'ആ കാടിനു നടുവിൽ മോനേ എന്ന വിളികൾ അയാൾക്ക് ചുറ്റും മുഴങ്ങി...'
Mail This Article
നിശബ്ദ താഴ്‌വര, സൈലന്റ് വാലി. ചീവീടുകൾ ഒച്ചവെക്കാത്ത കാട്. നിശബ്ദമായി ഓരോ സഞ്ചാരിയെയും കാടിന്റെ ഹൃദയത്തിലേക്ക് ആവാഹിക്കുന്ന കാനന ചൈതന്യം. ഉൾവനങ്ങളിലേക്കുള്ള ഓരോ യാത്രയും പ്രപഞ്ചത്തിന്റെ ഉള്ളറകൾ തേടിയുള്ള യാത്രയാണ്. ഒരുപക്ഷെ മനുഷ്യൻ, തന്റെ പിൻഗാമികളെ തേടിയിറങ്ങുന്ന യാത്ര. അവരുടെ ജീവിതങ്ങൾ ഗ്രാമങ്ങളിലോ, വനങ്ങളോട് ചേർന്നോ ആയിരുന്നു. മനുഷ്യരും മൃഗങ്ങളും ഇടകലർന്ന ജീവിതം. പുരോഗമനം വളർന്നു കയറിയപ്പോൾ മൃഗങ്ങളെ നാം കാടിനുള്ളിലേക്ക് ആട്ടിയോടിച്ചു. പുരോഗമനങ്ങളും പരിഷ്‌ക്കാരങ്ങളും കീഴടക്കി പുതിയ തലമുറകൾ മുന്നേറുമ്പോൾ, പഴയ തലമുറ അവരുടെ ശവകുടീരങ്ങൾ ഉപേക്ഷിച്ചു വനാന്തർഭാഗങ്ങളിലേക്ക് പലായനം ചെയ്തിരിക്കാം. ചിലപ്പോൾ അവർക്ക് അവരുടെ പൂർവികരുടെ ശ്വാസത്തുടിപ്പിന്റെയും, "മകനേ" എന്നുള്ള വിളികളുടെയും കാഹളം കൂടുതൽ കൂടുതൽ വനത്തിനുള്ളിലേക്ക് അവരെ നയിച്ചുകൊണ്ട് പോയിരിക്കാം.
അയാൾക്കും തന്റെ യാത്രകൾ അങ്ങനെത്തന്നെയാണ് തോന്നിയിരുന്നത്. വനാന്തർഭാഗങ്ങളിൽ കണ്ണുകൾ അടച്ചു ഭൂമിയെ ധ്യാനിക്കുമ്പോൾ, "മോനേ" എന്ന വിളികൾ അയാൾക്ക് ചുറ്റും മുഴങ്ങി, അതിന് മുത്തശ്ശിയുടെയും, മുത്തച്ഛന്റെയും ശബ്ദമുണ്ടായിരുന്നു. അതിന് പുറകിൽ അയാൾ കാണാത്ത മുൻതലമുറകളുടെ ശബ്ദങ്ങളും, ആ ശബ്ദത്തിന്റെ അലകളിൽ നൂറ്റാണ്ടുകൾ നീളുന്ന തന്റെ പാരമ്പര്യത്തിന്റെ ചാലുകൾ അയാൾ അകക്കണ്ണുകളാൽ കണ്ടു. "നിങ്ങൾക്കതെങ്ങനെ സാധിക്കുന്നു" ക്ലാര ഹാമിൽട്ടൺ എന്ന അയാളുടെ സഹയാത്രക്കാരി ചോദിച്ചു. "അതൊരു ധ്യാനമാണ്, എന്നിൽ നിന്ന് ഞാൻ എന്നെ ഉപേക്ഷിച്ചു അവരിലേക്ക് ചേരുന്ന ധ്യാനം. കണ്ണുകൾ അടച്ചു, കൈകൾ തുറന്നു, വിരലുകൾ വിടർത്തി, പ്രാണശ്വാസം വളരെയധികം എടുത്ത് ശ്വാസം അഴിച്ചുവിടുമ്പോൾ, അതിനൊപ്പം ഞാനും ഈ പ്രപഞ്ചത്തിലേക്ക് എന്നെ അഴിച്ചുവിടുകയാണ്. എന്റെ നിശ്വാസങ്ങൾ, എന്റെ പൂർവികരുടെ നിശ്വാസങ്ങളിൽ ചേരുമ്പോൾ ഞാൻ അവരായി മാറും". അയാൾ പറഞ്ഞു. "നിങ്ങളൊരു മാന്ത്രികനാണ്, ഒരുപക്ഷെ നിങ്ങളോടൊപ്പമുള്ള ഈ യാത്രയിൽ ഞാൻ എന്റെ പൂർവികരെയും കണ്ടെത്തിയേക്കാം" ക്ലാര പറഞ്ഞു. ക്ലാര ആരെന്നായിരിക്കും നിങ്ങളുടെ ചോദ്യം. അത് മുഖവുരയായി പറയേണ്ടതായിരുന്നു.
