രാംദാസ്; പരസ്യകലയുടെ മാസ്റ്റർടച്ച്

Mail This Article
മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും അഭിനയജീവിതത്തിലെ നാഴികക്കല്ലുകളായി മാറിയ സിനിമകളാണ് ‘ദേവാസുര’വും ‘ഇൻസ്പെക്ടർ ബൽറാ’മും. പോസ്റ്ററുകളിലും സിനിമയുടെ തുടക്കത്തിലും ഈ പേരുകൾ എഴുതിയ ശൈലി മലയാളിക്കു മറക്കാൻ കഴിയുമോ? ദേവഭാവത്തിൽ നീളൻമുടികൾ പാറിപ്പറക്കുന്ന ഉരുക്കശരീരമുള്ള മാടമ്പിയുടെ രേഖാചിത്രത്തിനൊപ്പം പ്രൗഢമായ അക്ഷരങ്ങളിൽ കൊത്തിയെടുത്തതുപോലെയാണ് ‘ദേവാസുരം’ എന്ന പേര് എഴുതിയിരിക്കുന്നത്. കീറിയെടുത്തതുപോലെ പരുക്കനായ വശങ്ങളുള്ള എഴുത്താണ് ‘ഇൻസ്പെക്ടർ ബൽറാം’ എന്നത്. ഈ രണ്ടു പേരുകൾക്കും രൂപഭാവങ്ങൾ നൽകിയ ചിത്രകാരൻ രാംദാസ് രചന നഗരത്തിലെ ഒരു കുഞ്ഞുമുറിക്കുള്ളിലിരുന്ന് ഇന്നും ചിത്രങ്ങൾ വരച്ചുകൊണ്ടിരിക്കുകയാണ്. ഓരോ സിനിമയുടെയും ടൈറ്റിൽ റിലീസ് ചടങ്ങുകൾക്കുവേണ്ടി ലക്ഷങ്ങള് ചെലവഴിക്കുന്ന ഇക്കാലത്ത് രാംദാസ് രചനയെന്ന പരസ്യകലാകാരൻ തന്റെ ലാളിത്യം കൊണ്ട് ഒരദ്ഭുതമാണ്.
∙ പരസ്യകലയുടെ മാസ്റ്റർടച്ച്
ആർ.കെ.നായർ പരസ്യകല നിർവഹിച്ച ഒരു വടക്കൻവീരഗാഥയുടെ പോസ്റ്ററിൽ എം.ടി.വാസുദേവൻനായർ, ഹരിഹരൻ എന്നീ പേരുകൾ കലാപരമായി എഴുതിച്ചേർത്തതു രാംദാസ് രചനയാണ്. ദേവാസുരം, ഇൻസ്പെക്ടർ ബൽറാം, ആകാശത്തേക്കൊരു കിളിവാതിൽ, സാമൂഹ്യപാഠം തുടങ്ങിയ സിനിമകളുടെ പരസ്യകല നിർവഹിച്ചത് രാംദാസാണ്. അർഥന, അപാരത, അക്ഷരത്തെറ്റ് തുടങ്ങിയ അനേകം സിനിമകൾക്ക് ടൈറ്റിലുകൾ ഡിസൈൻ ചെയ്തുനൽകിയതും രാംദാസാണ്.

നഗരമധ്യത്തിലെ സാഗർ ഹോട്ടലിന്റെ പേരും എംബ്ലവും മുതൽ ലൂമിനസ് ടെക്സ്റ്റൈൽസിന്റെ പരസ്യം വരെ കോഴിക്കോട്ടുകാരുടെ മനസിൽ തങ്ങിനിൽക്കുന്ന പല കലാസൃഷ്ടികളും പിറന്നുവീണത് രാംദാസിന്റെ ബ്രഷിന്റെ തുമ്പിൽനിന്നാണ്. ഇങ്ങനെ മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമായ അനേകം പരസ്യകലകളുടെ സ്രഷ്ടാവാണ് രാംദാസ് രചന.

∙ കാലം വരുത്തിയ മാറ്റങ്ങൾ
കഴിഞ്ഞ 50 വർഷമായി കല്ലായി റോഡിലെ മനോജ് ബിൽഡിങ്ങിലെ ഒരു കൊച്ചുമുറിയിലാണ് രചന ആർട്സ് എന്ന സ്ഥാപനം നടത്തിവരുന്നത്. കഴിഞ്ഞുപോയ 50 വർഷങ്ങളിൽ പരസ്യകലയ്ക്കുണ്ടായ ഓരോ മാറ്റവും തൊട്ടറിഞ്ഞയാൾ. ചുമരെഴുത്തുകൾ... വലിയ പരസ്യബോർഡുകളിൽ ഇനാമൽ പെയിന്റുകൊണ്ടു വരയ്ക്കുന്ന പരസ്യചിത്രങ്ങൾ..സ്ക്രീൻപ്രിന്റു ചെയ്തെടുത്ത പരസ്യങ്ങൾ... കറുപ്പിലും വെളുപ്പിലും കൈകൊണ്ടുവരച്ചുണ്ടാക്കിയ പരസ്യങ്ങൾ...കംപ്യൂട്ടറിന്റെ വരവോടെ ഫോട്ടോഷോപ്പിൽ ചെയ്തെടുത്ത ബ്രോഷറുകൾ..ഫ്ലക്സ് ബോർഡുകൾ.. പടിപടിയായി കടന്നുവന്ന ഈ മാറ്റങ്ങളെല്ലാം കണ്ടും അറിഞ്ഞും പഠിച്ചുംപ്രയോഗിച്ചുമാണ് രാംദാസ് കഴിഞ്ഞ 50 വർഷമായി ഈ നഗരത്തിൽ രചന ആർട്സ് നടത്തിവരുന്നത്.

