'രാജാവ് തിരഞ്ഞെങ്കിലും മോതിരം കിട്ടിയില്ല, അതില്ലാതെ കൊട്ടാരത്തിലേക്ക് കാവൽക്കാർ കടത്തില്ല'
Mail This Article
ആ വലിയ കുളത്തിലേക്ക് മറിഞ്ഞു കിടന്നിരുന്ന പൊന്തക്കാട് പുലർന്നപ്പോഴേക്കും അപ്രത്യക്ഷമായിരുന്നു. ജലോപരിതലത്തിൽ, ശിരസ്സുയർത്തി പുള്ളൻ വരാല് പരിസരമാകെ വീക്ഷിച്ചു. ഇന്നലെ സന്ധ്യയ്ക്കു കൂടി ഇവിടമെല്ലാം കാടുമൂടി കിടന്നതാണല്ലോ? ഇനി രാത്രി കറുമ്പി പശുവെങ്ങാനും വന്നിരുന്നോ? അവളെ കൊണ്ടു മാത്രമേ ഒറ്റ രാത്രിയിൽ ഇതു മുഴുവൻ വെട്ടി വിഴുങ്ങാൻ പറ്റൂ. കറുമ്പി, ചെന നിറഞ്ഞു നിന്നപ്പോൾ വിഷക്കൂണു തിന്നു ചത്തുപോയതാണ്. തൊഴുത്തിൽ നിന്നും കെട്ടഴിഞ്ഞുവന്ന് കുളക്കരയിൽ കറങ്ങി നടക്കുന്നതിനിടയിൽ, തലേന്നത്തെ ഇടിക്കോളിൽ ഉയർന്ന തുറുവിലെ കൂണു മുഴുവൻ ഒറ്റയടിക്കങ്ങ് തിന്നു തീർത്തു. തിന്നല്ലേയെന്ന് പുള്ളൻ വരാല് കേണു പറഞ്ഞതാ. കറുമ്പി കേട്ടില്ല. ഒറ്റവീർപ്പിന് കൂണു മുഴുവൻ തിന്നിട്ട്, "എന്തു തിന്നണമെന്ന് തന്നെ പഠിപ്പിക്കല്ലേയെന്ന്" പറഞ്ഞു തീരുന്നതിനു മുന്നേ, പൊത്തോയെന്ന് കുളക്കരയിൽ വീണു. അവിടെത്തന്നെ വല്യയൊരു കുഴിയെടുത്തു കറുമ്പിയെ കുഴിച്ചിട്ടു.
ചില രാത്രികളിൽ, കറുമ്പി കുഴിയിൽ നിന്നെണീറ്റ് കൂണു തപ്പി നടക്കും. ഒടുവിൽ കൂണു കിട്ടാത്ത കലിപ്പിൽ കുളക്കരയാകെ നക്കിത്തിന്നും. പുള്ളന്റെ പെണ്ണുങ്ങൾ മത്സരിച്ചിടുന്ന മുട്ടകൾ മുഴുവൻ കുളത്തിലേക്ക് മറിഞ്ഞു കിടക്കുന്ന പുല്ലിനിടയിലാണ്. അതു മുഴുവൻ കറുമ്പി, പുല്ലിന്റെ കൂടെ അകത്താക്കും. ചെന പിടിച്ച കറുമ്പി വല്യ വയറുമായി കുഴിയിൽ നിന്നും കയറിവന്ന് കുളത്തിലേക്ക് വരാൽ കുഞ്ഞുങ്ങളെ പെറ്റിട്ടേച്ച് തിരികെ കുഴിയിലേക്ക് ഇറങ്ങിക്കിടക്കും. പാൽമണമുള്ള വരാൽക്കുഞ്ഞുങ്ങൾ പുള്ളന്റെ മുന്നിൽ നമസ്ക്കരിക്കും. അടുത്ത ഊത്ത കയറ്റത്തിന് എല്ലാവരും കൂടി നാടുകാണാൻ കുളത്തീന്നിറങ്ങും. തുലാപ്പത്തിന് കൃത്യം വീണ്ടും ഊത്ത കയറുമ്പോൾ കുറേ പെണ്ണുങ്ങളെയും ആണുങ്ങളെയും കൂട്ടി തിരികെ കുളത്തിലെത്തും. അമ്പതു വർഷമായി പുള്ളൻ വരാൽ കുളത്തിന് പുറത്തോട്ട് പോയിട്ട്. അതിനുമുന്നേ ഇതിലും മഴയും വെള്ളവുമുണ്ടായിരുന്നപ്പോൾ പുള്ളൻ അടുത്ത കുളങ്ങളിലും തോട്ടിലുമെല്ലാം കയറിയിറങ്ങിയിരുന്നതാണ്. കൊള്ളാവുന്ന വരാൽ പെണ്ണുങ്ങളെയെല്ലാം ഗർഭിണികളാക്കി നാട്ടിൽ മുഴുവൻ പെണ്ണുങ്ങളും പിള്ളേരുമായി അടക്കിവാണത് അഞ്ഞൂറു കൊല്ലം.