ആനക്കട്ടിയിൽ നിന്ന് ബസ് നീങ്ങിയപ്പോൾ തന്നെ സൈലന്റ് വാലിയിലേക്ക് വിളിച്ചിരുന്നു. ഒരു മണിക്ക് മുമ്പ് എത്തിയാൽ ജീപ്പിൽ സവാരി ഒരുക്കാം എന്ന് പറഞ്ഞു. ആനക്കട്ടിയിൽ നിന്ന് മുക്കാലിയിലേക്ക് ഏകദേശം ഒന്നര മണിക്കൂർ എടുക്കും. മലകളുടെയും വനങ്ങളുടെയും കാഴ്ചകളുടെ ഉത്സവം നിറഞ്ഞ യാത്ര. ഒപ്പം പാവപ്പെട്ട ആദിവാസി സമൂഹത്തിന്റെ ജീവിത പരിഛേദങ്ങളുടെ വേദന കാഴ്ചകൾ. ആശുപത്രിയുടെ സ്റ്റോപ്പിൽ ഒരുപാട് വൃദ്ധർ ഇറങ്ങി, ബസ്സിൽ പിടിച്ചിറങ്ങുന്ന അവരുടെ വേദനകൾ അയാൾക്ക് തന്നിലേക്ക് പകരുന്നതായി തോന്നി. പട്ടണങ്ങളിൽ മാത്രമല്ല ആദിവാസി ഗ്രാമങ്ങളിൽ പോലും ഒറ്റപ്പെടുന്ന വൃദ്ധസമൂഹം വലിയ ആശങ്കയായി അയാളെ കെട്ടിവരിഞ്ഞു. ദീർഘനിശ്വാസങ്ങളിലൂടെ പതിയെ അയാൾ തന്നെ തിരിച്ചുപിടിക്കാൻ ശ്രമിച്ചു. അതോടൊപ്പം തന്റെ പരിമിതികളെ അയാൾ കൂടുതൽ തിരിച്ചറിഞ്ഞു.
മുക്കാലിയിൽ ഇറങ്ങുമ്പോൾ പതിനൊന്നര. അകത്തേക്ക് നൂറ് മീറ്ററിനപ്പുറം നടന്നാലേ വനം വകുപ്പിന്റെ ഓഫീസിൽ എത്തൂ. ഒരു ജീപ്പിൽ ഏഴുപേർ പോകും, മറ്റെല്ലാവരും പോയി. ഒരു വിദേശിയുണ്ട്, തനിയെപ്പോകാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് ഒരാളെ കാത്തിരിക്കുകയാണ്. ഒരു വനിതയാണ്. അവരെ പരിചയപെട്ടു. ക്ലാര, ക്ലാര ഹാമിൽട്ടൺ, കൈ നീട്ടികൊണ്ട് അവർ പറഞ്ഞു. അയാൾ പുഞ്ചിരിച്ചുകൊണ്ട് പേര് പറഞ്ഞു ഹസ്തദാനം ചെയ്തു. വിദേശത്ത് ബ്രിട്ടീഷുകാരുമായി ജോലി ചെയ്തിരുന്നതിനാൽ അയാൾക്ക് അവരുമായി പെട്ടെന്ന് സൗഹൃദം സൃഷ്ടിക്കാനായി. ക്ലാര, നോട്ടിങ്ങാമിൽ നിന്നാണ്, അയാൾ തന്റെ പഴയ ബോസ്സ് നോട്ടിങ്ങാമിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ അവർ പേര് ചോദിച്ചു. അയാൾ പറഞ്ഞു "റോയ് ഹ്യൂലറ്റ്". "ഹ്യൂലറ്റ്സ്" എനിക്കറിയാം, ഞങ്ങളുടെ ചീഫ് കോൺസ്റ്റബിൾ അലക്സിസ് ഹ്യൂലറ്റ് ആണ്". "അവർ റോയ് ഹ്യൂലറ്റിന്റെ മകളാണ്" അയാൾ പറഞ്ഞു. "വലിയ ഭൂമി, ചെറിയ ലോകം". ക്ലാര പൊട്ടിച്ചിരിച്ചു.