∙ വരവഴിയിൽ
ചിത്രരചന ഔദ്യോഗികമായി പഠിച്ചിറങ്ങിയ ആളല്ല രാംദാസ്. വടകരയ്ക്കു സമീപം ഇരിങ്ങൽ കിഴക്കേത്തയ്യിൽ അച്ചുതന്റെയും ലക്ഷ്മിയുടെയും മൂന്നു മക്കളിൽ ഒരാളായാണ് രാംദാസ് രചന ജനിച്ചത്. സ്വർണപ്പണിക്കാരനായിരുന്നു അച്ഛൻ. വി.ടി.കുമാരനെപ്പോലുള്ള അധ്യാപകരാണ് പയ്യോളി സ്കൂളിൽ രാംദാസിനെ പഠിപ്പിച്ചത്. കൊയിലാണ്ടിയിൽ പരസ്യകലാസ്ഥാപനം നടത്തിയിരുന്ന യു.ശങ്കരൻ എന്നൊരു കലാകാരനുണ്ടായിരുന്നു. കോയമ്പത്തൂരിലെ എ.ബാബുവെന്ന കലാസംവിധായകന്റെ ശിഷ്യനായിരുന്നു എ.ബാബു. സ്കൂൾ പഠനകാലത്തുതന്നെ രാംദാസ് യു.ശങ്കരന്റെ ശിഷ്യനായി കൂടെക്കൂടി.