കണക്കു പറഞ്ഞാൽ പുള്ളൻ വരാലിനിപ്പോ അറുന്നൂറു വയസ്സു കാണും. സ്ഥിരമായി ഈ കുളത്തിൽ തന്നെയാണവൻ താമസിക്കുന്നത്. ഈ രാജ്യത്തെ രാജാവ്, തന്റെ അന്തപുരത്തിലെ പെണ്ണുങ്ങൾക്ക് കുളിച്ചു മറിയാൻ കുത്തിയ കുളമാണിത്. പെണ്ണുങ്ങളെല്ലാംകൂടി ജലക്രീഢ നടത്തുന്നത് കുളക്കരയിൽ നോക്കി രസിച്ചു നിന്ന രാജാവിന് സ്ഖലനമുണ്ടായി. കുളത്തിലേക്ക് തെറിച്ചു വീണ രേതസ്സ്, ഏതോ വിശിഷ്ട ഭോജ്യമെന്നു കരുതിയൊരു വരാൽപ്പെണ്ണ് വിഴുങ്ങി. കാലത്തിന്റെ തികവിൽ വരാൽപ്പെണ്ണ്, രാജമുദ്രയുള്ളൊരു വരാൽക്കുഞ്ഞിനെ മുട്ടയിട്ട് വിരിയിച്ചു. യുദ്ധ മുറകളും രാജ്യതന്ത്രജ്ഞതയുമൊക്കെ അഭ്യസിച്ചതിനു ശേഷമാണ് മുട്ടവിരിഞ്ഞ് അവൻ പുറത്തുവന്നത്. നെറ്റിയിലെ പുള്ളു കാരണം വരാൽപ്പെണ്ണ് അവനെ പുള്ളൻ എന്നായിരുന്നു വിളിച്ചത്. പുള്ളൻ അതിവേഗം വളർന്ന് ഒത്തയൊരു വരാലായി. കുളത്തിൽ കുളിച്ചു കൊണ്ടിരുന്ന റാണിക്ക് പുറം തേച്ചു കൊടുക്കുകയായിരുന്ന രാജാവിനെ വരാൽപ്പെണ്ണ് പുള്ളന് കാണിച്ചു കൊടുത്ത്, അവന്റെ ജന്മരഹസ്യം വെളിവാക്കി.
