ്പോഴും.. ഈ വരവിൽ കുഞ്ഞുമേരി അവളുടെ ഉള്ളിൽ ഒരു ദുഃഖ കഥാപാത്രമായി നിലകൊണ്ടു. അല്ലെങ്കിൽ! അങ്ങനെ മാറാൻ അധിക സമയം വേണ്ടിവന്നില്ല. ആഘോഷങ്ങളിൽ മതി മറന്നിരുന്ന അവളുടെ കാതുകളിൽ സുഖമില്ലാതെ കിടപ്പിലായിരുന്ന അവളുടെ അമ്മയുടെ മരണവിളി വന്നപ്പോൾ അസ്തമിച്ചു പോയി ആ കുഞ്ഞുമനസ്സിലെല്ലാം... വക്കീലമ്മയോടൊപ്പം ആദ്യമായി ഒരു മരണം നേരിൽ കണ്ട് മെരീനയും ആകെ അന്ധാളിച്ചു പോയി. കുഞ്ഞുമേരിയുടെ എല്ലാ സന്തോഷങ്ങളും മാഞ്ഞ അവളുടെ അമ്മയെ കെട്ടിപ്പിടിച്ചുള്ള നിലവിളി ആ ക്രിസ്മസ്സിന്റെ വിലാപമായി നിമിഷങ്ങൾക്കകം മാറി. ബന്ധുക്കളും സ്വന്തക്കാരും ഒക്കെ ഉണ്ടോ എന്ന് പോലും തിരിച്ചറിയാതിരുന്ന ആ മരണ വീട്ടിൽ വന്നു കൂടിയ വിരലിലെണ്ണാവുന്ന അയൽക്കാർ പലരും പെട്ടെന്നു തന്നെ പിരിഞ്ഞുപോയി. കുഞ്ഞുമേരിയെ ഒന്നു ചേർത്തു പിടിക്കാൻ വക്കീലമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവളുടെ അച്ഛനെ ആശ്വസിപ്പിക്കാൻ പൊതുവപ്പായും.
മെരീന ആകെ അന്ന് മൂഡ് ഓഫ് ആയിരുന്നു. ഡോക്ടറച്ഛനും മമ്മയും ഒക്കെ ഫോൺ വിളിക്കുമ്പോൾ അവൾക്ക് പതിവ് പോലെ അവരോട് ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല. മരണവീട്ടിലെ രംഗങ്ങളും കുഞ്ഞുമേരിയും അവളുടെ ഉള്ളിൽ സങ്കടമായി. മമ്മയോട് പൊതുവപ്പാ ഫോണിലൂടെ കാര്യങ്ങൾ ഒക്കെ പറഞ്ഞിരുന്നു. അതേപോലെ തന്നെ ഡോക്ടറച്ഛനോടും. അവർ രണ്ടാളും അവളെ ആശ്വസിപ്പിച്ചു. വക്കീലമ്മയും പ്രത്യേകം ഓർമ്മിപ്പിച്ചു.. ഇനിയിപ്പോ കുഞ്ഞുമേരിയും അവളുടച്ഛനും എങ്ങോട്ടു പോകാനാ..? അവരിവിടൊക്കെ തന്നെ ഉണ്ടാകും. എങ്കിലും അവൾക്ക് ആശ്വസിക്കാനായില്ല. ഒത്തിരി അഴകുള്ള കുഞ്ഞു മേരിയുടെ ആ കൊച്ചു കൊച്ചു വർത്തമാനങ്ങളും സംശയങ്ങൾ നിരത്തിയുള്ള ചോദ്യങ്ങളും, അവളുടെ ചേച്ചി വിളിയും പിറകേനടക്കലുമൊക്കെ അവൾക്ക് പുതിയ അനുഭവങ്ങൾ നൽകിയിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ അവളൊരു കുഞ്ഞനുജത്തിയെ പോലെ അവളെ ഇഷ്ടപ്പെട്ടുപോയിരുന്നു. എത്ര പെട്ടെന്നാണ് ഒട്ടും നിനച്ചിരിക്കാതെ തന്നെ എത്രയോ വലിയ സന്തോഷങ്ങൾ സങ്കടങ്ങൾ ആകുന്നത്? എത്രയും വലിയ സങ്കടങ്ങൾ സന്തോഷങ്ങൾ ആകുന്നത്? ഒന്നും മനുഷ്യരുടെ കൈപ്പിടിയിൽ അല്ല. അവൾക്കന്നുറങ്ങാൻ കഴിഞ്ഞില്ല.
