ADVERTISEMENT

നവംബറിന്റെ കുളിരുള്ള ഓർമ്മകൾ കാലങ്ങൾക്കപ്പുറത്തേക്ക് ചിതറി വീണപ്പോൾ തിരിച്ചു കിട്ടാത്ത ഒരു സായാഹ്നത്തിന്റെ ഓർമ്മകളിൽ മനസ്സ് ചിലതൊക്കെ പൊടി തട്ടി എടുത്തു. ഈ നവരാത്രി പുണ്യം നിറഞ്ഞ നാളുകളിൽ വരദായിനിയായ അമ്മയെ സ്മരിച്ചു കൊണ്ട് ഞാൻ ആ ചിതറി കിടക്കുന്ന ഓർമ്മകളെ ഇവിടെ നിരത്തി വെയ്ക്കുകയാണ്. അന്ന് സന്ധ്യ കഴിഞ്ഞ് ഇരുട്ട് പരന്നിരുന്നു. ഒറ്റപ്പാലത്ത് നിന്നും വിജയിന്റെ കാർ വീട്ടിനു മുന്നിൽ നിന്നു. വിജയിനെ കൂടാതെ വരിക്കാശ്ശേരിയിലെ ഹരിനാരായണനും. 

ഓർമ്മകളിൽ നിന്ന് ചികഞ്ഞെടുത്ത 96 നവംബറിലെ ആ രാത്രിയിൽ ഞങ്ങളുടെ യാത്ര സഹ്യപർവ്വതനിരകളിലെ മനോഹരമായ കുടജാദ്രിയിലേക്കായിരുന്നു. മൂകാംബിക അമ്മയുടെ സന്നിധിയിൽ ആദ്യമായി എത്തിച്ചേർന്ന സ്മൃതികൾ ഈ നവരാത്രി നാളിലെ രാത്രികളിൽ മനസ്സിലേക്ക് ഒഴുകി എത്തുന്നു. കാലം മായ്ച്ചു കളയാത്ത പഴയ മധുര മനോഹര ചിത്രങ്ങൾ തെളിഞ്ഞപ്പോൾ ചിന്തകൾ പൂക്കളെ പോലെ വിരിഞ്ഞു നിൽക്കുന്നു.  വാണിയംകുളത്തു നിന്ന് സുരേഷും സുരേഷിന്റെ കൂട്ടുകാരനും പ്രദീപും കയറി.

വിജയിന്റെ ഡ്രൈവർ ഞങ്ങളെ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ഇറക്കി തിരിച്ചുപോയി. രാത്രി യാത്ര അവിടുന്ന് വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ്സിൽ മംഗലാപുരം വരെ. ഷൊർണൂരിൽ നിന്ന് മംഗലാപുരത്തേക്കുള്ള യാത്രയിലെ ഓരോ പാതി മയക്കത്തിലും അതു വരെ കാണാത്ത മലനിരകളും വഴികളും ഭാവനകളിൽ നിറഞ്ഞു നിന്നിരുന്നു. എപ്പോഴും സുഹൃത്തുക്കളോടൊപ്പമുള്ള യാത്ര ഒരു പാട് സന്തോഷം നിറഞ്ഞതും സാഹസികവുമായിരിക്കും. യാത്രയ്ക്കിടയിലെ ചർച്ചകൾക്കും കളി ചിരികൾക്കുമിടയ്ക്ക് ട്രെയിനിന്റെ വാതിൽ പാളികളിലൂടെ വീശിയടിച്ച നവംബറിന്റെ തണുത്ത കാറ്റിൽ അൽപനേരത്തെ മയക്കം. മംഗലാപുരത്ത് എത്തിയപ്പോഴേക്കും രാവിലെ 6 മണി കഴിഞ്ഞിരുന്നു. അവിടെ നിന്നും കൊല്ലൂരിലേക്ക് ബസിലാണ് യാത്ര. കൊല്ലൂരിലിറങ്ങി ആദ്യം നടന്നത് ദക്ഷിണ കർണ്ണാടകത്തെയും കൊല്ലൂരിനേയും തഴുകി ഒഴുകുന്ന സൗപർണികയിലേക്കാണ്. 