രാജാവിന്റെ ഗാംഭീര്യത്തിൽ പുള്ളൻ മയങ്ങിപ്പോയി. റാണിയുടെ പുറം ഇഞ്ച തേക്കുന്നതിനിടയിൽ രാജാവിന്റെ വിരലിൽ നിന്നും രാജമുദ്രയുള്ള മോതിരം ഊർന്ന് കുളത്തിലേക്ക് വീണു. പരിഭ്രാന്തനായ രാജാവ് റാണിയെ വിട്ട് മോതിരം തിരയാൻ കുളത്തിലേക്കിറങ്ങി. തന്റെ പിതാവിന്റെ മുദ്രാമോതിരം കുളത്തിലെ ചേറിനടിയിലേക്ക് ഊർന്നിറങ്ങി പോകുന്നത് പുള്ളൻ കണ്ടിരുന്നു. കുളത്തിനടിയിലേക്ക് ഊളിയിട്ടു വന്ന രാജാവ് ചെളിയിലാകെ പരതിയെങ്കിലും മോതിരം കിട്ടിയില്ല. മോതിരമില്ലാതെ രാജകൊട്ടാരത്തിലേക്ക് ചെന്നാൽ കാവൽക്കാർ കടത്തിവിടണമെന്നില്ല. പല രാത്രികളിലും രാജാവ് വേഷപ്രച്ഛന്നനായി നടക്കുന്നതിനാൽ മുദ്രാമോതിരം കാവൽക്കാരെ കാണിച്ചാണ് കൊട്ടാരത്തിലേക്ക് തിരികെ കയറിയിരുന്നത്. ആരവിടെയെന്ന രാജാവിന്റെ കൽപനയ്ക്ക് മറുപടിയായി, ജലത്തിന്റെ വില്ലീസുപടുത നീക്കി മുങ്ങാങ്കോഴി വന്നെങ്കിലും, കുറച്ചു സ്റ്റീൽ ചോറ്റുപാത്രങ്ങളും ചെമ്പുകുടങ്ങളും മാത്രമാണ് അയാളുടെ പക്കൽ ഉണ്ടായിരുന്നത്.
രാജാവ് വിഷണ്ണനായി കുളത്തിനടിയിൽ ഒരു കല്ലിൽ കയറി കുത്തിയിരുന്നു. വരാൽപ്പെണ്ണ് പുള്ളനെയും കൂട്ടി സമക്ഷത്തിലെത്തി. കുളക്കരയിൽവച്ച് സ്ഖലിച്ച രേതസ്സ് പുള്ളന്റെ രൂപത്തിൽ രാജാവിന്റെ മുന്നിൽ സമർപ്പിക്കപ്പെട്ടു. നഷ്ടപ്പെട്ടു പോയ മുദ്രാമോതിരം പുള്ളൻ രാജാവിന്റെ കൈകളിലേക്ക് സമർപ്പിച്ചു. സന്തുഷ്ടനായ രാജാവ് തന്റെ രാജ്യത്തിലെ ചെറുതും വലുതുമായ എല്ലാ ജലാശയങ്ങളുടെയും അധിപനായി പുള്ളനെ ആ കല്ലിൻ മുകളിരുന്ന് അഭിഷേകം ചെയ്തു. തന്റെ സവിശേഷാധികാരമുപയോഗിച്ച് പുള്ളനെ ചിരഞ്ജീവിയായി രാജാവ് പ്രഖ്യാപിച്ചു. ബുദ്ധിമാനായ പുള്ളൻ ഒരു വരം കൂടി ചോദിച്ചു. ലോകത്തിൽ അനുദിനം സംഭവിക്കുന്ന മാറ്റങ്ങളും സകല അറിവും തനിക്ക് ലഭ്യമാകണമെന്നുള്ള പുള്ളന്റെ ആഗ്രഹം രാജാവ് നിവർത്തിക്കൊടുത്തു. പുള്ളൻ വസിക്കുന്ന കുളം അനന്ത കാലത്തേക്ക് കരമൊഴിവാക്കി സംരക്ഷിത റാംസർ സൈറ്റാക്കി ഗസറ്റിൽ വിജ്ഞാപനം ചെയ്തു.