"ഞാൻ തുക കൊടുക്കാം", ക്ലാര പറഞ്ഞു. "ഒരിക്കലും പറ്റില്ല, നിങ്ങളാണ് ഞങ്ങളുടെ അതിഥി", അയാൾ പറഞ്ഞു. നാലുമണിക്കൂർ യാത്രയാണ്. ഭക്ഷണം എന്തെങ്കിലും കഴിച്ചുപോകുന്നതാണ് നല്ലത്. ചൂട് ചോറ് തയാറാവുന്നു. ക്ലാരക്ക് പുറത്തുനിന്ന് സാൻഡ്‌വിച്ച് വാങ്ങാം എന്ന് പറഞ്ഞു. ക്ലാര പറഞ്ഞു, ഞാൻ നിങ്ങളുടെ ഭക്ഷണം കഴിക്കാം, ഞാൻ ഇവിടെ വന്നത്, ഈ നാടും, കാടും, വനങ്ങളും, നിങ്ങളുടെ ഭക്ഷണങ്ങളും, അതിന്റെ രുചിയും, മണവും ഒപ്പം കൊണ്ടുപോകാനാണ്". വളരെ ബുദ്ധിമുട്ടിയാണ് ക്ലാര നാക്കിലയിലെ സദ്യ കഴിച്ചത്. എന്നാൽ ഓരോ ഭക്ഷണവും പ്രത്യേകം രുചിച്ചറിയാൻ അവർ ശ്രമിക്കുന്നത് അയാൾ ശ്രദ്ധിച്ചു. സാമ്പാറും മോരും കുഴച്ചു അയാൾ കഴിച്ചപ്പോൾ അവർ ചോദിച്ചു, "ഓരോന്നിന്റെയും രുചി എങ്ങനെയറിയാം?" അയാൾ പറഞ്ഞു "എല്ലാം ഞങ്ങളുടെ നാവ് തിരിച്ചറിയും, എല്ലാം കൂടിചേർന്നാലും, ഞങ്ങളിലേക്ക് തലമുറകളിൽ നിന്ന് പകർന്നുകിട്ടിയ രുചിവിന്ന്യാസം നാവിന്റെ രസമുകുളങ്ങൾ പിടിച്ചെടുക്കും". "നിങ്ങൾ പ്രകൃതിയാൽ അനുഗ്രഹിക്കപ്പെട്ടവരാണ്" ക്ലാര പറഞ്ഞു.
മുന്നിലെ സീറ്റിൽ ഒരാൾക്കേ ഇരിക്കാനാവൂ. ക്ലാരയെ മുന്നിലിരുത്തി, അയാൾ പുറകിലെ സീറ്റിൽ ഇരുന്നു. ഏകദേശം ഇരുപത് കിലോമീറ്ററിലധികം കാടിന്റെ നടുവിലൂടെയുള്ള യാത്രയാണ്. സോജൻ ചേട്ടൻ ആയിരുന്നു ജീപ്പിന്റെ സാരഥി. വണ്ടിയുടെ ടയറുകൾ പോകുന്ന ഭാഗത്ത് കോൺക്രീറ്റ് ചെയ്തിരിക്കുന്നതിനാൽ യാത്ര സുഗമമായിരുന്നു. ഇടയ്ക്ക് ചില ആദിവാസികൾ, അവർ തേനെടുക്കാനോ, അല്ലെങ്കിൽ വെട്ടിവെച്ചാൽ മെഴുക് പോലെ വരുന്ന കുന്തിരിക്കം എടുക്കാനോ വരുന്നവരാണ്. നൂറിലേറെ കൊല്ലം പഴക്കമുള്ള