പിറ്റേന്ന് പതിവുപോലെ ഡോക്ടറച്ഛന്റെ വരവും കാത്ത് അവൾ ഒരുങ്ങി നിന്നു. ഈ തവണത്തെ അവൾക്കു കിട്ടിയ പല ക്രിസ്മസ് ഗിഫ്റ്റുകളും അവൾ കുഞ്ഞുമേരിക്കു സമ്മാനിച്ചിരുന്നു. ഡോക്ടറച്ഛന്റെ കാറിന്റെ ഹോണടി കേൾക്കുമ്പോഴേക്കും വക്കീലമ്മയുടെ കൈയ്യും പിടിച്ചു അവൾ ഗേറ്റരികെ എത്തിയിട്ടുണ്ടാകും. പൊതുവപ്പാ ഉമ്മറത്തിരുന്ന് ഹാപ്പി ന്യൂ ഇയർ വിഷ് ചെയ്യും.. അഡ്വാൻസ് ആയി തന്നെ. ഇതൊക്കെയാണ് പതിവ്. ഈ തവണ ആ പതിവുകളൊക്കെ തെറ്റിച്ചുകൊണ്ട് ഡോക്ടറച്ഛന്റെ കാർ ഗേറ്റ് കടന്ന് അകത്തു വന്നു നിന്നു. ആരും അറിയാതെ തന്നെ. പതിവിലും ഒത്തിരി നേരത്തെ. എല്ലാവരേയും ഞെട്ടിച്ചു കൊണ്ട്. മെരീന അങ്ങോട്ടൊന്നു നോക്കിയേ ഉള്ളു. കാറിന്റെ ഫ്രണ്ട് സീറ്റിൽ നിന്നും അവളുടെ മമ്മ ലിൻഡ ഇറങ്ങി വരുന്നു.. ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ നിറഞ്ഞ ചിരിയോടെ. ഒപ്പം തൊട്ടു പിറകെ അതേ ഭാവത്തോടെ അതേ ചിരിയോടെ ഡോക്ടറച്ഛനും. അവൾ ഒരു നിമിഷം തരിച്ചു നിന്നുപോയി. വക്കീലമ്മയും പൊതുവപ്പായും ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ അവരെ കണ്ടു മക്കളെ കയറിവാ... മക്കളെ എന്ന് വിളിക്കുന്നു... അവർ രണ്ടും കൂടി വന്നു മെരീനയെ കെട്ടിപ്പിടിച്ചു ഇരു കവിളുകളിലും ഓരോ മുത്തം വച്ചു. എവിടെ? നിന്റെ കുഞ്ഞുമേരി? എന്നു ചോദിച്ചു... പിന്നെ.. എന്താണ് നടന്നത് എന്നൊന്നും അവൾക്ക് ശരിക്കും ഓർക്കാൻ ഇപ്പോഴും കഴിയുന്നില്ല. ഇല്ല.. ഒരു മായ പോലെ എല്ലാം... രണ്ട് വീടുകളിൽ നിന്നും ഒരു പുത്തൻ വീട്ടിലേക്ക് അവളുടെ മമ്മയോടും ഡോക്ടറച്ഛനോടും ഒപ്പം ഒരു കൂടുമാറ്റം. അവരുടേതായ... അവരുടേത് മാത്രമായ സ്വന്തം വീട്ടിലേക്ക്. പുതുവർഷത്തിൽ അവൾക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം..