വിദ്യാഭ്യാസം കഴിഞ്ഞശേഷം പരസ്യകലയാണ് തന്റെ ജീവിതവഴിയെന്ന് രാംദാസ് തീരുമാനിച്ചു. ഇതിനിടെ യു.ശങ്കരൻ കോയമ്പത്തൂരിൽ തന്റെ ഗുരുവിനടുത്തേക്ക് തിരികെപ്പോയി. പയ്യോളിയിലും വടകരയിലുമൊക്കെ പരസ്യകലാസ്ഥാപനം നടത്തിയെങ്കിലും വലിയൊരു നഗരത്തിലേക്ക് പ്രവർത്തനം മാറ്റണമെന്ന തീരുമാനമെടുത്താണ് രാംദാസ് കോഴിക്കോട്ടേക്ക് വന്നത്. പാളയത്തെ ഒരു കൊച്ചുമുറിയിലായിരുന്നു തുടക്കകാലത്ത്. 1972ൽ കല്ലായിറോഡിൽ മനോജ് ബിൽഡിങ്ങിൽ (പഴയ കല്ലിക്കോട്ട് ബിൽഡിങ്) ഒരു മുറിയിൽ രചനആർട്സ് തുടങ്ങുകയായിരുന്നു. രാംദാസിന്റെ ജ്യേഷഠ്ൻ വിശ്വനാഥൻ സ്കൂൾ ഓഫ് ആർട്സിൽനിന്നു പഠിച്ചിറങ്ങിയ ചിത്രകാരനാണ്. അദ്ദേഹം മദ്രാസിൽ കലാകാരനായിരുന്നു. അനിയൻ പദ്മനാഭൻ പയ്യോളിയിൽ രമ്യ സ്റ്റുഡിയോ നടത്തുകയാണ്.
∙ ദേവാസുരത്തിലേക്കുള്ള വിളി
സംവിധായകൻ ഐ.വി.ശശിയെയും കലാസംവിധായകൻ എസ്.കൊന്നനാട്ടിനെയുമൊക്കെ രാംദാസിന് ആദ്യകാലം മുതൽ പരിചയമുണ്ട്. നിർമാതാവ് വി.ബി.കെ.മേനോനും തിരക്കഥാകൃത്ത് രഞ്ജിത്തുമാണ് ദേവാസുരംസിനിമയുടെ ടൈറ്റിൽ അനുയോജ്യമായ ഒരു ‘ഫോണ്ടി’ൽ വരച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് രചനയിൽ എത്തിയത്. നാലഞ്ചു ഡിസൈൻ വരച്ചു. ചിത്രകാരൻ സി.എൻ.കരുണാകരന്റെ ചിത്രങ്ങൾ രാംദാസിന് ഏറെ ഇഷ്ടമായിരുന്നു.അതേശൈലിയിലുള്ള ഒരു രേഖാചിത്രം ചേർത്ത ടൈറ്റിലാണ് ഐ.വി.ശശിക്കും രഞ്ജിത്തിനുമൊക്കെ ഇഷ്ടപ്പെട്ടത്. ഇത് മദ്രാസിലെ പലരെയും ഐ.വി.ശശി കാണിക്കുകയും മികച്ച അഭിപ്രായം ലഭിക്കുകയും ചെയ്തു. ഇതിനുശേഷമാണ് ഇൻസ്പെക്ടർ ബൽറാമിന്റെ പോസ്റ്ററുകൾ ചെയ്തത്.
മൂന്നാംമുറയും താളവട്ടവുമടക്കമുള്ള സിനിമകളുടെ പോസ്റ്ററുകൾ മറ്റുപലരുമാണ് ഡിസൈൻ ചെയ്തത്. ചിത്രം എ–സെന്ററുകളിൽ ഓടിയശേഷം ബി–സെന്ററുകളിൽ ഡിസൈൻ ചെയ്യുമ്പോൾ പോസ്റ്ററുകൾ മാറ്റി ഡിസൈൻ ചെയ്തിരുന്നു. ഇങ്ങനെ രണ്ടാംറിലീസ് പോസ്റ്ററുകൾ രാംദാസാണ് ചെയ്തുകൊടുത്തിരുന്നത്. അനേകം തമിഴ്, ഇംഗ്ലിഷ് സിനിമകളുടെ പോസ്റ്ററുകൾ രാംദാസ് ഇതുപോലെ ചെയ്തുനൽകിയിട്ടുമുണ്ട്.
∙ 50 വർഷം മുൻപൊരു ഇൻഫോ ഗ്രാഫിക്സ്
1971ൽ ഇന്ത്യ–പാക്കിസ്ഥാൻ യുദ്ധം നടക്കുന്ന കാലം. പിൽക്കാലത്ത് മലയാളമനോരമയുടെ എഡിറ്റോറിയൽ ഡയറക്ടറായിരുന്ന തോമസ് ജേക്കബായിരുന്നു അക്കാലത്ത് മലയാള മനോരമയുടെ കോഴിക്കോട് ന്യൂസ് എഡിറ്റർ. യൂണിവേഴ്സൽ ആർട്സ് ഉടമ കെ.ആന്റണി മാസ്റ്ററുടെ മകനും മനോരമയിലെ പത്രപ്രവർത്തകനുമായ കെ.എ.ഫ്രാൻസിസ്, ഫൊട്ടോഗ്രഫർ ടി.നാരായണൻ എന്നിവർ ഒരു ദിവസം രാംദാസ് രചനയെ വിളിച്ചുകൊണ്ടുവന്നു.
യുദ്ധത്തിൽ ഇന്ത്യൻ പട്ടാളക്കാർ പാക്കിസ്ഥാനിൽ കടന്നുകയറി ആക്രമണം നടത്തുകയും പാക്കിസ്ഥാൻ പട്ടാളത്തെ തോൽപ്പിക്കുകയും ചെയ്ത ദിവസമാണ്. അതിർത്തിയുടെ ഒരു മാപ്പ് തയാറാക്കി അതിൽ ഇന്ത്യയുടെ സൈനികനീക്കം ചിത്രങ്ങളായി അടയാളപ്പെടുത്തുകയായിരുന്നു ചുമതല. ഗ്രാഫിക്സും ഡിജിറ്റൽ ഡിസൈനിങ്ങുമൊന്നും സ്വപ്നത്തിൽപ്പോലും കാണാൻകഴിയാത്ത, 50 വർഷം മുൻപ് ഇത്തരമൊരു ഇൻഫോഗ്രാഫിക് തയാറാക്കാനുള്ള ഭാഗ്യവും തനിക്കുലഭിച്ചുവെന്ന് രാംദാസ് രചന പറഞ്ഞു. മനോരമയടക്കം പല പ്രമുഖ പത്രങ്ങൾക്കും വിശേഷാവസരങ്ങളിൽ കൈകൊണ്ട് തലക്കെട്ട് എഴുതിക്കൊടുത്തിരുന്നതിന്റെ ഓർമകളും രാംദാസ് പങ്കുവച്ചു.
∙ കാലത്തിനൊപ്പം മാറിയ കലാകാരൻ
അപ്ലൈഡ് ആർടിസ്റ്റ് എന്നാണ് രാംദാസ് സ്വയം വിളിക്കാനിഷ്ടപ്പെടുന്നത്. പരസ്യകലയിലേക്ക് കംപ്യൂട്ടറിന്റെ വരവോടെ പുതിയ രീതികൾ പഠിക്കാൻ രാംദാസ് തയാറായി. മകൻ ഡിജിറ്റൽ ഡിസൈനിങ് പഠിച്ചു.ഈ കോവിഡ് കാലത്തും ഇരുവർക്കും നല്ല തിരക്കാണ്. കാരപ്പറമ്പ് കൃഷ്ണൻനായർറോഡിനു സമീപം ജനതാറോഡിൽ രചനയെന്ന വീട്ടിലാണ് രാംദാസ് താമസിക്കുന്നത്. ഭാര്യ പുഷ്പയും മക്കളായ പ്രജിത്തും പ്രവീണയുമടങ്ങുന്നതാണ് രാംദാസിന്റെ കുടുംബം.