കാട്ട് പ്ലാവ്, എന്നാൽ ചക്കകൾ വളരെ ചെറുത്. ചില മരങ്ങളിൽ കരിങ്കുരങ്ങുകൾ, എന്നാൽ ഫോട്ടോക്ക് നിൽക്കാതെ മനുഷ്യരെ ഭയമാണ് എന്നുപറഞ്ഞു അവർ ഉൾക്കാട്ടിലേക്ക് മരങ്ങളിലൂടെ ഊഞ്ഞാലാടി മറഞ്ഞു. ഒന്നുരണ്ട് മലയണ്ണാൻമാർ ഫോട്ടോക്കായി നിന്ന് തന്നു. സിംഹവാലൻ കുരങ്ങുകളെ വളരെ നേരത്തിന് ശേഷമാണ് കണ്ടെത്താനായത്. പോകുന്ന വഴിക്കരികിൽ ഒരു വെള്ളച്ചാട്ടം. അയാൾ തല നനക്കാൻ ഇറങ്ങിയപ്പോൾ, ക്ലാരയും ഇറങ്ങി. ആ വെള്ളച്ചാട്ടം അവർ നെറുകയിലേക്ക് ആവാഹിച്ചു. ക്ലാര ശരിക്കും ആ വെള്ളച്ചാട്ടത്തിന്നടിയിൽ നൃത്തം ചെയ്യുകയായിരുന്നു.
വളരെ നേരത്തെ ഓട്ടത്തിന് ശേഷം ഞങ്ങൾ വ്യൂപോയിന്റിൽ എത്തി. എഴുപത്തിയഞ്ച് അടി ഉയരമുള്ള വ്യൂപോയന്റിലേക്ക് ക്ലാര ഓടിക്കയറുകയായിരുന്നു. അതിന് ഏറ്റവും മുകളിൽ നിന്ന് അവരുടെ രണ്ടു വലിയ ക്യാമറകൾ ദൂരകാഴ്ചകൾ പകർത്തി. കൈകൾ വിടർത്തി അവർ കാറ്റിനെ തന്നിലേക്ക് ആവാഹിച്ചു, എന്നിട്ട് പറഞ്ഞു, "ഇതാണ് സുഹൃത്തേ ഭൂമിയിലെ സ്വർഗം!". ഇനി താഴേക്ക് ജീപ്പ് പോകില്ല, എന്നാൽ കുന്തി പുഴക്ക് മുകളിലൂടെ പുതിയ തൂക്കുപാലം നിർമ്മാണം നടക്കുന്നതിനാൽ വഴി നന്നാക്കിയിട്ടുണ്ട്, വേണമെങ്കിൽ നടക്കാം. താഴേക്ക് ഇറങ്ങാൻ സുഖമാണ്. എന്നാൽ മുകളിലേക്ക് തിരിച്ചു കയറാൻ കുറച്ചധികം ബുദ്ധിമുട്ടും. കുറച്ചിറങ്ങിയിട്ട് തിരിച്ചു കയറാം എന്ന് പറഞ്ഞു പതുക്കെ നടന്നു തുടങ്ങി. എന്നാൽ കുന്തിപ്പുഴയുടെ "വരൂ, വരൂ" എന്ന കളകള ആരവങ്ങൾ ഞങ്ങളെ മുന്നോട്ട് തന്നെ കൊണ്ടുപോയി. പുതിയ തൂക്കുപാലനിർമ്മാണ ഭാഗത്ത് നിന്നാൽ പ്രളയത്തിൽ തകർന്ന പഴയ തൂക്കുപാലം കാണാം, ഒപ്പം താഴെ കുന്തിപ്പുഴ.