പിന്നീട് മുന്നൂറു കൊല്ലം പുള്ളൻ വരാൽ രാജ്യത്തിലെ സകലമാന ജലാശയങ്ങളും തന്റെ അധീനതയിലാക്കി വാണു. ചെന്നിടത്തെല്ലാം ലക്ഷണം തികഞ്ഞ വരാൽപ്പെണ്ണുങ്ങളുമായി രതിയിലേർപ്പെട്ടു. പ്രജകളെല്ലാം കാലാന്തരത്തിൽ ചത്തൊടുങ്ങിയെങ്കിലും പുള്ളൻ പുതിയ പെണ്ണുങ്ങളും കുഞ്ഞുങ്ങളുമായി സുസ്ഥിര വംശവർധനവോടെ വാണരുളി. അന്റാർട്ടിക്കയിലെ മഞ്ഞുപാളികൾക്കടിയിലെ ഇത്തിരി വെള്ളത്തിൽ പോലും പുള്ളന്റെ ജനിതകം അടയാളപ്പെടുത്തപ്പെട്ടു. നാഷണൽ ജിയോഗ്രഫിക്കാർ അവിടെ കാണപ്പെട്ട വെളുത്ത വരാലിന്റെ ജിനോം മാപ്പിങ്ങ് നടത്തിയപ്പോൾ പശ്ചിമഘട്ടത്തിനു താഴെ അതിവൃഷ്ടിയിലും നിബിഢ പച്ചിലച്ചാർത്തിലും കാണപ്പെട്ട ജലാശയത്തിലെ ഇരുണ്ട നിറമുള്ള വരാലുമായി അടുത്ത സാമ്യം കാണപ്പെട്ടു. ഇതിൽ നിന്നും വായനക്കാർ ഒരു കാര്യം മനസ്സിലാക്കണം, അതായത് 2023 ൽ എന്റെ പുരയിടത്തിലെ ജലാശയത്തിൽ വസിക്കുന്ന പുള്ളൻ വരാൽ, ഇരുന്നൂറു വർഷങ്ങൾക്കു മുൻപ് കുളവും തോടും പുഴയും കായലും കടലുകളും മഹാ സമുദ്രങ്ങളും കടന്ന് ധ്രുവ പ്രദേശത്തു വരെ ചെന്ന് രതിയിലേർപ്പെടുകയും വംശവർധനവു നടത്തി സ്വതന്ത്ര രാജ്യങ്ങൾ സ്ഥാപിച്ച്, അവ വാണ് തിരിച്ചു വന്ന് നിലവിൽ എന്റെ കരം തീരുവയിൽ ഉൾപ്പെടുന്ന വസ്തുവിലെ ജലാശയത്തിൽ വാണരുളുകയാണ് എന്നത്.
ബ്രിട്ടീഷ് അധിനിവേശത്തോടെ പുള്ളൻ തന്റെ ദേശാന്തര യാത്രകൾ കുറച്ചു.. മാർത്താണ്ഡവർമ്മ ഡച്ചുകാരുമായി നടത്തിയ കുളച്ചൽ യുദ്ധത്തിന് പുള്ളൻ സാക്ഷിയായിരുന്നു. ഡി ലിനോയിയുടെ ജലയുദ്ധത്തിൽ ആകൃഷ്ടനായ പുള്ളൻ മാർത്താണ്ഡവർമ്മയ്ക്ക് ശുപാർശ അയയ്ക്കുകയും, ഡി ലിനോയിക്ക് "വലിയ കപ്പിത്താൻ" എന്ന പദവി മാർത്താണ്ഡവർമ്മ കൽപിച്ചരുളി തിരുവിതാംകൂറിന്റെ സേനാധിപതിയായി നിയമിക്കുകയും ചെയ്തു. ഇതിനിടെ കോഴിക്കോടു സാമൂതിരി ആളയച്ച് പുള്ളനെ കോഴിക്കോട്ടേക്ക് ക്ഷണിക്കുകയും വാസ്കോഡഗാമയുടെ പറങ്കിപ്പടയുമായുള്ള യുദ്ധത്തിൽ തന്ത്രങ്ങൾ ആലോചിക്കുകയും ചെയ്തു. പുള്ളന്റെ ശുപാർശയിൽ അന്നുവരെ കാണാത്തൊരു കടൽ ജീവിയെ പിടിച്ചു കറിവച്ച് വിശിഷ്ട ഭോജ്യമായി സാമൂതിരി, ഗാമയ്ക്ക് കൊടുത്തു. പറങ്കിപ്പുണ്ണു പിടിച്ച് നടക്കാൻ ബുദ്ധിമുട്ടിയിരുന്ന വാസ്കോ ഡ ഗാമ ലൈംഗികോത്തേജനത്തിനായി നാടൻ വാറ്റുചാരായം കൂട്ടി സാമൂതിരി കൊടുത്തയച്ച വാജീകരണ ഡിഷ് മൂക്കു മുട്ടെ തിന്ന് കഷ്ടപ്പെട്ടുണ്ടാക്കിയെടുത്ത ഉദ്ധാരണം ശമിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഹൃദയ സ്തംഭനം വന്ന് മരിച്ചുപോയി.