വർഷങ്ങൾക്കു ശേഷം വീണ്ടും കഴിഞ്ഞ വർഷം സൗപർണ്ണികയിൽ ഇറങ്ങാനുള്ള ഭാഗ്യം ഉണ്ടായി. പോയ കാലത്തിന്റെ പഴയ ഓർമ്മകൾ വീണ്ടും പെയ്തിറങ്ങി സൗപർണ്ണികയുടെ ശാന്തമായ ഓള പരപ്പുകളിൽ അലിഞ്ഞു ചേർന്നു. സുപർണ്ണൻ എന്ന ഗരുഡന്റെ തപസ്സിൽ സന്തുഷ്ടയായ ദേവി ഈ നദി സുപർണ്ണന്റെ പേരിൽ അറിയപ്പെടട്ടെ എന്ന് വരം നൽകി എന്ന് ഐതിഹ്യം. നദിയിൽ ഇറങ്ങി കുളിച്ചു കയറുമ്പോൾ മരക്കൊമ്പുകളിലും താഴത്തുമായി കുരങ്ങൻമാർ നോക്കിയിരിക്കുന്നു. ആഹാരമാണ് അവരുടെ ലക്ഷ്യം. അതിൽ കൂടുതൽ അവർക്ക് ആഗ്രഹമില്ല കാരണം അവർ മനുഷ്യരല്ലല്ലോ. പിന്നീട് മൂകാംബികാദേവിയുടെ നടയിലേക്ക്.

വേഗത്തിൽ ദർശനം കഴിഞ്ഞ് പ്രദീപ് കേട്ടറിഞ്ഞ വിവരമനുസരിച്ച് ഷിമോഗയിലേക്കുള്ള ബസ്സിൽ കയറി. ഏകദേശം 9 കിലോമീറ്റർ.. സ്റ്റോപ്പ് ഓർക്കുന്നില്ല. പിന്നെ 13 കിലോമീറ്ററോളം കാടിനുള്ളിലൂടെ നടക്കണം. തുടക്കത്തിൽ ഒരു ചായക്കട. ദേവിയുടെ അനുഗ്രഹത്താൽ ഒരു ഗൈഡ് പോലൊരു ആളെ ഞങ്ങൾക്കൊപ്പം കിട്ടി. അംബാ വനത്തിനു ഉച്ചവെയിലത്തും കോടമഞ്ഞിൽ കുതിർന്ന തണുപ്പായിരുന്നു. ഭാവനകളിൽ നിന്ന് വ്യത്യസ്തമായി കാട്ടുവഴികളിലൂടെയുള്ള യാത്ര ഞങ്ങൾ ശരിക്കും ആസ്വദിച്ചിരുന്നു. വൈവിധ്യമാർന്ന മരങ്ങൾ, ചെടികൾ, മലയണ്ണാൻമാർ, നടക്കുന്ന വീഥികളിലെ വലിയ തേരട്ടകൾ, കടപുഴങ്ങി വീണു കിടക്കുന്ന മരങ്ങൾ തുടങ്ങി നിരവധി കാഴ്ചകൾ. വിഷപാമ്പുകളുടേയും കാട്ടുപോത്തുകളുടേയുമൊക്കെ വിഹാരകേന്ദ്രമാണത്രേ ഈ മലനിരകൾ. ദേവിയുടെ കൃപകൊണ്ട് അത്തരം വന്യമൃഗങ്ങളേയും പാമ്പുകളെയുമൊന്നും ഞങ്ങളുടെ വഴികളിൽ കണ്ടില്ല. കാലിലെ രക്തം കുടിച്ച് മയങ്ങി വീഴുന്ന അട്ടകളുടെ ശല്യം മാത്രമേ ഞങ്ങൾക്ക് പ്രതിബന്ധമായിരുന്നുള്ളൂ. 

നടന്നകലുന്ന വീഥികൾക്കപ്പുറത്ത് തൊട്ടടുത്തുള്ള മല നിരകളുടെ മനോഹര ദൃശ്യങ്ങൾ. ഇടയ്ക്ക് പുൽമേടുകൾ നിറഞ്ഞ നിരപ്പായ സ്ഥലങ്ങൾ. വൈകുന്നേരം 5 മണിയോടെ മലമുകളിലുള്ള ഫോറസ്റ്റ് ഗസ്റ്റ് ഹൗസും ചെറിയ ഒരു അമ്പലമുള്ള സ്ഥലത്ത് എത്തിച്ചേർന്നു. ഇവിടെയാണത്രേ ദേവിയുടെ മൂലസ്ഥാനം. ഇവിടെയാണത്രേ ശ്രീ ശങ്കരൻ ദേവിയുടെ പാദ ചലനങ്ങൾ കേൾക്കാതെ തിരിഞ്ഞു നോക്കിയതും ദേവി അവിടെ തന്നെ നിലയുറപ്പിച്ചതും. ആ ദിവ്യ സ്പർശനമേറ്റ പുണ്യഭൂമിയിൽ നിലാവിന്റെ പൂർണ്ണതയിൽ ഞങ്ങൾക്കു കിട്ടിയ സായാഹ്നം അത്യന്തം അനുഭൂതി നിറഞ്ഞതായിരുന്നു. ആ രാത്രിയിൽ ഞങ്ങൾക്ക് അവിടെ ഗസ്റ്റ് ഹൗസിൽ താമസിക്കാനുള്ള സൗകര്യം കിട്ടി. കുടജാദ്രി മലയിലെ ആ രാത്രി ഇന്നോർക്കുമ്പോൾ ഒരു നഷ്ട സ്വപ്നം പോലെ മനസ്സിന്റെ കോണിലെവിടെയോ തങ്ങിനിൽക്കുന്നു. രാത്രിയിൽ തികഞ്ഞ ശാന്തത. മേഘങ്ങൾ ഇഴഞ്ഞു നീങ്ങും പോലെ കോടമഞ്ഞൊഴുകി പരക്കുന്നു. 