പുഴയിലേക്ക് ഇറങ്ങാൻ ശരിയായ വഴിയൊന്നുമില്ല, പണിക്കാർ ഇറങ്ങാൻ വെട്ടിയുണ്ടാക്കിയ കുത്തനെയുള്ള ചരിഞ്ഞ നടപ്പാതയുണ്ട്. അവിടെ നിന്നും പുഴയുടെ ചിത്രങ്ങൾ എടുത്തു. ഇനി തിരിച്ചുപോകാം. അയാൾ പറഞ്ഞു. "കുറച്ചു സമയം കൂടി", ക്ലാര പറഞ്ഞു. അയാളും സോജനും പുതിയ തൂക്കുപാലത്തിന്റെ കമ്പികൾ പാകിയത് നോക്കി നിൽക്കുകയായിരുന്നു. തിരിഞ്ഞുനോക്കുമ്പോൾ ക്ലാരയില്ല. അയാളും സോജനും സ്തബ്ധരായി. "ക്ലാര" അവർ വിളിച്ചു. ക്ലാരയുടെ ഒച്ചയൊന്നുമില്ല. അവർ ആകെ പരിഭ്രമിച്ചു. സോജൻ കരയാൻ തുടങ്ങി, "സാറെ എന്റെ ജോലിയും പോകും, ഞാൻ ജയിലിലും പോകേണ്ടി വരും". അയാൾ സോജനെ ആശ്വസിപ്പിച്ചു. "ഇവിടെ മൃഗങ്ങൾ ഉണ്ടോ? അഥവാ മൃഗങ്ങൾ പിടിച്ചാൽ അവർ കരയില്ലേ? അവരുടെ ശബ്ദം നമ്മൾ കേൾക്കേണ്ടതല്ലേ?" "അതല്ല, മറ്റേതെങ്കിലും നിരോധിത സംഘങ്ങൾ ഇതിനുള്ളിൽ ഉണ്ടോ?" "എനിക്കറിയില്ല സർ, ഞാൻ നിങ്ങളെ ഇങ്ങോട്ട് കൊണ്ടുവരരുതായിരുന്നു", സോജൻ താഴെയിരുന്നു കരഞ്ഞു.
അയാൾ ചുറ്റും നോക്കി, പിന്നെ പുഴയുടെ അടിയിലേക്ക് വെട്ടിയിറക്കിയ ചെങ്കുത്തായ പടികൾ നോക്കി. അതിൽക്കണ്ട ഷൂവിന്റെ പാടുകൾപോലെ തോന്നിയത് ക്ലാരയുടേതാണെന്ന് അയാൾ സംശയിച്ചു. പെട്ടെന്നാണ് താഴെയൊഴുകുന്ന പുഴയിൽ നിന്ന് ക്ലാരയുടെ വിളി കേട്ടത്. കുന്തിപ്പുഴയിൽ നിന്ന് വെള്ളംകോരി മുകളിലേക്ക് എറിഞ്ഞു ഒരു കൊച്ചുകുട്ടിയെപ്പോലെ അവർ ആഹ്ലാദിക്കുന്നു. ഒരേ സമയം അയാൾക്ക് ദേഷ്യവും, സന്തോഷവും തോന്നി. ജീവൻ തിരിച്ചുകിട്ടിയപോലെ ചാടിയെഴുന്നേറ്റ് സോജൻ ഒരു മുട്ടൻ തെറി പറഞ്ഞു. "സാറേ, ആ പണ്ടാരത്തിനെ മുകളിലേക്ക് കയറ്റ്, ബീറ്റുകാരെങ്ങാനും കണ്ടാൽ എന്റെ പണി തെറിച്ചത് തന്നെ". അയാൾ അവിടെ നിന്ന് ക്ലാരയോട് കയറി വരാൻ ആംഗ്യം കാണിച്ചു. എന്നാൽ ക്ലാര അയാളോട് താഴേക്ക് വരാൻ കൈകാണിച്ചു. "സാറെ, പാറ കയറുന്നപോലെ പിടിച്ചു പിടിച്ചു ഇറങ്ങണം, ഇറങ്ങാൻ പറ്റും, കയറാൻ നമ്മുടെ കൈയ്യിൽ കയറൊന്നുമില്ല, ഒന്ന് പിടിച്ചു കയറാൻ". സോജൻ വേദനയോടെ പറഞ്ഞു. "ചിലപ്പോൾ പണിക്കാരുടെ സ്റ്റോറിൽകാണും" എന്നുപറഞ്ഞയാൾ അവിടേക്ക് നടന്നു.