ബ്രിട്ടീഷുകാരെ പുള്ളന് വെറുപ്പായിരുന്നു. അവരുടെ വരവോടെ മീൻപിടുത്തം വലിയ തോതിലായി. പുള്ളന്റെ സന്തതി പരമ്പരകൾ ധാരാളം കൊന്നു തിന്നപ്പെട്ടു. അങ്ങനെയിരിക്കെ സെ. ഹെലീന ദ്വീപിൽ ബ്രിട്ടീഷുകാരാൽ തടവിലാക്കപ്പെട്ട ഫ്രഞ്ച് ചക്രവർത്തി നെപ്പോളിയൻ ബോണോപ്പാർട്ട് തന്റെ വിശ്വസ്തൻ വഴി പുള്ളന് ഒരു കുറിമാനം അയച്ചു. താൻ തടവിലാണെന്നും എങ്ങനെയെങ്കിലും അവിടെയെത്തി തന്നെ ദ്വീപിൽ നിന്നും രക്ഷിച്ച് ഫ്രാൻസിലെത്തിക്കണമെന്ന് അപേക്ഷിച്ചു. ഒരു മാസം യാത്ര ചെയ്ത് പുള്ളൻ, ഇന്ത്യൻ മഹാസമുദ്രവും പസഫിക്കും അറ്റ്ലാന്റിക്കും താണ്ടി നെപ്പോളിയന്റെ അടുത്തെത്തി. ദ്വീപിലെ ബീച്ചിൽ വിവസ്ത്രനായി സൂര്യസ്നാനം നടത്തിയിരുന്ന നെപ്പോളിയനെ വിട്ട് മൂത്രമൊഴിക്കാൻ കാവൽപടയാളി പോയ തക്കത്തിൽ, നെപ്പോളിയനെ തന്റെ ചുമലിലേറ്റി പാരീസിനു സമീപം ഇറക്കി വിട്ടു. ഫ്രാൻസിന്റെ ചക്രവർത്തിയായ നെപ്പോളിയൻ, രാജ്യത്തിന്റെ ഏറ്റവും വലിയ ബഹുമതിയായ ലീജിയൻ ഓഫ് ദി ഓർഡർ ഓഫ് ഫ്രാൻസ് എന്ന പരമോന്നത ബഹുമതി പുള്ളന് നൽകുകയും, ഒരു വർഷക്കാലം ചക്രവർത്തിയുടെ അതിഥിയായി വേഴ്സേയിലസ് കൊട്ടാരത്തിൽ കഴിച്ചു കൂട്ടുകയും ചെയ്തു. പുള്ളനു വേണ്ടി ഒരു അന്തപുരം ചക്രവർത്തി തുറന്നു കൊടുത്തു. "രതിയിലെ പാശ്ചാത്യ പൗരസ്ത്യസമ്പ്രദായങ്ങൾ: ഒരു പഠനം" എന്ന വിശിഷ്ട ഗ്രന്ഥം പുള്ളൻ രചിക്കുകയും, ആ വിശിഷ്ട ഗ്രന്ഥത്തിന് ആ വർഷത്തെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം സർ ആൽഫ്രഡ് നോബലിന്റെ കൈയിൽ നിന്നും പുള്ളൻ ഏറ്റുവാങ്ങുകയും ചെയ്തു.(തനിക്കു ലഭിച്ച പതിനായിരം സ്വീഡിഷ് ക്രോണർ, സ്വർണ്ണ നാണയങ്ങളാക്കി പുള്ളൻ എന്റെ പുരയിടത്തിലെ കുളത്തിനടിയിൽ സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ട്.)