രാത്രിയുടെ ഓരോ യാമങ്ങളിലും തണുത്ത കാറ്റ് മുറിയിലേക്ക് അരിച്ചിറങ്ങിയിരുന്നു. ഒരു നിയോഗം പോലെ വനാന്തരത്തിലെ വശ്യമായ പ്രകൃതിയുടെ താളലയങ്ങളിൽ മുഴുകി ഞങ്ങൾ നിദ്രയിലേക്ക് ഊർന്നിറങ്ങി. പിറ്റേന്ന് ഉണർന്നെഴുന്നേറ്റ പ്രഭാതം ഞങ്ങളെ എതിരേറ്റത് കോടമഞ്ഞിൽ മരവിച്ച് മറഞ്ഞിരിക്കുന്ന കുടജാദ്രി മലകളേയാണ്. ഗസ്റ്റ് ഹൗസിന്റെ മുന്നിലുള്ള അത്തിമരങ്ങളുടെ ഇലകളിൽ നിന്നും കായ്കളിൽ നിന്നും ഹിമകണങ്ങൾ പൊഴിഞ്ഞു വീഴുന്നു. ഗസ്റ്റ് ഹൗസിനു പുറകിൽ മലമുകളിൽ നിന്ന് അരിച്ചിറങ്ങുന്ന വെള്ളം ഒരു ഹോസിലൂടെ താഴേക്ക് ഉപയോഗിക്കാൻ പാകത്തിൽ സജ്ജീകരിച്ചിരിക്കുന്നു. ഞാനും സുരേഷും ആ മലമുകളിൽ നിന്നു വരുന്ന തണുത്ത വെള്ളത്തിൽ കുളിച്ചപ്പോഴുണ്ടായ നിർവൃതി ഇന്നും മനസ്സിനെ കുളിരണിയിക്കുന്നു. ഇന്ന് ആ വെള്ളം വന്നു വീഴുന്ന സ്ഥലത്ത് ഒരു ചെറിയ തീർഥക്കുളമുണ്ട്. 

കനത്ത കോടമഞ്ഞിനാലും പലർക്കും നാട്ടിലെത്തേണ്ട ആവശ്യകത ഉള്ളതിനാലും അന്ന് സർവജ്ഞപീഠത്തിലേക്കുള്ള യാത്ര മാറ്റിവെയ്ക്കപ്പെട്ടു. വീണ്ടും 26 വർഷങ്ങൾക്കു ശേഷം 2022 ൽ കുടുംബത്തോടെ മൂകാംബികയിൽ നിന്നും 40 കിലോമീറ്റർ ജീപ്പിന്റെ നടന വൈഭവവും കഴിഞ്ഞ് ദേവിയുടെ മൂലസ്ഥാനത്തു നിന്നും സർവ്വജ്ഞപീഠത്തിലേക്ക് നടന്ന് കയറിയപ്പോൾ പഴയ കോടമഞ്ഞിൽ മറഞ്ഞു കിടന്നിരുന്ന മനസ്സിന്റെ ആഗ്രഹങ്ങൾ പതുക്കെ ചിറകടിച്ചുയർന്നു. ചുറ്റും നോക്കുമ്പോൾ അകലെ മലനിരകളുടെ മനോഹര ദൃശ്യം. ഉച്ചവെയിലിന്റെ തീക്ഷണതയിലും കോടമഞ്ഞിന്റെ ലാളനത്തോടെ വീണ്ടും താഴേക്ക് ഇറങ്ങി. ശരീരം തിരികേ നടക്കുമ്പോഴും മനസ്സ് കുടജാദ്രിയിലെ നിലാവിലും ഹിമ സാന്ദ്രമായ പ്രകൃതിയിലും അലഞ്ഞുകൊണ്ടിരുന്നു.

English Summary:

Malayalam Article ' Kudajadri Nilavil Alinja Rathri ' Written by Prakash

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com