ആ വീട്ടിൽ അവൾക്കുവേണ്ടി മാത്രമായി അവർ ഒരുക്കിയ മുറി. അവളുടെ ജനിച്ചപ്പോൾ മുതൽ ഇതേവരെ ഉള്ള ഫോട്ടോസ് ഭംഗിയായി പ്രത്യേക രീതിയിൽ സെറ്റ് ചെയ്ത ഷോ കേയ്സ്. അങ്ങനെ ആ വീടിന്റെ ഓരോ മുക്കും മൂലയും അവൾക്ക് സർപ്രൈസുകൾ കൊടുത്തുകൊണ്ടിരുന്നു. മമ്മയുടെയും ഡോക്ടറച്ഛന്റെയും പ്രണയം അവളുടെ കണ്ണുകളിൽ പലപ്പോഴും നാണം വിരിയിച്ചു.. പക്ഷേ... അപ്പോഴും അവർ രണ്ടാളും ഒരുമിച്ച് വന്ന് അവളെ സ്നേഹത്തോടെ ചേർത്തു പിടിച്ചുമ്മവയ്ക്കും. അങ്ങനെ ഒരു നിമിഷത്തിൽ അവർ രണ്ടാളും അവളോട് ചോദിച്ചു, "ഈ പുതുവർഷം നമുക്കടിച്ചു പൊളിക്കണ്ടേ..? മോൾക്ക് എന്തെങ്കിലും സജഷൻസ് ഉണ്ടോ?" അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു... "ങും.. ഞാൻ പറയാം.." ലിൻഡയുടേയും ഡോക്ടർ എബിന്റെയും പുന്നാര മകളല്ലേ? അവളും വിട്ടില്ല... ന്യൂ ഇയറിന്റെ തലേന്ന് അവൾ മമ്മയ്ക്കും ഡോക്ടറച്ഛനും ഓരോ സർപ്രൈസ് ഗിഫ്റ്റ് സമ്മാനിച്ചു. എന്നിട്ടൊരുപദേശവും.. ഇത് മമ്മയും ഡോക്ടറച്ഛനും മാത്രമുള്ളപ്പോൾ പൊട്ടിച്ചാൽ മതി. പുതുവർഷാഘോഷങ്ങളിൽ ലോകമെമ്പാടും തിമിർത്താടുന്ന ആ രാത്രിയിൽ അവരതു പൊട്ടിച്ചു. ഒരുപാട് പൊതികൾ അഴിഞ്ഞു വീണൊടുവിൽ അവരതു കണ്ടെടുത്തു. മനോഹരിയായ ഒരു കുഞ്ഞു പാവക്കുട്ടി. താഴെ "എന്റെകുഞ്ഞുമേരി" എന്ന് പേരും എഴുതിവച്ചിരിക്കുന്നു. രണ്ടു ഗിഫ്റ്റും സെയിംതന്നെ. അവർ രണ്ടും അതിൽ നോക്കി ഏറെ നേരം ഇരുന്നു. പിന്നീട് ആ നാലു കണ്ണുകൾ ഉടക്കി തന്നെ നിന്നു അവ അൽപം നിറഞ്ഞുവോ..? നമ്മൾ എന്തിനായിരുന്നു ഇങ്ങനെയൊക്കെ അവൾ അയാളോട് മെല്ലെ മന്ത്രിച്ചു.. ഇല്ല എനിക്കും അറിയില്ല... അയാളും പിറുപിറുത്തു.. ഇനി ഒന്നും പറയണ്ട എന്ന് അയാൾ ആ ചുണ്ടുകൾ അവളുടെ ചുണ്ടുകളിൽ അമർത്തി പറഞ്ഞു. അപ്പോൾ പുതുവർഷ മണി മുഴങ്ങുന്നുണ്ടായിരുന്നു. എല്ലാ നിശ്ശബ്ദതകളേയും ഭേദിച്ച് അവരുടെ പുത്തൻ ക്ലോക്കിൽ നിന്നും.