ഇങ്ങനെ പദവിയും പെരുമയും എല്ലാം അനുഭവിച്ച് പത്തു മുപ്പതു കൊല്ലം കഴിഞ്ഞാണ് പുള്ളൻ തിരികെ വന്നത്. അപ്പോഴേക്കും ഇന്ത്യയിൽ സ്വാതന്ത്ര്യ സമരം ആരംഭിക്കുകയും 1947 ൽ മഹാത്മാ ഗാന്ധി എന്നൊരു പുണ്യാത്മാവിന്റെ നേതൃത്വത്തിൽ ഭാരതം സ്വതന്ത്രമാവുകയും ചെയ്തതോടെ പുള്ളൻ തന്റെ യാത്രകൾ കുറച്ചു. ഹരിത വിപ്ലവം നാടെങ്ങും ആഘോഷിക്കപ്പെട്ടു. രാസവളവും കീടനാശിനിയും വ്യാപമായി പാടങ്ങളെ വിഷലിപ്തമാക്കി. മലിനമായ വെള്ളത്തിൽ തവളകളും ചെറു മീനുകളും വരാലുകളും ചത്തൊടുങ്ങി. വരാൻ പോകുന്ന വിനാശം മുൻകൂട്ടി മനസ്സിലാക്കിയ പുള്ളൻ കുളത്തിൽ നിന്നും പുറത്തു കടക്കാതായി. പറ്റുന്നിടത്തോളം രതിയിലേർപ്പെട്ട് പരമാവധി സന്തതി പരമ്പരകളെ സൃഷ്ടിച്ചു വിടുക എന്ന സൃഷ്ടിപരതയിലേക്ക് പുള്ളൻ ചുരുങ്ങി. 1950 ലാണ് വല്യപ്പച്ചൻ പുള്ളന്റെ സാമ്രാജ്യം തീറുവാങ്ങുന്നത്. വിശാലമായൊരു പാടശേഖരത്തിന്റെ കരയിൽ തെരുവക്കാടിനാൽ ചുറ്റപ്പെട്ട് വലുപ്പം തീരെ കുറഞ്ഞൊരു കൊച്ച് ഓലി മാത്രമായി ആ കുളം സ്ഥിതി ചെയ്തു. മുപ്പത് ആണാളും മുപ്പതു പെണ്ണാളും മുപ്പതു ദിവസം രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ചു വരെ പണിയെടുത്താണ് വിശാലമായ ഈ കുളം പിന്നീട് കുത്തിയെടുത്തത്. രണ്ടാമത്തെ പൂവിന് വെള്ളക്ഷാമം വരുമ്പോൾ പാടത്തു വെള്ളം നിറയ്ക്കാൻ ഡീസൽ എഞ്ചിനും വച്ചു.