അയാൾ ക്ലാരയെ ശ്രദ്ധിച്ചു. അവർ കുന്തിപ്പുഴയുടെ കൂടുതൽ വെള്ളമുള്ള ഭാഗത്തേക്ക് നടക്കുകയാണ്. ആ വെള്ളപ്പാളിയിലേക്ക് സൂക്ഷിച്ചു നോക്കുകയാണ്. നിവർന്നും താഴ്ന്നും അവർ വീണ്ടും നോക്കുന്നു. പെട്ടെന്ന് ഒരലർച്ചയോടെ ക്ലാര പുഴയിലേക്ക് വീണു. അയാൾ വെട്ടിയൊതുക്കിയ ചവിട്ടുകളിലൂടെ ശരംകണക്കെ ഒരു കുരങ്ങന്റെ പാടവത്തോടെ താഴെയെത്തി. ക്ലാരയെ പുഴവെള്ളത്തിൽ നിന്നുയർത്തി. പുഴക്കരികിൽ കിടത്തി. വെള്ളം കുടിച്ചെന്ന് തോന്നുന്നു. അവർ അവരുടെ വയറിൽ ശക്തമായി അമർത്തി, വെള്ളം ഓക്കാനിച്ചുകൊണ്ട് ക്ലാര പെട്ടെന്ന് തലയുയർത്തി. അയാൾക്ക് സമാധാനമായി. വായിൽ വിരലുകളിട്ട് ക്ലാരയോട് ഛർദിക്കാൻ അയാൾ പറഞ്ഞു. അനുസരണയുള്ള കുട്ടിയെപ്പോലെ അവർ അത് ചെയ്തു. കുറച്ചു കഴിഞ്ഞു, അവർ സാധാരണ നിലയിൽ ആയി. പുഴയിൽ നിന്ന് തണുത്ത വെള്ളമെടുത്ത് അവർ മുഖം കഴുകി.
"ഞാൻ എന്റെ മുത്തശ്ശിയെ കണ്ടു" ക്ലാര അയാളോട് പറഞ്ഞു. "എനിക്ക് ഈ നാടുമായി ഒരു ബന്ധമുണ്ട്, എന്റെ മുത്തശ്ശി ഈ നാട്ടുകാരിയാണ്, ഇവിടെ നിന്നും ചെറുപ്പത്തിലേ ഇംഗ്ലണ്ടിലേക്ക് കുടിയേറിയവരിൽ ഒരാൾ. അവരായിരുന്നു ചെറുപ്പത്തിലേ എന്റെ കളികൂട്ടുകാരി, എന്നെ ജീവിതത്തിൽ ഇത്രയധികം സ്വാധീനിച്ച മറ്റൊരു വ്യക്തിയില്ല. അവർ ഈ കാടും, മേടും, വനങ്ങളും, കുന്തിപ്പുഴയും ചെറുപ്പത്തിലേ എന്നിൽ നിറച്ചിട്ടുണ്ട്, അവരെത്തേടിയാണ് ഞാൻ ഇങ്ങോട്ട് വന്നത്". ക്ലാര തുടർന്നു. "മുകളിൽ നിന്നപ്പോൾ ആരോ എന്നെ പുഴയിലേക്ക് വിളിക്കുന്നതായി തോന്നി. ചോദിച്ചാൽ നിങ്ങൾ അനുവദിക്കുകയില്ല എന്നെനിക്കറിയാം. താഴേക്ക് നാം നടന്നിറങ്ങിയ നിമിഷം മുതൽ കുന്തിപ്പുഴ എന്റെയുള്ളിൽ ഒഴുകാൻ തുടങ്ങിയിരുന്നു. ഓരോ അടി താഴേക്ക് വെക്കുമ്പോഴും പുഴയുടെ ആരവം എന്നിൽ നിറയുകയായിരുന്നു". "താഴെ, കൂടുതൽ വെള്ളം കെട്ടിനിൽക്കുന്ന ഭാഗത്തു ഒരു നിഴൽ കണ്ട പോലെ എനിക്ക് തോന്നി. പുഴയിലേക്ക് ഞാൻ കുനിഞ്ഞു നിന്ന് നോക്കി, പുഴയിൽ ഞാൻ കണ്ടത് എന്റെ പ്രതിരൂപമായിരുന്നില്ല, അത് എന്റെ മുത്തശ്ശിയുടേതായിരുന്നു". അയാൾ ക്ലാരയെ ആശ്വസിപ്പിച്ചു. ക്ലാരയുടെ കൈവശം ഉണ്ടായിരുന്ന വാട്ടർബോട്ടിലിൽ അവർ പുഴയിൽ നിന്നുള്ള വെള്ളം നിറച്ചു. ആ വാട്ടർബോട്ടിൽ അവർ നെഞ്ചോട് ചേർത്തു.