ഈ കണ്ട പണിയെല്ലാമെടുത്തിട്ടും വരാൽ കൂട്ടത്തെ മാത്രമാരും നേരിട്ട് കണ്ടില്ല. മണ്ണിനടിയിലെ ചേറിൽ പുള്ളനും പ്രജകളും പൂണ്ടുകിടന്നു. കുഴിയുടെ ആഴം കൂടും തോറും മണ്ണിന്റെ ഗർഭത്തിലേക്ക് അവർ നൂണ്ടിറങ്ങി. സവ്യസാചിയായ പുള്ളന് വേണ്ടത് വേണ്ടപ്പോൾ ചെയ്യാൻ അറിയാമായിരുന്നു. പുതുമഴയ്ക്ക് തോട്ടിൽ നിന്നും പാടത്തേക്കും അവിടെ നിന്ന് കുളത്തിലേക്കും മീനുകൾ മുട്ടയിടാനായി കയറും. ഊത്ത പിടിക്കാൻ പൊട്ടനും ചട്ടനും സഹിതം നാട്ടുകാർ മുഴുവൻ പാടത്തിറങ്ങും. വരാൽ കൂട്ടം ആദ്യ ആഴ്ച്ച ചേറിൽ പൂണ്ടു കിടക്കും. മനുഷ്യന്റെ കഴപ്പ് തീർന്നു കഴിയുമ്പോൾ വരാൽ കൂട്ടത്തെ പാടത്തേക്കും തോട്ടിലേക്കും പുള്ളൻ ഇറക്കി വിടും. പുഴയും കായലും കടലുമൊക്കെ കണ്ടിട്ട് തുലാക്കോളിൽ അവർ തിരിച്ചെത്തും. പാടത്തും, കൈതപ്പൊത്തിലും, കൈത്തോട്ടിലും, പുഴയിലുമെല്ലാം അവർ ഇണ ചേർന്നു. പുഴയുടെ അരികിലും പൊത്തുകളിലുമെല്ലാം വരാൽപ്പെണ്ണുങ്ങൾ മുട്ടയിട്ടു. സൃഷ്ടിയുടെ ആനന്ദവും ഉത്സവവും ഈ കാലയളവിൽ പരമാവധി നടത്തിയിട്ട് ചത്തുപോകാത്തവ കൃത്യമായി കുളത്തിൽ തിരിച്ചെത്തി.
വല്യപ്പച്ചന്റെ കാലശേഷം ഒരിക്കൽ യാദൃശ്ചികമായാണ് ഞാൻ ആ കാഴ്ച്ച കണ്ടത്. കുളത്തിൽ നിന്നും കരയ്ക്കു കയറിയ ഒരു മുട്ടൻ വരാൽ പുല്ലിൽക്കിടന്ന് വെയിൽ കൊള്ളുന്നു. ഈ അദ്ഭുതക്കാഴ്ച്ച കുറേ നേരം ഞാൻ നോക്കി നിന്നു. കുറച്ചു കഴിഞ്ഞ് അത് ഇഴഞ്ഞ് വെള്ളത്തിലിറങ്ങി ഊളിയിട്ട് കുളത്തിന്നടിയിലേക്ക് പോയി. കുറേ ദിവസം ഈ പരിപാടി തുടർന്നു. ഇപ്പോൾ എന്നെ കണ്ടാലും അതിന് പേടിയില്ല. പതിയെ ഞങ്ങൾ വർത്തമാനം തുടങ്ങി. മുകളിലെഴുതിയതെല്ലാം പുള്ളൻ എന്നോട് വെളിപ്പെടുത്തിയപ്പോൾ ഞാൻ ഉള്ളാലെ ചിരിച്ചു. എന്തൊരു തള്ളാ ഈ വരാല് തള്ളുന്നത്. ഒന്നും പറയാതെ വരാൽ വെള്ളത്തിലേക്ക് ഇറങ്ങിപ്പോയി. തിരികെ വന്ന് ഒരു നാണയം എന്റെ കൈയ്യിലേക്ക് തന്നു. ഒരു സ്വീഡിഷ് ക്രോണർ സ്വർണ്ണ നാണയം. ഇന്നത്തെ വിലയ്ക്ക് രണ്ടു ലക്ഷം രൂപാ. "നീ അതു വച്ചോളു" വരാൽ പറഞ്ഞു. നിന്റെ സ്മാർട്ട് ഫോണെടുത്ത് പാരീസിലെ ല്യൂവർ മ്യൂസിയത്തിന്റെ ആപ്പ് തുറക്ക്. അതിൽ കയറി ഡാവിഞ്ചിയുടെ മൊണാലിസയുടെ അടുത്തുള്ള എക്സിബിറ്റ് നോക്കുക. അതിശയം. നെപ്പോളിയൻ ചക്രവർത്തി പുള്ളന് സമ്മാനിച്ച ലീജിയൻ ഓഫ് ഓർഡർ ഓഫ് ഫ്രാൻസ്. അതിനടുത്ത എക്സിബിറ്റ് നോക്കുക. പുള്ളന്റെ നോബൽ സമ്മാനാർഹമായ പുസ്തകം രതിയുടെ അവലോകനം. പുള്ളന് ആൽഫ്രഡ് നോബൽ പുരസ്കാരം നൽകുന്ന ഫോട്ടോ. ആ മെഡൽ എവിടെ? ഞാൻ ചോദിച്ചു. "അത് വെള്ളത്തിന്നടിയിൽ ഒരു പേടകത്തിലുണ്ട്." പുള്ളൻ പറഞ്ഞു. അതിശയകരം. ഇതെല്ലാം സത്യമാണെന്ന് എനിക്ക് മനസ്സിലായി. ഭൂതവും ഭാവിയും പുള്ളന് അറിയാം.
ഒരുച്ച നേരത്ത് കുളക്കരയിൽ അപരിചിതരായ രണ്ടു ബാല്യക്കാർ വന്നു. മുൻപ് ഇവിടെ കണ്ടിട്ടില്ല. പുള്ളനുമായി കുറേ നേരം സംസാരിച്ചു. അതിലൊരു കുട്ടിയുടെ ശിരസ്സിൽ ഒരു മുറിവുണ്ട്. എന്നെ അവർക്ക് പരിചയപ്പെടുത്തി. "ഇത് വേദവ്യാസമഹർഷി " "ഈ കാലത്ത് ആരെങ്കിലും ഇങ്ങനെത്തെ പേരിടുമോ," ഞാൻ ചോദിച്ചു. "ത്രേതാ യുഗത്തിലാണ് ജനിച്ചത്. വിശ്രമസമയത്ത് എഴുതിയതാണ് മഹാഭാരതം." ഞാൻ കൈകൂപ്പി തൊഴുതു. "ഇപ്പോൾ വിഷ്ണു പാദത്തിലാണ്." പുള്ളൻ പറഞ്ഞു. "ഇത് അശ്വത്ഥാമാവ്" ശിരസ്സിൽ മുറിവേറ്റ ബാലനെ ചൂണ്ടി പറഞ്ഞു. "മുറിവ് ചൂഢാമണി ചൂഴ്ന്നെടുത്തതിന്റെയാണ്. ശിവപ്രീതിക്കായി ഒരു ലക്ഷം വർഷം കൈലാസത്തിൽ തപസ്സു ചെയ്തു. ഭേദപ്പെടാത്ത മുറിവുകളെല്ലാം ശിവഭഗവാൻ പൊറുത്തു കൊടുത്തു. ചൂഢാമണിയുടേതൊഴിച്ച്.. ഇപ്പോൾ രുദ്രപ്രയാഗിൽ ചായക്കട നടത്തി ജീവിക്കുന്നു." ഞാൻ ആദരപൂർവ്വം കൈകൂപ്പി. "ചിരഞ്‌ജീവികളായ ഞങ്ങൾ ഇടയ്ക്ക് കാണും. എന്നെ കൈലാസത്തേക്ക് കൊണ്ടുപോകുവാൻ വന്നതാണ്. അറുപതു വർഷം കഴിഞ്ഞ് വരാമെന്ന് ഞാൻ പറഞ്ഞു." പുള്ളൻ പറഞ്ഞു നിറുത്തി. അവരെ മൂന്നുപേരെയും തൊഴുതു നിൽക്കെ ബാലന്മാർ കൺമുന്നിൽ നിന്ന് മറഞ്ഞു പോയി. ഞാനും പുള്ളനും മാത്രം. "അതെന്താ അവരുടെ കൂടെ പോകാത്തത്?" ഞാൻ ചോദിച്ചു. "നിന്റെ കാലശേഷം ഞാൻ ഇവിടുന്ന് പോകും. നിനക്ക് ഒരു തുണയായി ഞാൻ ഇവിടെയുണ്ടാവും." വെള്ളത്തിലേക്ക് ഊളിയിടുന്നതിനു മുൻപ് പുള്ളൻ വരാൽ പറഞ്ഞു. ഇവിടെ ഇങ്ങനെയൊക്കെയാണ് കാര്യങ്ങൾ. ഇത് പരമ രഹസ്യമായിരിക്കണം. കേട്ടോ?